ADVERTISEMENT

സസ്യങ്ങളെ ആക്രമിക്കുന്ന എല്ലാ കൃമികീടങ്ങളെയും പ്രതിരോധിക്കാൻ ഒരേ ഒരു മിത്ര കുമിൾ മതിയെങ്കിൽ അതൊരു വലിയ അനുഗ്രഹമല്ലേ. അങ്ങനെ ഒരു കുമിളിനെ നമുക്ക് പരിചയപ്പെടാം. 16, 17 നൂറ്റാണ്ടുകളിൽ ഇറ്റലിയിലും ഫ്രാൻസിലും പട്ടുനൂൽ പുഴുക്കൾ ഒരു വെളുത്ത പൂപ്പൽ ബാധിച്ചു ചത്തൊടുങ്ങിക്കൊണ്ടിരുന്നു. വൈറ്റ് മസ്കർഡൈൻ ഡിസീസ് എന്നാണ് ഈ രോഗം അറിയപ്പെട്ടിരുന്നത്. 1835 ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അഗസ്റ്റിനോ ബാസി ഡി ലോധി (Agostino Bassi de Lodi (the "Father of Insect Pathology") ഈ രോഗം പരത്തുന്നത് ഒരു കുമിൾ ആണെന്ന് കണ്ടെത്തി. ശാസ്ത്രജ്ഞനോടുള്ള ബഹുമാനസൂചകമായി ഇതിനു നൽകിയ പേരാണ് ബിവേറിയ ബാസിയാന. ലോകമെമ്പാടും മണ്ണിൽ കാണപ്പെടുന്ന ഒരു കുമിൾ ആണിത്. 

ഈ കുമിളിന്റെ പ്രതേകത, ഇത് വെള്ളീച്ച മുതൽ കൊമ്പൻ ചെല്ലി വരെയുള്ള എല്ലാ കൃമി കീടങ്ങളുടെയും, ലാർവകളുടെയും തൊലിയിൽ കൂടി അതിന്റെ ശരീരത്തിൽ കടന്ന് ആ ജീവിയിൽ വസിക്കുന്ന ബാക്ടീരിയകളെയും നശിപ്പിച്ചു ആന്തരിക അവയവങ്ങൾ എല്ലാം ഭക്ഷിച്ചു വംശവർധന നടത്തി ദശലക്ഷങ്ങളായി പുറത്തു വരും. മൂട്ടയെയും കൊതുകിനെയും ബിവേറിയ വെറുതെ വിടത്തില്ല. ബിവേറിയ മനുഷ്യനേയോ മൃഗങ്ങളെയോ ആക്രമിക്കാറില്ല. ഇന്ന് പല കർഷകരും ബിവേറിയ ഉപയോഗിക്കുന്നുണ്ട്. ഇത് മിക്ക അഗ്രി ഷോപ്പുകളിലും ലഭ്യമാണ്.

ഇത് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും ലഭ്യമാണ്. എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക. 20 ഗ്രാം പൊടി ഒരു ലിറ്റർ വെള്ളത്തിന് എന്ന തോതിൽ ക്ലോറിൻ കലരാത്ത ശുദ്ധജലത്തിൽ കലക്കുക. ശുദ്ധീകരിച്ച വെള്ളമോ തിളപ്പിച്ച് ആറിയ പൈപ്പ് വെള്ളമോ മഴവെള്ളമോ ഒക്കെ ആയാൽ നന്ന്. ഈ വെള്ളത്തിൽ അൽപം കഞ്ഞിവെള്ളമോ ഗ്ലുക്കോസോ സസ്യ എണ്ണയോ ചേർക്കാവുന്നതാണ്. വേപ്പെണ്ണ പാടില്ല. സസ്യ എണ്ണ ചേർക്കുമ്പോൾ 10 ഗ്രാം എണ്ണയ്ക്ക് 1/2-1 ഗ്രാം മഞ്ഞ ബാർ സോപ്പോ ഏതാനും തുള്ളി ഹാൻഡ് വാഷ് സോപ്പോ ചേർക്കാവുന്നതാണ്. 

ഈ വെള്ളം നല്ലവണ്ണം തെളിഞ്ഞു കഴിയുമ്പോൾ അതിരാവിലെയോ വൈകിട്ടോ ചെടികൾ നല്ലവണ്ണം നനയത്തക്കവണ്ണം തളിക്കുക. വെയിൽ തട്ടിയാൽ ബിവേറിയ നിർവീര്യമാകും. കൃമികീടങ്ങളെ കൊല്ലാൻ ബിവേറിയയ്ക്ക് അൽപം സമയം കൊടുക്കണം (അകദേശം 3 മുതൽ 5 ദിവസം വരെ). ഇത് അന്തരീക്ഷ ഊഷ്മാവിനെയും ഹ്യുമിഡിറ്റിയെയും ആശ്രയിച്ചിരിക്കും. പുഷ്പങ്ങളിൽ വീഴാതെ നോക്കണം. പരാഗണം നടത്താൻ എത്തുന്ന തേനീച്ചകളും മിത്ര പ്രാണികളും ചത്തൊടുങ്ങും. ചുരുങ്ങിയത് ആഴ്ചയിൽ ഒരു തവണയെങ്കിലും ബിവേറിയ അടിക്കണം. 

മാസ്ക്കും കയ്യുറയും ധരിക്കണം. കലക്കിയ പാത്രത്തിൽ മിച്ചം വരുന്ന `കൊഴുത്ത വെളുത്ത അവശിഷ്ടവും ഏതെങ്കിലും ചെടികളുടെ കടയ്ക്കൽ ഒഴിക്കാം. മത്സ്യങ്ങളെ ദോഷകരമായി ബാധിക്കും എന്നുള്ളതുകൊണ്ട് ജലസ്രോതസുമായി ഇത് കലർത്തരുത്. ബിവേറിയ മണ്ണിലും പ്രയോഗിക്കാവുന്നതാണ്. കായീച്ചയുടെയും മറ്റും ലാർവകളെയും നിമാ വിരകളെയും അത് കൊന്നൊടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com