ADVERTISEMENT

മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ കോളയാട് പഞ്ചായത്തില്‍ കൊമ്മേരിയില്‍ പ്രവര്‍ത്തിക്കുന്ന ആട് ഫാമിലെ 34 ആടുകളെ ദയാവധം നടത്തി നശിപ്പിക്കാന്‍ മൃഗസംരക്ഷണവകുപ്പിന്റെ മേഖല ലാബില്‍ നിന്നും നിര്‍ദേശം നല്‍കിയ വാര്‍ത്ത പുറത്ത് വന്നത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. ആടുകളില്‍ ബാക്ടീരിയ പടര്‍ത്തുന്ന ചികിത്സകള്‍ ഒന്നും ഫലപ്രദമല്ലാത്ത സാംക്രമികരോഗമായ പാരാട്യൂബര്‍ക്കുലോസിസ് എന്ന രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആടുകളെ കൊന്നൊഴിവാക്കി രോഗം നിയന്ത്രിക്കാന്‍ മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചത്. ഫാമിലെ ഒരു മുട്ടനാടിലും 33 പെണ്ണാടുകളിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. മുന്‍കാലങ്ങളിലും കൊമ്മേരി ആടുഫാമില്‍ ഈ രോഗം കണ്ടെത്തിയിട്ടുണ്ട്, അന്നും ആടുകളെ കൂട്ടമായി കൊന്നൊടുക്കിയിരുന്നു. എന്നാല്‍ പാരാട്യൂബര്‍ക്കുലോസിസ് രോഗം കണ്ടെത്തിയ ആടുകളെ കൂട്ടമായി കൊന്നൊടുക്കാതെ സംരക്ഷിക്കണമെന്നാണ് ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. അതോടെ ആടുകളെ നശിപ്പിക്കാനുള്ള തീരുമാനം വിവാദമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഈ നിലപാട് ഉന്നയിച്ച് മൃഗസംരക്ഷണവകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതോടെ ഈ വിഷയം ഉന്നതതലത്തിലുള്ള തീരുമാനം കാത്തിരിക്കുകയാണ്.

പാരാട്യൂബര്‍ക്കുലോസിസ് ഫാമുകള്‍ക്ക് വെല്ലുവിളി

മൈക്കോബാക്ടീരിയം ഏവിയം പാരാട്യൂബര്‍ക്കുലോസിസ് (Mycobacterium avium subsp. paratuberculosis) എന്ന ബാക്ടീരിയ രോഗാണുക്കളാണ് കന്നുകാലികളിലും ആടുകളിലും ചെമ്മരിയാടുകളിലും  പാരാട്യൂബര്‍കുലോസിസ് രോഗമുണ്ടാക്കുന്നത്. മൃഗങ്ങളെയും മനുഷ്യരെയും എല്ലാം ഒരുപോലെ ബാധിക്കുന്ന ക്ഷയം അഥവാ ട്യൂബര്‍ക്കുലോസിസ് രോഗത്തോട് ലക്ഷണങ്ങളില്‍ സമാനതയുള്ളതിനാലാണ് പാരാട്യൂബര്‍ക്കുലോസിസ് എന്ന പേര് ഈ രോഗത്തിന് ലഭിച്ചത്. ജര്‍മ്മന്‍ വെറ്ററിനറി ഡോക്ടറും, സൂക്ഷ്മാണുശാസ്ത്രജ്ഞനുമായിരുന്ന  ഹെന്‍ട്രിച്ച് എ. ജോണ്‍ ആണ് പാരാട്യൂബര്‍ക്കുലോസിസ് രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ ആദ്യമായി തിരിച്ചറിഞ്ഞത്. അതിനാല്‍ ജോണ്‍സ് ഡിസീസ് എന്നും പാരാട്യൂബര്‍ക്കുലോസിസ് അറിയപ്പെടുന്നു.  

