ADVERTISEMENT

ഇരുമ്പ്, മാംഗനീസ്, സിങ്ക്, കോപ്പർ, മോളിബ്ഡിനം എന്നിവ സസ്യങ്ങൾക്കുള്ള അവശ്യമൂലകങ്ങളിൽപ്പെടുന്നു. സോഡിയം, വനേഡിയം, കൊബാൾട്ട്, സിലിക്കൺ എന്നിവ ഇതിൽപ്പെടാത്തവയാണ്. എന്നാൽ, ചില സസ്യങ്ങൾക്ക് ആവശ്യവുമാണ്. ഇവ ഏത് വളങ്ങളിൽനിന്നു ലഭിക്കും? - കെ.എൽ. പോൾസൺ, കാഞ്ഞിരത്തിങ്കൽ വീട്, തൃശൂർ.

സസ്യങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ മൂലകങ്ങളെയാണ് അവശ്യമൂലകങ്ങൾ (Essential elements) എന്നു വിളിക്കുന്നത്. അവ 17 എണ്ണം ഉണ്ട്. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സൾഫർ, ഇരുമ്പ്, മാംഗനീസ്, സിങ്ക്, കോപ്പർ, ബോറോൺ, മോളിബ്ഡിനം, ക്ലോറിൻ, നിക്കൽ എന്നിവയാണ് ഈ അവശ്യമൂലകങ്ങൾ. ഈ മൂലകങ്ങൾ ആവശ്യത്തിനു ലഭിക്കാത്ത പക്ഷം സസ്യങ്ങളുടെ ജീവിതചക്രം പൂർത്തീകരിക്കാൻ കഴിയുകയില്ല. അതിനാലാണ് അവയെ അവശ്യമൂലകങ്ങൾ എന്നു വിളിക്കുന്നത്. 

ഇവയിൽ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ അന്തരീക്ഷത്തിൽനിന്ന് ലഭ്യമാകുന്നു. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ പ്രാഥമിക മൂലകങ്ങളാണ്. ഇവ വളങ്ങളിൽനിന്ന് ലഭ്യമാകും.  

ഉദാ. 

  1. നൈട്രജൻ – യൂറിയ, അമോണിയം സൾഫേറ്റ്.
  2. ഫോസ്ഫറസ് – റോക്ക് ഫോസ്ഫേറ്റ്, എല്ലുപൊടി.
  3. പൊട്ടാസ്യം – പൊട്ടാഷ്, ചാരം. 

കാത്സ്യം, മഗ്നീഷ്യം, സൾഫർ എന്നിവ ദ്വിതീയ മൂലകങ്ങളാണ്. കുമ്മായം/കക്കയിൽനിന്നു കാത്സ്യം ലഭിക്കും. ഡോളമൈറ്റ്, മഗ്നീഷ്യം സൾഫേറ്റ് എന്നിവയിൽനിന്നും മഗ്നീഷ്യം  ലഭിക്കുന്നു. കാത്സ്യം അടങ്ങിയ രാസവളങ്ങളും ലഭ്യമാണ്. മഗ്നീഷ്യം സൾഫേറ്റിൽ സൾഫർ (ഗന്ധകം) ഉണ്ട്. 

ഇരുമ്പ്, മാംഗനീസ്, സിങ്ക്, കോപ്പർ, ബോറോൺ, മോളിബ്ഡിനം, ക്ലോറിൻ, നിക്കൽ എന്നിവ സൂക്ഷ്മ മൂലകങ്ങളാണ്. വളരെ കുറച്ചുമാത്രമേ ആവശ്യമുള്ളൂ. അവ മൈക്രോ ന്യൂടിയന്റ് മിക്സറുകളിൽനിന്ന് എളുപ്പത്തിൽ ലഭ്യമാകും. ഈ സൂക്ഷ്മ മൂലകങ്ങളിൽ പലതും ജൈവ വളങ്ങളിലും അടങ്ങിയിട്ടുണ്ട്. 

സോഡിയം, കൊബാൾട്ട്, വനേഡിയം, സിലിക്കൺ തുടങ്ങിയവ എല്ലാ സസ്യങ്ങൾക്കും ഒരുപോലെ ആവശ്യമുള്ളതല്ല. എന്നാൽ ചില ചെടികൾ ഇവയിൽ ചില മൂലകങ്ങളെ കൂടുതലായി ആഗിരണം ചെയ്യുന്നുണ്ട്. ഉദാ: നെൽച്ചെടി ധാരാളം സിലിക്കൺ വലിച്ചെടുക്കുന്നു. മണ്ണിലെ അടിസ്ഥാനമായ സിലിക്കയിൽ ഇത് ലഭ്യമാണ്. കൂടാതെ, പൊട്ടാസ്യം / സോഡിയം സിലിക്കേറ്റ് വളങ്ങളും ലഭ്യമാണ്. ഉപ്പിൽ ധാരാളം സോഡിയം അടങ്ങിയിരിക്കുന്നു. ഇത് തെങ്ങു പോലെയുള്ള സസ്യങ്ങൾക്ക് ആവശ്യമാണ്. 

കൊബാൾട്ട് പയർ വർഗ ചെടികളിൽ നൈട്രജൻ ആഗിരണത്തിന് സഹായിക്കുന്ന മൂലകമാണ്. കൂടാതെ ധാരാളം എൻസൈമുകളിലും ഉണ്ട്. വരൾച്ചയെ പ്രതിരോധിക്കുന്നതിന് ചെടിയെ സഹായിക്കാൻ കൊബാൾട്ടിന് ശേഷിയുണ്ട്. ചില വളങ്ങളിലൂടെ കൊബാൾട്ട് നൽകാമെങ്കിലും കമ്പോസ്റ്റ് പോലെയുള്ള ജൈവ വളങ്ങൾ നൽകിയാലും കൊബാൾട്ട് എന്ന മൂലകത്തിന്റെ അഭാവം ഇല്ലാതാക്കാൻ കഴിയും. 

വനേഡിയം കാര്യമായി സസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നില്ല. കാപ്സിക്കത്തിൽ പൂവിടുന്നതിനായി വനേഡിയം വേണമെന്ന് ചില പഠനങ്ങൾ കാണിക്കുന്നുണ്ട്. വിശേഷിച്ച് കാപ്സിക്കം ചെടികൾ അക്വാപോണിക്സ് മീഡിയത്തിൽ വളർത്തുമ്പോൾ വനേഡിയം അതിലൂടെ നൽകുന്നത് ചെടിയുടെ വളർച്ചയ്ക്കും പൂവിടലിനും നല്ലതാണെന്ന് പറയപ്പെടുന്നു. വനേഡിയം വളങ്ങളിലൂടെ നൽകുന്നത് കുറവാണ്.

English summary: Essential Nutrients for Plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com