ADVERTISEMENT

ഭാഗം -ആറ് 

ആട് സംരംഭം ആരംഭിക്കുന്നതിനു മുന്‍പായി ആടുകളിലെ രോഗങ്ങളെ പറ്റി സംരംഭകൻ ആഴത്തില്‍  അറിവ് നേടേണ്ട ആവശ്യമൊന്നുമില്ല. അറിവുകള്‍ ഏറെയും അനുഭവങ്ങളിലൂടെ സ്വായത്തമാക്കേണ്ടവയാണ്. എങ്കിലും ആടുകളെ  ബാധിക്കാന്‍ ഇടയുള്ള രോഗങ്ങളെക്കുറിച്ച് ചെറിയ ഒരു ധാരണ നേടിയെടുക്കാന്‍ ആടു സംരംഭകര്‍ ശ്രദ്ധിക്കണം. രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും ആവശ്യമായ വിദഗ്‌ധ ചികിത്സ കൃത്യസമയത്ത് തന്നെ ഉറപ്പാക്കാനും അതു സഹായിക്കും.

ബാക്ടീരിയ- വൈറസ്  രോഗങ്ങൾ ആടുകളിൽ 

അകിടുവീക്കം, കുരലടപ്പന്‍, എന്ററോടോക്‌സീമിയ ടെറ്റനസ്/വില്ലുവാതം, ആന്ത്രാക്‌സ്, ബ്രൂസല്ലോസിസ്,  ശരീരത്തിലെ ലാസികാ  ഗ്രന്ഥികളോട് ചേർന്ന് പഴുപ്പു വന്ന് നിറയുന്ന കാഷ്യസ് ലിംഫ് അഡിനൈറ്റിസ് രോഗം,  ന്യൂമോണിയ, കോളിഫോം വയറിളക്കം തുടങ്ങിയവയാണ് ആടിനെ ബാധിക്കാന്‍ ഇടയുള്ള പ്രധാന ബാക്ടീരിയല്‍  രോഗങ്ങള്‍. ഇതില്‍ അകിടുവീക്കവും എന്ററോടോക്സിമിയയും ടെറ്റ്നസ് രോഗവുമാണ് നമ്മുടെ സാഹചര്യത്തിൽ പ്രധാന വെല്ലുവിളികൾ. പാസ്ചുറല്ല ബാക്ടീരിയകൾ കാരണം ഉണ്ടാവുന്ന കുരലടപ്പൻ രോഗവും സാംക്രമിക ന്യൂമോണിയ രോഗവും മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു. കോളിഫോം ബാക്റ്റീരിയകൾ കാരണമുണ്ടാവുന്ന വയറിളക്കം മൂന്നാഴ്ചയിൽ ചുവടെ പ്രായമുള്ള ആട്ടിൻ കുഞ്ഞുങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. 

പാലുൽപാദനം കൂടുതലുള്ള സങ്കരയിനം മലബാറി, ബീറ്റല്‍, ജമുനാപാരി തുടങ്ങിയ ആടിനങ്ങളിലാണ് അകിടുവീക്കത്തിന് ഏറെ സാധ്യത. വൃത്തിഹീനമായ പരിസരങ്ങളിൽനിന്നും അകിടിലുണ്ടാവുന്ന ചെറുപോറലുകളിലൂടെയുമെല്ലാമാണ് രോഗാണുക്കൾ അകിടിനുള്ളിൽ കയറി രോഗമുണ്ടാക്കുന്നത്. പാലിൽ കട്ടയോ തരിത്തരികളായോ കാണപ്പെടൽ, പാലിനു നിറം മാറ്റം, പനി, തീറ്റയെടുക്കാൻ  മടുപ്പ്, അകിടില്‍ ചൂട്, അകിടിൽ  നീര്, അകിടിൽ തൊടുമ്പോൾ വേദന, അകിടിന് കല്ലിപ്പ് എന്നിവയാണ് അകിടുവീക്കത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അകിടുവീക്കം മൂർച്ഛിച്ചാൽ  രോഗാണുക്കള്‍ പുറംന്തള്ളുന്ന വിഷാംശം രക്തത്തില്‍ കലരും. അതോടെ ആടിന്‍റെ ജീവന്‍ തന്നെ അപകടത്തിലാവും.  

പശുക്കളെ അപേക്ഷിച്ച്  'ഗാംഗ്രിനസ് മാസ്റ്റൈറ്റിസ്' എന്നറിയപ്പെടുന്ന തീവ്ര രൂപത്തിലുള്ള അകിടുവീക്കത്തിനാണ് ആടുകളില്‍ കൂടുതല്‍ സാധ്യത. ഈ രൂപത്തിലുള്ള അകിടുവീക്ക രോഗത്തിൽ അകിട് വീര്‍ത്ത് കല്ലിക്കുമെങ്കിലും വേദന അനുഭവപ്പെടില്ല. അകിടിന്‍റെ നിറം ക്രമേണ  നീലനിറത്തില്‍ വ്യത്യാസപ്പെടുകയും അകിട് തണുത്ത് മരവിക്കുകയും കോശങ്ങള്‍ നശിക്കുകയും ചെയ്യും. കറക്കാന്‍ ശ്രമിച്ചാല്‍ ചുവപ്പും മഞ്ഞയും കലർന്ന നിറത്തില്‍ സ്രവം വരുന്നതായി കാണാം. ക്രമേണ അകിട് വിണ്ടു കീറാനും വ്രണങ്ങള്‍ തീവ്രമായി ചില ഭാഗങ്ങള്‍ അടര്‍ന്നുപോകാനും മുലക്കാമ്പുകൾ തന്നെ നഷ്ടമാവാനും ഗാംഗ്രിനസ് അകിടുവീക്കത്തിൽ സാധ്യതയേറെയാണ്. എലിപ്പനി പോലുള്ള ചില രോഗങ്ങളും ആടുകളിൽ അകിടുവീക്കം ഉണ്ടാവാൻ  കാരണമാവാറുണ്ട്.

