ADVERTISEMENT

കേരളത്തിൽ കൃഷിയുടെ 37 ശതമാനത്തിൽ അധികവും നാളികേരമാണ്. 35 ലക്ഷത്തിൽപരം കേരകർഷകരുമുണ്ട്. പക്ഷേ, നമ്മുടെ ഉൽപാദനക്ഷമത ഹെക്ടറിന് 9641 നാളികേരം മാത്രം. ഇന്ത്യയുടെ ദേശീയ ശരാശരി 10614 നാളികേരം / ഹെക്ടറിന്. നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാടിന്റെ ശരാശരി ഉൽപാദനം 13423 നാളികേരം / ഹെക്ടറിന്. ഇവിടെ ഉൽപാദനക്ഷമത കുറയാൻ‌ പ്രധാന കാരണം തെങ്ങിന് നനയ്ക്കാത്തതുതന്നെ.  

നനച്ചു വളർത്തുന്ന തെങ്ങ് നാലു വർഷംകൊണ്ടു പുഷ്പിക്കും. എന്നാൽ വരൾച്ച അനുഭവിക്കുന്ന തെങ്ങ് 12 വർഷം കഴിഞ്ഞേ പുഷ്പിക്കുന്നുള്ളൂ. നനയിലൂടെ പുഷ്പിച്ച തെങ്ങിന്റെ ഓരോ പൂങ്കുലയിലും താരതമ്യേന കൂടുതൽ പെൺ പൂക്കളുണ്ടാകും. അതിനാൽതന്നെ നാളികേരത്തിന്റെ എണ്ണം വർധിക്കുന്നു. ഇവയിൽ മച്ചിങ്ങാപൊഴിച്ചിൽ വളരെ കുറവായിരിക്കും. നാളികേരത്തിന്റെ വലുപ്പവും കൊപ്രയുടെ ശരാശരി തൂക്കവും കൂടുതലും.

തെങ്ങിൻതോപ്പിൽ പലപ്പോഴും ജലദൗർലഭ്യംമൂലം നനയ്ക്കാനാവാതെ വരാം. അപ്പോൾ ഈർപ്പക്കുറവിന്റെ കെടുതിയിൽനിന്ന് തെങ്ങിനെ രക്ഷിക്കാനുതകുന്ന ജലസംരക്ഷണ മുറകൾ അവലംബിക്കണം. മണ്ണിലെ ഈർപ്പം സംരക്ഷിക്കാനായി ഇടകിളയ്ക്കൽ, പുതയിടൽ, തൊണ്ടുമൂടൽ, കുഴികുഴിക്കൽ, പച്ചിലവളച്ചെടികളും ആവരണവിളകളും വളർത്തൽ തുടങ്ങിയവ ഉദാഹരണം.

പുതയിടീൽ

വേനലിന്റെ ആരംഭത്തിൽ തെങ്ങിന്റെ തടത്തിൽ ജൈവവസ്തുക്കൾ കട്ടിയിൽ കൂട്ടിയിടുന്നതാണ് പുതയിടീൽ‌. ഇത് മണ്ണിന്റെ ഈർപ്പം സംരക്ഷിച്ചുനിർത്താനും വേരുവളർച്ച മെച്ചപ്പെടുത്താനും ഉപകാരികളായ സൂക്ഷ്മാണുക്കളുടെ വളർച്ച വർധിപ്പിക്കാനും ഉപകരിക്കുന്നു. ഉണങ്ങിയ ഇലകൾ, കളകൾ, മോശപ്പെട്ട വൈക്കോൽ, പതിര്, നെല്ലിന്റെ മറ്റ് അവശിഷ്ടങ്ങൾ, അടയ്ക്കാത്തൊണ്ട്, തെങ്ങോലകൾ, വിളകളുടെ അവശിഷ്ടങ്ങൾ, ഉമി, മരപ്പൊടി, ചകിരിച്ചോറ് എന്നിവ യെല്ലാം പുതയിടീലിന് ഉപയോഗിക്കാം. തടങ്ങളിൽ ഒരുനിര തൊണ്ട് കമഴ്ത്തി അടുക്കിവച്ചു പുതയിടാം.

