ADVERTISEMENT

നനയും വളമിടീലും

പശ്ചിമ തീരപ്രദേശത്തെ സാഹചര്യത്തില്‍ വളരുന്ന തെങ്ങ് വേനല്‍ക്കാലനനയോടു നന്നായി പ്രതികരിക്കും. ഡിസംബര്‍ മുതല്‍ മേയ്‌ വരെ നന ആവശ്യം. തടങ്ങളില്‍ നനയ്ക്കുന്ന പ്രദേശമാണെങ്കില്‍ ആദ്യത്തെ 2 വര്‍ഷം 4 ദിവസത്തിലൊരിക്കല്‍ തെങ്ങൊന്നിന് 45 ലീറ്റര്‍ വെള്ളം നല്‍കുക. തെങ്ങിന് പുതയും തണലും നല്‍കണം. 

ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ തുള്ളിനനയാണ് നല്ലത്. ഇതു പ്രകാരം ഒരു തെങ്ങിന് 30 ലീറ്റര്‍ വെള്ളം ഒരു ദിവസം നല്‍കിയാല്‍ മതി. ചകിരിച്ചോറോ, ചകിരിയോ തെങ്ങിന്‍തടങ്ങളില്‍ ഇടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 10 ലീറ്റര്‍ ബഹിര്‍ഗമനശേഷിയുള്ള 4 ഡ്രിപ്പ് എമിറ്ററുകള്‍ തെങ്ങില്‍നിന്ന് 1.5 മീറ്റര്‍ അകലത്തില്‍ ചുറ്റും വയ്ക്കാം.

തെങ്ങിൻതോപ്പ്. ഫോട്ടോ∙ കർഷകശ്രീ
തെങ്ങിൻതോപ്പ്. ഫോട്ടോ∙ കർഷകശ്രീ

വളപ്രയോഗം

കായ്ച്ചു തുടങ്ങിയ തെങ്ങിന് കാലവര്‍ഷത്തിനു മുന്‍പുള്ള പുതുമഴ ലഭിച്ചു തുടങ്ങുന്നതോടെ മേയ്‌-ജൂണ്‍ മാസത്തില്‍ തെങ്ങിനു ചുറ്റും  വൃത്താകാരത്തില്‍, ചുവട്ടില്‍നിന്ന് 1.8–2 മീറ്റര്‍ ആരവും 20 സെ.മീ. താഴ്ചയുമുള്ള തടമെടുക്കുക. തെങ്ങൊന്നിന് 25 കിലോ വീതം പച്ചിലവളമോ കമ്പോസ്റ്റോ തടത്തിനുള്ളില്‍ വിതറണം. തുടര്‍ന്ന് ഒരു തെങ്ങിന് ഒരു വര്‍ഷം ശുപാര്‍ശ ചെയ്തിട്ടുള്ള മൊത്തം രാസവളത്തിന്റെ മൂന്നിലൊന്നു ഭാഗം രാസവളം നല്‍കുക. ശേഷിക്കുന്ന മൂന്നില്‍ രണ്ടു ഭാഗം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നല്‍കാം.

നന്നായി വളര്‍ന്നു കാലേക്കൂട്ടി പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും അത്യുല്‍പാദനത്തിനും തൈകള്‍ നട്ട് ആദ്യ വര്‍ഷം മുതല്‍ തന്നെ തുടര്‍ച്ചയായി വളപ്രയോഗം നടത്തേണ്ടതുണ്ട്. പശ്ചിമതീര പ്രദേശങ്ങളില്‍ മഴയ്ക്കു മുന്‍പേ മേയ്‌-ജൂണ്‍ മാസങ്ങളിലാണ് തൈകള്‍ നടുന്നതെങ്കില്‍ നട്ട് 3 മാസം ക ഴിഞ്ഞ് ആദ്യത്തെ രാസവളപ്രയോഗം. കായ്ച്ചു തുടങ്ങിയ തെങ്ങിന് ശുപാര്‍ശ ചെയ്തിട്ടുള്ളതിന്റെ പത്തിലൊരു ഭാഗം അപ്പോള്‍ നല്‍കണം. നട്ട് ഒരു വര്‍ഷം കഴിഞ്ഞവയ്ക്ക്, കായ്ച്ചു തുടങ്ങിയ തെങ്ങിനു നല്‍കേണ്ടതിന്റെ മൂന്നിലൊരു ഭാഗവും, 2 വര്‍ഷം കഴിയുമ്പോള്‍ മൂന്നില്‍ രണ്ട് ഭാഗവും, 3 വര്‍ഷം കഴിഞ്ഞ് (കായ്ച്ചു തുടങ്ങിയ തെങ്ങിന്) ശുപാര്‍ശ ചെയ്തിട്ടുള്ള മുഴുവന്‍ രാസവളവും നല്‍കണം.

