ഇനമറിഞ്ഞ് തെങ്ങ് നടാം: വിത്തുതേങ്ങയും തൈകളും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ
Mail This Article
തെങ്ങിലെ വിവിധ ഇനങ്ങള്‍
- നെടിയ ഇനങ്ങള്‍
ഉയരം കൂടിയ ഇനങ്ങള്‍ ലോകമെമ്പാടും കണ്ടുവരുന്നു. ഒരു സ്ഥലത്ത് കൂടുതല്‍ കൃഷി ചെയ്യുന്ന ഇനം ആ സ്ഥലത്തിന്റെ പേരില്‍ അറിയപ്പെടുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷിയുള്ളത് പശ്ചിമതീര നെടിയ ഇനവും (WCT), പൂര്‍വതീര നെടിയ ഇന(ECT)വുമാണ് .
പശ്ചിമതീര നെടിയ (WCT), പൂര്‍വതീര നെടിയ (ECT) ഇനങ്ങള്‍: ഫിലിപ്പൈന്‍സ് ഓര്‍ഡിനറി (ചന്ദ്രകല്‍പ, ആന്‍ഡമാന്‍ ഓര്‍ഡിനറി, ജാവ, കൊച്ചിന്‍- ചൈന, കാപ്പാടം, കോമാടന്‍, കേര സാഗര, കല്‍പരക്ഷ, കല്‍പധേനു, കല്‍പപ്രതിഭ, കല്‍പമിത്ര.
- കുറിയ ഇനങ്ങള്‍
താരതമ്യേന ഉയരം കുറഞ്ഞതും, ഹ്രസ്വമായ ആയുസ്സുമുള്ള ഇവ നെടിയവയെക്കാള്‍ നേരത്തേ കായ്ക്കുന്നു. പച്ച, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള നാളികേരം. ഇളനീര്‍ ആവശ്യത്തിനും സങ്കരയിനങ്ങളുടെ ഉല്‍പാദനത്തിനുമാണ് ഇവ പ്രധാനമായും കൃഷി ചെയ്യുന്നത്. ചാവക്കാട് ഓറഞ്ച് (COD), ചാവക്കാട് പച്ച (CGD), മലയന്‍ പച്ച (MGD), മലയന്‍ മഞ്ഞ (MYD), മലയന്‍ ഓറഞ്ച് (MOD), ഗംഗാബോന്ദം (GB) എന്നിവയാണ് ഇന്ത്യയില്‍ കൃഷി ചെയ്യുന്ന കുറിയ ഇനങ്ങളില്‍ പ്രധാനം.
- സങ്കരയിനങ്ങള്‍
ഉയരം കൂടിയ ഇനവും, കുറഞ്ഞ ഇനവും തമ്മിലുള്ള ബീജസങ്കലനത്തിന്റെ ഫലമായുണ്ടാകുന്ന ഇനങ്ങള്‍ക്കു വളര്‍ച്ചയിലും ഉല്‍പാദനത്തിലും സങ്കരവീര്യമുണ്ട്. സങ്കരയിനങ്ങള്‍ 2 രീതിയിലാണ് ഉല്‍പാദിപ്പിക്കുന്നത്. ഒന്നാമത്തേതില്‍ മാതൃവൃക്ഷമായി ഉയരം കൂടിയ ഇനവും പിതൃവൃക്ഷമായി ഉയരം കുറഞ്ഞ ഇനവും (ടിxഡി), രണ്ടാമത്തേതില്‍ ഉയരം കുറഞ്ഞവയെ മാതൃവൃക്ഷമായും ഉയരം കൂടിയവയെ പിതൃവൃക്ഷമായും (ഡിxടി) ബീജസങ്കലനം ചെയ്യുന്നു. ഇവയില്‍ ഡിxടി ഉല്‍പാദനത്തിലും കൊപ്രയുടെ അളവിലും ടിxഡിയെക്കാള്‍ മികച്ചതാണ്.
