250 ഉരുക്കൾ, പ്രതിദിനം 600 ലീറ്റർ പാൽ: ഇത് തുമ്പൂർമുഴിയിലെ കാലിസാമ്രാജ്യം
Mail This Article
ഉയർന്ന പാലുൽപാദനം, പ്രത്യുൽപാദനക്ഷമത, രോഗപ്രതിരോധശേഷി, തീറ്റപരിവർത്തനശേഷി, കാലാവസ്ഥയുമായി പൊരുത്തപ്പെടൽ, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നീ ഗുണങ്ങളുള്ള പശുക്കൾ ഏതൊരു ക്ഷീരകർഷകന്റെയും സ്വപ്നമാണ്. ഈ സവിശേഷതകളെല്ലാം ഒത്തിണങ്ങിയ ഇനമാണ് ഫ്രീസ്‌വാൾ. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ പാതി ഇന്ത്യനും പാതി വിദേശിയുമാണ് ഫ്രീസ്‌വാൾ പശുക്കൾ. പൊതുജനങ്ങളിലേക്ക് ഈ ഇനം എത്തിയിട്ടില്ലെങ്കിലും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തമ്പൂർമുഴി കന്നുകാലി പ്രജനനകേന്ദ്രത്തിൽ പരിപാലിക്കുന്നത് 250ൽപ്പരം ഫ്രീസ്‌വാൾ പശുക്കളെയാണ്.
ആറു പതിറ്റാണ്ടുകൾക്കു മുൻപ് കേരള സംസ്ഥാന മൃഗസംരക്ഷണകേന്ദ്രത്തിനു കീഴിൽ കന്നുകാലി പ്രജനന ഗവേഷണ കേന്ദ്രമായിട്ടാണ് ഈ ഫാം പ്രവർത്തനമാരംഭിച്ചത്. പിന്നീട് കേരള കാർഷിക സർവകലാശാല രൂപീകൃതമായപ്പോൾ ഫാം കാർഷിക സർവകലാശാലയുടെ കീഴിലായി. ഇപ്പോൾ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ കീഴിലാണ് ഈ ഫാം.
വിവിധ പ്രായത്തിലുള്ള കിടാരികളും കറവയുള്ള പശുക്കളുമായി 250 ഉരുക്കളാണ് തുമ്പൂർമുഴി കന്നുകാലി പ്രജനനകേന്ദ്രത്തിലുള്ളത്. പുലർച്ചെ നാലരയ്ക്കാണ് ഫാമിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുക. ഭക്ഷണം, കറവ, കുളിപ്പിക്കൽ എന്നിങ്ങനെ എല്ലാത്തിനും നിശ്ചിത സമയമുണ്ട്. നാലരയ്ക്ക് കാലിത്തീറ്റ നൽകുന്നതിനൊപ്പം കുളിപ്പിച്ചു വൃത്തിയാക്കും. 4.45ന് കറവ ആരംഭിക്കും. രണ്ടാം കറവ ഉച്ചകഴിഞ്ഞ് 2നാണ്. പ്രതിദിനം ശരാശരി 600 ലീറ്റർ പാൽ ഇവിടെ ഉൽപാദിപ്പിക്കുന്നു. ഇത് പ്രധാനമായും മിൽമയിലേക്ക് നൽകും. പാസ് എടുത്ത് പൊതുജനങ്ങൾക്കും ഇവിടെനിന്ന് പാൽ വാങ്ങാം.
രണ്ടു തവണ കാലിത്തീറ്റയും മൂന്നു നേരം പച്ചപ്പുല്ലുമാണ് ഭക്ഷണക്രമം. ആവശ്യാനുസരണം കുടിവെള്ളം ലഭ്യമാകുന്ന ഓട്ടോമാറ്റിക് ഡിങ്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കറവയുള്ളത്, ഗർഭമുള്ളത്, പ്രായം എന്നിങ്ങനെ ഓരോ വിഭാഗക്കാർക്കും പ്രത്യേക പാർപ്പിടമാണ് നൽകിയിരിക്കുന്നത്. ഓരോ പശുവിനെയും തിരിച്ചറിയാൻ ചെവിയിൽ ടാഗ് നൽകിയിരിക്കുന്നതു കൂടാതെ പ്രത്യേക ചാർട്ടും ഓരോ പശുവിനുമുണ്ട്. ജനനം, പ്രസവം തുടങ്ങിയ വിവരങ്ങൾ അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.
ജനിച്ചുവീഴുന്ന അന്നുതന്നെ കുഞ്ഞിനെ അമ്മപ്പശുവിൽനിന്നു മാറ്റുന്ന രീതിയാണ് ഇവിടുള്ളത്. ജനിച്ച് അര മണിക്കൂറിനുള്ളിൽത്തന്നെ കറന്നെടുത്ത കന്നിപ്പാൽ നൽകുകയും ചെയ്യും. പാൽ കുടിക്കുന്ന കുട്ടികളെ പാർപ്പിക്കാനും പ്രത്യേക ഷെഡ്ഡുണ്ട്.
63 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഫാമിൽ പശുക്കൾക്കായുള്ള തീറ്റപ്പുൽക്കൃഷിയും നടത്തുന്നുണ്ട്. സിഒ3, സിഒ5, സൂപ്പർ നേപ്പിയർ, തനത് ഇനമായ ടിഎം–1 തുടങ്ങിയ പുല്ലിനങ്ങളാണ് വളർത്തുക. ഫാമിൽനിന്നുള്ള ജലം പ്രത്യേകം ശേഖരിച്ച് പുല്ലുകൾക്ക് വളമായി നൽകുന്നു. കർഷകർക്ക് പുല്ലിനങ്ങളുടെ നടീൽ വസ്തുക്കളും ലഭ്യമാക്കാൻ തുമ്പൂർമുഴി കന്നുകാലി പ്രജനനകേന്ദ്രം ശ്രദ്ധിക്കുന്നു.
2018ലെ പ്രളയം തുമ്പൂർമുഴി കന്നുകാലി പ്രജനനകേന്ദ്രത്തിനെയും പ്രതികൂലമായി ബാധിച്ചു. ഫാമിനു പുറകിലെ മലയിൽനിന്നുണ്ടായ ഉരുൾപൊട്ടലിൽ ഫാമിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി. പ്രത്യേകം സംരക്ഷിച്ചുപോന്നിരുന്ന വെച്ചൂർപ്പശുക്കളും മരുന്നുകളും ഫാമിലെ വാഹനങ്ങളും ഒലിച്ചുപോയവയിൽ ഉൾപ്പെടും.
ഫാമിനേക്കുറിച്ച് വിശദമായി അറിയാൻ വിഡിയോ ചുവടെ