ശുപാര്‍ശ ചെയ്തിട്ടുള്ള  സസ്യ പോഷകമൂലകങ്ങള്‍ ലഭിക്കാന്‍ ശരാശരി പരിചരണമുള്ള (നനയില്ലാത്ത) നാടന്‍ തെങ്ങിന്  738  ഗ്രാം യൂറിയ, 944 കിലോ മസൂറിഫോസ്‌ അല്ലെങ്കില്‍ റോക്ക് ഫോസ്ഫേറ്റ്, 1135 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്‌ എന്നിവ നല്‍കണം. 10:5:20 എന്ന തെങ്ങിന്റെ മിശ്രിതമാണെങ്കില്‍ 3.4 കിലോ നല്‍കണം. ഫോസ്ഫറസ് വളങ്ങളുടെ ഉപയോഗം പിന്നീടുള്ള വര്‍ഷങ്ങളില്‍ കുറയ്ക്കാം.

നല്ല പരിചരണമുള്ള (നനയുള്ള) നാടന്‍ തെങ്ങിനും, ശരാശരി പരിചരണമുള്ള സങ്കര ഇനങ്ങള്‍ക്കും 500 ഗ്രാം നൈട്രജന്‍, 320 ഗ്രാം ഫോസ്ഫറസ്, 1200 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ പോഷകമൂല്യം ലഭിക്കത്തക്ക വിധത്തില്‍ പൊതുവായ വളം നല്‍കണം. ഇവ ലഭിക്കുന്നതിന് ഒരു തെങ്ങിന് 1085  ഗ്രാം യൂറിയ, 1176 കിലോ മസൂറിഫോസ്‌ അല്ലെങ്കില്‍ റോക്ക് ഫോസ്ഫേറ്റ്, 2004 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്‌ എന്നിവ നല്‍കണം. 10:5:20 എന്ന തെങ്ങിന്റെ  മിശ്രിതമാണെങ്കില്‍ 5 കിലോ നല്‍കണം. ഫോസ്ഫറസ് വളങ്ങളുടെ ഉപയോഗം പിന്നീടുള്ള വര്‍ഷങ്ങളില്‍ കുറയ്ക്കാം. 

നല്ല പരിചരണമുള്ള (നനയുള്ള) സങ്കരയിനങ്ങള്‍ക്ക്  1000 ഗ്രാം നൈട്രജന്‍, 500 ഗ്രാം ഫോസ്ഫറസ്, 2000 ഗ്രാം  പൊട്ടാഷ് എന്ന തോതില്‍ പോഷകമൂല്യം ലഭിക്കത്തക്കവിധത്തില്‍ പൊതുവായ വളം നല്‍കണം. ഇവ ലഭിക്കുന്നതിന് ഒരു തെങ്ങിന് 2170  ഗ്രാം യൂറിയ, 2775  ഗ്രാം മസൂറിഫോസ്‌ അല്ലെങ്കില്‍ റോക്ക് ഫോസ്ഫേറ്റ്, 3340  ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്‌ എന്നിവ നല്‍കണം. 10:5:20 എന്ന തെങ്ങു  മിശ്രിതമാണെങ്കില്‍ 10 കിലോ നല്‍കണം. ഫോസ്ഫറസ് വളങ്ങളുടെ ഉപയോഗം പിന്നീടുള്ള വര്‍ഷങ്ങളില്‍ കുറയ്ക്കാം. 

പുളിരസമുള്ള മണ്ണില്‍  മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ രാസവളങ്ങള്‍ക്കു പുറമേ,  വര്‍ഷത്തില്‍ ഒരു കിലോ മുതല്‍ 2 കിലോവരെ കുമ്മായമോ, ഡോളമൈറ്റോ നല്‍കേണ്ടതാണ്. ഇത് ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ തടങ്ങളില്‍ വിതറി മണ്ണുമായി ചേര്‍ത്തു കൊടുക്കണം. മണ്ണില്‍ മഗ്നീഷ്യം എന്ന മൂലകത്തിന്റെ അഭാവത്തില്‍ ഓലകളില്‍ മഞ്ഞളിപ്പ്‌ കാണാറുണ്ട്. ഇതു പരിഹരിക്കാന്‍   മഗ്നീഷ്യം സള്‍ഫേറ്റ്‌ തെങ്ങൊന്നിന് 500 ഗ്രാം ഒന്നിടവിട്ട വര്‍ഷങ്ങളിലോ, 250 ഗ്രാം എല്ലാ വര്‍ഷത്തിലുമോ മറ്റ് രാസ വളങ്ങളുടെ കൂടെയല്ലാതെ  സെപ്റ്റംബര്‍ മാസത്തില്‍ തെങ്ങിന്‍തടങ്ങളില്‍ ഇട്ടുകൊടുക്കാം.