അകിടുവീക്കം പശുക്കളേക്കാള്‍ ആടുകളില്‍  മാരകമായതിനാല്‍ രോഗം തടയാന്‍ പ്രത്യേകം കരുതല്‍ പുലര്‍ത്തണം. ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടന്‍ വിദഗ്‌ധ ചികിത്സ തേടണം.  അകിടുവീക്കം തടയുന്നതിനായി കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികള്‍ കുടിച്ചതിനു ശേഷം അകിടില്‍ പാല്‍ കെട്ടിനിൽക്കുന്നുണ്ടെങ്കിൽ ഒട്ടും ബാക്കി നിര്‍ത്താതെ പാല്‍ പൂർണമായും  കറന്നു കളയണം. പശുക്കളില്‍ എന്നത് പോലെ  തന്നെ കറവയുള്ള ആടുകളിൽ  കറവയ്ക്കു മുന്‍പ് അകിടുകള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടോ ടിഷ്യൂ പേപ്പറുകൊണ്ടോ നനവ് ഒപ്പിയെടുക്കണം. ആടുകളെ നമ്മുടെ ചൂണ്ടുവിരലും തള്ളവിരലും മാത്രം ഉപയോഗിച്ച് പിഴിഞ്ഞ് കറക്കുന്ന രീതി അകിടുവീക്കത്തിന് സാധ്യത കൂട്ടും. മുഴുകൈ കറവയാണ് ഏറ്റവും അനുയോജ്യം. നാലു വിരലുകൾ ഒരു ഭാഗത്തും തള്ളവിരൽ മറുഭാഗത്തുമായി പിടിച്ച് മുകളിൽ നിന്നും ചുവടേക്ക് അമർത്തി കറക്കുന്ന രീതിയാണ് മുഴുകൈ ഉപയോഗിച്ചുള്ള കറവ. കറവയ്ക്ക് ശേഷവും കുട്ടികൾ കുടിച്ചതിന് ശേഷവും മുലക്കാമ്പുകൾ പോവിഡോൺ അയഡിൻ ലായനിയിൽ 20 സെക്കൻഡ് മുക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കണം. ഉടൻ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ  കറവ കഴിഞ്ഞതിന് ശേഷം ആടുകള്‍ക്ക്  കൈതീറ്റയോ, വൈക്കോലോ തീറ്റയായി  നല്‍കണം. അകിടിന് ചുറ്റും വളർന്ന  നീണ്ട രോമങ്ങൾ മുറിച്ചുമാറ്റാൻ ശ്രദ്ധിക്കണം. അകിടിലുണ്ടാവുന്ന   പോറലുകൾ  നിസാരമാണെങ്കിൽ പോലും കൃത്യസമയത്ത് ചികിത്സിച്ച് ഭേദപ്പെടുത്തണം.

ആടുകളിൽ രോഗാണുബാധയേറ്റാൽ വളരെ പെട്ടന്ന് മരണത്തിന് വഴിയൊരുക്കുന്ന ബാക്ടീരിയൽ രോഗമാണ് എന്ററോടോക്‌സീമിയ. ക്ലോസ്ട്രീഡിയം പെർഫ്രിഞ്ചൻസ് ടൈപ്പ് ഡി എന്ന ബാക്ടീരിയകളാണ് രോഗഹേതു. ആടുകളുടെ കുടലിൽ കടന്നുകയറുന്ന ഈ രോഗാണുക്കൾ പുറന്തള്ളുന്ന എപ്സിലോൺ എന്ന മാരക വിഷമാണ് രോഗത്തിന് കാരണം. തീറ്റയിൽ വരുത്തുന്ന പെട്ടന്നുള്ള മാറ്റങ്ങളും ദഹനക്കേടും പലപ്പോഴും കുടലിൽ ഈ രോഗാണുക്കൾ പെരുകുന്നതിനും വിഷം പുറന്തള്ളുന്നതിനും കാരണമാവും. ആടുകളേക്കാൾ ചെമ്മരിയാടുകളിലാണ് രോഗസാധ്യത. ധാന്യങ്ങൾ, പഴം-പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയ അന്നജം കൂടുതൽ അടങ്ങിയ തീറ്റകൾ ധാരാളമായി നൽകുന്നതും കുടലിൽ രോഗാണുവിന്‌ പെരുകാൻ അനുകൂല സാഹചര്യമൊരുക്കും. നല്ല ആരോഗ്യമുള്ള ആടുകളിൽ വളരെ പെട്ടന്നാണ് രോഗം പ്രത്യക്ഷപ്പെടുക. നടക്കുമ്പോൾ വേച്ചിലും വിറയലും വെള്ളം പോലെ ശക്തമായി വയറിളകുന്നതും അതിൽ രക്താംശം കാണുന്നതും രോഗ ലക്ഷങ്ങളാണ്. പലപ്പോഴും ലക്ഷങ്ങൾ പൂർണമായും പ്രത്യക്ഷപ്പെടുന്നതിനും ചികിൽസിക്കാൻ സാവകാശം കിട്ടുന്നതിന് മുൻപും ആടുകൾ  മരണപ്പെടും. 

മൃഗസംരക്ഷണവകുപ്പിന്‍റെ കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കല്‍സ് എന്ന സ്ഥാപനം  എന്ററോടോക്സീമിയ എന്ന മാരക രോഗത്തില്‍നിന്നും ആടുകളേയും ചെമ്മരിയാടുകളേയും സംരക്ഷിക്കുന്നതിന് സഹായിക്കുന്ന  ടോക്സോയിഡ് വിഭാഗത്തില്‍പ്പെടുന്ന വാക്സിന്‍ ഉൽപാദിപ്പിച്ച് മൃഗാശുപത്രികൾ വഴി വിതരണം ചെയ്യുന്നുണ്ട്. മൂന്ന് മാസം മുതൽ ഏത് പ്രായത്തിലുള്ള ആടുകൾക്കും എന്ററോടോക്‌സീമിയ രോഗം തടയാനുള്ള ഈ കുത്തിവയ്പ് എടുക്കാം. ആദ്യകുത്തിവയ്‌പ് നൽകിയതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഒരു ബൂസ്റ്റർ കുത്തിവയ്‌പ് കൂടി നൽകുന്നത് അഭികാമ്യമാണ്‌. തുടർന്ന് വർഷം തോറും ഓരോ ബൂസ്റ്റർ വാക്സിൻ നൽകണം. ഗർഭവസ്ഥയിലുള്ള ആടുകൾക്ക് ഉൾപ്പെടെ ഈ വാക്സിൻ സുരക്ഷിതമായി നൽകാവുന്നതാണ്. 

