വാഴയിലെ പിണ്ടിപ്പുഴുവിനെ ചെറുക്കാം, ജൈവ മാർഗങ്ങളിലൂടെ
Mail This Article
×
കുല മൂപ്പെത്തും മുമ്പ് വാഴ ഒടിഞ്ഞു വീഴുന്നു, ഉള്ള സ്ഥലത്ത് രണ്ടോ മൂന്നോ വാഴ നട്ട് കാത്തിരിക്കുന്ന പലരുടെയും അനുഭവമാണിത്. ഇത് എങ്ങനെ സംഭവിക്കുന്നു എന്നോ, എന്താണ് പ്രതിവിധി എന്നോ പലർക്കും അറിയില്ല. പിണ്ടിപ്പുഴു എന്ന് അറിയപ്പെടുന്ന ബനാന ബീറ്റിലിന്റെ ലാർവയാണ് ഇവിടെ വില്ലനാകുന്നത്. ബനാന ബീറ്റിൽ വാഴപ്പോളയിൽ സുഷിരമുണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ വാഴയുടെ ഉൾഭാഗം വൻതോതിൽ തിന്നു നശിപ്പിക്കുന്നു. ബലക്ഷയം വന്ന് വാഴ ഒടിഞ്ഞുവീഴുന്നു.
പിണ്ടിപ്പുഴുവിനെ നിയന്ത്രിക്കാൻ 100% ഫലപ്രദമായ പല ജൈവോപാധികളുമുണ്ട്.
- 3-4 മാസം പ്രായമാകുമ്പോൾ ഒരു വാഴയ്ക്ക് 50 ഗ്രാം എന്ന തോതിൽ വേപ്പിൻകുരു വേവിച്ചു പൊടിച്ചു ഇലക്കവിളുകളിൽ ഇടുക (വേപ്പിൻ കുരു അങ്ങാടിക്കടകളിൽ കിട്ടും).
- മേൽ പറഞ്ഞതിനു പകരമായി വഴക്കവിളുകളിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചിടുക.
- 100 ഗ്രാം വെളുത്തുള്ളിയും 200 ഗ്രാം കല്ലുപ്പും അരച്ചെടുത്ത് 3 ലീറ്റർ വെള്ളത്തിൽ കലർത്തി 4 ഇല പ്രായം മുതൽ കുല വരുന്നതു വരെ ഇലക്കവിളുകളിൽ ഒഴിച്ചു കൊടുക്കുക.
- ബാർസോപ്പ് ചെറുതായി ചീകിയെടുത്ത് 5-6 മാസം പ്രായമായ വാഴയുടെ കവിളുകളിൽ ഇട്ട് ലേശം വെള്ളമൊഴിക്കുക.
- ബിവേറിയ (Beauvaria Bassiana) ഒരു മിത്ര കുമിൾ ആണ്. ഈ കുമിൾ എല്ലാത്തരം ലാർവകളുടെയും ശരീരത്തിൽ കടന്ന് അതിനെ ഭക്ഷിച്ച് വംശവർധന നടത്തുന്നു. ബിവേറിയ പൌഡർ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ (നേർപ്പിച്ച കഞ്ഞിവെള്ളമോ തേങ്ങാ വെള്ളമോ ആയാൽ വളരെ നന്ന്) കലക്കി അത് തെളിഞ്ഞ ശേഷം അരിച്ച് സിറിഞ്ച് ഉപയോഗിച്ച് എല്ലാ വാഴകളുടെയും ചുവട്ടിലും മധ്യഭാഗത്തും മുകളിലും കുത്തി വയ്ക്കുക. അല്ലെങ്കിൽ വാഴയുടെ കവിളുകളിൽ ഒഴിച്ച് കൊടുക്കുക. ബിവേറിയ ഒരു കുമിൾ (Fungus) ആണല്ലോ. ഈർപ്പം ഇല്ലാതെ അതിനു നിലനിൽപ്പില്ല. വാഴക്കുള്ളിൽ ബിവേറിയയ്ക്കു വേണ്ട ഈർപ്പവും ഭക്ഷണവും സുലഭം. നീഡിൽ ഒരിഞ്ചിൽ കുറയാതെ വഴക്കുള്ളിൽ കടത്തി ഒരു ലേശം പിന്നോട്ട് വലിച്ചിട്ടു വേണം ഇന്ചെക്റ്റ് ചെയ്യാൻ. അല്ലെങ്കിൽ മരുന്ന് അകത്തു കടക്കത്തില്ല. രണ്ടു മാസത്തിൽ ഒരിക്കൽ ആവർത്തിക്കണം. ബിവേറിയ ദ്രാവക രൂപത്തിലും കിട്ടും. ഉപയോഗക്രമം കുപ്പിയിൽ ഉണ്ടാവും. ഉപയോഗിക്കുന്ന ബിവേറിയ ഗുണമേന്മ ഉള്ളതാവണം എന്ന് പ്രത്യേകം പറയണ്ടല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.