ADVERTISEMENT

ചത്തതും ചാകാറായതുമായ കോഴികളെയും താറാവിനെയുമെല്ലാം വിൽപന നടത്തുന്നതിനിടെ തമിഴ്നാട് സ്വദേശി ധനശേഖറിനെ കോർപറേഷൻ ആരോഗ്യ വിഭാഗം കയ്യോടെ പിടികൂടി. പക്ഷിപ്പനിബാധയെത്തുടർന്ന് ജാഗ്രതാ പ്രവർത്തനവുമായി കോർപറേഷൻ ആരോഗ്യ വിഭാഗം വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയപ്പോഴാണ് തൊണ്ടയാട് ബൈപാസ് ജംക്‌ഷനു സമീപത്തെ അനധികൃത കോഴിവിൽപന കേന്ദ്രം കണ്ടത്.

ഇന്നലെ രാവിലെ എച്ച്ഐ കെ. ഷജിൽ കുമാറിന്റെ നേതൃത്വത്തിൽ ഇവിടെയെത്തി കച്ചവടം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ഉച്ചയോടെ ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസിന്റെ നേതൃത്വത്തിൽ ഇവിടെയെത്തി പരിശോധന നടത്തി. അപ്പോഴാണ് വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ കോഴി വിൽപന കണ്ടത്. തുടർന്ന് ടെന്റിനകത്ത് പരിശോധിച്ചപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. ചത്തു പുഴുവരിക്കുന്ന തരത്തിൽ കോഴികൾ ഇരുമ്പു പെട്ടിയിൽ. താറാവും ചത്തു കിടക്കുന്നു. പക്ഷിപ്പനിബാധയെ തുടർന്ന് കോർപറേഷൻ പരിധിയിൽ കോഴി ഇറച്ചി വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയതിനാൽ ഇന്നലെ രാവിലെ മുതൽ ഇവിടെ നല്ല കച്ചവടമായിരുന്നു.

ചത്തതും അല്ലാത്തതുമായ കോഴികളേയും താറാവിനെയുമെല്ലാം ഉടനെ വേങ്ങേരി മാർക്കറ്റിലേക്കു കൊണ്ടുപോയി. വെറ്ററിനറി സർജൻ പരിശോധിച്ചു. തുടർന്ന് എല്ലാറ്റിനെയും ശാസ്ത്രീയ രീതിയിൽ കത്തിച്ചു. ജെഎച്ച്ഐമാരായ പി.എം. ഷാജി, കെ. ഷമീർ, കെ. മനൂജ്, വി.കെ. അഭിലാഷ് തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

കച്ചവടം നിർത്തിച്ചു

കോർപറേഷൻ പരിധിയിൽ ലൈസൻസുള്ള 182 കോഴി ഇറച്ചി വിൽപന കേന്ദ്രങ്ങളാണുള്ളത്. ഇതിനു പുറമേയാണ് കോഴി ഫാമുകൾ  പ്രവർത്തിക്കുന്നത്. ലൈസൻ‌സില്ലാതെ പ്രവർത്തിക്കുന്ന കോഴിക്കടകൾ ഉൾപ്പെടെ കണക്കാക്കുമ്പോൾ എണ്ണം ഇതിലും കൂടുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.

കോർപറേഷന്റെ നിർദേശം അവഗണിച്ചു പ്രവർത്തിച്ച ചക്കുംകടവ്, സെൻട്രൽ മാർക്കറ്റ് പുതിയങ്ങാടി, ചെറുവണ്ണൂർ എന്നിവിടങ്ങളിലെ കോഴി ഇറച്ചി വിൽപന കേന്ദ്രങ്ങൾ അടപ്പിച്ചു. വേങ്ങേരിയിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിനാൽ കടുത്ത ജാഗ്രതയോടെയാണ് കോർപറേഷൻ, മൃഗസംരക്ഷണ, റവന്യു വകുപ്പുകൾ പ്രവർത്തിക്കുന്നത്. കോർപറേഷൻ പരിധിയിൽ 5 സ്ക്വാഡുകൾ പ്രത്യേകം നിരീക്ഷണം നടത്തി.

