ചെല്ലി സസ്യം നിറഞ്ഞ കുളം എങ്ങനെ മാംഗോ മെഡോസ് ആയി, അനുഭവം പങ്കുവച്ച് എൻ.കെ. കുര്യൻ
Mail This Article
ഒന്നര പതിറ്റാണ്ടത്തെ പ്രയത്നത്തിന്റെ ഫലമാണ് ലോകത്തിലെ ആദ്യ അഗ്രികൾച്ചറൽ തീം പാർക്കായ മാംഗോ മെഡോസ്. കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കു സമീപം പ്രവർത്തിക്കുന്ന ഈ തീം പാർക്കിൽ ഔഷധച്ചെടികളും മരങ്ങളും പൂച്ചെടികളും ഉൾപ്പെടെ 4800ൽപ്പരം ഇനം സസ്യങ്ങളുണ്ട്. 2004ൽ പാർക്കിന്റെ നിർമാണം തുടങ്ങിയെങ്കിലും 2016ലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇവിടുത്തെ പ്രധാന ആകർഷണമാണ് വലിയൊരു ജലാശയം. ഒട്ടേറെ മത്സ്യങ്ങൾ വിഹരിക്കുന്ന ഈ ജലാശയത്തെ ഇന്നത്തെ രീതിയിലാക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉടമ എൻ.കെ. കുര്യൻ പറയുന്നു. ചെല്ലി സസ്യം നിറഞ്ഞ കുളം മനുഷ്യ പ്രയത്നത്തിൽ വൃത്തിയാക്കാൻ സാധിച്ചില്ല. ആ സാഹചര്യത്തിൽ തുണയായത് ഒരിനം മത്സ്യമാണെന്നും അദ്ദേഹം പറയുന്നു. ആ മത്സ്യത്തിന്റെ പ്രത്യേകതകളും പൊതു ജലാശയങ്ങളിൽ മത്സ്യങ്ങൾ വളർത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി അദ്ദേഹം പങ്കുവച്ച കുറിപ്പ് വായിക്കാം.
പണ്ട് അതായത്, പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ കണ്ടുവരുന്ന മത്സ്യ വർഗങ്ങളുടെ വൈവിധ്യം തേടി കണ്ടെത്തി മാംഗോ മെഡോസിലെ കുളങ്ങളിൽ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന കാലം. നാടൻ മീനുകളായ ആരോനും കോലാനും വിവിധയിനം പരലുകളും മഞ്ഞക്കൂരിയും എന്തിന് മാനത്തുകണ്ണിയും പൂഞ്ഞാനും വരെയുള്ള നാടൻ ഇനങ്ങൾ നേരത്തെ തന്നെ നിക്ഷേപിച്ചിരിന്നു. പിന്നീട് കാർപ്പ് മത്സ്യങ്ങൾ ഇടാനുള്ള ശ്രമമാരംഭിച്ചു. കട്‌ലയും രോഹുവും മൃഗാലും കോമൺ കാർപ്പിന്റെയുമെല്ലാം കുഞ്ഞുങ്ങളെ നിക്ഷേപിച്ചു തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുത്തുതുടങ്ങിയത്. നിക്ഷേപിക്കുന്ന കാർപ്പ് കുഞ്ഞുങ്ങളെല്ലാം ചത്തുപൊങ്ങുന്നു! കുളങ്ങളിൽ നിറഞ്ഞുനിന്ന ചെല്ലി സസ്യവും ആമ്പലും മുള്ളനുമൊക്കെക്കൊണ്ട് കാർപ്പ് മത്സ്യങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ പിഎച്ച് ലെവൽ താഴ്ന്നതാണ് അതെല്ലാം ദിവസവും ചത്തുപൊങ്ങാൻ കാരണമായത്. നീറ്റു കക്കയിട്ടും താറാവിനെയിറക്കിയുമൊക്കെ നോക്കിയിട്ടും മീനുകൾ ചാകുന്നത് തുടർന്നു കൊണ്ടേയിരുന്നു!
