ഒരേക്കറിൽ 39 മരങ്ങൾ മാത്രം: റംബുട്ടാൻ കൃഷിയിൽ വ്യത്യസ്തതയിലൂടെ നേട്ടം കൊയ്ത ഡോക്ടർ
Mail This Article
പുതുതലമുറ പഴവർഗക്കൃഷിയുടെ സാധ്യതകളും പരിമിതികളും വിശദമാക്കി ഡോ. തോമസ് ഏബ്രഹാം
നാലു വർഷം മുൻപാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ തേക്കിൻകാട്ടിൽ ഡോ. തോമസ് ഏബ്രഹാം റംബുട്ടാൻ കൃഷിയിലേക്കു തിരിയുന്നത്. മെഡിസിനു പഠിക്കാൻ ചെലവിട്ട അതേ ഊർജവും സമർപ്പണവും പഴവർഗക്കൃഷിയെക്കുറിച്ചു പഠിക്കാനും വിനിയോഗിച്ചെന്നു ഡോ. തോമസ്. അദ്ദേഹത്തിന്റെ വാക്കുകൾ പൂർണമായും ശരിവയ്ക്കുന്നതാണ് തൊടുപുഴ നഗരത്തിന്റെ അതിർത്തിപ്രദേശമായ തെക്കുംഭാഗത്ത് 10 ഏക്കറിൽ വിളഞ്ഞു നിൽക്കുന്ന റംബുട്ടാൻ തോട്ടം. സംസ്ഥാനത്തുതന്നെ ഏറ്റവും ശാസ്ത്രീയമായി കൃഷിയും വിളപരിപാലനവും നടക്കുന്ന പഴവർഗത്തോട്ടങ്ങളിലൊന്നാണിത്. റംബുട്ടാനിൽ ഒതുങ്ങുന്നില്ല ഡോ. തോമസിന്റെ പഴവർഗവിളകൾ. മാങ്കോസ്റ്റീൻ, ഡ്രാഗൺഫ്രൂട്ട് എന്നിവ വരും വർഷങ്ങളിൽ വിളവിലെത്തും. തൊടുപുഴയിലെ ഫ്രൂട്സ് വാലി കർഷക കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ് അദ്ദേഹം.
കൃഷിയിടത്തിലേക്ക്
പ്രചാരമേറിയ എൻ18 തന്നെയാണ് റംബുട്ടാന്റെ കൃഷിയിനം. 18 കായ്കൾ ചേർന്നാൽ ഒരു കിലോ എന്നതാണ് കണക്ക്. മികച്ച പരിപാലനത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞെന്നു ഡോ. തോമസ്. 50–60 ഗ്രാം തൂക്കമെത്തുന്നുണ്ട് ഓരോ പഴവും. ഒപ്പം മികച്ച മധുരവും. കൃത്യമായ നനയും ശരിയായ ജൈവവളപ്രയോഗവും തന്നെ കാരണം. 40X40 അടി അകലത്തിലാണ് തൈകൾ നട്ടത്. ചെറു കുന്നുകൾ നിറഞ്ഞ ഭൂപ്രകൃതിക്ക് അനുസൃതമായി ഏക്കറിൽ 33 മുതൽ 39 വരെ മരങ്ങൾ.
പലരും 20X20 അടി രീതി സ്വീകരിക്കുമ്പോൾ, തൈകൾ നൽകിയ കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോൺ ബയോടെക് ശുപാർശ ചെയ്ത 40X40 അടി അകലത്തിൽത്തന്നെ ഉറച്ചു നിന്നു ഡോക്ടർ. നല്ല സൂര്യപ്രകാശവും ജൈവവള ലഭ്യതയും വേനലിൽ നന്നായി നനയും ആവശ്യമുള്ള വിളയാണ് റംബുട്ടാൻ. മൂന്നിനും വേണ്ടി പരസ്പരം മത്സരിക്കാതിരിക്കാനും തൈകൾക്കെല്ലാം ഒരേ വളർച്ച ലഭിക്കാനും ഈ അകലം ഗുണകരമെന്നു ഡോക്ടർ.
