ADVERTISEMENT

സസ്യങ്ങൾക്കാവശ്യമായ മൈക്രോ ന്യൂട്രിയന്റുകളിലൊന്നാണ് ബോറോൺ. ബോറോണിന്റെ അപര്യാപ്തതമൂലം സസ്യങ്ങൾക്ക് പലവിധ പ്രശ്നങ്ങളുണ്ടാകാം. അതുകൊണ്ടുതന്നെ മൈക്രോ ന്യൂട്ടിയന്റ് ആയതിനാൽ അവ നൽകുമ്പോഴും വേണം അതീവ ശ്രദ്ധ.

ബോറോണിന്റെ (B) കുറവുള്ള കൃഷിയിടങ്ങളിലാണ് ബോറാക്സ് NA₂[B₄O₅(OH)₄]·8H₂O ഉപയോഗിക്കാൻ നിർദേശിക്കാറുള്ളത്. മണ്ണ് പരശോധിച്ചതിനുശേഷം ശേഷം ബോറോണിന്റെ അളവ് 1 PPM(പത്തുലക്ഷത്തിൽ ഒരംശം)ൽ കുറവാണെങ്കിൽ മാത്രമേ സാധാരണ കൃഷിവകുപ്പ് കർഷകർക്ക് ബോറോൺ ലഭിക്കുന്നതിനുവേണ്ടി ബോറാക്സ് ചേർക്കാൻ നിർദ്ദേശിക്കാറുള്ളൂ. അങ്ങിനെ പാടുള്ളൂ. കൂടുതലായാൽ ബോറോൺ വിഷമായി തീരുകയും കൃഷിയിടത്തെ നശിപ്പിക്കുകയും ചെയ്യും. വളരെ വളരെ കുറവ് തൂക്കത്തിൽ മാത്രമേ ഇത് ആവശ്യമുള്ളൂ. അതുകൊണ്ടാണല്ലോ ബോറോണിനെ മൈക്രോ ന്യൂട്രിയന്റ്‌സ് എന്ന ഗണത്തിൽ പെടുത്തിയിരിക്കുന്നത്.  

കോശഭിത്തികളുടെ നിർമിതിക്കും നിലനിൽപ്പിനും അതിലൂടെ ചെടിയുടെ ശാരീരികമായ കരുത്തിനും കെട്ടുറപ്പിനും (STRUCTURAL INTEGRITY) ഊർജം ചെടിയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനും പരാഗണ പ്രവർത്തനങ്ങളെ സഹായിക്കാനും വിത്തിന്റെ മേന്മ വർധിപ്പിക്കാനുമൊക്കെ സഹായിക്കുന്ന അതിപ്രധാനമായ ധർമങ്ങളാണ് ഈ മൂലകം നടത്തിയെടുക്കുന്നത്. ഒരുപക്ഷേ ഒന്നോ രണ്ടോ കടുകുമണിയോളം മാത്രമേ (ചെടിയുടെ വലുപ്പമനുസരിച്ച് ) ആവശ്യമായി വരുന്നുള്ളൂ. കൂടിയാലോ അത് ചെടിയുടെ നാശത്തിനുതന്നെ കാരണമാകുകയും ചെയ്യും. 

വിത്തിന്റ ഗുണപരമായ മേന്മയുടെ മിക്കവാറും എല്ലാ ഇടങ്ങളിലും ബോറോൺ അതിപ്രധാനമായ പങ്കും വഹിക്കുന്നുണ്ട്. അതുകൊണ്ടാണ് വിത്തുണ്ടാക്കുന്ന കമ്പനികൾ വളരെ കൃത്യതയോടെ ഉപയോഗിച്ച് വിത്തിൽ ഗുണമേന്മ ഉറപ്പാക്കുന്നത്. ഈ ഉറപ്പാക്കൽ സാധാരണ കൃഷിയിടങ്ങളിൽ സൂഷ്മമായ രീതിയിൽ നടന്നുകൊള്ളണമെന്നില്ല. അതുകൊണ്ടും കൂടിയാണ് വിത്ത് വാങ്ങുമ്പോൾ വിത്തിനായി മാത്രം ചെയ്‌തെടുക്കുന്ന കൃഷിയിടങ്ങളിൽ നിന്നും വിത്തുകൾ തിരഞ്ഞെ‌ടുക്കണം എന്ന് ഉപദേശിക്കുന്നത്. ബോറോണിന്റെ പ്രവർത്തനം അത്രയും സൂഷ്മതലങ്ങളിൽ നടക്കുന്നില്ലെങ്കിൽ വിത്തിന്റെ ഗുണം ഉണ്ടാകണമെന്നില്ല. 

സാധാരണ ഗതിയിൽ pH നില കൃത്യമാണെങ്കിൽ, നല്ല രീതിയിൽ ഓർഗാനിക് മാറ്റർ ചേർത്ത കൃഷിയിടമാണെങ്കിൽ, സൂഷ്മജീവാണുക്കളുടെ പ്രവർത്തനം നല്ല രീതിയിൽ മണ്ണിൽ നടക്കുന്നുണ്ടെങ്കിൽ ബോറോൺ ചേർക്കാതെ തന്നെ അതിന്റെ ലഭ്യത മണ്ണിൽനിന്നും ചെടികൾക്ക് ലഭിക്കേണ്ടതാണ്. ഓർഗാനിക് വസ്തുക്കൾ തീരെ ചേർക്കാതിരിക്കുകയും സൂഷ്മജീവാണുക്കളുടെ വർധന ഇല്ലാതാവുകയും ചെയ്താലും ബോറോണിന്റെ ആഗിരണം നടത്താൻ ചെടികൾക്ക് കഴിഞ്ഞെന്നുവരില്ല. pH 6, 7 നിലയിൽ നിർത്തുന്ന കൃഷിയിടങ്ങളിൽ ബോറോൺ പ്രശ്നം സാധാരണ ഗതിയിൽ ഉണ്ടാകാറില്ല. 

