മത്സ്യക്കൃഷിയില്‍ തീറ്റച്ചെലവ് കുറയ്ക്കാന്‍ ഇതൊരു ലളിത മാര്‍ഗം, അതും വീട്ടില്‍നിന്നുതന്നെ
Mail This Article
മത്സ്യക്കര്‍ഷകര്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഉല്‍പാദനച്ചെലവിന് ആനുപാതികമായുള്ള വില ലഭിക്കുന്നില്ല എന്നുള്ളത്. പണം മുടക്കി റെഡിമെയ്ഡ് തീറ്റകള്‍ നല്‍കി മികച്ച രീതിയില്‍ വളര്‍ത്തുന്നതുകൊണ്ടുതന്നെ ഒരു കിലോ മീന്‍ ഉല്‍പാദിപ്പിക്കാന്‍ നൂറു രൂപയോളം ചെലവ് വരുന്നുണ്ട്. കൂടാതെ ടാങ്ക്, വൈദ്യുതി, എയറേഷന്‍ സംവിധാനങ്ങള്‍ എന്നിങ്ങനെയുള്ള ചെലവ് വേറെ.
മത്സ്യങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതും വീടുകളില്‍ അനായാസം ലഭ്യമായതുമായ ഒരു ഭക്ഷ്യ വസ്തു മത്സ്യങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ് തൊടുപുഴ സ്വദേശി ജോളി വര്‍ക്കി. വര്‍ഷങ്ങളായി മത്സ്യക്കൃഷി മേഖലയിലുള്ള ജോളി തന്റെ കുളങ്ങളില്‍ വളരുന്ന തിലാപ്പിയ പോലുള്ള മത്സ്യങ്ങള്‍ക്ക് ഇതാണ് ഭക്ഷണമായി നല്‍കുന്നത്. മറ്റൊന്നുമല്ല, എല്ലാവരുടെയും വീട്ടില്‍ സുലഭമായി കാണുന്ന ചക്കക്കുരു. അത് കൊടുക്കുന്നതിനു മുന്‍പ് അല്‍പം പാകപ്പെടുത്തല്‍ ആവശ്യമാണ്.
ചക്കക്കുരു ഒന്നു ചതച്ചശേഷം വേവിച്ചെടുക്കണം. നന്നായി വെന്ത ചക്കക്കുരു രണ്ടു തവണയെങ്കിലും നല്ല വെള്ളമൊഴിച്ചു കഴുകിയശേഷം മത്സ്യങ്ങള്‍ക്കു നല്‍കാം. ചക്കക്കുരുവിന്റെ പുറത്തെ വെളുത്ത തൊലി പോലും മത്സ്യങ്ങള്‍ ആഹാരമാക്കുന്നുണ്ടെന്ന് ജോളി പറയുന്നു. വെള്ളം ശുദ്ധീകരിക്കുന്ന കുളങ്ങളില്‍ ചക്കക്കുരു നല്‍കാന്‍ വളരെ നല്ലതാണെന്നും ജോളി. കൂടാതെ വെള്ളത്തില്‍ ബാക്കിയായി കിടക്കാനും പാടില്ല. തീറ്റയില്‍ ഇത്തരത്തിലൊരു പകരക്കാരന്‍ വരുമ്പോള്‍ തീറ്റച്ചെലവ് വളരെയധികം കുറയ്ക്കാനാകുമെന്നാണ് ജോളിയുടെ അനുഭവം.
വിഡിയോ കാണാം
English summary: Natural food for Fishes