നിർമിക്കുന്നത് ശാസ്ത്രീയമായിരിക്കണം; ബ്രോയിലർ ഫാം ഷെഡ് നിർമിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
Mail This Article
ബ്രോയിലർ ഫാം തുടങ്ങുന്നവർ ഷെഡ് നിർമാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. തെറ്റായ രീതിയിൽ ഷെഡ് നിർമിച്ചാൽ പിന്നീട് മാറ്റി നിർമിക്കുക എന്നത് സാധ്യമല്ല. അതുകൊണ്ടുതന്നെ ഷെഡ് നിർമിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം.
ദിശ
കിഴക്ക് പടിഞ്ഞാറു ദിശയിൽ മാത്രമേ ഷെഡുകൾ നിർമിക്കാവൂ. ഷെഡ്ഡിന്റെ നീളം കിഴക്ക് പടിഞ്ഞാറു ദിശയിലായിരിക്കണം. എങ്കിൽ മാത്രമേ വായുസഞ്ചാരം വഴി ഷെഡ്ഡിനകത്തുള്ള വായു പുറത്തേക്കു പോവുകയും ശുദ്ധമായ വായു അകത്തേക്ക് വരികയും ചെയ്യൂ. കോഴികളുടെ ശ്വാസോച്ഛാസം കാരണം ഷെഡ്ഡിനകത്തു കാർബൺ ഡയോക്സൈഡിന്റെ അളവും, കാഷ്ഠത്തിൽനിന്നുള്ള അമോണിയ വാതകത്തിന്റെ അളവും കൂടുതലായിരിക്കും, സ്വഭാവികമായ വായുസഞ്ചാരത്തിലൂടെ ഈ രണ്ടു വാതകങ്ങളും ഷെഡ്ഡിനകത്തുനിന്നു പുറംതള്ളേണ്ടത് അത്യാവശ്യമാണ്.
കൂടാതെ ഉച്ചസമയത്തെ സൂര്യപ്രകാശം ഷെഡ്ഡിനകത്തു കൂടുതലായി വരാതിരിക്കാനും കിഴക്കുപടിഞ്ഞാറ് ദിശ സഹായിക്കും. ചൂടുകാലത്തു ചൂടുവായു പുറംതള്ളാനും കിഴക്ക് പടിഞ്ഞാറു ദിശ സഹായിക്കും.
തറ നിർമാണം
ഒരടി താഴ്ചയിൽ കുഴിയെടുക്കുകയും കല്ല് പാകുകയും ചെയ്യുക. ശേഷം ഒരടി ഉയരത്തിൽ തറ നിർമിക്കുക. തറ നിർമിക്കുന്നത് കോൺക്രീറ്റ് കൊണ്ട് ആകുന്നതാണ് ഉത്തമം. കർത്യമായി വൃത്തിയാക്കാൻ കോൺക്രീറ്റ് ആണ് നല്ലത്. കോൺക്രീറ്റ് ചെയ്യാൻ സാധിക്കാത്തവർക്ക് ഉറപ്പുള്ള മണ്ണും ഉപയോഗിക്കാം. മണ്ണുപയോഗിക്കുന്നവർ ഓരോ ബാച്ചിന് ശേഷവും മുകളിൽ നിന്ന് മണ്ണിളക്കി മാറ്റി പുതിയ മണ്ണ് വിരിക്കണം.
വീതി
ഒരു ഷെഡ്ഡിന് പരമാവധി വീതി 21 അടി മാത്രമേ പാടുള്ളൂ. കൃത്യമായ വായുസഞ്ചാരം ലഭിക്കാൻ വേണ്ടിയാണിത്.
ഉയരം
വശങ്ങളിൽ 8 അടി ഉയരം ഉണ്ടായിരിക്കണം. മധ്യത്തിൽ 12 അടി ഉയരം.
നീളം
കോഴികളുടെ എണ്ണത്തിനനുസരിച്ച് നീളം എത്ര വേണമെങ്കിലും ആകാം. എങ്കിലും 2500 കോഴികളെ വളർത്തുന്ന ഷെഡ്ഡുകൾ നിർമിക്കുന്നതാണ് ഉത്തമം.
വശങ്ങളിലെ നിർമാണം
ഷെഡ്ഡിന്റെ വശങ്ങളിൽ ഏറിയാൽ ഒരടി മാത്രമേ മതിൽ ഉണ്ടാകാവൂ. ബാക്കി എല്ലാം കമ്പിവലകൾ ആയിരിക്കണം. കൃത്യമായ വായുസഞ്ചരത്തിനു വേണ്ടിയാണിത്.