മുഖ്യമായും ആട്ടിൻകാഷ്ഠവും ഒപ്പം കോഴിക്കാഷ്ഠവുമാണ് റംബുട്ടാനു നൽകുന്ന ജൈവവളങ്ങൾ. ജൈവവളങ്ങൾ ചുവട്ടിലും സൂക്ഷ്മ പോഷകങ്ങൾ ഇലകളിലും (ഫോളിയർ സ്പ്രേ) നൽകുന്നു. തുള്ളിനന സംവിധാനത്തിലൂടെ മുഴുവൻ മരങ്ങളുടെ ചുവട്ടിലും വെള്ളമെത്തും. റംബുട്ടാനു വെള്ളം കൂടുതൽ ആവശ്യമുണ്ട്. അതിനു സൗകര്യമില്ലെങ്കിൽ കൃഷിക്കു തുനിയരുതെന്നു ഡോക്ടർ. റംബുട്ടാന്റെ പൂക്കൾ കായ്കളായി പരിണമിക്കാൻ യോജ്യമായ താപനില 30–32 ഡിഗ്രി സെൽഷ്യസാണ്. പൂവിടൽ കാലമായ മാർച്ച്–ഏപ്രിൽ കാലത്ത് നമ്മുടെ നാട്ടിലത് 38 ഡിഗ്രി വരെയെത്തും. കാലാവസ്ഥയും നനസൗകര്യവും കണക്കിലെടുത്താവണം കൃഷി. ഉൽപാദനമികവിൽ നനയ്ക്കു നല്ല പങ്കുണ്ടുതാനും.
ഡിസംബർ അവസാനം നന നിര്‍ത്തും. അടുത്ത 30 ദിവസം നനയ്ക്കാതെ ചെടിക്കു നൽകുന്ന സമ്മർദം(stress) മികച്ച തോതിലുള്ള പൂവിടലിലേക്കു നയിക്കുന്നു. പൂക്കൾ വിരിയുന്നതോടെ വീണ്ടും നന. വേനലിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു ചെടിക്ക് 70 ലീറ്റർ വെള്ളം ലഭിക്കത്തക്ക വിധമാണ് തുള്ളിനന ക്രമീകരിച്ചിരിക്കുന്നത്. കടുത്ത ചൂടു മൂലമുള്ള ബാഷ്പീകരണം ഒഴിവാക്കാൻ രാവിലെയും വൈകിട്ടുമാണ് നന. മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച് വീട്ടിലിരുന്നുതന്നെ നനയ്ക്കാനുള്ള സംവിധാനം ഒരുങ്ങുകയാണെന്നു ഡോക്ടർ. ഡ്രോൺവഴിയുള്ള വളം–കീടനാശിനി പ്രയോഗത്തിനും ശ്രമം തുടങ്ങി. ഇതോടെ വിളപരിപാലനം കൂടുതൽ എളുപ്പമാകും.
റംബുട്ടാനിലെ കായ്പൊഴിച്ചിലാണ് മിക്കവരെയും ആശങ്കപ്പെടുത്തുന്ന കാര്യം. മഴക്കാലത്ത് മണ്ണിൽ അമ്ലത കൂടുന്നതും പോഷകങ്ങളുടെ അഭാവവും കുമിൾബാധയുമെല്ലാം ഇതിനു കാരണമാണ്. മഴക്കാലം തുടങ്ങും മുൻപ് മണ്ണിൽ ഡോളമൈറ്റ് നൽകുന്നത് അമ്ലത കുറയ്ക്കുമെന്ന് ഡോക്ടർ. പൂവിടൽ മുതൽ കായ്കൾ വിളയുന്നതുവരെ സൾഫേറ്റ് ഓഫ് പൊട്ടാഷ് മാസത്തിലൊരു തവണ മരം മുഴുവൻ നനയത്തക്കവിധം തളിക്കുന്നത് പൊട്ടാസ്യത്തിന്റെ കുറവു പരിഹരിക്കും. ഒപ്പം, ചെടിയുടെ കായികവളർച്ച (vegetative growth) കുറയ്ക്കാനും ഉൽപാദനക്ഷമത വർധിക്കാനും ഇതുപകരിക്കും. ആവശ്യമെങ്കിൽ സൂക്ഷ്മമൂലകങ്ങളും തളിക്കണം. അടച്ച മഴ വന്നാൽ അന്തരീക്ഷ ഈർപ്പം വർധിക്കും, കുമിൾരോഗങ്ങളെത്തും. കായ്കൾ പാകമാകും മുൻപുവരെ രണ്ടാഴ്ച ഇടവേളയിൽ വെറ്റബിൾ സൾഫർ തളിക്കുന്നതു ഗുണകരമെന്നും ഡോക്ടർ.