ലക്ഷഗംഗ (LO x GB) ടിxഡി, ചന്ദ്രസങ്കര (COD x WCT) ഡിxടി, ചന്ദ്രലക്ഷ (LO x COD) ടിxഡി, അനന്ത ഗംഗ (AO x GB) ടിxഡി, കേരഗംഗ (WCT x GB) ടിxഡി, കേരശ്രീ (WCT x MYD) ടിxഡി, കേര സൗഭാഗ്യ (WCTX SSA) ടിxഡി, കേരശങ്കര (WCTX COD) ടിxഡി എന്നിവ ശ്രേഷ്ഠമായ സങ്കരയിനങ്ങള്‍. ഇവ മറ്റു സങ്കരയിനങ്ങളെയും അവയുടെ മാതൃ–പിതൃ വൃക്ഷങ്ങളെയും അപേക്ഷിച്ച് 19 മുതല്‍ 42 ശതമാനംവരെ കൂടുതല്‍ വിളവ് നല്‍കുന്നു. ലക്ഷഗംഗയ്ക്കും ചന്ദ്രലക്ഷയ്ക്കും വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്. അനന്തഗംഗ, കേരഗംഗ, കേരശങ്കര എന്നിവ മഴയെ ആശ്രയിച്ചുള്ള കൃഷിക്കും, നനച്ചുള്ള കൃഷിക്കും യോജ്യം. ചന്ദ്രസങ്കര, കല്‍പരക്ഷ എന്നിവ വരള്‍ച്ചയെ അതിജീവിക്കുന്ന ഇനങ്ങളാണ്. കല്‍പരക്ഷ ഇളനീര്‍ ഇനം. ലോകത്ത് കൃഷി ചെയ്യുന്ന തെങ്ങില്‍ 95% നെടിയ ഇനങ്ങളാണ്. നെടിയ ഇനങ്ങള്‍ പൊതുവെ പരപരാഗണം ചെയ്യുന്നവയും, കുറിയ ഇനങ്ങള്‍ സ്വയംപരാഗണം ചെയ്യുന്നവയുമാണ്. നെടിയ ഇനങ്ങള്‍ 4.5–9 വര്‍ഷത്തിനുള്ളിലും, കുറിയ ഇനങ്ങള്‍ 2–4 വര്‍ഷത്തിനുള്ളിലും കായ്ച്ചു തുടങ്ങുന്നു. നെടിയ ഇനങ്ങളില്‍ ഒരു വര്‍ഷത്തില്‍ 12 പൂങ്കുലകളും, കുറിയ ഇനങ്ങളില്‍ 17-18 പൂങ്കുലകളും ഉണ്ടാകുന്നു.
മാതൃവൃക്ഷം തിരഞ്ഞെടുക്കൽ
വിത്തുതേങ്ങ ശേഖരണത്തിനായി തിരഞ്ഞെടുക്കുന്ന മാതൃവൃക്ഷങ്ങള്‍ക്ക് താഴെ പറയുന്ന ഗുണങ്ങള്‍ ഉണ്ടായിരിക്കണം
1. സ്ഥിരമായി കായ്ക്കുന്നത്, വർഷത്തിൽ 80 തേങ്ങയിൽ കുറയാത്ത ഉൽപാദനം.
2. നട്ട് 20 വർഷം, കായ്ച്ചു തുടങ്ങി 5 വർഷം, 20 വർഷമോ അതിൽ കൂടുതലോ പ്രായം. എന്നാൽ നല്ല മാതൃവൃക്ഷങ്ങളിൽനിന്നു തൈകൾ ഉണ്ടാക്കി നട്ടു വളർത്തിയ തോട്ടങ്ങളിൽനിന്നു തേങ്ങ എടുക്കുന്നതിന് 20 വർഷം എന്ന കാലയളവ് നോക്കേണ്ടതില്ല. നല്ലതുപോലെ കായ്ച്ചുതുടങ്ങി കുറഞ്ഞത് 6 വർഷം ആയാൽ വിത്തുതേങ്ങ എടുത്തു തുടങ്ങാം.
3. വിടർന്ന ഓലകൾ 30-ൽ കൂടുതൽ വേണം. നീളം കുറഞ്ഞ ഓലക്കാലുകളും ബലമുള്ള മടലുകളും വേണം.
