വർഷം കൃഷി ചെയ്യുന്നത് 4000 മഞ്ചേരി കുള്ളൻ വാഴകൾ; അഞ്ചാം മാസം കുല, എട്ടാം മാസം വിളവെടുപ്പെന്ന് കർഷകൻ
Mail This Article
മൂന്നു വർഷമായി മഞ്ചേരിക്കുള്ളൻ കൃഷി ചെയ്യുന്ന മലപ്പുറം അരീക്കോട് കീഴ്പറമ്പില്‍ യാക്കിപ്പറമ്പൻ വീട്ടിൽ ആലംഖാന് ഈയിനം നേട്ടമാണെന്നതില്‍ തെല്ലും സംശയമില്ല. ആലംഖാന്റെ കൃഷിയിടത്തിൽനിന്നു ശേഖരിച്ച കന്നുകളാണ് കണ്ണാറ വാഴഗവേഷണകേന്ദ്രം പരീക്ഷണക്കൃഷിക്ക് ഉപയോഗിച്ചത്. കീഴ്പറമ്പിലെ പുരയിടത്തിലും കർണാടകയിലെ ഗുണ്ടൽപേട്ടിലുമായി വർഷം ശരാശരി 4,000 മഞ്ചേരിക്കുള്ളൻ ആലംഖാൻ കൃഷി ചെയ്യുന്നു. നിലവിൽ പുരയിടത്തിൽ കൃഷി ചെയ്തിരിക്കുന്നവയിൽ ഭൂരിപക്ഷവും 5–ാം മാസം തന്നെ കുലച്ചെന്ന് ആലംഖാൻ. 8 മാസം കഴിയുന്നതോടെ വിളവെടുക്കാം. കുലയ്ക്കു ശരാശരി 10 കിലോ തൂക്കം.
എന്നാൽ, അരീക്കോട്ടും ഗുണ്ടൽപ്പേട്ടിലും കൃഷി ചെയ്യുമ്പോൾ മഞ്ചേരിക്കുള്ളന്റെ പ്രകടനം വ്യത്യസ്തമാണെന്നും ഈ കർഷകൻ പറയുന്നു. കർണാടകയിൽ സാധാരണ നേന്ത്രന്റെ മൂപ്പുതന്നെ വരും മഞ്ചേരിക്കുള്ളനും. കുലയുടെ തൂക്കം ശരാശരി 16 കിലോ എത്തുകയും ചെയ്യും. ഉയരമാകട്ടെ, നാട്ടിലേതിനേക്കാൾ കുറവും. മഞ്ചേരിക്കുള്ളനു മഞ്ചേരിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ആലംഖാന് അറിയില്ല. ആദ്യകൃഷിക്കു വിത്തെടുത്തത് കേരളത്തിന്റെ അതിർത്തിയോടു ചേർന്നുള്ള, കർണാടയിലെ കൃഷിയിടങ്ങളിൽനിന്ന്. മുക്കം, അരീക്കോട് പ്രദേശങ്ങളിൽ ഈയിനം പരിചയപ്പെടുത്തിയ കർഷകരിൽ ഒരാളും ആലംഖാൻ തന്നെ. ഏതായാലും നിലവിൽ ഈ പ്രദേശങ്ങളിൽ ഈയിനം പരീക്ഷിക്കുന്ന കർഷകർ കുറവല്ലെന്നും ആലംഖാൻ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈയിനത്തിന്റെ കന്നുകൾ വിതരണം ചെയ്തിട്ടുള്ള ആലംഖാൻ, ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പലയിടത്തും കുള്ളൻപ്രകൃതത്തിൽ ഏറ്റക്കുറച്ചില്‍ കാണുന്നുണ്ടെന്നും പറയുന്നു. അടിവളം നൽകി കന്നു നട്ട്, മുളച്ചശേഷം 20 ദിവസം ഇടവിട്ട് വള പ്രയോഗവും ശരിയായ അളവിൽ നനയും നൽകിയാൽ 10–12 കിലോയുള്ള കുലകൾ ഉറപ്പെന്ന് ആലം ഖാൻ. കിലോ 40 രൂപയ്ക്കു മുകളിൽ നിലവിൽ നേന്ത്രക്കായയ്ക്കു വിലയുണ്ട്. താങ്ങുകാൽ ഒഴിവാകുന്നതോടെ 120–150 രൂപയിലൊതുങ്ങും കൃഷിച്ചെലവ്.
ഫോൺ: 9745697152
English summary: Dwarf banana cultivation in Kerala