ആഴമുള്ള  മുറിവുകൾ വഴി ശരീരത്തിൽ കടന്നുകയറുന്ന ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയകളാണ് അഥവാ വില്ലുവാതത്തിന് കാരണം. നാഡീവ്യൂഹത്തെയാണ് ടെറ്റനസ് ബാക്ടീരിയകൾ പുറന്തള്ളുന്ന വിഷം ബാധിക്കുക. വായ് തുറക്കാനുള്ള പ്രയാസം , മാംസപേശികളുടെ ദൃഢത , കൈകാലുകൾ ദൃഢമായി വടി പോലെയിരിക്കുക , ചെവിയും വാലും  ബലമായി  കുത്തനെയിരിക്കുക  തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം ബാധിച്ചാൽ രക്ഷപെടാനുള്ള സാധ്യത കുറവാണ്. രോഗം തടയുന്നതിനായി ഗര്‍ഭിണി ആടുകൾക്ക് രണ്ട് ഡോസ് ടെറ്റ്നസ് പ്രതിരോധ കുത്തിവയ്പ് / ടെറ്റനസ് ടോക്സോയിഡ്  പ്രസവം പ്രതീക്ഷിക്കുന്നതിന്റെ  3, 4 മാസങ്ങളിൽ  നല്‍കേണ്ടതിന്‍റെ പ്രാധാന്യം ലേഖനത്തിന്റെ കഴിഞ്ഞ ഭാഗത്തിൽ സൂചിപ്പിച്ചു. ആട്ടിൻകുഞ്ഞുങ്ങൾക്ക് 4 മാസം പ്രായമെത്തുമ്പോഴും  ടെറ്റനസ് ടോക്സോയിഡ്  നൽകണം. തെരുവ് നായയുടെ കടിയേല്‍ക്കുക, മേയുന്നതിനിടെ കമ്പിയില്‍ കോറി മുറിവേല്‍ക്കുക, പ്രസവവേളയിൽ ജനനേന്ദ്രിയത്തിൽ മുറിവേൽക്കുക തുടങ്ങി ആടുകള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍  നിര്‍ബന്ധമായും ടെറ്റ്നസ്  പ്രതിരോധകുത്തിവയ്പ് നല്‍കണം.  ഒപ്പം മുറിവുകൾ ആന്റിസെപ്റ്റിക് ലേപനങ്ങൾ ഉപയോഗിച്ച്അണുവിമുക്തമാക്കി സൂക്ഷിക്കണം. ജനിച്ചുവീണ ആട്ടിന്കുട്ടികളുടെ പൊക്കിൾകൊടി  അയഡിൻ ലായനിയിൽ മുക്കി അണുവിമുക്തമാക്കി പരിപാലിക്കേണ്ടത്  ടെറ്റനസ് തടയാൻ ഏറെ പ്രധാനമാണ്. മറ്റു വളര്‍ത്തുമൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  ടെറ്റനസ്  രോഗം ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ള വളർത്തുമൃഗമാണ് ആട് എന്നതാണ് ഇത്രയും കരുതലുകൾ പുലർത്തേണ്ടതിന്റെ  കാരണം .

ആട് വസന്ത (പിപിആര്‍), മുഖത്തും ചുണ്ടുകളിലുമെല്ലാം ചെറിയ കുരുക്കള്‍  പ്രത്യക്ഷപ്പെടുന്ന ഓര്‍ഫ് രോഗം, ആട് പോക്സ്, വൈറല്‍ ന്യുമോണിയ  തുടങ്ങിയവയാണ് കേരളത്തില്‍ ആടുകളില്‍ കണ്ടുവരുന്ന പ്രധാന വൈറസ് രോഗങ്ങള്‍. ഈ രോഗങ്ങൾ  രോഗം ബാധിച്ച ആടുകളില്‍നിന്നും മറ്റ്  ആടുകളിലേക്കു വേഗത്തില്‍ സംക്രമിക്കും. ഈ രോഗങ്ങളിൽ ഭൂരിഭാഗവും കേരളത്തിലെത്തിയത് മറുനാടന്‍ ആടുകള്‍ക്കൊപ്പമാണ്. ആട് വസന്ത രോഗം ബാധിച്ച ആടുകള്‍ കാഷ്ഠത്തിലൂടെയും മറ്റ്  ശരീരസ്ര‌വങ്ങളിലൂടെയും രോഗാണുക്കളെ പുറന്തള്ളും. രോഗബാധയേറ്റ ആടുകളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടേയും രോഗാണുമലിനമായ തീറ്റസാധനങ്ങള്‍, കുടിവെള്ളം, ഫാം  ഉപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവ വഴി പരോക്ഷമായും വൈറസ് രോഗവ്യാപനം നടക്കും. വായുവിലൂടെ വ്യാപിക്കാനും ആട് വസന്ത വൈറസിന് ശേഷിയുണ്ട് . രോഗാണുക്കള്‍ ശരീരത്തില്‍  പ്രവേശിച്ച്  ഒരാഴ്ചക്കകം ആടുകള്‍ രോഗലക്ഷണങ്ങള്‍  പ്രകടിപ്പിച്ച്  തുടങ്ങും. കടുത്ത പനി, ചുമ, തീറ്റയോടുള്ള മടുപ്പ്, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍ എന്നിവയെല്ലാമാണ്  ആടുവസന്തയുടെ  ആരംഭലക്ഷണങ്ങള്‍.  വൈറസുകള്‍ ദഹനേന്ദ്രിയവ്യൂഹത്തെയും ശ്വസനനാളത്തെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിക്കുന്നതോടെ രക്തവും കഫവും കലര്‍ന്ന തുടര്‍ച്ചയായ വയറിളക്കം, ശ്വസനതടസം, മൂക്കില്‍ നിന്ന് കട്ടിയായി സ്രവം, ഉച്ഛ്വാസ വായുവിന്  ദുര്‍ഗന്ധം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. വായ്ക്കകത്തും പുറത്തും വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും കണ്ണുകള്‍ ചുവന്ന് പഴുക്കുകയും ചെയ്യും. ഗര്‍ഭിണി ആടുകളുടെ ഗര്‍ഭമലസാനിടയുണ്ട്.  ശരീരത്തിന്‍റെ സ്വാഭാവിക രോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ കോളിഫോം, കുരലടപ്പന്‍, കോക്സീഡിയല്‍ രക്താതിസാരം പോലുള്ള പാര്‍ശ്വാണുബാധകള്‍ക്കും  സാധ്യതയുണ്ട്. ശ്വസനതടസവും ന്യുമോണിയയും മൂര്‍ച്ഛിച്ചാണ്  ഒടുവില്‍ ആടുകളുടെ മരണം സംഭവിക്കുക. പിപിആര്‍ തടയാന്‍ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പുണ്ട്. മൂന്ന് മാസം പ്രായമെത്തുമ്പോൾ ആടുകൾക്ക് ഈ കുത്തിവയ്‌പ് നൽകാം . പിപിആർ വാക്സിൻ നൽകേണ്ട ക്രമം കഴിഞ്ഞ ലക്കത്തിൽ വിവരിച്ചത്  ശ്രദ്ധിക്കുമല്ലോ.  

