15 അടി ഉയരം വയ്ക്കുന്ന തീറ്റപ്പുല്ല്, ഫാമുകൾക്ക് മുതൽക്കൂട്ട്; സൂപ്പറാണ് സൂപ്പർ നേപ്പിയർ
Mail This Article
അത്യുൽപാദനശേഷിയും ഉയർന്ന പോഷകമൂല്യവും വളർച്ചാ നിരക്കുമുള്ള തീറ്റപ്പുല്ലിനമാണ് സൂപ്പർ നേപ്പിയർ. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഇതൊരു സങ്കരനേപ്പിയർ ഇനത്തിൽപ്പെട്ട തീറ്റപ്പുല്ലാണ്. അതായത്, നേപ്പിയർ പുല്ലിന്റെയും പേൾ മില്ലറ്റ് എന്ന് അറിയപ്പെടുന്ന ബജ്റയുടെയും സങ്കരമാണ് സൂപ്പർ നേപ്പിയർ പുല്ലുകൾ. ഏഷ്യയിൽ നേപ്പിയർ ഇനങ്ങളിലെ രാജാവ് എന്നും പാക്ചോംങ് 1 എന്നും ഈ പുല്ല് അറിയപ്പെടുന്നു.
പശുവളർത്തലിലെ ആകെ ചെലവിന്റെ 70 ശതമാനവും വേണ്ടിവരുന്നത് തീറ്റയ്ക്കാണെന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ, തീറ്റച്ചെലവ് കുറയ്ക്കാനായി കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവു നൽകുന്ന തീറ്റപ്പുൽകൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത എടുത്തു പറയേണ്ടതില്ലല്ലോ. ഇക്കാരണത്താൽ, ഇന്ന് ലഭ്യമായ പുല്ലിനങ്ങളിൽ വച്ച് ഏറ്റവുമധികം ഉപയുക്തമായ പുല്ലിനമാണ് സൂപ്പർ നേപ്പിയർ.
ഉദ്ഭവവും പ്രത്യേകതകളും
തായ്‌ലൻഡിലുള്ള ഡോ. ക്ലോവാഷ്കിയോ തോംങും സംഘവുമാണ് 2010ൽ സൂപ്പർ നേപ്പിയർ വികസിപ്പിച്ചെടുത്തത്. സാധാരണ സങ്കരനേപ്പിയർ പുല്ലുകളിൽ നിന്ന് ആണ്ടുതോറും ഒരു ഹെക്ടറിൽനിന്ന് 100- 120 ടൺ വിളവു മാത്രമാണ് ലഭിക്കുന്നത്. എന്നാൽ, ഒരു ഹെക്ടർ കൃഷിഭൂമിയിൽനിന്നു പ്രതിവർഷം 200 ടൺ തീറ്റപ്പുല്ല് ലഭിക്കുമെന്നതാണ് സൂപ്പർ നേപ്പിയറിന്റെ പ്രത്യേകത. കൂടാതെ, ഇതിൽ മറ്റെല്ലാ പുല്ലിനങ്ങളേക്കാളും അധികമാംസ്യവും അടങ്ങിയിട്ടുണ്ട് (ശുഷ്ക വസ്തു അടിസ്ഥാനത്തിൽ 16-18%).
മൂപ്പെത്തിയ സൂപ്പർ നേപ്പിയർ പുല്ലിന് 14-16 അടി വരെ ഉയരമുണ്ടാകും. 100 സെ. മീ. നീളത്തിലും 5 സെ.മീ. വീതിയിലും വളരുന്ന ഇതിന്റെ ഇലയും തണ്ടും തമ്മിലുള്ള അനുപാതം വളരെ കൂടുതലാണ്. മാത്രവുമല്ല അവ വളരെ മൃദുലവും, രുചിയേറിയതും, പശുക്കൾക്ക് ചവച്ചരച്ചു കഴിക്കാൻ സാധിക്കത്തക്ക വിധത്തിൽ കട്ടി കുറഞ്ഞതുമാണ്. കനത്ത വരൾച്ചയെ അതിജീവിക്കാനും കീടങ്ങളെ പ്രതിരോധിക്കാനുമുള്ള കഴിവ് സൂപ്പർ നേപ്പിയർ പുല്ലുകൾക്കുണ്ട്. വർധിച്ച കരുത്തോടെ മണ്ണിൽ ഉറച്ചു നിൽക്കുന്ന വേരുകൾ ഉള്ളതിനാൽ മണ്ണൊലിപ്പ് തടയുന്നതിനും ഈ ഇനം സഹായിക്കും.