4. കരുത്തുള്ള കുലഞെട്ടുകളോടുകൂടിയ 12 കുലകളെങ്കിലും വേണം.
5. ഇടത്തരം വലുപ്പമുള്ള, നീളം കൂടിയ തേങ്ങകൾ.
6. ചകിരി മാറ്റിയ തേങ്ങയ്ക്ക് 600 ഗ്രാം തൂക്കം, ഒരു തേങ്ങയിൽ കുറഞ്ഞത് 150 ഗ്രാം കൊപ്ര.
താഴെപ്പറയുന്ന തരത്തിലുള്ള തെങ്ങുകൾ ഒഴിവാക്കണം
1. നീളം കൂടി, കനം കുറഞ്ഞ കുലഞെട്ടുകളോടെ തൂങ്ങി നിൽക്കുന്ന കുലകളുള്ളവ
2. ചെറിയതും ഭാരം കുറഞ്ഞതുമായ തേങ്ങകളും പേടുതേങ്ങകളും ഉണ്ടാകുന്നവ
3. മച്ചിങ്ങ പൊഴിച്ചിൽ കൂടുതലുള്ളവ
4. പ്രതികൂല പരിതസ്ഥിതിയിൽ വളരുന്നവ
5. വളക്കുഴിയോടു ചേര്‍ന്ന് വളരുന്നവ
വിത്തുതേങ്ങ ശേഖരണം
നന്നായി വിളഞ്ഞ തേങ്ങകൾ (11 മാസം മൂപ്പ്) ഡിസംബർ-മേയ് മാസക്കാലത്ത് ശേഖരിക്കുക. മണ്ണ് ഉറച്ചതാണെങ്കിലും, തെങ്ങിന് ഉയരം കൂടുതലാണെങ്കിലും വിത്തുതേങ്ങ കുലയോടെ വെട്ടിയിടരുത്. പകരം കയറിൽ കെട്ടി ഇറക്കുകയാണ് വേണ്ടത്.
വലുപ്പം കുറഞ്ഞതും കേടുപാടുകളുള്ളതുമായ തേങ്ങ വിത്തിനായി ഉപയോഗിക്കരുത്. വിത്തുതേങ്ങ മുളപ്പിക്കുന്നതിന് മുന്‍പ് 60 ദിവസമെങ്കിലും തണലിൽ സൂക്ഷിക്കണം. 8 സെന്റിമീറ്റർ കനത്തിൽ മണൽ വിരിച്ച് അതിൽ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവും വിധം നിരത്തി മണലിട്ട് മൂടിയിടണം. തേങ്ങയിലെ വെള്ളം വറ്റിപ്പോകാതിരിക്കാനാണിത്. ഒന്നിനു മുകളിൽ ഒന്ന് എന്ന ക്രമത്തിൽ 5 അടുക്ക് വിത്തുതേങ്ങ ഇങ്ങനെ സംഭരിക്കാം. മണൽമണ്ണുള്ളതും തണലുള്ളതുമായ കൃഷിസ്ഥലങ്ങളാണെങ്കിൽ വിത്തുതേങ്ങ അവിടെത്തന്നെ സൂക്ഷിക്കാം. വിത്തുതേങ്ങ തണലിൽ കൂട്ടിയിട്ട് തൊണ്ട് ഉണങ്ങിയതിനുശേഷം പാകി മുളപ്പി ക്കാം.