പിപിആർ,  ഓർഫ്‌ രോഗം , ആട് പോക്സ്, വൈറല്‍ ന്യുമോണിയ തുടങ്ങിയ രോഗങ്ങളിൽ രോഗലക്ഷങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും പാർശ്വാണുബാധകൾ തടയുന്നതിനായും ചികിത്സകൾ നൽകണം. പികോർണ വൈറസ് കുടുംബത്തിലെ അഫ്താ എന്ന വൈറസുകൾ കാരണമുണ്ടാവുന്ന കുളമ്പുരോഗം അഥവാ ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് പശുക്കളിൽ എന്ന പോലെ  ആടുകളെയും ബാധിക്കും. പൊതുവെ തീവ്രത കുറഞ്ഞ രൂപത്തിലാണ് ആടുകളിൽ ഈ രോഗം കണ്ടുവരുന്നത് . ആടുകൾക്ക് കുളമ്പുരോഗബാധയേല്‍ക്കുകയും , ഗുരുതരമാവുകയും  ചെയ്യുന്ന നിരക്ക് നമ്മുടെ നാട്ടിൽ  പൊതുവെ  കുറവായതിനാൽ  കുളമ്പുരോഗം തടയാനുള്ള നിർബന്ധിത   പ്രതിരോധ കുത്തിവെയ്‌പിൽ നിന്നും ആടുകളെ ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. 

goat-2
അകിടുവീക്കം

ആടുകളിലെ ബാഹ്യ- ആന്തരിക പരാദരോഗങ്ങൾ 

ആടുകളുടെ രോമം ക്രമേണ കൊഴിയുകയും ത്വക്കില്‍ വ്രണങ്ങള്‍ ഉണ്ടാവുകയും ത്വക്ക് പരുപരുത്തതാവുകയും ആടിന് കഠിനമായ ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്യുന്ന മണ്ഡരി രോഗം (Mange) ആണ് ബാഹ്യപരാദ രോഗങ്ങളില്‍ പ്രധാനം.  രോഗനിവാരണത്തിനായി  ഒരാഴ്ചത്തെ ഇടവേളകളില്‍ 4 തവണയായി ഐവര്‍മെക്ടിന്‍ കുത്തിവയ്പ് നല്‍കുന്നത് ഏറെ ഫലപ്രദമാണ്. ബാഹ്യപരാദങ്ങള്‍ വഴി പകരുന്ന തൈലേറിയ, അനാപ്ലാസ്മാ, ബബീസിയ  തുടങ്ങിയ  രക്താണുരോഗങ്ങള്‍ ഇന്ന്  ആടുകളിലും വ്യാപകമായി  കണ്ടുവരുന്നു. വിളര്‍ച്ചയാണ് (രക്തക്കുറവ് ) രോഗലക്ഷണങ്ങളില്‍ പ്രധാനം. വിളര്‍ച്ച ബാധിച്ച ആടുകളുടെ കണ്ണിലെ ശ്ലേഷ്മസ്തരങ്ങള്‍ വിളറി വെള്ള നിറത്തില്‍ മാറിയതായി കാണാം. ആരോഗ്യമുള്ള ആടുകളുടെ കണ്ണിലെ ശ്ലേഷ്മസ്തരങ്ങള്‍ പിങ്ക്  നിറത്തിലായിരിക്കും. രക്താണു രോഗങ്ങള്‍ ബാധിച്ച ആടുകളില്‍ ക്രമേണയുള്ള  മെലിച്ചില്‍, ഇടവിട്ടുള്ള പനി, തീറ്റ മടുപ്പ്, വന്ധ്യത, മദി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കൽ  തുടങ്ങിയ ലക്ഷണങ്ങളും  കണ്ടുവരാറുണ്ട്. രക്തപരിശോധനയും ചികിത്സയുമാണ് രോഗനിവാരണ മാര്‍ഗം. രോഗവാഹകരായ പട്ടുണ്ണികളെ നിയന്ത്രിക്കുന്നതിനായുള്ള പട്ടുണ്ണിനാശിനികള്‍ ആഴ്ചയില്‍ രണ്ടോ, മൂന്നോ തവണ ആടുകളുടെ മേനിയില്‍  തളിച്ച് നല്‍കണം. കൂടും പട്ടുണ്ണിനാശിനികൾ ചേർത്ത വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കണം. ബാഹ്യ പരാദനാശിനികള്‍ ചേര്‍ത്ത വെള്ളത്തില്‍ ആടുകളെ കുളിപ്പിക്കുന്നതിനായി ഫാമിൽ  ഒരു ഡിപ്പിംഗ് ടാങ്ക് ഒരുക്കുന്നത് ഫലപ്രദമാണ്. ഡിപ്പിംഗ് ടാങ്കിൽ ആടുകളുടെ തലമുങ്ങാത്തത്ര അളവില്‍ പരാദനാശ ലായനികള്‍  ശരിയായ അളവില്‍ ചേര്‍ത്ത വെള്ളം നിറച്ച് ആടുകളെ ഇതില്‍ ഒന്നോ രണ്ടോ മിനിറ്റ് ഇറക്കിവിടാം.