പറ്റെ വെട്ടിയ തലയിലെ മുടിപോലെ കുളങ്ങളിൽ നിറഞ്ഞുനിന്ന ചെല്ലി സസ്യമായിരുന്നു പ്രധാന വില്ലനെന്ന് ഞാൻ മനസിലാക്കി. കേരളത്തിന്റെ ജൈവ പരിഛേദമാണ് മാംഗോ മെഡോസിന്റെ ഉദ്ദേശ്യം എന്നുള്ളതുകൊണ്ടു തന്നെ കാർപ്പ് മത്സ്യങ്ങൾ ഒഴിവാക്കാനും കഴിയുമായിരുന്നില്ല. മാത്രമല്ല അമൃത്സറിലെ സുവർണ ക്ഷേത്രം സന്ദർശിച്ചപ്പോൾ ക്ഷേത്രത്തിനകത്തു കണ്ട മീനൂട്ട് എന്ന ആകർഷകമായ പുണ്യപ്രവർത്തി ഇവിടെയും തുടങ്ങണമെന്ന വലിയൊരാഗ്രഹവുമെനിക്കുണ്ടായിരുന്നു. അഞ്ചേക്കറിന് മുകളിൽ വിസ്താരമുള്ള കുളങ്ങളായിരുന്നതുകൊണ്ട് പടുത അടിയിലിടുന്നതു പോലുള്ള കാര്യങ്ങൾ അപ്രായോഗ്യവുമായിരുന്നു. ചെല്ലിപ്പുല്ലും ആമ്പലുമൊക്കെ ഒഴിവാക്കി കുളങ്ങൾ ക്ലീനാക്കിയാലേ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ എന്ന് ഞാൻ മനസിലാക്കിയതപ്പോഴാണ്!
ചെല്ലി കൊയ്തു മാറ്റുന്നതിനും മറ്റുമായി കുളത്തിൽ ആളുകളെയിറക്കി കൊയ്ത്താരംഭിച്ചു. പക്ഷേ നിസാരനെന്ന് കരുതിയ ചെല്ലിപ്പുല്ല് നമ്മുടെ മുമ്പിൽ വില്ലനായി വെല്ലുവിളിച്ചു കൊണ്ടെഴുന്നേറ്റു നിൽക്കാൻ തുടങ്ങി. മൂന്നു നാലു ദിവസംകൊണ്ട് അഞ്ചെട്ടാളുകൾ ചെല്ലി ചെത്തിച്ചെത്തി ഒരറ്റത്തുനിന്ന് മറ്റേ അറ്റം എത്തുമ്പോഴേക്കും ആദ്യം ചെത്തിയിടത്തെ ചെല്ലികൾ വേഗത്തിൽ വളർന്ന് വെള്ളത്തിന്റെ മുകൾപ്പരപ്പിലേക്കെത്തിയിട്ടുണ്ടാവും.
ചെല്ലി സസ്യത്തിന് ഇലകളില്ല റോക്കറ്റ് രൂപത്തിൽ വായു നിറച്ച നിരവധി അറകളുള്ള ഒരു തണ്ട് മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ വെള്ളത്തിന്റെ അടിപ്പരപ്പിൽ വച്ച് അരിവാളിന് കൊയ്ത് മാറ്റിയാലും ഒറ്റ ദിവസംകൊണ്ട് റോക്കറ്റ് പൊങ്ങുന്ന പോലെ ജലപ്പരപ്പിനു മുകളിലേക്കെത്തും. മാസങ്ങളോളം ശ്രമിച്ചിട്ടും ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ല.