കൃഷിയും പരിപാലനവും
മഴയും യഥേഷ്ടം സൂര്യപ്രകാശവും ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങൾ വേണം കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. ഏതുതരം മണ്ണിലും വളരുമെങ്കിലും എക്കൽ മണ്ണ്, മണൽ കലർന്ന കളിമണ്ണ് എന്നിവയാണ് ഉത്തമം. പിഎച്ച് (pH) മൂല്യം 5നും 8 നും ഇടയിലുള്ള മണ്ണാണ് സൂപ്പർ നേപ്പിയർ കൃഷിക്ക് ഏറ്റവും അനുയോജ്യം. അതിനാൽ മണ്ണുപരിശോധിച്ചതിനു ശേഷം കൃഷി ഇറക്കുന്നത് വിളവു കൂടുതൽ ലഭിക്കാൻ സഹായിക്കും. വ്യത്യസ്ത കാലാവസ്ഥകളിൽ ഇത്തരം പുല്ലുകൾ വളരുമെങ്കിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ കൃഷി ഒഴിവാക്കണം. മഴക്കാലത്ത് നീർവാർച്ച ഉറപ്പാക്കുകയും വേണം.
നിലം നന്നായി ഉഴുതുമറിച്ച് കളകൾ മാറ്റി, കട്ടകൾ ഉടച്ച് നിരപ്പാക്കണം. 3 അടി അകലത്തിൽ വാരമെടുത്ത് (വരമ്പുകൾ), ഓരോ വാരത്തിലും 2 അടി അകലത്തിൽ വിത്തു തണ്ടുകൾ നടണം. രണ്ടു മുട്ടുകളുള്ളതും മൂന്നു മാസം മൂപ്പെത്തിയതുമായ തണ്ടുകളാണ് സാധാരണയായി നടീൽ വസ്തുക്കളായി ഉപയോഗിക്കുന്നത്. ഒരേക്കർ സ്ഥലത്തിന് 10000 - 12000 വരെ വിത്തു തണ്ടുകളാണ് ആവശ്യമുള്ളത്.
വിത്തു തണ്ടിന്റെ ഒരു മുട്ട് മണ്ണിനടിയിലും, ഒരെണ്ണം മണ്ണിന്റെ ഉപരിതലത്തിലും വരുന്ന രീതിയിൽ 45 ഡിഗ്രി ചെരിച്ചാണ് തണ്ട് നടേണ്ടത്. മണ്ണിനു മുകളിൽ വരുന്ന മുട്ട്, മണ്ണിന്റെ ഉപരിതലത്തിനോട് അടുത്ത് നിൽക്കുകയാണെങ്കിൽ വേരുകളുടെ ചിനപ്പുകൾ കൂടുതലെണ്ണം പൊട്ടി മുളയ്ക്കാൻ ഇടയാവുകയും ചെടി കൂടുതൽ ശക്തമായി ദീർഘകാലം മണ്ണിൽ ഉറച്ചു നിൽക്കുകയും ചെയ്യും എന്നുള്ളതാണ് തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിലെ പുൽകൃഷി ഗവേഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.
വിത്തു തണ്ടുകൾ നടുമ്പോൾ ചാണകം കമ്പോസ്റ്റ്, ആട്ടിൻ കാഷ്ഠം, കോഴി കാഷ്ഠം എന്നിവയിൽ ഏതെങ്കിലുമൊന്ന് അടിവളമായി ചേർത്ത് ഇളക്കി വരമ്പുകളുണ്ടാക്കാം. മണ്ണ് പരിശോധനയ്ക്കു ശേഷം മണ്ണിൽ വേണ്ട ധാതുക്കൾ മാത്രം ചേർക്കുന്നത് ഉൽപ്പാദനം വർധിപ്പിക്കാനും മണ്ണിന്റെ ഫലഭൂയിഷ്ടത നിലനിർത്താനും സഹായിക്കും. തൊഴുത്ത് കഴുകിയ വെള്ളവും മൂത്രവും അടങ്ങിയ സ്ലറി കൃഷിയിടത്തിലേക്ക് ഒഴുക്കിയാൽ ഒന്നാന്തരം മേൽ വളത്തിന്റെ പ്രയോജനവും ലഭിക്കും.