കരുത്തേകാൻ കമ്പുകോതൽ
മരത്തെ രോഗ, കീടബാധകളിൽനിന്നു മുക്തമാക്കി മികച്ച ആരോഗ്യത്തോടെയും ഉയർന്ന ഉൽപാദനക്ഷമതയോടെയും നിലനിർത്തുന്നതിൽ കമ്പുകോതലിനു(പ്രൂണിങ്) വലിയ പങ്കുണ്ട്. ഉയർന്നു വളരുന്നതിനു പകരം കുട വിടർത്തിയ ആകൃതിയിലേക്കു ചെടിയെ എത്തിക്കുന്നത്, വിളവെടുപ്പിനു തൊട്ടുപിന്നാലെ ആണ്ടുതോറും നടത്തുന്ന കമ്പുകോതലിലൂടെയാണ്. ഉയർന്നു വളർന്നു പോകുന്ന ചെടിയുടെ മുകളിൽ മാത്രമെ കാര്യമായി കായ പിടിക്കൂ. മറിച്ച്, കുട രൂപത്തിലാകുന്നതോടെ ചെടിയുടെ ഉപരിതലവിസ്തൃതി വർധിക്കുകയും എല്ലായിടത്തും ഒരേ അളവിൽ കായ പിടിക്കുകയും ചെയ്യും. പ്രൂണിങ് സമയത്ത് ഉൽപാദനക്ഷമമല്ലാത്ത കമ്പുകൾ നീക്കണം. നിലത്തു മുട്ടിക്കിടക്കുന്ന കമ്പുകളും മുറിച്ചു മാറ്റണം. ചില്ലകൾക്കിടയിലൂടെ വായൂസഞ്ചാരവും സൂര്യപ്രകാശലഭ്യതയും ഉറപ്പാക്കണം. കുമിൾരോഗങ്ങൾ നിയന്ത്രിക്കാനും പ്രൂണിങ് പ്രയോജനം ചെയ്യും. കായ്കൾ പഴുക്കുമ്പോൾ എല്ലാ മരങ്ങളും വലയിട്ടു മൂടേണ്ടി വരും. പ്രൂണിങ്ങിലൂടെ മരം ഒതുങ്ങി വളരുന്നത് വലയിടൽ അനായാസമാക്കുമെന്നും ഡോക്ടർ.
റംബുട്ടാന് ഇടവിളയായി കൂവക്കൃഷിയുണ്ട്. വിപണനസാധ്യത ഉറപ്പാക്കാനായാൽ കൂവ മികച്ച ഇടവിളയാണെന്നു ഡോക്ടർ. ഇടവിളക്കൃഷി വരുന്നതോടെ തോട്ടത്തിലെ കളനീക്കൽ ചെലവ് ഒഴിവാകും. നട്ട് ആദ്യ 3 മാസം മാത്രമെ കൂവയ്ക്കു പരിപാലനം ആവശ്യമുള്ളൂ.
പ്രതീക്ഷകൾ
നട്ട് മൂന്നാം വർഷം ഒരു മരത്തിൽനിന്ന് ശരാശരി 30 കിലോ പഴം ലഭിക്കുമെന്നാണു കണക്ക്. പരിപാലന മികവിലൂടെ ഈ കണക്ക് 40–50 കിലോ വരെ ഉയർത്താൻ ഡോക്ടർക്കു കഴിഞ്ഞു. 4 വർഷം പ്രായമെത്തിയ ചെടിയിൽനിന്ന് ഈ സീസണിൽ ശരാശരി 70 കിലോ പഴമാണ് പ്രതീക്ഷിക്കുന്നത്. 7 വർഷം എത്തുന്നതോടെ ഇത് 100 കിലോ ആയി ഉയരും. കഴിഞ്ഞ വർഷം കിലോയ്ക്ക് 125 രൂപയ്ക്കു മൊത്തമായി വിൽക്കുകയാണുണ്ടായത്. ഈ വർഷവും വിലയിൽ കാര്യമായ ഏറ്റക്കുറവില്ല. കഴിഞ്ഞ വർഷം നിപ്പയെത്തുന്നതിനു തൊട്ടു മുൻപ് വിളവെടുപ്പു കഴിഞ്ഞതിനാല്‍ അതു പ്രശ്നമായില്ല.