ഇന്ത്യയില്‍ ചെമ്മരിയാടുകളിലാണ് ഈ രോഗം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. പശുക്കളില്‍ കറവപ്പശുക്കളിലാണ് ഉയര്‍ന്ന രോഗസാധ്യത. ആടുകളിലും ഉയര്‍ന്ന രോഗസാധ്യതയുണ്ട്. കുതിരകളിലും, പന്നികളിലും എന്തിന് മുയലുകളില്‍ അടക്കം രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗബാധയേറ്റ കന്നുകാലികളും മറ്റ് ഉരുക്കളും അവയുടെ വിസര്‍ജ്യങ്ങളിലൂടെയും, പാല്‍, ഉമിനീര്‍ അടക്കം ശരീരസ്രവങ്ങളിലൂടെയും ധാരാളമായി പാരാട്യൂബര്‍ക്കുലോസിസ് രോഗാണുക്കളെ ജീവിതകാലം മുഴുവനും പുറന്തള്ളും. ഉയര്‍ന്ന ചൂടിനെയും തണുപ്പിനെയും ഫാമുകളില്‍ സാധാരണ ഉപയോഗിക്കുന്ന അണുനാശിനികളെയുമെല്ലാം അതിജീവിച്ച്  ദീര്‍ഘകാലം രോഗാണുമലിനമായ പരിസരങ്ങളില്‍ നിലനില്‍ക്കാനുള്ള അതിജീവനശേഷിയും പാരാട്യൂബര്‍ക്കുലോസിസ് രോഗാണുക്കള്‍ക്കുണ്ട്. എന്തിനേറെ, പാലിലൂടെ പുറന്തള്ളുന്ന പാരാട്യുബര്‍ക്കുലോസിസ് രോഗാണുക്കള്‍ക്ക് പാസ്ചുറൈസേഷന്‍ താപനിലയിലെത്തുന്നത് വരെ പിടിച്ചുനില്‍ക്കാനുള്ള ശേഷിയുണ്ട്. രോഗബാധയേറ്റ മൃഗങ്ങളുടെ ചാണകം വീണ് രോഗാണുമലിനമായ പുല്‍മേടുകളിലും മേച്ചില്‍ പുറങ്ങളിലും ഒരുവര്‍ഷത്തില്‍ അധികം നശിക്കാതെ  നിലനില്‍ക്കാനുള്ള ശേഷി രോഗാണുവിനുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള രോഗാണുവിന്റെ ശേഷി രോഗനിയന്ത്രണം ദുഷ്‌കരമാക്കും.

രോഗബാധയേറ്റവയുടെ വിസര്‍ജ്യങ്ങള്‍ വീണ് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയുമാണ് മറ്റ് മൃഗങ്ങള്‍ക്ക് പ്രധാനമായും രോഗബാധയുണ്ടാവുന്നത്. രോഗബാധയേറ്റ പശുക്കളുടെയും ആടുകളുടെയും പാല്‍ കുടിക്കുന്നതിലൂടെ അവയുടെ കുഞ്ഞുങ്ങള്‍ക്കും അണുബാധയേല്‍ക്കും. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളിലേക്ക് രോഗം പകരാനുള്ള സാധ്യതയും ഉണ്ട്. അണുബാധയേറ്റവയുടെ ബീജം കൃത്രിമബീജദാനത്തിന് ഉപയോഗിക്കുന്നത് വഴിയും ഇണചേരലിലൂടെയും വളര്‍ത്തുമൃഗങ്ങളില്‍ രോഗവ്യാപനം നടക്കും. 

പാരാട്യൂബര്‍ക്കുലോസിസ് ലക്ഷണങ്ങള്‍ കന്നുകാലികളില്‍

കന്നുകാലികളുടെ ദഹനവ്യൂഹത്തെ ബാധിക്കുകയും പെരുകുകയും ചെയ്യുന്ന രോഗാണുക്കള്‍ ചെറുകുടലില്‍ നിന്നുള്ള പോഷകാഗിരണത്തെ തടസ്സപ്പെടുത്തും. അതോടെ രോഗബാധയേറ്റ കാലികള്‍ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. മാത്രമല്ല, അവയുടെ സ്വാഭാവിക പ്രതിരോധശേഷി കുറയാനും ഇടയാക്കും. രോഗലക്ഷണങ്ങള്‍ പുറത്ത് കാണിക്കാത്ത രോഗവാഹകരായ ഉരുക്കളെ ഫാമില്‍ എത്തിക്കുന്നത് വഴിയാണ് ഫാമുകളില്‍ പലപ്പോഴും രോഗം പൊട്ടിപ്പുറപ്പെടുന്നത്. വളരെ വേഗത്തില്‍ മറ്റ് ഉരുക്കളിലേക്ക വ്യാപിക്കുകയും ചെയ്യും.

  • ആടുകളും പശുക്കളും തീറ്റ നന്നായി കഴിക്കുമെങ്കിലും ക്രമേണയുള്ള മെലിച്ചില്‍, ഭാരക്കുറവ്
  • പശുക്കളില്‍ ക്രമേണ ആരംഭിക്കുന്നതും നീണ്ട് നില്‍ക്കുന്നതും തീവ്രവുമായ വയറിളക്കം, ആടുകളില്‍ ഇടവിട്ടുള്ള വയറിളക്കം
  • ആന്റിബയോട്ടിക് വിരമരുന്നുകള്‍ തുടങ്ങിയ ചികിത്സകള്‍ നല്‍കിയിട്ടും മെലിച്ചില്‍ അടക്കമുള്ള ലക്ഷണങ്ങള്‍ക്ക്  മാറ്റമില്ലാതിരിക്കല്‍
  • പാലുല്‍പ്പാദനത്തില്‍ ക്രമേണയുള്ള കുറവ്
  • കുറഞ്ഞ ജനന തൂക്കവും  മുരടിച്ച വളര്‍ച്ചയുള്ളതുമായ കുഞ്ഞുങ്ങളുടെ ജനനം, പ്രത്യുല്‍പ്പാദനക്ഷമത കുറയല്‍, വന്ധ്യത 
  • രോമം കൊഴിച്ചില്‍, മേനിയുടെ നിറം മങ്ങല്‍
  • താടയില്‍ വീക്കം, വിളര്‍ച്ച , ചെറിയ പനി
  • ശരീരക്ഷീണം, ഉന്മേഷക്കുറവ്, തളര്‍ച്ച

പശു, ആട് ഫാമുകളിലെ ഉരുക്കളില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് പാരാട്യൂബര്‍കുലോസിസ് സംശയിക്കാവുന്നതാണ്. രോഗബാധയേറ്റ കന്നുകാലികള്‍ ഉടനെ മരണപ്പെടില്ലെങ്കിലും രോഗലക്ഷണങ്ങള്‍  ദീര്‍ഘകാലം നീണ്ടുനില്‍ക്കും. രോഗബാധയേറ്റ് ഉല്‍പാദനവും പ്രത്യുല്‍പ്പാദനക്ഷമതയും വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയുമെല്ലാം മുരടിച്ച ഉരുക്കളെ സംരക്ഷിക്കേണ്ടി വരുന്നത് സംരംഭകര്‍ക്ക് ഉണ്ടാക്കുന്ന സാമ്പത്തികനഷ്ടം ഏറെയാണ്.

ലക്ഷണങ്ങളില്‍ വിവിധ രോഗങ്ങളുമായി സമാനതയുള്ളതിനാല്‍ ശാസ്ത്രീയ രോഗനിര്‍ണ്ണയത്തിന് പി.സി.ആര്‍., എലീസ,  ഹിസ്റ്റോപ്പതോളജി  അടക്കമുള്ള വിദഗ്ധമാര്‍ഗ്ഗങ്ങള്‍ വേണ്ടതുണ്ട്. ഇതിനുള്ള സൗകര്യങ്ങള്‍ മൃഗസംരക്ഷണവകുപ്പിനുണ്ട്. മനുഷ്യരില്‍ നീണ്ടുനില്‍ക്കുന്ന വയറിളക്കവും മെലിച്ചിലുമെല്ലാമുണ്ടാക്കുന്ന രോഗമായ ക്രോണ്‍സ് ഡിസീസ് ബാധിച്ച ആളുകളില്‍ നിന്നും പാരാട്യൂബര്‍കുലോസിസ് രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ പാരാട്യൂബര്‍കുലോസിസിനെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പാലിലൂടെ പകരാന്‍ സാധ്യതയുള്ള ഒരു ജന്തുജന്യരോഗമായി തന്നെയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. 