തവാരണ (നഴ്സറി)
ആവശ്യത്തിന് തണലും നീർവാർച്ചയും കടുപ്പം കുറഞ്ഞ മണ്ണുമുള്ള സ്ഥലം വേണം തവാരണയ്ക്കായി തിരഞ്ഞെടുക്കാൻ. തുറസ്സായ സ്ഥലമാണെങ്കിൽ വേനൽക്കാലത്ത് തണൽ നൽകണം. ഒന്നര മീറ്റർ വീതിയിൽ ആവശ്യമുള്ള നീളത്തിൽ വാരങ്ങൾ തയാറാക്കുക. വാരങ്ങൾ തമ്മിൽ 75 സെ.മീ. അകലം ഉണ്ടായിരിക്കണം. നീർവാർച്ച കുറഞ്ഞ പ്രദേശങ്ങളിൽ വാരങ്ങൾ ഉയർത്തിയെടുക്കണം. പാകുന്നതിനു മുൻപ് വെള്ളം വറ്റിയതും കാമ്പ് ചീഞ്ഞതുമായ തേങ്ങകൾ കാലവർഷാരംഭത്തോടെ തിരഞ്ഞു മാറ്റുക. മേയ്- ജൂൺ മാസങ്ങളിൽ തേങ്ങ പാകാം.
നടീൽ അകലം
ഒരു വാരത്തിൽ നാലോ, അഞ്ചോ വരി വിത്തുതേങ്ങ 30 x 30 സെ.മീ. അകലത്തിൽ നടാം.
വിത്തു പാകുന്ന വിധം
വിത്തുതേങ്ങ 25-30 സെ.മീ. ആഴമുള്ള ചാലുകളിൽ നട്ട് ചകിരിയുടെ മുകൾഭാഗം മാത്രം പുറത്തു കാണു ന്ന വിധം മണ്ണിട്ട് മൂടണം. വീതി കൂടിയ വശം മുകളിൽ വരത്തക്കവിധം കിടത്തിയോ, ഞെട്ടുഭാഗം മുകളിൽ വരത്തക്കവിധം കുത്തനെയോ വിത്തുതേങ്ങ പാകാം. കുത്തനെ നടുന്നതാണ് പറിച്ചു നടുന്നതിനും, കേടു പറ്റാതെ തൈകൾ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകാനും തൈകൾക്ക് ക്ഷതമേൽക്കാതിരിക്കാനും നല്ലത്.
നഴ്സറി പരിപാലനം
തുറന്ന പ്രദേശത്താണ് നഴ്സറിയെങ്കിൽ ചുറ്റും വേലികെട്ടി സംരക്ഷിക്കണം. മണൽപ്രദേശമാണങ്കിൽ കാലവർഷം കഴിയുന്നതോടെ പുതയിടുകയും വേനൽക്കാലത്ത് 2 ദിവസത്തിലൊരിക്കൽ നനയ്ക്കുകയും വേണം. തവാരണകൾ കളമുക്തമായിരിക്കണം. ചിതലിന്റെ ശല്യം കണ്ടാൽ 15 സെ.മീ. ആഴത്തിൽ മണ്ണു മാറ്റി ക്ലോർപൈറിഫോസ് തേങ്ങയിലും മണ്ണിലും വിതറുക. ചിതൽശല്യം പൂർണമായും മാറുന്നതിന് കീടനാശിനിപ്രയോഗം ആവർത്തിക്കേണ്ടിവരും. കുമിൾരോഗങ്ങൾ വരാതിരിക്കാന്‍ 1% വീര്യമുള്ള ബോർ ഡോമിശ്രിതമോ ചെമ്പ് അടങ്ങിയ മറ്റേതെങ്കിലും കുമിൾനാശിനികളോ തളിക്കുന്നതു നന്ന്.
തൈകൾ തിരഞ്ഞെടുക്കൽ
പാകി ആറു മാസത്തിനകം മുളയ്ക്കാത്തതും കേടു വന്ന മുളകളുള്ളതുമായ തേങ്ങകൾ മാറ്റുക. ഗുണമേന്മയുള്ള, 9-12 മാസം പ്രായമുള്ള തൈകൾ മാത്രം തിരഞ്ഞെടുക്കുക. തൈകൾ തിരഞ്ഞെടുക്കുമ്പോൾ ഇനിയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.
1. നേരത്തേ മുളച്ചതും കരുത്തുറ്റതും നല്ല വളർച്ചയുള്ളതുമായിരിക്കണം.
