ADVERTISEMENT

കല്ലടയാറിന്റെ കരയിലെ കുരിയോട്ടു മല ഹൈടെക് ഡെയറി ഫാം പച്ചക്കുന്നുകളും പുൽപ്പരപ്പും കൊണ്ടു ജില്ലയുടെ  ടൂറിസം ഭൂപടത്തിൽ ‘ഫാം ടൂറിസം’ എന്ന് തെളിച്ചെഴുതുമ്പോൾ കാഴ്ചകൾക്കും പച്ചപിടിക്കുന്നു. പത്തനാപുരം പിറവന്തൂർ പഞ്ചായത്തിൽ 106 ഏക്കറോളം പടർന്നുകിടക്കുന്ന ഫാമിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കാർഷിക– ടൂറിസം അധിഷ്ഠിത വികസന പ്രവർത്തനങ്ങളാണു നടക്കുന്നത്. ഹിൽ സ്റ്റേഷനുകളെ അനുസ്മരിപ്പിക്കുന്ന തണുത്ത കാലാവസ്ഥയും കാറ്റും നിറഞ്ഞ ‘വളർത്തുമൃഗങ്ങളുടെ ഈ വീട്’ കൊല്ലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാകാൻ ഇനി കാലതാമസമില്ല. 

kuriyotumala-farm-tourism
കുരിയോട്ടുമലയിലെ ഡെയറി ഫാം

650 പശുക്കൾ, 400 ആടുകൾ

കാഴ്ചകളേറെയുണ്ടു ഫാമിനുള്ളിൽ. വിവിധ ഇനങ്ങളിലുള്ള 650 പശുക്കളും നാനൂറിലേറെ ആടുകളും മുയലുകളും കുതിരയും തുടങ്ങി എമുവും ഒട്ടകപക്ഷികളും വരെ ഫാമിലുണ്ട്. ഇവർക്കെല്ലാമുള്ള പുല്ലും തീറ്റയുമെല്ലാം ഇവിടെ തന്നെ ഉൽപാദിപ്പിക്കുകയാണ്. ഫാമിന്റെ പച്ചപ്പിൽ ഏറിയ പങ്കും വിദേശത്തു നിന്നുൾപ്പെടെ വരുത്തി നട്ടുപിടിപ്പിച്ച പുല്ലുകളാണ്. ആയിരം ലീറ്ററോളം പാലാണു പ്രതിദിന ഉൽപാദനം. ഇതിനായി മിൽക്കിങ് പാർലർ യൂണിറ്റ് ഫാമിലുണ്ട്. ഇതിനു പുറമേ ഐസ്ക്രീം ഉൾപ്പെടെയുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണപദ്ധതിയും പ്രാരംഭ ഘട്ടത്തിലാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ പറഞ്ഞു. മാത്രമല്ല, കിഴക്കൻ മേഖലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോന്നി, ആനക്കൂട്, പാലരുവി, തെന്മല ഇക്കോ ടൂറിസം എന്നിവയുമായെല്ലാം കുരിയോട്ടുമല ഫാം ടൂറിസത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾക്ക് സാധ്യതകളേറെയാണ്. വിനോദ സഞ്ചാര മേഖലയിൽ നേട്ടങ്ങൾ സൃഷ്ടിക്കുന്നിനൊപ്പം ഒട്ടേറെ പേർക്ക് തൊഴിൽ നൽകാനും ഫാം ടൂറിസം പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹണിമൂൺ കോട്ടേജ്, മലമുകളിലുള്ള ഹട്ടുകൾ, പൂന്തോട്ടങ്ങൾ, ചിൽഡ്രൻസ് പാർക്ക് മുതലായവ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. അ‍ഡ്വഞ്ചർ ടൂറിസത്തിലേക്കുള്ള കാൽവയ്പുകളായി ഹോഴ്സ് റൈഡിങ് പരിശീലനം, റോപ് വേ, കുട്ടവഞ്ചി, സൈക്കിൾ ട്രാക്കുകൾ എന്നിവ നിർമിക്കാനും പദ്ധതിയുണ്ട്. അടുത്ത ഘട്ടത്തിൽ ഇന്ത്യയിലെ തനതായ വളർത്തുമൃഗങ്ങളുടെ തുറന്ന മ്യൂസിയം (ഡൊമസ്റ്റിക് ആനിമൽ മ്യൂസിയം), സൗത്ത് അമേരിക്കൻ തത്തകളുടെ പ്രദർശനം എന്നിവ ആരംഭിക്കും.

വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവിടാനും വിനോദത്തിനൊപ്പം വിജ്​ഞാനവും പകർന്നു നൽകുക എന്നതുമാണ് ഫാം ടൂറിസത്തിന്റെ ലക്ഷ്യമെന്ന് കുരിയോട്ടുമല ഹൈടെക് ഡെയറി ഫാം മുൻ സൂപ്രണ്ടും ടൂറിസം ഫെസിലിറ്റേറ്ററും ആയ ഡോ. സി.എസ്.ജയകുമാർ പറയുന്നു.