ചെറുകുടലിന്‍റെ ഭിത്തിയില്‍ കടിച്ച് തൂങ്ങിക്കിടന്ന് രക്തം കുടിച്ച് വളരുന്ന സ്ട്രോഗൈല്‍ എന്ന്  വിളിക്കപ്പെടുന്ന ഉരുളൻ വിരകളും ദഹിച്ചുകഴിഞ്ഞ പോഷകാഹാരം  ഭക്ഷിച്ച് രണ്ടരയടി വരെ  നീളത്തില്‍ വളരുന്ന മൊനീഷ്യ എന്ന് വിളിക്കപ്പെടുന്ന നാടവിരകളുമാണ് കേരളത്തിലെ ആടുകളിൽ കാണപ്പെടുന്ന പ്രധാന വിരകള്‍. കരളിനെ നശിപ്പിക്കുന്ന ഫാഷിയോള എന്ന് പേരായ പത്രവിരകളും അപൂര്‍വമായി ആടുകളെ ബാധിക്കാറുണ്ട് . ഇടവിട്ടുള്ള മലബന്ധം,വയർ സ്‌തംഭനം, വയറിളക്കം, ചാണകത്തില്‍ രക്തത്തിന്‍റെയും കഫത്തിന്‍റെയും അംശം, വിളര്‍ച്ച/രക്തകുറവ്, വളര്‍ച്ചമുരടിപ്പ് , രോമം കൊഴിച്ചില്‍, കഴുത്തിലും താടയിലും നീർക്കെട്ട് , ഉന്തിയ വയര്‍, ക്ഷീണം, തളര്‍ച്ച, പെണ്ണാടുകള്‍ മദിലക്ഷണങ്ങള്‍  കാണിക്കാതിരിക്കല്‍, കുറഞ്ഞ ഗര്‍ഭധാരണ ശേഷി, അകാലത്തിലുള്ള ഗർഭമലസൽ  എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വിരബാധ മൂർച്ഛിച്ചാൽ ആടുകളില്‍ അകാല മരണവും സംഭവിക്കാം. വിരബാധകള്‍ തടയുന്നതിനായി  ആടുകള്‍ക്ക്  കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് വിരമരുന്നുകള്‍  നല്‍കാന്‍  സംരംഭകര്‍ ശ്രദ്ധിക്കണം. ആട്ടിന്‍കുട്ടികള്‍ക്ക് മൂന്നാഴ്ച  പ്രായമെത്തുമ്പോള്‍  ആദ്യ ഡോസ് വിരമരുന്ന്  നല്‍കണം. ഇതിനായി ആല്‍ബന്‍ഡസോള്‍, ഫെന്‍ബന്‍ഡസോള്‍ പൈറാന്റൽ  തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ ആല്‍ബോമര്‍, പനാകുര്‍, നിമോസിഡ് തുടങ്ങിയ തുള്ളി മരുന്നുകള്‍ ഉപയോഗിക്കാം.  തുടര്‍ന്ന് ആറ് മാസം പ്രായമെത്തുന്നത് വരെ മാസത്തില്‍  ഒരിക്കലും ശേഷം ഒരു വയസ് തികയുന്നത് വരെ രണ്ട്  മാസത്തിൽ   ഒരിക്കലും വിരമരുന്ന്  നല്‍കണം. ഒരു വയസ് കഴിഞ്ഞ  ആടുകളില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവയുടെ ചാണകം മൃഗാശുപത്രിയില്‍ക്കൊണ്ട് പോയി പരിശോധിച്ചതിന്  ശേഷം വിരമരുന്നുകൾ നൽകുന്നതാണ് അഭികാമ്യം. ഇനി ലക്ഷണങ്ങള്‍  ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിൽ പോലും വര്‍ഷത്തില്‍ നാല് തവണയെങ്കിലും  ഫാമിലെ ഏതാനും ആടുകളുടെ ചാണകം മൃഗാശുപത്രിയിൽ  കൊണ്ടുപോയി പരിശോധിച്ച് വിരബാധയില്ലെന്ന് ഉറപ്പാക്കണം. പൊതുവായി വർഷത്തിൽ രണ്ടു തവണ എല്ലാ ആടുകൾക്കും വിരമരുന്നുകൾ നൽകാം. ഇത്   മഴക്കാലം തുടങ്ങിയതിന് രണ്ടാഴ്ചകൾക്ക് ശേഷമാവുന്നതാണ് ഏറ്റവും അഭികാമ്യം.  

പുതുതായി ആടുകളെ കൊണ്ടുവരുമ്പോൾ മുഖ്യഷെഡ്ഡിലെ ആടുകള്‍ക്കൊപ്പം കയറാതെ മൂന്നാഴ്ച മാറ്റിപാർപ്പിക്കണം.  ഈ ക്വാറന്‍റൈന്‍ കാലയളവില്‍ വിരബാധ തടയാനുള്ള മരുന്നുകള്‍ നിര്‍ബന്ധമായും നല്‍കണം. പ്രസവം പ്രതീക്ഷിക്കുന്നതിന് ഒരാഴ്ച മുൻപോ  പ്രസവം കഴിഞ്ഞ് അഞ്ച് ദിവസത്തിനകമോ‌ ആടുകള്‍ക്ക് വിരമരുന്ന് നല്‍കാം. ഇത് ആടിന്‍റെ പാലുൽപാദനം കൂടുന്നതിനും, ആട്ടിൻകുഞ്ഞുങ്ങളിൽ  വിരബാധ നിയന്ത്രിക്കുന്നതിനും സഹായിക്കും.

ആട്ടിന്‍ കുഞ്ഞുങ്ങളെ ബാധിക്കുന്ന പരാദ രോഗങ്ങളില്‍ പ്രധാനമാണ് രക്താതിസാരം അഥവാ കോക്സീഡിയ രോഗം. കുടലിന്‍റെ ഭിത്തികള്‍ കാര്‍ന്ന് നശിപ്പിക്കുന്ന പ്രോട്ടോസോവല്‍ പരാദങ്ങളാണ് രോഗഹേതു. അപൂര്‍വമായി വലിയ ആടുകളിലും രോഗം കാണാറുണ്ട് . ആട്ടിൻകാഷ്ഠവും തീറ്റഅവശിഷ്ടങ്ങളും കെട്ടിക്കിടന്ന്  വൃത്തിഹീനമായ പരിസരങ്ങളിൽ നിന്നും ചെളിയിൽ നിന്നുമാണ് രോഗാണുക്കൾ ആടുകളുടെ ഉള്ളിലെത്തുന്നത് . രക്തവും, കഫവും കലര്‍ന്ന വയറിളക്കം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ ആട്ടിന്‍ കുഞ്ഞുങ്ങള്‍ തളര്‍ന്ന് കിടപ്പിലാവുകയും മരണം സംഭവിക്കുകയും ചെയ്യും. പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നതിനാല്‍  പലപ്പോഴും ആട്ടിന്‍കുട്ടികളുടെ കൂട്ടമരണത്തിന് കോക്സീഡിയ വഴിയൊരുക്കും.  ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചികിത്സ ഉറപ്പാക്കണം. രോഗം തടയുന്നതിനായി കുഞ്ഞുങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂടുകൾ നനവില്ലാതെ  എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം . ആവശ്യമെങ്കിൽ കൂടിന്റെ തറയിൽ വൈക്കോൽ വിരിപ്പ് ഒരുക്കാം .കുഞ്ഞുങ്ങൾക്ക് നൽകുന്ന തീറ്റയിലും കുടിവെള്ളത്തിലും മുതിർന്ന ആടുകളുടെ കാഷ്ടം കലരാതെ ശ്രദ്ധിക്കണം. ഒരു കൂട്ടിൽ കൂടുതൽ കുഞ്ഞുങ്ങളെ തിങ്ങി പാർപ്പിക്കുന്നത് ഒഴിവാക്കണം.