തൊണ്ടുമൂടൽ

പച്ചയോ ഉണങ്ങിയതോ ആയ തൊണ്ട് തെങ്ങിനു ചുറ്റും കുഴിച്ചിടുന്നത് ഈർപ്പസംരക്ഷണത്തിന് ഉപകരിക്കും. തൊണ്ട് മണ്ണിൽ ജലസംഭരണിയായി പ്രവർ‌ത്തിക്കും. തൊണ്ട് നല്ല അളവിൽ വെള്ളം സംഭരിച്ചുവയ്ക്കുന്നു. നല്ലതുപോ ലെ നനഞ്ഞുകുതിർ‌ന്ന ഒരു തൊണ്ട് അതിന്റെ ഭാരത്തിന്റെ ആറോ എട്ടോ ഇരട്ടി ജലം സംഭരിച്ചു സൂക്ഷിക്കും. കാസർ കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ പഠനങ്ങളിൽനിന്ന് തൊണ്ട് മൂടുന്നതുമൂലം തെങ്ങിനു ലഭിക്കുന്ന ഈർപ്പത്തിന്റെ ഗുണം അഞ്ചോ ആറോ വർഷം നീണ്ടുനിൽക്കുമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓലകളുടെ എണ്ണം കൂടും. ആദ്യത്തെ രണ്ടുവർഷം തേങ്ങയുടെ എണ്ണത്തിൽ വർധനയുണ്ടായില്ലെങ്കിലും ക്രമേണ എണ്ണം വർധിക്കുന്നതായി കണ്ടു. എട്ടുവർഷമായപ്പോഴേക്കും നല്ല മാറ്റം കണ്ടു. ചെറിയ അളവിൽ പൊട്ടാഷ് നൽകുന്നതും വിളവു മെച്ചപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്.

തൊണ്ടുമൂടുന്നത് മഴ ആരംഭിക്കുമ്പോഴാണ്. തെങ്ങ് വരിയായി നട്ടിരിക്കുന്ന പ്രദേശങ്ങളിൽ രണ്ടു മീറ്റർ വീതിയിൽ അര മീറ്റർ താഴ്ചയിൽ നീളത്തിൽ കുഴിയെടുത്ത് അതിൽ തൊണ്ട് മലർത്തിവച്ച് മണ്ണിട്ട് മൂടുക. ഉപരിതലത്തിൽനിന്ന് 20 സെ.മീ. താഴെവരെ തൊണ്ട് അടുക്കുക. മണ്ണിട്ട് ഉപരിതലം നല്ലവണ്ണം നിരപ്പാക്കി മൂടുക. ഒരു ഘനമീറ്റർ സ്ഥലത്ത് 250–300 തൊണ്ടു വേണ്ടിവരും. വരിയായി നട്ടിട്ടില്ലാത്ത പ്രദേശങ്ങളിൽ തെങ്ങിനു ചുറ്റുമായി രണ്ടുമീറ്റർ വിട്ട് അര മീറ്റർ വീതിയിലും താഴ്ചയിലും കുഴിയെടുത്ത് അതിൽ തൊണ്ട് മലർ‌ത്തി അടുക്കിവച്ച് മണ്ണിട്ട് മൂടുക. ഇതിനായി ഏകദേശം 500–1000 തൊണ്ട് വേണ്ടിവരും.

തെങ്ങിൻതടത്തിൽ പ്യൂറേറിയ, തോട്ടപ്പയർ‌, ചണമ്പ്, വൻപയർ എന്നിവ ആവരണവിളയായി നട്ടുവളർത്താം. കാലവർഷാരംഭത്തോടെ ഇവയുടെ വിത്ത് വിതറണം. തീരപ്രദേശങ്ങളിലും മറ്റുമുള്ള തെങ്ങിൻതോപ്പുകളിൽ തുലാവർഷ ത്തിനു മുൻപ് മണ്ണ് കൂനകൂട്ടുകയും മഴയ്ക്കുശേഷം നിരപ്പാക്കുകയും ചെയ്യണം. ഇടയ്ക്കിടെ കിട്ടുന്ന മഴവെള്ളം മണ്ണിലേക്ക് ഊർന്നിറങ്ങാനും ഉപകരിക്കുമെന്നതിനു പുറമെ ജലനഷ്ടം കുറയ്ക്കാനും ഇതു സഹായിക്കും. ജലം സംരക്ഷിച്ചുനിർത്താനും മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും ചകിരിച്ചോറ് കമ്പോസ്റ്റ് തെങ്ങിൻചുവട്ടിലിട്ടുകൊടുക്കുന്നതു കൊള്ളാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com