ഏഴടി മാത്രം ഉയരം; അഞ്ചാം മാസം കുല; താങ്ങുകാൽ വേണ്ട: മഞ്ചേരിക്കുള്ളനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് കർഷകർ
Mail This Article
ഇന്നു സംസ്ഥാനത്ത് ഏറ്റവും പ്രചാരമുള്ള വിളകളിൽ മുൻനിരയിലുണ്ട് നേന്ത്രവാഴ. നമ്മുടെ സ്വാശ്രയ വിപണികളിലേക്കും ആഴ്ചച്ചന്തകളിലേക്കും നോക്കിയാലറിയാം ഈ മാറ്റം; നിറയെ നേന്ത്രവാഴക്കുലകൾ. മാസങ്ങളായി തുടരുന്ന മികച്ച വില തന്നെയാണ് നേന്ത്രവാഴയിലേക്ക് കർഷകരെ ആകർഷിക്കുന്നത്. മഞ്ചേരിക്കുള്ളൻ എന്ന നേന്ത്രൻ ഇനം കർഷകരിൽ താൽപര്യമുണർത്തുന്നതും ഈ സാഹചര്യത്തില്‍ത്തന്നെ.
കുറഞ്ഞ കാലത്തിനുള്ളില്‍ കുല വെട്ടാമെന്നതും ഉയരം കുറവായതിനാൽ താങ്ങുകാൽ ആവശ്യമില്ലെന്നതും മഞ്ചേരിക്കുള്ളന്റെ നേട്ടമായി കർഷകർ കാണുന്നു. എന്നാൽ, സാധാരണ നേന്ത്രനു നൽകുന്ന വളപ്രയോഗവും പരിപാലനവുമെല്ലാം നൽകുമ്പോഴും കുല ശരാശരി 10 കിലോയിൽ ഒതുങ്ങുമെന്നത് ഈയിനത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഏതായാലും കാലവസ്ഥാമാറ്റമുണ്ടാക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ഒരു വർഷത്തോളം നീളുന്ന നിലവിലെ നേന്ത്രവാഴക്കൃഷി ‘റിസ്ക്’ തന്നെയെന്ന് കർഷകർ. എപ്പോൾ വേണമെങ്കിലും വരൾച്ചയും പ്രളയവുമൊക്ക പ്രതീക്ഷിക്കാവുന്ന സാഹചര്യത്തിലാണ് മഞ്ചേരിക്കുള്ളനു സ്വീകാര്യതയേറുന്നത്.
കണ്ണാറയിൽ കണ്ടത്
കർഷകരുടെ താൽപര്യം കണ്ടറിഞ്ഞ് കേരള കാർഷിക സർവകലാശാലയുടെ തൃശൂർ കണ്ണാറയിലുള്ള വാഴഗവേഷണ കേന്ദ്രം മഞ്ചേരിക്കുള്ളന്റെ കാര്യത്തിൽ ഗൗരവമായ പഠനം നടത്തുന്നുണ്ട്. മലപ്പുറം അരീക്കോടുള്ള ആലംഖാൻ എന്ന കർഷകനിൽനിന്നു ശേഖരിച്ച 300 കന്നുകൾ നട്ടു നടത്തിയ പരീക്ഷണം നിലവിൽ വിജയകരമായ വിളവെടുപ്പിലെത്തി നിൽക്കുന്നു. കൃഷി ചെയ്ത 300 എണ്ണത്തിൽ നല്ല പങ്കും 5 മാസം പിന്നിട്ടപ്പോള്‍ കുലച്ചുവെന്ന് ഗവേഷണകേന്ദ്രത്തിലെ പ്രഫസർ ആൻഡ് ഹെഡ് ഡോ. വിമി ലൂയിസ് പറയുന്നു. 8 മാസമെത്തിയതോടെ എല്ലാം തന്നെ വിളവെടുപ്പിനും പാകമായി. അൽപം വൈകി കുലച്ചവകൂടി പരിഗണിച്ചാലും എട്ടര മാസത്തോടെ വിളവെടുപ്പു പൂർണമാകുമെന്ന് ഡോ. വിമി. ശരാശി 10 കിലോയാണ് കുലയ്ക്കു തൂക്കം പ്രതീക്ഷിക്കുന്നത്. 4–5 പടലകൾ. വാഴയ്ക്കാകട്ടെ ശരാശരി 7 അടി മാത്രം ഉയരം.
നെടുനേന്ത്രൻ, മഞ്ചേരിനേന്ത്രൻ, ആറ്റുനേന്ത്രൻ, മിന്റോളി എന്നീ ഇനങ്ങളാണ് പൊതുവേ കർഷകർക്കിടയിൽ പ്രചാരത്തിലുള്ളത്. നെടുനേന്ത്രൻ 9–10 മാസത്തോടെ വിളവെടുക്കാമെങ്കിൽ തുടർന്നുള്ള ഓരോന്നിനും ഓരോ മാസം കൂടുതൽ മൂപ്പു വരും. അതനുസരിച്ച് കുലയുടെ തൂക്കവും കൂടും. മഞ്ചേരിക്കുള്ളൻ എട്ട്–എട്ടര മാസത്തിൽ വിളവെടുക്കാമെങ്കിലും മറ്റിനങ്ങളെക്കാൾ കുലയ്ക്കു തൂക്കം കുറവാണെന്ന പോരായ്മയുണ്ടെന്ന് ഡോ. വിമി പറയുന്നു. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് കുലയുടെ തൂക്കം പ്രധാനം തന്നെയാണല്ലോ. എന്നാൽ, അതിനെ മറികടക്കുന്ന ചില മെച്ചങ്ങളുമുണ്ട്. കാറ്റും മഴയും വെള്ളപ്പൊക്കവുമൊക്കെ ഭീഷണിയാകുന്ന കാലവർഷത്തിനു മുൻപേ കുലവെട്ടാവുന്ന രീതിയിൽ കൃഷി ക്രമീകരിക്കാം.
