കൈവശമുള്ളത് കസ്തൂരിമഞ്ഞളാണോ? ഇതാണ് യഥാർഥ കസ്തൂരിമഞ്ഞളിന്റെ പ്രത്യേകതകൾ
Mail This Article
ഔഷധഗുണത്തിൽ കസ്തൂരി മഞ്ഞളിൽ അടങ്ങിയിട്ടുള്ള എസ്സൻഷ്യൽ ഓയിൽസിനെ ജയിക്കാൻ മറ്റൊന്നും ഇല്ല. പക്ഷേ, യഥാർഥ കസ്തൂരിമഞ്ഞളോ അതിന്റെ ഉൽപന്നങ്ങളോ ഒന്നും ഇന്ന് വിപണിയിൽ ഇല്ല എന്നുതന്നെ പറയാം. കസ്തൂരിമഞ്ഞളിന്റെ പേരിൽ മാർക്കറ്റിൽ വിലസുന്നത് മഞ്ഞക്കൂവയാണ്.
ഇനി യഥാർഥ കസ്തൂരിമഞ്ഞളിനെ പരിചയപ്പെടുത്താം. കറി മഞ്ഞളിലെ സജീവഘടകം (Active ingredient) കുർകുമിൻ ആണ്. ഇതിനു മഞ്ഞ നിറമാണ്. മഞ്ഞളിന് മഞ്ഞ നിറം നൽകുന്നത് കുർകുമിൻ ആണ്. കസ്തൂരിമഞ്ഞളിൽ കുർകുമിൻ വളരെ നേരിയ തോതിൽ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഒരു കിഴങ്ങു മുറിച്ചു നോക്കിയാൽ അതിനു മഞ്ഞ നിറം ഉണ്ടെങ്കിൽ അത് കസ്തൂരിമഞ്ഞൾ അല്ല. അങ്ങനെ മഞ്ഞ നിറം കണ്ടാൽ അത് മഞ്ഞക്കൂവയോ അല്ലെങ്കിൽ കസ്തൂരിമഞ്ഞളിന്റെയും കറിമഞ്ഞളിന്റെയും സങ്കരമോ ആയിരിക്കും.
മഞ്ഞക്കൂവയുടെ ഇലയുടെ മധ്യ ഭാഗത്തുകൂടി തവിട്ടു നിറത്തിൽ വര ഉണ്ടാകും. കറി മഞ്ഞളിന്റെയും കസ്തൂരി മഞ്ഞളിന്റെയും സങ്കരത്തിന്റെയും ഇലയിൽ തവിട്ടു നിറത്തിലുള്ള വര ഉണ്ടാകില്ല. മഞ്ഞക്കൂവയ്ക്കു ധാരാളം 'മണിയൻ' ഉണ്ടാവും. കസ്തൂരി മഞ്ഞളിന് അതില്ല. (ട്വയിൻ പോലെ നീളമുള്ള വേരിന്റെ അഗ്രത്ത് വാഴക്കൂമ്പിന്റെ ആകൃതിയിൽ കാണുന്നതാണ് 'മണിയൻ'). ഒറിജിനൽ കസ്തൂരി മഞ്ഞളിന്റെ പൊടിക്ക് നെയ്യുടെ നിറമായിരിക്കും.