ADVERTISEMENT

കുതിച്ചുകയറിയ തീറ്റവിലയാണ് ഇന്ന് ക്ഷീരമേഖലയുടെ നട്ടെല്ലൊടിക്കുന്നത്. കാലിത്തീറ്റയുടെയും മരുന്നുകളുടെയും സപ്ലിമെന്റുകളുടെയുമെല്ലാം വിലയിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ, പാലിനു മാത്രം വില ഉയർന്നിട്ടുമില്ല. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവായതുകൊണ്ട് തീറ്റവില വർധിപ്പിക്കാതെ നിവൃത്തിയില്ലെന്ന് തീറ്റക്കമ്പനികളും പറയുന്നു. അതുകൊണ്ടുതന്നെ പല കർഷകരും ചെലവു ചുരുക്കാൻ ശ്രമിക്കുകയാണ്. 

കാലിത്തീറ്റയുടെ അളവ് കുറച്ച് പച്ചപ്പുല്ലും കൈതയിലയും ആവോളം നൽകി പശുവളർത്തൽ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാമെന്നു പറയുകയാണ് മൂവാറ്റുപുഴ നെല്ലാട് സ്വദേശി സി.കെ.അരുൺ. ബിസിനസും പിന്നീട് വൈറ്റ് കോളർ ജോലിയും ചെയ്തശേഷമാണ് അരുൺ കൃഷിയിലേക്കും പിന്നീട് കന്നുകാലി വളർത്തൽ മേഖലയിലേക്കും ഇറങ്ങിയത്. കഴിഞ്ഞ ഏഴു വർഷമായി മുഴുവൻസമയ ക്ഷീരകർഷകനാണ് അരുൺ. 

വീട്ടിലുണ്ടായിരുന്ന രണ്ടു പശുക്കളിൽനിന്നായിരുന്നു തുടക്കം. അതിനു പിന്നാലെ ഇടക്കറവയിലുള്ള പശുക്കളെ വാങ്ങി. ക്രമേണ ഫാം വിപുലീകരിക്കുകയായിരുന്നു. നല്ല പ്രായത്തിൽ പശുവിന്റെ കയറിൽപോലും പിടിച്ചിട്ടില്ലാത്ത അരുണിന്റെ വരുമാനമാർഗം പശുക്കളാണ്. തുടക്ക കാലത്ത് ക്ഷീരവികസന വകുപ്പിന്റെ പദ്ധതി വഴി തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന കന്നുകുട്ടികൾക്ക് പ്രതീക്ഷിച്ച നിലവാരം ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് സ്വന്തം ഫാമിലെ കന്നുകുട്ടികളെ വളർത്തി വലുതാക്കാൻ തീരുമാനിച്ചു. 

നാട്ടിൽത്തന്നെയുള്ള മികച്ച പശുക്കളെ പിന്നീട് വാങ്ങി. തമിഴ്നാട്ടിൽനിന്നുള്ള പശുക്കളെ വാങ്ങുന്നില്ലെന്നു തീരുമാനിച്ചു. മികച്ച പാലുൽപാദനമുള്ള പശുക്കളിൽ എൻഡിഡിബിയുടെ മികച്ച കാളകളുടെ ബീജം കുത്തിവച്ചു. ഇങ്ങനെയുണ്ടായ കന്നുക്കുട്ടികളെ വളർത്തി വലുതാക്കി ഫാമിലേക്ക് ചേർക്കുകയും ചെയ്തു. അമ്മപ്പശുവിന്റെ പാലുൽപാദനത്തിലും കൂടുതലാണ് മക്കളുടെ പാലുൽപാദനം എന്നത് നേട്ടം.

കന്നുക്കുട്ടികളെ വളർത്തിയെടുക്കുന്നത് നഷ്ടമാണെന്ന് പലരും പറയാറുണ്ടെങ്കിലും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്ന് അരുൺ. പാലുൽപാദനമോ മുൻ തലമുറയെക്കുറിച്ചോ ഒന്നും അറിയാതെ വലിയ വില കൊടുത്തു പുറമേനിന്ന് പശുക്കളെ വാങ്ങുന്നതിലും നല്ലത് സ്വന്തം ഫാമിൽനിന്ന് നല്ല കിടാരികളെ വളർത്തുന്നതാണെന്നാണ് ഈ കർഷകന്റെ അഭിപ്രായം. 

dairy-farming-arun-1

ആദ്യകാലത്ത് നാട്ടിൽനിന്ന് വാങ്ങിയ പശുക്കൾക്ക് ശരാശരി 15–18 ലീറ്റർ പാലുൽപാദനമുണ്ടായിരുന്നു. ഈ പശുക്കൾക്ക് എൻഡിഡിബിയുടെ ബീജം കുത്തിവച്ചുണ്ടായ കുട്ടികൾക്ക് കന്നിപ്രസവത്തിൽത്തന്നെ 18–20 ലീറ്റർ പാലുൽപാദനമുണ്ടായിരുന്നു. അടുത്ത പ്രസവങ്ങളിൽ പാലുൽപാദനം ഉയരുകയും ചെയ്തു. 