കുന്നിൻമുകളിലുള്ള ഫാമിലേക്കുള്ള വഴി നീളെ ജീവൻ തുടിക്കുന്ന മൃഗങ്ങളുടെ ശിൽപങ്ങളാണ് കാത്തുനിൽക്കുന്നത്. സ്വതന്ത്രരായി പറന്നുനടക്കുന്ന എണ്ണമറ്റ മയിലുകളും മറ്റു കിളികളും ചുറ്റിനുമുണ്ട്. തട്ടുതട്ടായി കിടക്കുന്ന കുന്നിൻ പ്രദേശമാകെ തീറ്റപ്പുല്ലുകളും മരങ്ങളുമാണ്. ഇടയ്ക്കിടെ കാണാനാകുന്ന ഷെ‍ഡുകൾക്ക് ഉളളിലേക്കു കടന്നാൽ മുയൽക്കുഞ്ഞ് മുതൽ പശുക്കൾ വരെയുള്ള വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത് നേരിൽ കാണാം.

ഫാമിലെ കാഴ്ചകൾ ആസ്വദിക്കാൻ ഒരാൾക്ക് 20 രൂപ നിരക്കിലാണ് ടിക്കറ്റ്. 35 വിദ്യാർഥികളും 2 അധ്യാപകരും  അടങ്ങുന്ന സ്കൂൾ സംഘങ്ങൾക്ക് 300 രൂപയും. 

ഡൊമസ്റ്റിക് അനിമൽ  മ്യൂസിയം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉൾനാടൻ ഗ്രാമങ്ങളിൽനിന്നു വരെയുള്ള  വളർത്തുമൃഗങ്ങളെ ഇനി കൊല്ലത്ത് ഒരു കുടക്കീഴിൽ കാണാം. 10,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ഡൊമസ്റ്റിക് അനിമൽ മ്യൂസിയത്തിൽ  അവയുടെ ചെറിയ ഫൈബർ ശിൽപങ്ങൾ, അസ്ഥികൂടം അവയെ സംബന്ധിച്ച വിവരങ്ങൾ എന്നിവ ഉണ്ടാകും. കെട്ടിയടച്ച മുറികൾക്കുള്ളിലല്ല, തുറന്ന ഇടങ്ങളിലാകും ഇവരെ കാണാൻ കഴിയുന്നത്. ആഫ്രിക്കയിൽ നിന്നുള്ള മൃഗങ്ങൾക്ക് മാത്രമായി ഒരു മല തന്നെ വിട്ടു നൽകാനുള്ള പദ്ധതിയുമുണ്ട്.

kuriyotumala-farm-tourism-2

ആനയിറങ്ങിയേ, ഇത് ‘കല്ലാന’

‘കുരിയോട്ടുമലയിൽ കാട്ടാനയിറങ്ങി’! വാട്സാപിൽ  പ്രചരിച്ച സന്ദേശം കണ്ട് ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥർ വരെ ഒന്നു കുലുങ്ങി. കരിമ്പാറക്കൂട്ടങ്ങൾക്കിടയിൽ കൊമ്പുയർത്തി നിൽക്കുന്ന വലിയൊരു കാട്ടാനയാണു ചിത്രത്തിൽ. കാട്ടാനയുടെ നാട്ടിറക്കങ്ങൾ പതിവായ പത്തനാപുരം മേഖലയിൽ ഇങ്ങനെയൊരു സന്ദേശം വിശ്വസിക്കാതിരിക്കേണ്ടതില്ല. ഫാമിൽ ഇറങ്ങിയ കാട്ടാനയുടെ ചിത്രത്തിലേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതു കാട്ടാനയല്ല വെറും കല്ലാനയാണെന്നു തിരിച്ചറിഞ്ഞത്. സത്യത്തിൽ നല്ലൊന്നാന്തരമൊരു കാട്ടാനയുടെ രൂപവും ശൗര്യവുമെല്ലാം സിമന്റിൽ മെനഞ്ഞെടുത്ത ശിൽപമായിരുന്നു അത്. ഫാമിലെ ഏറ്റവും മുകൾനിരയിലുള്ള പാറക്കൂട്ടങ്ങൾക്കിടയിലാണ് ആനശിൽപമുള്ളത്.