goat-21
ടെറ്റനസ് രോഗം ബാധിച്ച ആട്

ഉപാപചയരോഗങ്ങൾ ആടുകളിൽ

ആടുവളര്‍ത്തല്‍ സംരംഭകര്‍ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ടത് ആടുകളിലെ ഉപാപചയ രോഗങ്ങൾ  തടയാനാണ്. പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതും  അടിയന്തര ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ  ആടുകളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നതുമാണ്  ഉപാപചയ രോഗങ്ങളില്‍ പലതും. വയറിലെ അമ്ലനില ത്വരിത ഗതിയിൽ  ഉയരുന്നത് വഴി ഉണ്ടാകുന്ന ലാക്ടിക് ആസിഡോസിസ്, വയറില്‍ ഉൽപാദിപ്പിക്കപ്പെടുന്ന വാതകങ്ങള്‍ പുറന്തള്ളൽ തടസപ്പെടുന്ന ഉദരകമ്പനം അഥവാ ബ്ലോട്ട്, വൈറ്റമിന്‍ ബി  1  അഥവാ തയാമിൻ ജീവകം പെട്ടെന്ന് കുറയുന്നതു കാരണം  ആടുകള്‍ തളര്‍ന്ന് വീഴുന്ന പെം  (PEM- Polioencephalomalacia) അഥവാ ആട് പോളിയോ എന്നിവയാണ് ആടുകളിൽ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ട  ഉപാപചയ രോഗങ്ങളില്‍ പ്രധാനമായിട്ടുള്ളത്.

പച്ചക്കറി, പഴം അവശിഷ്ടങ്ങള്‍, ചക്ക, കഞ്ഞി തുടങ്ങിയ അന്നജം ധാരാളം അടങ്ങിയതും പെട്ടെന്ന് ദഹിക്കുന്നതുമായ  തീറ്റകൾ  ആടുകള്‍ക്ക് നല്‍കുന്നതാണ്  വയറിൽ അമ്ലനില ഉയരുന്നതിന് അഥവാ ലാക്ടിക് അസിഡോസിസ് എന്ന രോഗാവസ്ഥക്ക്  കാരണമാവുന്നത്. അന്നജം കൂടിയ  തീറ്റകള്‍ കഴിച്ച് 6 മുതല്‍ 12 മണിക്കൂറിനുള്ളില്‍ ആടുകള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. കൈകാലുകൾ നിലത്തുറക്കാതെ ആടിയാടിയുള്ള  നടത്തം, മൂക്കിലൂടെ പച്ച നിറത്തില്‍ ദ്രാവകം പുറത്തുവരല്‍, രൂക്ഷഗന്ധത്തോടെ പച്ചകലര്‍ന്ന വയറിളക്കം, തീറ്റമടുപ്പ്, വയറിനുള്ളിൽ വെള്ളം നിറഞ്ഞ് തൂങ്ങൽ, വയറ് വീര്‍ക്കല്‍, വയറിളക്കം എന്നിവയാണ് അസിഡോസിസ് രോഗത്തിന്റെ ആരംഭ ലക്ഷണങ്ങള്‍. ഗുരുതരമാവുന്നതോടെ ആടുകള്‍ തളര്‍ന്ന് വീഴുകയും മരണം സംഭവിക്കുകയും ചെയ്യും. പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ 20-30 ഗ്രാം അപ്പക്കാരം ആടുകള്‍ക്ക് നല്‍കാം. എന്നാല്‍ ലക്ഷണങ്ങള്‍ തീവ്രമാണെങ്കില്‍ ഉടൻ  വിദഗ്ധ ചികിത്സ അനിവാര്യമാണ്. അന്നജത്തിന്‍റെ അളവുയര്‍ന്ന ആഹാരങ്ങൾ അധിക അളവിൽ ആടുകള്‍ക്ക് നല്‍കുന്നത്  ഒഴിവാക്കണം. നല്‍കുന്ന സാഹചര്യത്തില്‍  ഘട്ടം ഘട്ടമായി ശീലിപ്പിച്ചെടുക്കണം. അന്നജത്തിന്‍റെ അളവുയര്‍ന്ന തീറ്റകള്‍ നല്‍കുമ്പോള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അപ്പക്കാരവും (സോഡിയം ബൈ കാര്‍ബണേറ്റ്) മഗ്നീഷ്യം ഓക്സൈഡും 3:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതം  30 ഗ്രാം വീതം ഒപ്പം  നല്‍കുന്നത് നന്നാവും.

ആമാശയത്തിനുള്ളിൽനിന്നും വാതകങ്ങളുടെ സുഗമമായ പുറന്തള്ളല്‍ തടയുന്ന രാസ ഘടകങ്ങള്‍ അടങ്ങിയ തീറ്റകളാണ് ആടുകളില്‍ ഉദരകമ്പനത്തിന്  അഥവാ ബ്ലോട്ടിന് പ്രധാനമായും കാരണമാവുന്നത്. സാപോണിൻ എന്ന ഘടകം അടങ്ങിയ പയറുവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളാണ് ഉദരകമ്പനത്തിന് കാരണമാവുന്നതിൽ പ്രധാനം. അടിയന്തിര ചികിത്സ ആവശ്യമുള്ള ഒരു  രോഗാവസ്ഥയാണിത്.  ഉദരകമ്പനം നീണ്ടുനിന്നാല്‍ ആടുകള്‍ ശ്വസനതടസം നേരിട്ട് അകാലമരണമടയും. പയർ വർഗത്തിൽപ്പെട്ട ചെടികൾ ആടുകൾക്ക് തീറ്റയായി നൽകുമ്പോൾ ഒപ്പം വാതകഹാരികളായ (ആന്‍റി ബ്ലോട്ട്) മരുന്നുകള്‍ 10 മുതല്‍ 30 മില്ലി ലിറ്റര്‍ വരെ മുന്‍ കരുതല്‍ എന്ന നിലയില്‍ നല്‍കാവുന്നതാണ്. പയര്‍വര്‍ഗ്ഗത്തില്‍പ്പെട്ട ചെടികൾ  വെയിലത്ത് വാട്ടി നല്‍കാനും അല്ലെങ്കില്‍ പുല്ലിനോ വൈക്കോലിനോ ഒപ്പം ചേര്‍ത്ത് പുല്ല്- പയർ   മിശ്രിതമായി നല്‍കാനും ശ്രദ്ധിക്കണം.