പാരാട്യൂബര്‍കുലോസിസ്- ചികിത്സകളൊന്നും ഫലപ്രദമല്ല

മരുന്നുകളിലൂടെയും ചികിത്സയിലൂടെയും പാരാട്യൂബര്‍കുലോസിസ്  നിയന്ത്രണം അതീവദുഷ്‌കരമാണ്. രോഗനിയന്ത്രണത്തിനോ നിവാരണത്തിനോ  സഹായിക്കുന്ന ഫലപ്രദമായ ചികിത്സകളോ  മരുന്നുകളോ നിലവില്‍ ലഭ്യമല്ല. ഒരിക്കല്‍ പാരാട്യൂബര്‍കുലോസിസ് ബാധയേറ്റാല്‍  മൃഗങ്ങളുടെ ശരീരത്തില്‍  ജീവിതകാലം മുഴുവനും രോഗാണുക്കള്‍ വിഘടിച്ചു പെരുകും. ഇങ്ങനെയുണ്ടാവുന്ന രോഗാണുക്കള്‍ മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീരസ്രവങ്ങളിലൂടെയുമെല്ലാം  നിരന്തരമായി പുറത്തു വന്നു കൊണ്ടിരിക്കും. മാത്രമല്ല,  മണ്ണില്‍ ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള ശേഷിയും  പാരാട്യൂബര്‍കുലോസിസ് ബാക്ടീരിയകള്‍ക്കുണ്ട്. രോഗബാധയുള്ള മൃഗങ്ങളെ  ശാസ്ത്രീയ പരിശോധനകള്‍ വഴി കണ്ടെത്തി നശിപ്പിക്കുകയോ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചു പരിചരിക്കുകയോ ചെയ്യണമെന്നാണ്  രോഗനിയന്ത്രണം സംബന്ധിച്ച് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം. രോഗം ഭേദമാവാന്‍ സാധ്യതയില്ലാത്തതിനാലും മനുഷ്യരിലേക്കും  മറ്റ് മൃഗങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനാലും രോഗബാധയേറ്റവയെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച്  ദീര്‍ഘകാലം പരിചരിക്കേണ്ടി വരുന്നത്  ശ്രമകരവും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതുമാണ്. ഈ സാഹചര്യത്തില്‍ പരിശോധനയിലൂടെ പാരാട്യൂബര്‍കുലോസിസ് രോഗം കണ്ടെത്തിയ മൃഗങ്ങളെ ദയാവധം നടത്തി സുരക്ഷിതമായി സംസ്‌കരിക്കുകയാണ്  ഏറ്റവും  ഫലപ്രദമായ നിയന്ത്രണമാര്‍ഗ്ഗം. ലോകമൃഗാരോഗ്യസംഘടന നിര്‍ദേശിക്കുന്ന നിയന്ത്രണമാര്‍ഗവും ഇത് തന്നെയാണ്.