2. 10-12 മാസമുള്ള തൈകൾക്ക് 6 മുതൽ 8 ഓല വരെ വേണം. ഒൻപതു മാസമായ തൈകളാണെങ്കിൽ കുറഞ്ഞത് 4 ഓലകളെങ്കിലും ഉണ്ടായിരിക്കണം.
3. കണ്ണാടിക്കനം 10-12 സെ.മീ. ഉണ്ടായിരിക്കണം.
4. ഓലക്കാലുകൾ നേരത്തേ വിടരുന്നവയായിരിക്കണം.
മൺവെട്ടി, കമ്പിപ്പാര എന്നിവ ഉപയോഗിച്ച് തവാരണയിൽനിന്നും തൈകൾ ഇളക്കിയെടുക്കാം. വേരുകൾ മുറിച്ച് മാറ്റണം. വെയിലേൽക്കാതെ തൈകൾ തണലിൽ സൂക്ഷിക്കുകയും കഴിയുന്നത്ര വേഗം കവറിലോ, മണ്ണിലോ നടുകയും വേണം. തൈകൾ ഓലയിലോ തണ്ടിലോ പിടിച്ചുവലിച്ച് പറിച്ചെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
നടേണ്ട സമയം
വെള്ളക്കെട്ടില്ലാത്ത നല്ല നീര്‍വാര്‍ച്ച സൗകര്യമുള്ള മണ്ണാണെങ്കില്‍ വര്‍ഷാരംഭത്തോടെ തൈകള്‍ നടാം. എന്നാല്‍ ജലസേചനസൗകര്യമുണ്ടെങ്കില്‍ ഇടവപ്പാതി തുടങ്ങുന്നതിന് മുൻപുതന്നെ തൈകള്‍ നടാം. തുലാവര്‍ഷാരംഭത്തിന് മുൻപുതന്നെ തൈകള്‍ മണ്ണില്‍ പിടിച്ചുകിട്ടും. വര്‍ഷകാലങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മഴക്കാലം കഴിഞ്ഞ് തൈകള്‍ പറിച്ചുനടുന്നതായിരിക്കും നല്ലത്. മണല്‍പ്രദേശങ്ങളില്‍ തൈകള്‍ നടുന്നതിനു മുൻപ് കുഴിയില്‍ തൊണ്ട് കുഴിച്ചിടുകയാണെങ്കില്‍ തൈകള്‍ നല്ലതുപോലെ വളര്‍ന്നുകിട്ടും.
അകലം
തെങ്ങുകൃഷിയില്‍ വൃക്ഷങ്ങള്‍ തമ്മിലുള്ള അകലം പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. വൃക്ഷത്തലപ്പിന്റെ വലുപ്പമനുസരിച്ച് 7.5 മുതല്‍ 9 മീറ്റര്‍ വരെ അകലം സ്വീകരിക്കാവുന്നതാണ്. ഇതനുസരിച്ച് ചതുരാകൃതിയില്‍ നടുകയാണെങ്കില്‍ ഹെക്ടര്‍ ഒന്നിന് 124 മുതല്‍ 177 വരെ തൈകള്‍ നടാവുന്നതാണ്. ത്രികോണാകൃതിയിലുള്ള നടീല്‍രീതി അവലംബിക്കുന്നപക്ഷം 20 മുതല്‍ 25 വരെ എണ്ണം കൂടുതലായി ഒരു ഹെക്ടറില്‍ നടാന്‍ സാധിക്കും. ഓരോ വരിയിലും തൈകള്‍ തമ്മില്‍ 5 മുതല്‍ 5.5 മീറ്റര്‍ അകലവും വരികള്‍ തമ്മില്‍ 9 മുതല്‍ 10 മീറ്റര്‍ വീതം അകലവും നല്‍കി തെങ്ങിന്‍തൈകള്‍ നടുന്ന രീതിയും അവലംബിക്കാവുന്നതാണ്.