ആടുകളെ ബാധിയ്ക്കുന്ന അപര്യാപ്തതാരോഗങ്ങളില്‍ ഏറ്റവും പ്രധനമാണ്  പെം എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന പോളിയോ എന്‍സഫലോമലേഷ്യ  രോഗം. ആടുകളിലെ  പോളിയോ എന്നും   ഈ രോഗത്തിന് വിളിപ്പേരുണ്ട്. ആടുവാതം  എന്ന പേരിലാണ് കർഷകർക്ക് ഈ രോഗം പരിചിതം. ശരീരത്തിലെ  ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ  തയമിന്‍ എന്ന ബി 1 വിറ്റമിന്റെ അപര്യാപ്തമൂലമുണ്ടാകുന്ന രോഗമാണിത്. നല്ല ആരോഗ്യമുള്ള ആടുകളിൽ പെട്ടന്നാണ് പോളിയോ  രോഗ  ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.  വേച്ച് വേച്ചുള്ള നടത്തം, കണ്ണിലെ കൃഷ്ണമണിയുടെ തുടര്‍ച്ചയായ  പിടയൽ , തറയില്‍ വീണ് പിടയല്‍, പല്ലുകള്‍ തുടര്‍ച്ചയായി ഞെരിക്കൽ  എന്നിവയെല്ലാമാണ് പ്രധാനലക്ഷണങ്ങള്‍.  ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ നല്‍കിയില്ലെങ്കില്‍ ആടുകള്‍ കിടപ്പിലാവും. കിടപ്പിലായാല്‍ ഒരുവശം ചേര്‍ന്ന് മാത്രമേ ആട് കിടക്കുകയുള്ളു . മറുവശത്തേക്ക് മാറ്റി കിടത്തിയാല്‍  പെട്ടെന്ന് തന്നെ പിടഞ്ഞ് ആദ്യം കിടന്ന രൂപത്തിലാവുകയും ചെയ്യും. 

ഏത് പ്രായത്തിലുള്ള ആടുകളിലും പോളിയോ രോഗം ഉണ്ടാകാം. എങ്കിലും മൂന്ന് വര്‍ഷം വരെ പ്രായമുള്ള ആടിലാണ് കൂടുതല്‍ സാധ്യത. തീറ്റയില്‍ പെട്ടെന്ന് വരുത്തുന്ന മാറ്റങ്ങള്‍ കാരണമായും  അന്നജപ്രധാനമായ  തീറ്റകള്‍ നല്‍കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള വയറിലെ ഉയർന്ന അമ്ലത്വം /  അസിഡോസിസ് കാരണമായും ആടിന്‍റെ ആമാശയത്തിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ നശിക്കുന്നതാണ് രോഗത്തിന് ഇടയാകുന്നത്. ആടിനാവശ്യമായ തയമിന്‍ ജീവകം ലഭ്യമാവുന്നത് ഈ മിത്രാണുക്കളുടെ പ്രവര്‍ത്തനഫലമായാണ്.  അമിതമായ അളവിൽ  പ്ലാവില തീറ്റയായി നല്‍കുന്നതും വയല്‍ക്കരയിലും മറ്റും വളരുന്ന  പന്നല്‍ച്ചെടികള്‍ ആടിന് നല്‍കുന്നതും രോഗത്തിന് വഴിയൊരുക്കും. പൂപ്പല്‍ വിഷബാധയും തയാമിൻ ജീവകം ഉത്പാദിപ്പിക്കുന്ന മിത്രാണുക്കളെ നശിപ്പിക്കും. 

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി തന്നെ ചികിത്സ നല്‍കിയാല്‍ 2-3 മണിക്കൂറിനുള്ളില്‍ ആടുകള്‍ പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കും. തയമിന്‍ എന്ന ജീവകം ശരീരത്തില്‍ കുത്തിവെക്കുന്നതാണ് പ്രധാന ചികിത്സ. എന്നാല്‍ ചികിത്സ വൈകുന്തോറും ലക്ഷണങ്ങള്‍ തീവ്രമാവുകയും പിന്നീട്  ചികിത്സകള്‍ ഫലപ്രദമാവാതെ തീരുകയും ചെയ്യും.പോളിയോ  രോഗത്തെ തടയുന്നതിനായി സ്ഥിരമായി നല്‍കുന്ന തീറ്റയില്‍  പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കണം. അന്നജപ്രധാനമായതും പെട്ടെന്ന് ദഹിക്കുന്നതുമായ  കഞ്ഞി പോലുള്ള ആഹാരങ്ങള്‍ അധിക അളവിൽ  ആടിന് നല്‍കരുത്.

