ADVERTISEMENT

? മത്സ്യക്കൃഷിയിൽ തീറ്റ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ. ചെറിയ മത്സ്യങ്ങൾക്ക്  ഏതു തരം തീറ്റ നൽകണം.  ശുദ്ധജല മത്സ്യങ്ങൾക്കും ഉപ്പുവെള്ളത്തിൽ വളർത്തുന്ന മത്സ്യങ്ങൾക്കും നൽകുന്ന തീറ്റയിൽ മാംസ്യവും കൊഴുപ്പും എത്ര വേണം. തീറ്റയുടെ സമയക്രമം എങ്ങനെ. സ്വന്തമായി തീറ്റ ഉണ്ടാക്കുന്നതു പ്രായോഗികമാണോ. കൂടുതൽ  തീറ്റ നല്‍കുന്നതുകൊണ്ട് കൂടുതൽ വലുപ്പം വയ്ക്കുമോ. ഒരു കിലോ മത്സ്യം ഉൽപാദിപ്പിക്കാൻ എത്ര തീറ്റ വേണ്ടിവരും.

കെ. പി. ബെന്നി, ഞാറയ്ക്കൽ, എറണാകുളം 

 

മത്സ്യക്കൃഷിയിൽ ഏറ്റവും ചെലവു വരുന്നത് തീറ്റയ്ക്കാണ്. തീറ്റവില നിശ്ചയിക്കുന്നത് അതിൽ അടങ്ങിയ മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും അളവ് അനുസരിച്ചാണ്. സസ്യാഹാരികളായ മത്സ്യങ്ങൾക്ക് മാംസ്യവും കൊഴുപ്പും കുറഞ്ഞ തീറ്റയും മാംസാഹാരികളായ മത്സ്യങ്ങൾക്ക് ഇവയുടെ അളവ് കൂടിയ തീറ്റയും വേണ്ടിവരും.

ഒരു സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ളവയ്ക്കു  പൊടിരൂപ(500 മൈക്രോൺ)ത്തിലുള്ള തീറ്റയും  2 മുതൽ 4 സെ. മീ.  വരെ വലുപ്പമുള്ളവയ്ക്കു തരി(800 മൈക്രോൺ) രൂപത്തിലുള്ള തീറ്റയും വിരൽ വലുപ്പമുള്ള(5 മുതൽ 10 സെ. മീ.)വയ്ക്ക് 1.2 മി. മീ. വലുപ്പമുള്ള തീറ്റയുമാണ് നല്‍കേണ്ടത്.  ഇത്തരം  തീറ്റയിൽ മാംസ്യം കുറഞ്ഞത് 40 ശതമാനവും കൊഴുപ്പ് കുറഞ്ഞത് 7 ശതമാനവും  ഉണ്ടായിരിക്കണം.

മീൻ വലുതാകുന്നതിന് അനുസരിച്ചു തിരിവലുപ്പം കൂടിയ (2 മുതൽ 20 മി.മീ. വരെ ) തീറ്റ നൽകണം. കാർപ്പ്, വാള , അനാബാസ് തുടങ്ങിയ സസ്യാഹാരികളായ ശുദ്ധജല മത്സ്യങ്ങൾക്കു  തീറ്റയിൽ മാംസ്യം കുറഞ്ഞത് 28 ശതമാനവും കൊഴുപ്പ് കുറഞ്ഞത് 4 ശതമാനവും ഉണ്ടായാല്‍ നല്ല വളർച്ച ലഭിക്കും. എന്നാൽ വരാൽതീറ്റയിൽ മാംസ്യം കുറഞ്ഞത് 40%, കൊഴുപ്പ് കുറഞ്ഞത് 7%  ഉണ്ടായിരുന്നാൽ മാത്രമാണ് വേണ്ടത്ര വലുപ്പം കിട്ടുക. ഓരുജലാശയങ്ങളിൽ വളർത്തുന്ന കരിമീൻ, കാളാഞ്ചി, വറ്റ, ചെമ്പല്ലി എന്നിവയ്ക്കു ള്ള തീറ്റയില്‍ മാംസ്യം കുറഞ്ഞത് 50%, കൊഴുപ്പ് കുറഞ്ഞത് 14%  ഉണ്ടായിരിക്കണം. 

ചെറിയ കുഞ്ഞുങ്ങൾക്ക് കുറഞ്ഞത് 5 നേരവും ഇടത്തരം വലുപ്പമുള്ളവയ്ക്ക് 3 നേരവും വലിയവയ്ക്ക് 2 നേരവുമാണ് തീറ്റ നൽകേണ്ടത്. രാവിലെ കഴിക്കുന്ന തീറ്റയുടെ അളവിനെക്കാൾ കൂടുതൽ വൈകുന്നേരങ്ങളിൽ മത്സ്യം കഴിക്കുന്നതിനാൽ ഒരു ദിവസം നൽകാനുദ്ദേശിക്കുന്ന  തീറ്റയുടെ 60% ഭാഗം വൈകിട്ടു കൊടുക്കണം. വിപണിയിൽ ലഭിക്കുന്ന സമീകൃത തീറ്റ ഉണ്ടാക്കുന്നത് മീൻപൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, ഗോതമ്പ്, തവിട്, മീനെണ്ണ, വൈറ്റമിൻ, ധാതുക്കൾ  എന്നിവ ഉപയോഗിച്ചാണ്. ചെറിയ തോതിൽ ഈ സാധനങ്ങളെല്ലാം വിപണിയിൽനിന്നു വാങ്ങി സ്വന്തമായി തീറ്റ ഉണ്ടാക്കുമ്പോൾ ചെലവ് വിലയെക്കാള്‍  കൂടിയേ ക്കാം. ഇങ്ങനെയുണ്ടാക്കുന്ന  തീറ്റ വെള്ളത്തിൽ പെട്ടെന്ന് അലിയാനും താഴ്ന്നു പോകാനും സാധ്യതയുണ്ട്. ഇത് സാമ്പത്തിക നഷ്ടത്തിനും വെള്ളത്തിന്റെ ഗുണനിലവാരക്കുറവിനും  വഴിതെളിക്കും.

തീറ്റ അമിതമായി നൽകിയാൽ മത്സ്യം  വേഗത്തിൽ വളരില്ല. മീനിന്റെ വായ് വലുപ്പത്തിന് ആനുപാതികമായി വലുപ്പമുള്ള  തിരി വലുപ്പമുള്ള തീറ്റ കൃത്യമായ ഇടവേളയിൽ ആവശ്യത്തിന് നൽകിയാൽ മാത്രമാണ് മീൻ വേഗത്തിൽ വളരുക. ഒരു കിലോ  മത്സ്യം ഉൽപാദിക്കാൻ ശരാശരി 2 കിലോ തിരിത്തീറ്റ വേണം.

English summary: Fish Feed Quality Is a Key Factor in Impacting Aquaculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com