വശങ്ങളിൽ 5 അടി ഇരുമ്പ് നെറ്റും ബാക്കി 3 അടി പ്ലാസ്റ്റിക് നെറ്റും ആകുന്നതിൽ തെറ്റില്ല. താഴെയുള്ള ഇരുമ്പ് നെറ്റ് നായ, കുറുക്കൻ പൊലുള്ള ജീവികളുടെ ആക്രമണം തടയാനും, ശേഷം വരുന്ന പ്ലാസ്റ്റിക് നെറ്റ് കാക്ക, കൊക്ക്, മൈന പോലുള്ള പക്ഷികളെ തടയാനും വേണ്ടിയാണ്. ഇരുമ്പ് നെറ്റിനു പുറമേ മീൻവല വിരിക്കുന്നത് പാമ്പുകൾ അകത്തു കടക്കാതിരിക്കാൻ സഹായിക്കും.
മേൽക്കൂര
മേൽക്കൂര ഓടുകൊണ്ടോ ഓലക്കൊണ്ടോ ചെയ്യുന്നതാണ് ഉത്തമം. എങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് അലൂമിനിയം ഷീറ്റ് മേഞ്ഞ ഫാമുകളാണ്. കൂടുതൽ കാലം കേടുകൂടാതെ നിൽക്കും എന്നതുകൊണ്ടാണിത്. അലൂമിനിയം ഷീറ്റ് ഉപയോഗിക്കുന്നവർ ചൂടുകാലത്ത്, കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതാണ്.
മേൽക്കൂര 2.5 അടിയെങ്കിലും പുറത്തോട്ടു തള്ളിനിൽക്കുന്നതായിരിക്കണം. മഴവെള്ളവും മഞ്ഞും ഷെഡ്ഡിനകത്തു വീഴാതിരിക്കാൻ വേണ്ടിയാണിത്.
രണ്ടു ഷെഡ്ഡുകൾ തമ്മിലുള്ള അകലം: 3 മീറ്റർ.
ഫൂട്ട് ഡിപ്
ഷെഡ്ഡിൽ പ്രവേശിക്കുന്നതിനു മുൻപ് കാലുകൾ അണുവിമുക്തമാക്കാനുള്ള കുഴി നിർമിക്കേണ്ടതാണ്. ഇതിൽ അണു നാശിനി ലായനി എല്ലാ ദിവസവും നിറയ്ക്കുക. ഷെഡ്ഡിൽ പ്രവേശിക്കുന്നതിനു മുൻപ് ഷൂസ് അതിൽ മുക്കിയെടുക്കുക.
ബ്രൂഡിങ് സംവിധാനങ്ങൾ
2500 കോഴികളുടെ ഷെഡ്ഡിൽ ബ്രൂഡിങ്ങിനു വേണ്ടി മഴക്കാലത്ത് 5000 വാട്സ് ആവശ്യമായി വരും അതിനാൽ 5000 വാട്സ് താങ്ങാവുന്ന രീതിയിൽ വയറിംഗ് നടത്തണം.
തീറ്റപ്പാത്രം
50 കോഴികൾക്ക് ഒന്ന് എന്ന നിരക്കിൽ വലിയ വെള്ളപ്പാത്രവും തീറ്റപ്പാത്രവും ആവശ്യമായി വരും. അതിനാൽ 2500 കോഴികളുടെ ഷെഡ്ഡിൽ 50 വെള്ളപ്പാത്രത്തിനും തീറ്റപ്പാത്രത്തിനും സജ്ജീകരണങ്ങൾ ഒരുക്കണം.
ഷെഡ് നിർമാണം കൃത്യമാണെങ്കിൽ ഭാവിയിലെ പല പ്രശ്നങ്ങളയും ഫാമിൽനിന്ന് ഒഴിവാക്കാൻ കഴിയും. വായുസഞ്ചാരം കൃത്യമല്ലാത്ത ഫാമുകളിൽ അസുഖങ്ങൾ തുടർകഥയായിരിക്കും. വേനൽക്കാലത്തും കർഷകൻ നന്നേ ബുദ്ധിമുട്ടും.
English summary: How to Make Broiler Shed, Advantages Of Poultry Farming, Guide To Poultry Farming, Is Poultry Farming A Profitable Business, Possible Problems Of Poultry Farming System, Poultry Farm, Poultry Farm Making, Poultry Farm Operations, Poultry Farm Plans, Poultry Farming Accessories, Poultry Farming Activities, Poultry Farming Advantages, Poultry Farming At Home, Poultry Farming Business, Poultry Farming Equipment, Poultry Farming For Beginners, Poultry Farming Kerala, Poultry Farming Malayalam, Poultry Farming Management, Poultry Farming Project, Poultry Farming Shed, Poultry Farming Shed Cost, Poultry Farming Space Requirements, Poultry Farming Subsidy, Poultry Farming Subsidy In Kerala