ഏതെങ്കിലും ഇനത്തിന് വിലയിടിഞ്ഞാൽത്തന്നെ അതിനെ മറികടക്കുന്നതിനു പഴവർഗങ്ങളുടെ സമ്മിശ്രക്കൃഷിയിലേക്കും തിരിയണമെന്ന് ഡോ. തോമസ്. വാണിജ്യമൂല്യമുള്ളതും നമ്മുടെ കാലാ വസ്ഥയ്ക്കു ചേരുന്നതുമായ ഡ്രാഗൺഫ്രൂട്ട്, മാങ്കോസ്റ്റിൻ, അവ്ക്കാഡോ, ദുരിയാൻ തുടങ്ങിയ വിളകളിലേക്കു കടക്കാം.
കൃഷിയിടത്തിലെ പാറപ്പറ്റുള്ള പ്രദേശങ്ങളിൽ ഡോക്ടർ ഡ്രാഗൺഫ്രൂട്ട് കൃഷി തുടങ്ങിക്കഴിഞ്ഞു. 8X10 അടി അകലത്തിൽ 5 മാസം വളർച്ചയെത്തിയ 3200 ചെടികൾ. മികച്ച പോഷകഗുണങ്ങളും ആരോഗ്യമേന്മകളുമുള്ള പഴമാണ് ഡ്രാഗൺഫ്രൂട്ട്. എന്നാൽ നമ്മുടെ വിപണിയിൽനിന്ന് ഒരിക്കൽ വാങ്ങിയവർ വീണ്ടും വാങ്ങാൻ മടിക്കുന്ന സ്ഥിതിയുണ്ടെന്നു ഡോക്ടർ. മധുരക്കുറവും വെള്ളച്ചുവയുമാണ് കാരണം. അതിനെ മറികടക്കാൻ ഉയർന്ന മധുര സൂചിക (brix value)യുള്ള ഇനങ്ങൾ േവണം ഇനി കൃഷി ചെയ്യാന്‍. ബ്രിക്സ് വാല്യു കൂടിയ മലേഷ്യൻ റോയൽ റെഡ് ഇനമാണ് ഡോക്ടർ കൃഷി ചെയ്യുന്നത്. 150 മാങ്കോസ്റ്റിൻ മരങ്ങളും വളർന്നുവരുന്നു.
റംബുട്ടാൻ ഉൽപാദനത്തിൽ ഓരോ വർഷവും വൻ കുതിപ്പാണ് കാണുന്നത്. ഭാവിയില്‍ അത് വിപണിയെ ബാധിക്കാനുള്ള സാധ്യത ഡോക്ടർ തള്ളിക്കളയുന്നില്ല. നിലവിൽ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന റംബുട്ടാന്റെ മുഖ്യ പങ്കും ആഭ്യന്തര വിപണിയിൽത്തന്നെ വിറ്റഴിയുകയാണ്. ഒരു പങ്ക് ബെംഗളൂരു, മുംബൈ, ഡൽഹി പോലുള്ള മറുനാടൻ നഗരവിപണികളിലേക്കും പോകുന്നു. അതിനപ്പുറം ഉത്തരേന്ത്യയിലേക്ക് പരിചയപ്പെടുത്താനും ഗൾഫ് ഉൾപ്പെടെ രാജ്യാന്തരവിപണിയിലേക്കു പ്രവേശിക്കാനും കഴിഞ്ഞാൽ അമിതോൽപാദനത്തെക്കുറിച്ചുള്ള ആശങ്ക ഒഴിവാകും. നിലവിൽ 4–5 വർഷത്തെ വിപണി നിലവാരം പരിശോധിച്ചാൽ സുരക്ഷിതമായ വളർച്ചയാണ് റംബുട്ടാൻ വിപണിയിലുള്ളതെന്നു ഡോക്ടർ.
ഫോൺ: 9447745446