ജൈവാംശം തീരെക്കുറഞ്ഞ മണ്ണില്‍ ധാരാളം പച്ചിലവളമോ, കംപോസ്റ്റോ ചേര്‍ക്കുന്നതു നന്ന്. യഥാകാലം കുഴികളിലെ കളകള്‍ നീക്കം ചെയ്യണം. വെള്ളത്തിലൂടെ ഒലിച്ചിറങ്ങി തെങ്ങിന്‍തൈകളുടെ കണ്ണാടിഭാഗത്തില്‍ അടിയുന്ന മണ്ണ് ശ്രദ്ധയോടെ മാറ്റേണ്ടതാണ്. ഓരോ വര്‍ഷവും വളമിടുന്നതിനു മുന്നോടിയായി തടം കോരി കുഴി വികസിപ്പിക്കുകയും വേണം. കൂടക്കൂടെ തൈകള്‍ പരിശോധിച്ച് കീടങ്ങളുടെയും കുമിളിന്റെയും ഉപദ്രവമുണ്ടോയെന്നു േനാക്കി പ്രതിരോധ നടപടികള്‍ കൃത്യമായി ചെയ്യണം.

world-coconut-day

കുറിപ്പ്:

മുകളിൽ പ്രസ്താവിച്ച എല്ലാ രാസവളങ്ങളും തെങ്ങൊന്നിന് വർഷത്തിൽ 25 മുതൽ 50 കിലോ ജൈവ‌വളം ചേർത്തതിനുശേഷമുള്ള അളവുകളാണ്. കൂടാതെ,  ഓരോ മൂലകങ്ങളുടെയും കൃത്യമായ അളവ് അറിയാൻ മണ്ണ് പരിശോധിക്കേണ്ടതാണ്.

ഇടയിളക്കല്‍: ഉല്‍പാദനം വര്‍ധിപ്പിക്കാനും ഉയര്‍ന്ന ഉല്‍പാദനനിരക്ക് നിലനിര്‍ത്താനും തെങ്ങിന്‍തോട്ടത്തില്‍ ക്രമമായ ഇടയിളക്കലും വളപ്രയോഗവും ആവശ്യമാണ്‌. ഫലപുഷ്ടി കുറഞ്ഞ മണല്‍മണ്ണില്‍ കളകള്‍ തിങ്ങിവളരാത്തതുകൊണ്ട് ഇടയിളക്കല്‍ ഒരു പക്ഷേ ആവശ്യമില്ലെങ്കിലും കളകള്‍ ധാരാളമുള്ള മറ്റു മണ്ണുകളില്‍ അവയെ അകറ്റാന്‍ ഇടയിളക്കല്‍ ആവശ്യമാണ്. വേരുകള്‍ക്കുള്ള വായുസഞ്ചാരം വര്‍ധിപ്പിക്കാനും ഇടയിളക്കല്‍ സഹായിക്കും. 

അവശിഷ്ട പുനചംക്രമണം: തെങ്ങിന്റെ ഓല, മടൽ, മണ്ട വൃത്തിയാക്കുമ്പോൾ കിട്ടുന്ന ചപ്പുചവറുകൾ, ചകിരി എന്നിവയെല്ലാം തെങ്ങിന്റെ കടഭാഗത്തുനിന്ന് രണ്ട്– രണ്ടര മീറ്റർ അകലത്തിൽ 0.5 മീറ്റർ മുതൽ 0.75 മീറ്റർ വരെ വീതിയിലും 0.3– 0. 5 മീറ്റർ ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും എടുത്ത കുഴികളിൽ നിറയ്ക്കുക. ഓരോ വർ ഷവും ഓരോ വശത്തു കുഴി എടുക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് മണ്ണില്‍ സൂക്ഷ്മ മൂലക ലഭ്യത കൂട്ടും.  വളർച്ചയിലും വിളവിലും വർധനയുമുണ്ടാകും.

