ADVERTISEMENT

വീടുകളില്‍ ഒന്നോ രണ്ടോ ആടുകളെ വളര്‍ത്തുന്നതില്‍നിന്നു വ്യത്യസ്തമായി ചെറുകിട ആടുവളര്‍ത്തല്‍ സംരംഭങ്ങള്‍ ഇന്നു കേരളത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ എടുത്തുചാടി തുടങ്ങുന്നതു ബുദ്ധിയല്ല. ശാസ്ത്രീയ പരിശീലനം നേടിയശേഷം മാത്രം ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുകയാണ് ഉചിതം.

ഒരു മുട്ടനാടും 19 പെണ്ണാടും അടങ്ങുന്ന ഒരു പ്രജനന യൂണിറ്റായിരിക്കണം ഇത്തരം സംരംഭം. ശരാശരി 3 ല ക്ഷം രൂപയാണ് ഇതിനു വേണ്ട മുടക്കുമുതല്‍. ആട്ടിന്‍കൂട് നിര്‍മിക്കല്‍, പുല്‍ക്കൃഷി, ആടുകളെ തുറന്നുവിടാനുള്ള ഇടം എന്നിവയ്ക്കായി 20 സെന്റ് സ്ഥലമെങ്കിലും വേണം.

വര്‍ഗഗുണം, ആരോഗ്യം എന്നിവ വിലയിരുത്തി വേണം ആടുകളെ വാങ്ങാന്‍. പെണ്ണാടുകളെ വാങ്ങുന്ന ഫാമു കളില്‍നിന്നു മുട്ടനാടുകളെ വാങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇണചേരുന്നവ തമ്മില്‍ രക്തബന്ധം ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. 6 മുതല്‍ 8 മാസം വരെ പ്രായമുള്ള 19 മലബാറി പെണ്ണാടുകളെയും അവ യുമായി രക്തബന്ധമില്ലാത്തതും മികച്ചതുമായ ഒരു മുട്ടനാടിനെയും വാങ്ങി ഇന്‍ഷുര്‍ ചെയ്തു വേണം യൂണി റ്റ് ആരംഭിക്കാന്‍. പുതുതായി വാങ്ങുന്ന ആടുകള്‍ക്ക് വിരമരുന്നും ആടുവസന്തയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പും നല്‍കണം.

20 ആടിനെ വളര്‍ത്താന്‍ 240 ചതുരശ്ര അടി വിസ്താരമുള്ള കൂട് ഒരുക്കണം. മുട്ടനാടൊന്നിന് 20 ച. അടി, പെ ണ്ണാടിന് 10 ച. അടി, കുട്ടികള്‍ക്ക് ഒരു ച.അടി എന്ന കണക്കിലായിരിക്കണം ക്രമീകരണം. തറയില്‍നിന്ന് 5 അ ടി ഉയരത്തില്‍ പലകകൊണ്ടു തട്ടടിച്ച് ഒരു കൂട് ഉണ്ടാക്കാന്‍ ഒരു ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കാം. 20 ആടില്‍ കവിയാത്തതിനാല്‍ പഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ല. പ്രത്യേക വൈദ്യുതി കണക്ഷനും വേണ്ടിവരുന്നില്ല. ചെറിയ യൂണിറ്റായതിനാല്‍ കുടുംബാംഗങ്ങള്‍ക്കുതന്നെ ഫാമിലെ ജോലികള്‍ ചെയ്യാനാവും.

ആടുകള്‍ക്ക് ആവശ്യമായ ഖരവസ്തുക്കള്‍ കിട്ടാനായി പ്ലാവിലയും തെങ്ങോലയും ഉണക്കിയ പച്ചപ്പുല്ലും കൂടി 3 കിലോയോളം ദിവസവും നല്‍കേണ്ടതുണ്ട്. ഇതിനൊപ്പം പ്രതിദിനം 250 ഗ്രാം തീറ്റയും ഒപ്പം ധാതുലവണമിശ്രിതങ്ങളും ആവശ്യമാണ്. ഇതിനായി തേങ്ങാപ്പിണ്ണാക്ക്, തവിട്, ചോളം എന്നിവ ചേര്‍ത്തെടുക്കുകയോ വിപണിയില്‍നിന്ന് ആടുതീറ്റ വാങ്ങുകയോ ചെയ്യാം. ആട്ടിന്‍കുട്ടികളുടെ ജനനസമയത്തെ തൂക്കം 2 കിലോയില്‍ കുറയാതിരിക്കാന്‍ ഗര്‍ഭിണിയാടിന് ഗര്‍ഭകാലത്തിന്റെ അവസാന 2 മാസം 100 ഗ്രാം മുതല്‍ 200 ഗ്രാം വരെ അധികം തീറ്റ നല്‍കണം. 19 പെണ്ണാടുകളെയും ഫാമിലുള്ള മുട്ടനാടുമായി ഇണ ചേര്‍ക്കണം.

ഫാമിലുണ്ടാകുന്ന മുഴുവന്‍ കുട്ടികളെയും 3 മാസമെത്തുമ്പോള്‍ തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ വിറ്റഴിക്കുക. ഈ പ്രായത്തില്‍ ആട്ടിന്‍കുട്ടികള്‍ക്ക് 10 കിലോയില്‍ കുറയാതെ തൂക്കം ഉണ്ടാകും. ഈ പ്രായത്തിനു ശേഷം ആട്ടിന്‍കുട്ടികളെ ഒരുമിച്ചു വളര്‍ത്തുന്നത് അന്തര്‍പ്രജനനത്തിനു കാരണമാകും. 20 ആടുകളുടെ യൂണിറ്റില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 38 കുട്ടികളെ വില്‍ക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കാം. ഇങ്ങനെ ക്രമീകരിച്ചാല്‍ 3 വര്‍ഷംകൊണ്ട് പദ്ധതി ലാഭകരമാകും.

വിലാസം: അസി. ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ്, ഫോണ്‍: 9387830718

English summary: How to start Goat Farming Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com