ബോറോൺ കുറവുള്ള പ്രദേശങ്ങളിൽ പോലും ഏകദേശം 4 മുതൽ 9 കിലോ ബോറാക്സ് മാത്രമേ ഒരേക്കറിൽ പ്രയോഗിക്കേണ്ടതായി വരുന്നുള്ളൂ. അതായത്, അപ്പോൾ ഒരു ചതുരശ്ര മീറ്ററിൽ ഏകദേശം 1–2 ഗ്രാം എന്ന കണക്കിൽ!

അപ്പോൾ ഒരു ചതുരശ്ര മീറ്ററിൽ എത്ര ചതുരശ്ര അടി ഉണ്ട്? ഉത്തരം 10.76. അപ്പോൾ ഒരു ചതുരശ്ര അടിയുള്ള സാധാരണ ഗ്രോബാഗിൽ എത്ര അളവിൽ വേണമെന്ന് ആലോചിച്ചു നോക്കൂ. അത്രയും സേഫ് ആയി പ്രയോഗിക്കണമെന്നു നിർബന്ധമാണെങ്കിൽ ഒരു ഗ്രാം എടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചു അതിൽനിന്നും 50 മില്ലി ഒരു ചെടിയിൽ സ്പ്രേ ചെയ്‌താൽ മതിയാകും. ചെടി എന്ന് പറഞ്ഞാൽ മുളക്, വഴുതന, തക്കാളി എന്നിവ. 

എന്റെ നിരീക്ഷണത്തിൽ അതുകൊണ്ട് ഒരേക്കറിൽ ഏകദേശം നാല് കിലോ ബോറാക്സ് സുരക്ഷിതമായി ഉപയോഗിക്കാം. അതിലൂടെ ഏകദേശം 450 ഗ്രാം ബോറോൺ ലഭ്യമാക്കാം.. 

പൂവും കായും ഉണ്ടാക്കാന്‍ ബോറാക്സ് ഉപയോഗിക്കൂ എന്ന കച്ചവടക്കാരുടെ കേവലമായ വാക്കുകള്‍ വിലയ്ക്കെടുക്കരുത്. അവര്‍ ഓരോ മൂലകങ്ങളെയും കൃത്യമായി ബന്ധപ്പെടുത്തി കാണുന്നവരല്ല.

So, be careful in regards of Boron! and do not  listen to your traders. always conduct farm/plant/soil nutrition deficiencies with your nearest agriculture office/officer. 

ബോറോൺ ലഭിക്കുന്നതിനായി BORIC ACID (16.5% B), BORAX (11.3% B) OR SOLUBOR (20.5% B)  എന്നിവ ഉപയോഗിക്കാം. പക്ഷേ ഓരോ ബ്രാൻഡിലും ബോറോണിന്റെ ശതമാനം വ്യത്യസ്തമാണ്. അതുകൊണ്ട് അളവുകൾ കൃത്യമായി പരിശോധിച്ചും മനസിലാക്കിയും മാത്രം ഉപയോഗിക്കുക.

അതിശക്തമായ മഴയുള്ള പ്രദേശങ്ങളിൽ മണ്ണിലുള്ള, മേൽമണ്ണിലുള്ള ബോറോൺ മണ്ണൊലിപ്പ് വഴി പോഷക നഷ്ടം സംഭവിക്കാം. നല്ല രീതിയിൽ ഓർഗാനിക് മാറ്റർ, ജൈവവളങ്ങൾ, ഉപയോഗിക്കുന്നതിലൂടെ ഈ നഷ്ട്ടം നികത്താൻ സാധിക്കും. കൂടാതെ മൾച്ചിങ് നടത്തുമ്പോൾ മണ്ണൊലിപ്പും ഈ പോഷക നഷ്ടവും തടഞ്ഞു നിർത്താനും സാധിക്കും.. അതുകൊണ്ട് മൾച്ചിങ് നിർബന്ധമായും നടത്തുക..

ബോറോൺ കുറവാണെന്നു മനസിലാക്കി എന്നുതന്നെ വയ്ക്കുക. ബോറിക് ആസിഡ് ഉപയോഗിക്കുകയാണെങ്കിൽ അര ടീസ്പൂൺ എടുത്തു മൂന്നു ലീറ്ററിൽ മിക്സ് ചെയ്ത് ഇലകളിൽ സ്പ്രേ ചെയ്യാം. അതിൽ കൂടുതൽ ആകരുത്. അതും ഒരു ചെടിയുടെ മേൽ ഏകദേശം 50 മില്ലി വീതം ആഴ്ചയിൽ രണ്ടു തവണ പ്രയോഗിച്ചാൽ മതി.

കൂ‌ടുതൽ വിവരങ്ങൾക്ക്: 9447462134

English summary:  Using Boron In The Farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com