Read also: വർഷം കൃഷി ചെയ്യുന്നത് 4000 മഞ്ചേരി കുള്ളൻ വാഴകൾ; അഞ്ചാം മാസം കുല, എട്ടാം മാസം വിളവെടുപ്പെന്ന് കർഷകൻ
സാധാരണ നേന്ത്രന്റെ ഉയരം ശരാശരി 9 അടിയാണ്. മഞ്ചേരിക്കുള്ളന്റെ ഉയരം 7 അടിയിലൊതുങ്ങുന്നതിനാൽ കാറ്റുപിടിക്കാനുള്ള സാധ്യത നന്നേ കുറയും. അതുകൊണ്ടുതന്നെ താങ്ങുകാല്‍ ഒഴിവാക്കാം. അതുവഴി കൃഷിച്ചെലവിൽ കാര്യമായ കുറവുണ്ടാകും. കുല വെട്ടിയെടുക്കാനും എളുപ്പം. ഈ മെച്ചങ്ങളാണ് കർഷകര്‍ നോക്കുന്നതെന്ന് ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഗവാസ് രാഗേഷും പറയുന്നു.
മഞ്ചേരിക്കുള്ളന്‍ സംബന്ധിച്ച് ഒട്ടേറെ അന്വേഷണങ്ങൾ കർഷകരിൽനിന്നുണ്ടെന്ന് ഡോ. വിമി. എന്നാൽ, ഒറ്റ പരീക്ഷണക്കൃഷിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഈയിനത്തിന്റെ മേന്മകളിൽ തീർപ്പു കൽപിക്കാനാവില്ല. വിശദമായ പഠനങ്ങൾക്കുശേഷം മാത്രമേ വാണിജ്യക്കൃഷിക്ക് ശുപാർശ ചെയ്യാനാവൂ എന്നും ഡോ. വിമി പറയുന്നു. 2X2 മീറ്റർ അകലത്തിൽ ഏക്കറിന് 1000 വാഴ കൃഷി ചെയ്യാം. സാധാരണ നേന്ത്രനു നൽകുന്ന വളപ്രയോഗം തന്നെയാണ് പരീക്ഷണക്കൃഷിയിൽ മഞ്ചേരിക്കുള്ളനും സ്വീകരിച്ചത്. 6 വട്ടം വളപ്രയോഗം. എന്നാൽ, സാധാരണ നേന്ത്രനിൽനിന്നു ഭിന്നമായി മഞ്ചേരിക്കുള്ളൻ 5–ാം മാസം കുലയ്ക്കുമെന്നതിനാൽ വളപ്രയോഗത്തിന്റെ ഇടവേളകൾ കുറയ്ക്കേണ്ടതുണ്ടെന്ന് ഡോ. വിമി. ഒരേ കൃഷിയിടത്തിൽത്തന്നെ വെയിൽലഭ്യത അനുസരിച്ച് പൊക്കം തീരെക്കുറഞ്ഞവയും കൂടിയവയും കാണുന്നുണ്ടെന്നും ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ ഉയരത്തെ സ്വാധീനിക്കുമെന്നു തീർച്ചയാണെന്നും ഡോ. വിമി പറയുന്നു. ഏതായാലും മഞ്ചേരിക്കുള്ളനെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെന്നാണ് തല്‍ക്കാലം ഡോ. വിമിയുടെ പക്ഷം.
കുള്ളൻ പലവിധം
പ്രചാരം വർധിക്കുമ്പോഴും മഞ്ചേരിക്കുള്ളനെ സംബന്ധിച്ച് കർഷകർക്കിടയിൽത്തന്നെ അഭിപ്രായ ഭേദങ്ങളുമുണ്ട്. തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നുമെല്ലാം നിലവിൽ ‘മഞ്ചേരിക്കുള്ള’ന്റെ വിത്തുകൾ വരുന്നുണ്ട്. മേൽപറഞ്ഞ ലക്ഷണങ്ങളുള്ളവയും കുലയ്ക്കു തൂക്കവും മൂപ്പൂം കൂടിയവയും അക്കൂട്ടത്തിലുണ്ട്. കുള്ളനല്ലെങ്കിലും എട്ടര മാസത്തിൽ കുലവെട്ടാവുന്ന മേട്ടുപ്പാളയം ഇനവും പ്രചാരത്തിലുണ്ട്. കുള്ളൻനേന്ത്രൻ ഇനങ്ങളെ പൊതുവേ മഞ്ചേരിക്കുള്ളൻ എന്നു വിളിക്കുന്നു എന്നു വേണം കരുതാൻ. വാഴ ഗവേഷണകേന്ദ്രം തന്നെ മികച്ചതെന്നു സാക്ഷ്യപ്പെടുത്തുന്ന സാധാരണ നേന്ത്രനായ മഞ്ചേരി നേന്ത്രൻ 2 കാലങ്ങളായി വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ സിലക്‌ഷൻ ഇനമാണോ മഞ്ചേരിക്കുള്ളൻ എന്നും ഗവേഷകർ പരിശോധിക്കുന്നുണ്ട്.