പാരാട്യൂബര്‍കുലോസിസ് പ്രതിരോധിക്കാന്‍ വാക്സിനുണ്ട്

പശുക്കളുടെയും ആടുകളുടെയും ഉല്‍പാദന, പ്രത്യുല്‍പാദനക്ഷമതയെ വളരെ ഗുരുതരമായി  ബാധിക്കുകയും കനത്ത സാമ്പത്തികനഷ്ടത്തിന് കാരണമാവുകയും ചെയ്യുന്ന പാരാട്യൂബര്‍കുലോസിസ് രോഗമുയര്‍ത്തിയ വെല്ലുവിളികള്‍ക്ക് പരിഹാരമായത് 2014ല്‍ ഇന്ത്യയില്‍ പാരാട്യൂബര്‍കുലോസിസ് രോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിന്‍ വികസിപ്പിച്ചതോടെയാണ്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശിലെ മഥുര മഖ്ദൂമില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ആട് ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഈ തദ്ദേശിയ വാക്‌സിന്‍ പാരാട്യൂബര്‍കുലോസിസ് പ്രതിരധ വാക്‌സിന്‍ പശുക്കളിലും, ആടുകളിലുമെല്ലാം ഏറെ ഫലപ്രദമാണ്. മൂന്ന് മാസം പ്രായമെത്തിയ ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കും പശുക്കിടാങ്ങള്‍ക്കും ആദ്യവാക്‌സിന്‍ നല്‍കാം. വലിയ കന്നുകാലികള്‍ ആണെങ്കില്‍ ഏത് പ്രായത്തില്‍ വേണമെങ്കിലും വാക്സിന്‍ നല്‍കാവുന്നതാണ്. ജീവിതകാലം മുഴുവനും പാരാട്യൂബര്‍ക്കുലോസിസ് പ്രതിരോധശേഷി നല്‍കാന്‍ ഒറ്റ തവണ നല്‍കുന്ന വാക്സിന് സാധിക്കും. ആടുകളും ചെമ്മരിയാടുകളും ആണെങ്കില്‍ ഒരു മില്ലി വീതം വാക്‌സിനും പശുക്കളും കിടാക്കളും ആണെങ്കില്‍ 2 മില്ലിവീതം വാക്‌സിനും കഴുത്തിന് മധ്യഭാഗത്തായി ത്വക്കിനടിയില്‍ നല്‍കുന്നതാണ് വാക്സിന്‍ നല്‍കുന്ന രീതി. ഇന്ന് വടക്കേ ഇന്ത്യയില്‍ ആട് ചെമ്മരിയാട് ഫാമുകളില്‍ വ്യാപകമായി ഈ വാക്സിന്‍ പ്രയോജനപ്പെടുത്തുന്നുണ്ട് . രോഗം വരാതെ പ്രതിരോധിക്കുന്നതിന് മാത്രമല്ല,രോഗം കണ്ടെത്തിയ  മൃഗങ്ങളുടെ ശരീരത്തില്‍ നിന്നും രോഗാണുക്കളെ പുറന്തള്ളുന്നത് ഒരു പരിധി വരെ കുറയ്ക്കാനും വാക്‌സിന്‍ പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ബയോവെറ്റ് ലിമിറ്റഡ് എന്ന വാക്സിന്‍ നിര്‍മാണസ്ഥാപനം  ഇപ്പോള്‍ ആടുകള്‍ക്കും പശുക്കള്‍ക്കുമായുള്ള പാരാട്യൂബര്‍ക്കുലോസിസ് പ്രതിരോധവാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട് .

കണ്ണൂര്‍ കൊമ്മേരി ഫാമില്‍ മാത്രമല്ല, കേരളത്തിലെ മറ്റിടങ്ങളിലും ഈ രോഗം കാണപ്പെടാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കാര്യമായ ആരോഗ്യപരിശോധനകള്‍ ഒന്നും കൂടാതെ  ധാരാളം പശുക്കളും ആടുകളുമെല്ലാം  വരുന്ന ഇക്കാലത്ത് ഇത്തരം രോഗങ്ങള്‍ വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ് . പലപ്പോഴും കര്‍ഷകരുടെ  അറിവില്ലായ്മ കാരണം  തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്. എന്നാല്‍ തിരിച്ചറിയപ്പെടാത്ത രോഗം കാരണം അവര്‍ക്ക് വലിയ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ഷകര്‍ക്കിടയില്‍ പാരാട്യൂബര്‍ക്കുലോസിസ് രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും   പാരാട്യൂബര്‍ക്കുലോസിസ് വാക്‌സിന്‍ ലഭ്യമാക്കാനുമുള്ള നടപടികള്‍  മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കുന്നത് ഉചിതമാവും. അതോടൊപ്പം രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നത് ഒഴിവാക്കാനും കര്‍ഷകര്‍ ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com