അങ്ങനെയിരിക്കെ പുല്ലൻ എന്ന നാടൻ മത്സ്യത്തെക്കുറിച്ചും അതിന്റെ കാർപ്പ് വെർഷനായ ഗ്രാസ് കാർപ്പിനെക്കുറിച്ചും തികച്ചും സസ്യഭുക്കായ ഈ മത്സ്യം തിന്നു തീർക്കുന്ന പച്ചപ്പുല്ലിന്റെ അളവിനെക്കുറിച്ചുമൊക്കെ ഒരു പുസ്തകത്തിൽ വായിക്കാനിടയായി. മനസിൽ തോന്നിയ ഒരാശയത്തിന്റെ അടിസ്ഥാനത്തിൽ പതിനായിരം ഗ്രാസ് കാർപ്പ് കുഞ്ഞുങ്ങളെ വാങ്ങി തെക്കേക്കുളത്തിന്റെ (ഇപ്പോൾ മീനൂട്ട് നടക്കുന്ന കുളം) ഒരു മൂലയിൽ വലകെട്ടിത്തിരിച്ച് നേഴ്സറി സെറ്റ് ചെയ്ത് കുഞ്ഞുങ്ങളെ അതിലിട്ട് ഗോതമ്പ് തവിടും മീൻതീറ്റയും നൽകി വളർത്തി. അതിനു മുമ്പേ പല പ്രാവശ്യവും ചെല്ലിനിറഞ്ഞ കുളങ്ങളിൽ നിക്ഷേപിച്ച കാർപ്പ് മത്സ്യങ്ങൾ ചത്ത് കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു.
മീൻ കുഞ്ഞുങ്ങൾക്ക് ഏകദേശം മൂന്നിഞ്ച് വലുപ്പമായപ്പോഴേക്കും എല്ലാത്തിനേയും തുറന്ന് പൊതുവായി വിട്ടു. അത്ഭുതമെന്നു പറയട്ടെ മാസങ്ങളോളം പത്തോളം ആളുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ സ്ഥിരമായി പണിതിട്ടും തീരാത്ത പ്രശ്‌നം നമ്മടെ പിള്ളേർ ചുമ്മാ ആഴ്ചകൾകൊണ്ട് തീർത്ത് നല്ലൊരു ശുദ്ധജലതടാകമെനിക്ക് തിരിച്ചുനൽകി.
തീർത്തും സസ്യഭുക്കായ നമ്മുടെയീ ഗ്രാസ് കാർപ്പിന് പച്ച കാണാൻ മേല. കണ്ടാലവൻ ആപ്പോൾത്തന്നെ വെട്ടിയടിക്കും. ചെല്ലി ചേറിനിടയിൽ (അപ്പർ കുട്ടനാട്ടിലെ മണ്ണിന് ചേറെന്നും പറയും) നിന്ന് പൊങ്ങുമ്പോഴേ ഇവനത് വെട്ടിയടിച്ചിരിക്കും.
നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഹരിത മിഷനുമൊക്കെ അനുകരിക്കാവുന്ന ഒരാശയമാണിത്. വർഷകാലം തുടങ്ങുന്നതിന് മുമ്പേ നഴ്സറിയിലിട്ട് വളർത്തിയ നാലോ, അഞ്ചോ ഇഞ്ച് വലുപ്പമെത്തിയ ഗ്രാസ് കാർപ്പ് കുഞ്ഞുങ്ങളെ നമ്മുടെ പായലും പോളയും മുള്ളനും ആമ്പലും പിടിച്ച് അടഞ്ഞു കിടക്കുന്ന ഇടത്തോടുകളിലേക്കും ആറുകളിലേക്കും ശുദ്ധജല തടാകങ്ങളിലേക്കും വിടുക (ആ വലുപ്പമുള്ള കുഞ്ഞുങ്ങളല്ലെങ്കിൽ വല്ല വരാലോ ചേറുമീനോ വെട്ടിത്തിന്നാൻ സാധ്യതയുണ്ട്). രണ്ടോ മൂന്നോ മാസം കൊണ്ടവർ നമ്മുടെ ജലാശയങ്ങൾ ക്ലീനാക്കിത്തരും. പ്ലാസ്റ്റിക്കും തെങ്ങോലയും മരത്തടിയുമൊന്നും ഞങ്ങളെടുക്കില്ല കേട്ടോ. അതൊക്കെ നിങ്ങളെടുത്തോണം. പക്ഷേ വർഷകാലം തുടങ്ങി മൂന്ന് നാല് നല്ല മഴ കിട്ടിയിട്ടേ കുഞ്ഞുങ്ങളെ ജലാശയങ്ങളിൽ നിക്ഷേപിക്കാവൂ. അല്ലെങ്കിൽ ചലനമില്ലാതെ കിടക്കുന്ന തോട്ടിൽ ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ ചത്തു പോയേക്കാം. നമ്മൾ നിക്ഷേപിച്ച മീനുകൾ തിന്ന് നിന്ന് തോടുകൾ തെളിഞ്ഞ്, പായലുകൾ നിറഞ്ഞടഞ്ഞ ജലാശയങ്ങൾ തുറക്കുന്നതോടുകൂടി നമ്മുടെ ജലായങ്ങൾ മത്സ്യസമ്പന്നമാവുകയും നമ്മുടെ നാട്ടിൽപുറങ്ങളിലും മറ്റും അത് ഭക്ഷണവും സമ്പത്തും കൊണ്ടെത്തിക്കുകയും ചെയ്യും. പക്ഷേ, ഇത് എല്ലാ വർഷവും കൃത്യമായി നടത്തണമെന്ന് മാത്രം.
പിന്നെ നമ്മുടെ ചെല്ലിസസ്യത്തിന്റെ കാര്യം, ചെല്ലി, നീർചെല്ലി എന്നൊക്കെ വിളിപ്പേരുള്ള നമ്മുടെ ഈ ജലസസ്യം നല്ലൊരു കാലിത്തീറ്റ കൂടിയാണ്. പണ്ടൊക്കെ ഞങ്ങളുടെ നാട്ടിൽ നൂറു കണക്കിന് ഏക്കറുള്ള പാടശേഖരങ്ങളുടെ നടുക്കുവരെ ചെന്ന് ചെല്ലിപ്പുല്ല് ചെത്തി ചങ്ങാടമാക്കി അതിന്റെ മുകളിലിരുന്ന് ജലപ്പരപ്പിലൂടെ, കുട്ടികളെ മുകളിലിരുത്തി മുതിർന്നവർ പാടത്തിന്റെ നടുവിൽ നിന്ന് കരയിലേക്ക് കൊണ്ടു വരുമായിരുന്നു. പാടത്ത് എത്തമുണ്ടായിരിക്കുമെങ്കിലും ചങ്ങാടത്തിൽ വരുന്നത് നല്ല രസമുള്ളൊരു കാഴ്ചയായിരുന്നു.
നമ്മുടെ സുഹൃത്തും വില്ലനുമെല്ലാമായ ചെല്ലിയുടെ ശാസ്ത്രീയ നാമം Eleocharis dulcis എന്നാണ്, അതുപോലെ നമ്മുടെ പൊന്നപ്പൻ അല്ല തങ്കപ്പൻ ഗ്രാസ് കാർപ്പ്, നല്ല വെള്ളിക്കളറിൽ ഒരു വർഷം കൊണ്ട് രണ്ട് കിലോയിലധികം വരെ ഭാരം വെയ്ക്കുന്ന നമ്മുടെയീ തങ്കപ്പന്റെ ദശയ്ക്കകത്ത് കട്‌ല മീനുകളേപ്പോലെ അൽപം മുള്ളൊക്കെയുണ്ടെങ്കിലും നല്ല രുചിയുള്ള മീനാണ്. പുൽമീൻ എന്നുകൂടി അറിയപ്പെടുന്ന തങ്കപ്പന്റെ ശാസ്ത്രീയ നാമം Etenopharyngedon idellass എന്നാണ്.
English summary: History of World's First Agricultural Theme Park, Mango Meadows