ആടുകളുടെ കുളമ്പുപരിപാലനത്തിൽ ശ്രദ്ധിക്കാൻ 

ആടുകളുടെ  കുളമ്പുകള്‍ മാസം തോറും മുകളിലേക്കും വശങ്ങളിലേക്കും കാല്‍ മുതല്‍ അര സെന്‍റീമീറ്റര്‍ വീതം വളരുമെന്നാണ് കണക്ക്.  മേച്ചില്‍ പുറങ്ങളില്‍ അഴിച്ചുവിട്ട് മതിയായ വ്യായാമം ഉറപ്പാക്കി വളര്‍ത്തുന്ന ആടുകളാണെങ്കിൽ  അധികമായി വളരുന്ന കുളമ്പിന് സ്വാഭാവിക തേയ്മാനം നടക്കും. എന്നാല്‍ കൂട്ടിൽ  തന്നെ നിത്യവും കെട്ടിയിട്ട് വളര്‍ത്തുന്ന രീതിയില്‍ ആടുകളുടെ  കുളമ്പുകള്‍ക്ക് സ്വാഭാവിക തേയ്മാനം സംഭവിക്കാന്‍  സാധ്യത കുറവാണ്. മുകളിലേക്കും ചരിഞ്ഞ് വശങ്ങളിലേക്കും, അധികമായ വളര്‍ന്നിരിക്കുന്ന കുളമ്പുകള്‍  വ്യായാമമില്ലായ്മയുടെ കൃത്യമായ  തെളിവാണ്.  അധികമായി വളരുന്ന കുളമ്പുകളും  കുളമ്പിനടിയിലെ അധിക വളര്‍ച്ചയുമെല്ലം ക്രമേണ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. കുളമ്പുവീക്കം, വേദന , മുടന്ത് , കുളമ്പുചീയല്‍, കുളമ്പുപൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇതിൽ ചിലതാണ് . അധികമായി വളർന്ന കുളമ്പിനിടയിൽ അഴുക്ക് അടിഞ്ഞുകൂടി അണുബാധയുണ്ടാവും .ഇതാണ് കുളമ്പ് ചീയലിന് കാരണം .പരുഷാഹാരമായ തീറ്റപ്പുല്ല് മതിയായ അളവില്‍ നല്‍കാതെ പിണ്ണാക്കും ധാന്യങ്ങളും എല്ലാം അടങ്ങിയ   സാന്ദ്രീകൃതാഹാരങ്ങള്‍  ആവശ്യമായതിലും അധികം അളവിൽ നല്‍കി വളര്‍ത്തുന്ന ആടുകളിൽ  കുളമ്പുകളുടെ വശങ്ങള്‍ പൊട്ടാനും ദ്രവിക്കാനും സാധ്യത ഉയര്‍ന്നതാണ്. സാന്ദ്രീകൃതാഹാരങ്ങള്‍  സ്ഥിരമായി അമിതമായി നല്‍കുമ്പോള്‍ ആടുകളുടെ ആമാശയത്തിലെ അമ്ലനില ഉയരുന്നതും ഇത് കുളമ്പിലെ  മൃദുകോശങ്ങളെ നശിപ്പിക്കുന്നതുമാണ് കുളമ്പുനാശത്തിന് കാരണം.  

അധികമായി വളരുന്ന കുളമ്പുകള്‍ ഒത്ത അളവിനും ആകൃതിയിലും വെട്ടിയൊതുക്കേണ്ടതും അടിവശം ചെത്തിയൊതുക്കേണ്ടതും  പ്രധാനമാണ്. ഇങ്ങനെ കുളമ്പുകള്‍ വെട്ടിയൊതുക്കുന്നതിനെ ഹൂഫ് ട്രിമ്മിങ് എന്നാണ് വിളിക്കുന്നത്. കുളമ്പുകള്‍ വെട്ടിയൊതുക്കാന്‍ മാത്രമല്ല കുളമ്പിനടിവശം രാകി മിനുക്കാനും ഹൂഫ് ട്രിമ്മിങ് ഉപകരിക്കും.  ഹൂഫ് ട്രിമ്മിങ് കുളമ്പിന്‍റെ സ്വാഭാവിക വളര്‍ച്ചയ്ക്ക് സഹായിക്കുന്നതിനൊപ്പം ശരിയായി ഭാരം താങ്ങാനുള്ള കൈകാലുകളുടെ കഴിവിനെ മെച്ചപ്പെടുത്തുകയും ചെയ്യും. ഒപ്പം കുളമ്പുരോഗങ്ങളെ  ഒരു പരിധിവരെ   അകറ്റി നിര്‍ത്താനും ഉല്‍പ്പാദനമികവിനും ഹൂഫ് ട്രിമ്മിങ് ഉപകരിക്കും. കുളമ്പുകള്‍ ചെത്തിയൊതുക്കാനും, രാകിമിനുക്കാനും പ്രത്യേക ട്രിമ്മറുകളും, കത്തികളും, നിപ്പറുകളും ലഭ്യമാണ്. വിദഗ്ധനായ ഒരു ഡോക്ടറുടെ സഹായത്തോടെ ട്രിമ്മിങ് നടത്താം. 

ഹൂഫ് ട്രിമ്മിങ് നടത്തുന്നതിനൊപ്പം ആടുകൾക്ക്  ശാസ്ത്രീയ ആഹാരക്രമം പാലിച്ച് തീറ്റനല്‍കാനും കൂട്ടിൽ കെട്ടിയിട്ട് വളർത്തുന്ന ആടുകളാണെങ്കിൽ നിത്യവും മൂന്ന്  മണിക്കൂറെങ്കിലും പുറത്തിറക്കി നടത്തി മതിയായ വ്യായാമം നല്‍കാനും തൊഴുത്തില്‍ ശുചിത്വം പാലിക്കാനും കര്‍ഷകര്‍ ശ്രദ്ധ പുലര്‍ത്തണം.   ധാതുലവണ മിശ്രിതങ്ങള്‍ 10 -15  ഗ്രാം എങ്കിലും നിത്യവും തീറ്റയില്‍ ഉള്‍പ്പെടുത്തണം. ആടുകളെ അഴിച്ചുവിടാന്‍ മേച്ചില്‍പ്പുറമില്ലെങ്കില്‍ കൂടിന്  പുറത്ത്  കുറച്ചു സ്ഥലം വളച്ച്കെട്ടി മേയാനുള്ള സ്ഥലമൊരുക്കാം. അതോടൊപ്പം കുളമ്പുകള്‍ നിത്യവും കഴുകി  വൃത്തിയായി സൂക്ഷിക്കുന്നതിനായി ഹൂഫ് ബാത്ത് നൽകുകയുമാവാം.  ഇതിനായി പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിക്കാം 0.5 ശതമാനം വീര്യമുള്ള തുരിശ് ലായനിൽ ദിവസേനെ അഞ്ചോ പത്തോ മിനിറ്റ് കുളമ്പുകൾ മുക്കി മുക്കി വെയ്ക്കുന്നതും  കുളമ്പുകളെ കരുത്തുറ്റതാക്കും .

നാളെ - ആട് ഫാമിൽ ഒരു പ്രഥമ  ശുശ്രൂഷാ ബോക്‌സ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com