കറവയിലുള്ള 16 പശുക്കളിൽനിന്ന് പ്രതിദിനം ശരാശരി 190 ലീറ്റർ പാലാണ് ഇവിടുത്തെ ഉൽപാദനം. കറവയ്ക്ക് യന്ത്രം ഉപയോഗിക്കുന്നു. മിൽമയെ ആശ്രയിച്ചാണ് വിൽപന. ഉൽപാദിപ്പിക്കുന്ന പാലിന്റെ 30 ശതമാനം പ്രാദേശികമായി വിൽക്കുകയും ചെയ്യുന്നുണ്ട്. പാൽ വീട്ടിൽ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുക. കൂടുതൽ പ്രാദേശിക വിൽപനയ്ക്കായി ശ്രമിക്കുന്നുണ്ടെങ്കിലും അത് പൂർണമായി വിജയത്തിലേക്കെത്തിയിട്ടില്ലെന്ന് അരുൺ പറയുന്നു.

കന്നുകാലി വളർത്തൽ ലാഭകരമല്ല എന്ന് പറയുമ്പോഴും ലാഭകരമാക്കാൻ കഴിയുമെന്നാണ് അരുണിന്റെ അഭിപ്രായം. ലാഭകരമാകാത്തതിന് കാരണങ്ങളമുണ്ട്. കാലിത്തീറ്റയുടെ വിലവർധന കർഷകർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. എന്നാൽ, കാലിത്തീറ്റയെ അധികം ആശ്രയിക്കാതെ പശുക്കൾക്ക് ധാരാളം പച്ചപ്പുല്ല് നൽകിയാൽ ഈ പ്രശ്നം ഒഴിവാക്കാം. കാലിത്തീറ്റ പൂർണമായി ഒഴിവാക്കാൻ സാധിക്കില്ല. എന്നാൽ അളവ് കുറയ്ക്കാം. ഇവിടെ 20 ലീറ്ററിന് മുകളിൽ പാലുൽപാദനമുള്ള പശുക്കൾക്ക് ദിവസം ആകെ 6 കിലോ കാലിത്തീറ്റയാണ് നൽകുക. രാവിലെയും വൈകുന്നേരവും മൂന്നു കിലോ വീതം നൽകും. ഇതിനൊപ്പം ദിവസം 2 കിലോ പരുത്തിപ്പിണ്ണാക്ക് കുതിർത്തു നൽകുകയും ചെയ്യും. ഒപ്പം ചാഫ് കട്ടറിൽ അരിഞ്ഞ തീറ്റപ്പുല്ലും പൈനാപ്പിളിലയും ഒരു പശുവിന് ദിവസം 50 കിലോയോളം നൽകും. 

dairy-farming-arun-2

ഓരോ പശുവിനും കൃത്യമായ ഡാറ്റ സൂക്ഷിക്കുന്നു എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മാതാപിതാക്കളുടെ വിവരങ്ങളും പാലുൽപാദനവും ജനനത്തീയതിയും ബീജാധാന തീയതിയുമെല്ലാം പ്രധാനമായും റെക്കോർഡ് ചെയ്യുന്നുണ്ട്. അതുപോലെതന്നെ കുറഞ്ഞത് 2 ആഴ്ചയിൽ ഒരിക്കൽ വീതമെങ്കിലും ഓരോ പശുവിന്റെയും പാലുൽപാദനം രേഖപ്പെടുത്തിവയ്ക്കുന്നുണ്ട്.

പശുക്കളുടെ എണ്ണം ഉയർത്തി 35 പശുക്കളെങ്കിലും ഉണ്ടാകുന്ന വിധത്തിൽ ഫാം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അരുൺ. ഇപ്പോഴുള്ള പ്രധാന ഷെഡ്ഡിനോടു ചേർന്ന് 10 പശുക്കളെക്കൂടി കെട്ടാനുള്ള ഭാഗത്തിന്റെ നിർമാണം വൈകാതെ തുടങ്ങാനാണ് തീരുമാനം. കാലിത്തീറ്റയുടെ ഉപയോഗം കുറച്ചും നല്ല കിടാരികളെ വളർത്തിയെടുത്തും ഒരു ഫാം മികച്ച രീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്ന് സ്വന്തം ഫാമിലൂടെ തെളിയിച്ചു തരുന്ന ഈ കർഷകനെ മാതൃകയാക്കാം.

ഫോൺ: 9656912213

English summary: Success Story of a Dairy Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com