coconut-1

ഇടവിളയും മിശ്രവിളയും

തെങ്ങുകളുടെ പ്രായം, നടീൽ അകലം, തെങ്ങിൻതോപ്പിലെ തണലിന്റെ അളവ് എന്നിവ കണക്കിലെടുത്തു വേണം മിശ്രവിളകള്‍ ക്രമീകരിക്കാൻ. പൊതുവെ 8 മുതൽ 25 വർഷംവരെ പ്രായമുള്ള തെങ്ങിൻ തോപ്പിൽ ഇടവിളക്കൃഷി നന്നല്ല. എന്നാൽ നട്ട് ആദ്യത്തെ 3–4 വർഷം ഇടവിളകൾ കൃഷി ചെയ്യാം. മരച്ചീനി, ഇഞ്ചി, മഞ്ഞൾ മുതലായവ തണലിൽ വളരുന്നവയും ആഴത്തിലുള്ള വേരുപടലമില്ലാത്തവയുമായതുകൊണ്ട് 15- 25 വർഷം പ്രായമുള്ള തെങ്ങിൻതോപ്പുകളിലും കൃഷി ചെയ്യാം. ഇത്  ഭൂമി  കാര്യക്ഷമമായി വിനിയോഗിക്കുന്നതിനും സൂര്യപ്രകാശവും ജലവും മണ്ണിലെ പോഷകാംശവും പരമാവധി ഉപയോഗിക്കുന്നതിനും സഹായിക്കും.  സാമ്പത്തികഭദ്രത ഉറപ്പാക്കുകയും ചെയ്യും. ഏതു പ്രായത്തിലുള്ള തെങ്ങുകളായാലും നടീൽ അകലം (7.6 മീറ്ററിലും കൂടുതൽ) കൂടിയ  തോട്ടങ്ങളിൽ  ഇടവിളക്കൃഷി സാധ്യമാണ്. തെങ്ങിൻതോപ്പിനു പറ്റിയ 

ഇടവിളകൾ 

  • ധാന്യവർഗങ്ങൾ - നെല്ല്, ചോളം 
  • പയർവർഗങ്ങൾ - നിലക്കടല, മുതിര, മമ്പയർ
  • കിഴങ്ങുവർഗങ്ങൾ -  മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ് 
  • സുഗന്ധദ്രവ്യ വിളകൾ - ഇഞ്ചി, മഞ്ഞൾ, മുളക്, കുരുമുളക്, ജാതി, കറുവപ്പട്ട, ഗ്രാമ്പൂ
  • ഫലവർഗവിളകൾ - വാഴ, കൈതച്ചക്ക, പപ്പായ (കുട്ടനാടൻ പ്രദേശങ്ങളില്‍ പാളയംകോടനാണ് യോജിച്ച വാഴ ഇനം. ഒരു കടയിൽ 3 വാഴ വരെ നിലനിർത്താം)
  • പാനീയ വിളകൾ - കൊക്കോ
  • തീറ്റപ്പുല്ലിനങ്ങൾ - സങ്കരയിനം നേപ്പിയർ, ഗിനിപ്പുല്ല്

തെങ്ങിനും ഇടവിളകൾക്കും പ്രത്യേകം പ്രത്യേകം വളം നൽകേണ്ടതുണ്ട്. നട്ട് ഒരു വർഷം പ്രായമുള്ള തെങ്ങിൻതൈകൾക്കിടയിൽ 2 മീറ്റർ അകലത്തിൽ 30 x 30 x 30 സെ.മീ. അളവിൽ എടുത്ത കുഴികളില്‍ ശീമക്കൊന്നക്കമ്പുകള്‍ നടാം. ഇവയില്‍ പിന്നീട് കുരുമുളക് വളര്‍ത്താം.

സമ്മിശ്രക്കൃഷി

coconut-2

തെങ്ങിന്‍തോട്ടത്തില്‍ വിവിധയിനം തീറ്റപ്പുല്ലുകള്‍ കൃഷി ചെയ്യുന്നത് ലാഭകരമാണ്. തെങ്ങിന്‍ തോട്ടങ്ങളില്‍ പയര്‍വര്‍ഗ തീറ്റപ്പുല്ലിനത്തില്‍പ്പെട്ട സ്റ്റെല്ലോ സാന്തസ് ഗ്രാസിലിസ്‌ എന്ന തീറ്റപ്പുല്ലിനൊപ്പം സങ്കരയിനപ്പയര്‍, ഗീനിപ്പുല്ല് എന്നീ മിശ്രവിളകള്‍ കൃഷി ചെയ്യുന്നത് വളരെ ലാഭകരമാണ്. ഒരു ഹെക്ടര്‍ തെങ്ങിന്‍തോട്ടത്തില്‍ മേല്‍പ്പറഞ്ഞ തീറ്റപ്പുല്ലിനങ്ങള്‍ കൃഷിചെയ്യാമെങ്കില്‍ നാലോ അഞ്ചോ കറവപ്പശുക്കളെയും വളര്‍ത്താം.  കാലിവളം തെങ്ങിന്‍തോട്ടത്തില്‍ ഉപയോഗിക്കുമ്പോള്‍ മണ്ണിന്റെ ഫലപുഷ്ടി ഗണ്യമായി കൂടുന്നു. തെങ്ങിന്‍തോട്ടങ്ങളില്‍ കറവുമാടുകളെ വളര്‍ത്തുന്നതുകൊണ്ട് കര്‍ഷകന്റെ വരുമാനം കൂടുകയും കുടുംബാംഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. 

English summary: Fertilizer Management in Coconut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com