രോഗം പടരു‍ന്നത് തടഞ്ഞത് വീട്ടുകാരന്റെ ജാഗ്രത

വേങ്ങേരിക്കു സമീപത്തെ വീട്ടിൽ കോഴികളെ വളർത്തുന്നത് മുട്ടയ്ക്കുവേണ്ടിയാണ്. രണ്ടു മൂന്നു മാസം മുൻപ് ഇവിടെ ഏതാനും കോഴിക്കുഞ്ഞുകൾ ചത്തിരുന്നു.  ഡോക്ടറെ കാണിച്ചപ്പോൾ കോഴി വസന്തയാണെന്നു പറഞ്ഞു. മരുന്നും നൽകി. കഴിഞ്ഞ ആഴ്ചയിൽ വലിയ കോഴികളും  ചാകാൻ തുടങ്ങി. ചത്ത ഒരു കോഴിയെ ജില്ലാ മൃഗാശുപത്രിയിൽ പോയി. കോഴികൾ കൂട്ടത്തോടെ ചത്തകാര്യം പറഞ്ഞു. പോസ്റ്റ്മോർട്ടം ചെയ്യേണ്ട ആവശ്യകതയും അറിയിച്ചു. ഉടനെ ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തി. സാംപിൾ പരിശോധനയ്ക്കായി ലാബിലേക്കും അയച്ചു. കഴിഞ്ഞ ദിവസം രാവിലെ വില്ലേജ് അധികൃതരെത്തി കോഴികൾ ചത്തത് പക്ഷിപ്പനിയെ തുടർന്നാണെന്നു സംശയമുണ്ടെന്ന് അറിയിച്ചു. 

അടുത്ത ദിവസം തന്നെ രോഗബാധ സ്ഥിരീകരിച്ച് ലാബ് ഫലം വന്നു.വീട്ടുകാരുടെ ജാഗ്രതയോടെയുള്ള പ്രവർത്തനം മൂലം രോഗം പെട്ടെന്നു കണ്ടെത്താനും കൂടുതലായി പടരുന്നത് തടയാനും കഴിഞ്ഞു. ഇനി 2 കോഴികളാണ് ഇവിടെയുള്ളത്. കൂടിനോട് ചേർന്ന് അണുവിമുക്തമാക്കൽ ഉൾപ്പെടെ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. കോഴികളെ കുഴിച്ചുമൂടിയ സ്ഥലത്ത് ചണ്ടികൂട്ടിയിട്ടു കത്തിച്ചു. ബ്ലീച്ചിങ് പൗഡറും കുമ്മായവും വിതറിയിട്ടുണ്ട്.

വേദനിപ്പിക്കുന്ന കാഴ്ച

തന്റെ വരുമാനമാർഗമായ പക്ഷികളെ കൺമുൻപിൽ കൊന്നെടുക്കുന്നത് നോക്കിനിൽക്കാനേ തടമ്പാട്ടുതാഴത്ത് ഡ്രീംസ് പെറ്റ്സ് സെന്റർ നടത്തുന്ന ചെലപ്രം സ്വദേശിയായ ജിതേഷിന് കഴിഞ്ഞുള്ളു. കാരണം തന്റെ കടയ്ക്കു ഒരുകിലോ മീറ്റർ‌ ചുറ്റളവിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സാധാരണയായി വൈകിട്ട് ഏഴോടെയാണ് സ്ഥാപനം തുറക്കാറ്.

പക്ഷിപ്പനിയെ കുറിച്ച് അറിഞ്ഞതിനാൽ ഇന്നലെ രാവിലെ ഇവിടെ എത്തിയതായിരുന്നു. വേങ്ങേരിയിൽ പക്ഷികളെ കൊല്ലുന്നത് ഇന്നലെ ഇവിടെ നിന്നാണ് തുടങ്ങിയത്. കരിങ്കോഴിക്കുഞ്ഞുങ്ങൾ, ഫാൻസി കോഴികൾ, ലൗ ബേർഡ്സ് എന്നിങ്ങനെ രണ്ടു മുറികളിലായി 106 വളർത്തു പക്ഷികളാണ് ഇവിടെയുണ്ടായിരുന്നത്. ജിതേഷ് 11 വർഷമായി ഇവിടെ സ്ഥാപനം നടത്തിവരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com