45 ദിവസം പ്രായമാകുമ്പോൾ ചെടികൾ 3-4 അടി ഉയരത്തിലെത്തും. ഈ ഘട്ടത്തിൽ ഏക്കറിന് 2 - 5 ടൺ എന്നയളവിൽ ജൈവവളങ്ങളായ ചാണകം, കമ്പോസ്റ്റ് എന്നിവ ചേർക്കാം. 60 ദിവസം പ്രായമാകുമ്പോൾ വളരെ മൃദുലവും രുചികരവുമാകുന്ന ഈ ചെടികൾ വെട്ടിയെടുത്ത് കോഴി, മുയൽ, താറാവ്, ആട് എന്നിവയ്ക്ക് തീറ്റയായി നൽകാവുന്നതാണ്. ഈ ഘട്ടത്തിൽ ചെടികൾക്ക് 5-6 അടി ഉയരമുണ്ടാകും. 75 ദിവസം പ്രായമാകുമ്പോൾ 8-12 അടി ഉയരമെത്തുന്ന സൂപ്പർ നേപ്പിയർ പുല്ലുകൾ വെട്ടിയെടുത്ത് പശു, എരുമ എന്നിവയ്ക്ക് തീറ്റയായി നൽകാം.
കടയുടെ അടിഭാഗത്തു വച്ചു 10 സെ.മീറ്ററിൽ കുറവ് തണ്ടുമാത്രം അവശേഷിക്കുന്ന രീതിയിൽ തന്നെ പുല്ല് വെട്ടിയെടുക്കണം. എങ്കിൽ മാത്രമേ അടുത്ത വിളവെടുപ്പിൽ കൂടുതൽ ഉൽപ്പാദനം ലഭിക്കുകയുള്ളൂ. വിത്തു തണ്ടുകൾ നട്ടയുടനെയും ആഴ്ചയിൽ ഒരിക്കലും നനയ്ക്കേണ്ടതാണ്. 30 ദിവസം പ്രായമാകുമ്പോൾ കളപറിക്കണം. ആവശ്യമെങ്കിൽ 45 ദിവസം കഴിയുമ്പോഴും ഇത് ആവർത്തിക്കണം. ഡ്രിപ്പ് നനയോ സ്പ്രിംഗ്ളർ നനയോ ചെയ്യാം.
വിളവെടുപ്പ്
75- 90 ദിവസം പ്രായമാകുമ്പോൾ ആദ്യത്തെ വിളവെടുക്കാം. 30-40 ദിവസമാകുമ്പോൾ രണ്ടാമത്തേതും. വർഷത്തിൽ 7-8 പ്രാവശ്യം വിളവെടുക്കാം. നന്നായി പരിപാലിച്ചാൽ 3 - 5 വർഷം വരെ ചെടികൾ നല്ല വിളവു നൽകും. 15 പശുക്കളെ തീറ്റിപ്പോറ്റുന്നതിന് ഒരു ഏക്കർ സ്ഥലത്തെ പുൽകൃഷി മതിയാകും. അധികമായി വരുന്ന പുല്ലരിഞ്ഞ് മൊളാസ്സസ്സ് ചേർത്ത് സൈലേജാക്കി പുല്ലിന്റെ ലഭ്യത കുറവുള്ള വേനൽക്കാലത്തു നൽകാനായി സൂക്ഷിക്കാവുന്നതാണ്. സൂപ്പർ നേപ്പിയർ പുല്ലിൽ വെള്ളത്തിൽ അലിയുന്ന അന്നജം ഏറെയുള്ളതുകൊണ്ട് സൈലേജ് നിർമിക്കുമ്പോൾ പുളിപ്പിക്കലിന് സഹായിക്കുന്ന വസ്തുക്കൾ (Additives) ചേർക്കേണ്ട ആവശ്യമില്ല.
ചുരുക്കത്തിൽ, തീറ്റച്ചെലവ് കുറച്ചു കൊണ്ട് പാലുൽപ്പാദനം വർധിപ്പിക്കുന്നതിനും, അങ്ങനെ പശു വളർത്തൽ ലാഭകരമാക്കുന്നതിനും സൂപ്പർ നേപ്പിയർ കൃഷി ക്ഷീരകർഷകർക്കൊരു കൈത്താങ്ങാകും തീർച്ച. തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിൽ നിന്നും സൂപ്പർ നേപ്പിയറിന്റെ നടീൽ വസ്തു ന്യായവിലയ്ക്ക് കർഷകർക്ക് ഇപ്പോൾ ലഭ്യമാണ്.
English summary: Super Napier grass for Dairy Farming