നടീല്‍ രീതികള്‍
ത്രികോണം - 7.6 മീറ്റര്‍ - 198 തൈകള്‍ /ഹെ
സമചതുരം – ചെടികള്‍ തമ്മിലും, വരികള്‍ തമ്മിലും 7.6 മീറ്റര്‍ മുതല്‍ 9 മീറ്റര്‍ വരെ – 170-120 തൈകള്‍ /ഹെ
ഒറ്റ വരി - 5 മീറ്റര്‍ വരിയിലും 9 മീറ്റര്‍ വരികള്‍ തമ്മിലും – 220 തൈകള്‍ /ഹെ
ഇരട്ട വരി – 5X5 മീറ്റര്‍ വരിയിലും 9 മീറ്റര്‍ രണ്ട് വരികള്‍ തമ്മിലും – 280 തൈകള്‍ /ഹെ
നടീല്‍
അടിയില്‍ പാറയോടുകൂടിയ ആഴമില്ലാത്ത വെള്ളക്കെട്ടുള്ള താണ പ്രദേശങ്ങളോ, കളിമണ്‍ പ്രദേശങ്ങളോ വിജയകരമായ തെങ്ങുകൃഷിക്ക് അനുയോജ്യമല്ല. എന്നാല്‍ ഒന്നിടവിട്ട് കളിമണ്ണും, മണല്‍മണ്ണും ഇട്ട വെള്ളക്കെട്ടില്‍ നിന്നും വീണ്ടെടുത്ത പ്രദേശങ്ങള്‍ തെങ്ങുകൃഷിക്ക് അനുയോജ്യമാണ്.
തൈ നടാനുള്ള മണ്ണൊരുക്കല്‍ അഥവാ സ്ഥലം തയാറാക്കല്‍ മണ്ണിന്‍റെ തരത്തെയും അന്തരീക്ഷ ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. കുറ്റിച്ചെടികള്‍ നിറഞ്ഞതും, നിരപ്പില്ലാത്തതുമായ പ്രദേശങ്ങളാണെങ്കില്‍ തൈകള്‍ വയ്ക്കാനുള്ള കുഴികള്‍ എടുക്കുന്നതിനു മുന്‍പായി കുറ്റിച്ചെടികള്‍ വെട്ടിമാറ്റി നിലം നിരപ്പാക്കണം. കുഴിയുടെ ആഴം മണ്ണിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു. അടിയില്‍ പാറയോടുകൂടിയ വട്ടുകള്‍ മണ്ണാണെങ്കില്‍ 1.2മീ x 1.2മീ x 1.2മീ താഴ്ചയും, വീതിയും, നീളവുമുള്ള കുഴികള്‍ കുഴിക്കണം. തൈ നടുന്നതിനു മുൻപായി ചാണകവും, ചാരവും, അയഞ്ഞ മേല്‍മണ്ണും കലര്‍ന്ന മിശ്രിതം കുഴിയിലിട്ട് 60 സെന്റിമീറ്റര്‍ കുഴി നിലനിര്‍ത്തി നിറയ്ക്കണം. ജലവിതാനം കുറഞ്ഞ പശിമരാശി മണ്ണാണെങ്കില്‍ 1 മീ x 1 മീ x 1 മീ നീളവും, വീതിയും, ആഴവുമുള്ള കുഴികള്‍ എടുത്ത് മേല്‍ പറഞ്ഞപോലെ 50 സെന്റിമീറ്റര്‍ മണ്ണ് മിശ്രിതം നിറയ്ക്കണം.
എന്നാല്‍ ഉയര്‍ന്ന ജലവിതാനമുള്ള സ്ഥലങ്ങളില്‍ ഉപരിതലങ്ങളിലോ, മണ്‍കൂനകളെടുത്തോ തൈ നടേണ്ടതാണ്. മണ്ണിടുന്നതിനു മുൻപ് തെങ്ങിന്‍കുഴിയുടെ ഏറ്റവും അടിഭാഗത്തായി രണ്ടുവരി ചകിരി മലര്‍ത്തി അടുക്കി വയ്ക്കുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചെങ്കല്‍പ്രദേശങ്ങളില്‍ 2 കിലോ ഉപ്പിടുന്നത് മണ്ണിന് അയവ് വരാന്‍ സഹായിക്കുന്നു.
English summary: Selection of coconut seedlings