kuriyotumala-farm-tourism-1
കാട്ടുപോത്തിന്റെ പ്രതിമ

മലയുടെ മുകളിലേക്ക് കയറുന്ന വഴിയരികിൽ പുല്ലു മേഞ്ഞുകൊണ്ടിരിക്കുന്ന കാട്ടുപോത്തിനെ കാണാം, മനുഷ്യന്റെ കാലടി ശബ്ദം കേൾക്കുമ്പോൾ പെട്ടെന്ന് തിരിഞ്ഞു നോക്കുന്ന വിധമൊരു ശിൽപം. ജീവനില്ലെന്നു  തൊട്ടുനോക്കാതെ ആർക്കും ഉറപ്പിക്കാനാകാത്ത വിധമാണിതിന്റെ നിർമാണം. കുരിയോട്ടുമലയിൽ ഇത്തരം ഒട്ടേറെ അത്ഭുങ്ങളാണ് ശിൽപി ദീപേഷ് അഞ്ചൽ ഒരുക്കിയിട്ടുള്ളത്. പ്രവേശന കവാടത്തിലെ ശിൽപം മുതൽ സഞ്ചാരികളെ വരവേൽക്കുന്ന ഒട്ടകപ്പക്ഷിയും പശുവും കിടാവും ആനയും വരയാടും കരിമ്പുലിയും  ഉൾപ്പെടെ പതിനാലു ശിൽപങ്ങളാണ് വിവിധ മലകളിലായി ഇവിടെയുള്ളത്. സിമന്റിൽ തീർക്കുന്ന ശിൽപങ്ങൾക്ക് പ്രത്യേകം നിറം ചെയ്തു ജീവൻ നൽകുകയാണ് ശിൽപി. ഫാമിൽ ആരംഭിക്കാൻ പോകുന്ന ആഫ്രിക്കൻ മൃഗങ്ങളുടെ മല, ഇന്ത്യയിലെ മൃഗങ്ങളുടെ മല എന്നിവയും ശിൽപങ്ങൾ കൊണ്ട് നിറയ്ക്കുന്നത് ദീപേഷാണ്. ജിറാഫ്, സീബ്ര, ആഫ്രിക്കൻ സിംഹം 14 ഇനങ്ങളിലുള്ള പശുക്കൾ എന്നിങ്ങനെ ഒട്ടേറെ ജീവികളാണ് ഈ രണ്ട് മലകളിലായി വരിക. ജില്ലയിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം, പാലക്കാട്ട് പറമ്പിക്കുളം ആദിവാസി മ്യൂസിയം, മൂന്നാർ രാജമലയിലെ വരയാട് എന്നിവയെല്ലാം ദീപേഷിന്റെ കരവിരുതിൽ വിരിഞ്ഞവയാണ്.

kuriyotumala-farm-tourism-7
ഫാമിലെ ഒട്ടകപ്പക്ഷികൾ

അദ്ഭുത പക്ഷികൾ

ലോകത്തിലെ ഏറ്റവും ഉയരമുള്ള പക്ഷി, ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി, ഏറ്റവും വേഗമുള്ള പക്ഷി – ഉത്തരമൊറ്റ പേരിൽ ഒതുങ്ങും മരുഭൂമിയുടെ സ്വന്തം ‘ഒട്ടകപ്പക്ഷി’. നാട്ടിൽ അത്യപൂർവമായി മാത്രം കണ്ടുവരുന്ന ഒട്ടകപ്പക്ഷികളെ അടുത്തു കാണണമെങ്കിൽ ഫാമിലേക്ക് സ്വാഗതം. 5 കൂറ്റൻ ഒട്ടകപ്പക്ഷികളെയാണു ഫാമിൽ പരിപാലിക്കുന്നത്. രണ്ടര ലക്ഷത്തോളം രൂപ വരെയാണ് ഒട്ടകപ്പക്ഷിയുടെ വില. ആറടിയിലേറെ ഉയരത്തിൽ നമുക്കരികിൽ നിൽക്കുന്ന പക്ഷീഭീമനെ തലയുയർത്തി ഒന്നു കാണേണ്ടതു  തന്നെയാണ്.

തൊട്ടാൽ പൊട്ടാത്ത ‘ഒട്ടകപ്പക്ഷിമുട്ട’

ആഹാ ആനമുട്ടയാണു കിട്ടിയതല്ലേ! ചരിത്രാതീത കാലം മുതൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ കേട്ടുവരുന്ന പ്രയോഗം. എന്നാൽ ഭൂമിയിലെ ഏറ്റവും വലിയ ജീവിയാണെങ്കിലും ആനയ്ക്ക് ‘നമ്മളീ പറയുന്ന പോലെ ആനമുട്ടകളിടാൻ’ സാധിക്കാത്തതിനാൽ ഒട്ടകപ്പക്ഷിയുടെ മുട്ട തന്നെയാണ്  ലോകത്തിൽ നിലവിലുള്ള ഏറ്റവും വലിയ മുട്ട. കട്ടിപുറന്തോടും  കൈവെള്ളയിൽ ഒതുങ്ങാത്ത അത്ര വലുപ്പവുമുള്ള മുട്ടയാണത്. ഏതാണ്ട് ഒരു കിലോയിലധികം ഭാരവും 15 സെന്റി മീറ്റർ വ്യാസവും  കാണും. മുട്ട വിരിയാൻ ഏതാണ്ട് 40 ദിവസത്തോളം വേണം. ആ മുട്ട ഉപയോഗിച്ചൊരു ഓംലെറ്റ് ഉണ്ടാക്കിയാൽ ഏകദേശം 15 ആളുകൾക്ക് എങ്കിലും പ്രാതൽ തയാർ. ഒട്ടകപ്പക്ഷിമുട്ടയ്ക്ക് 2000 രൂപയിലധികം വിലയുണ്ട്. ഫാമിലെ മുട്ടകൾ നിലവിൽ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നില്ല. മുട്ട വിരിയിച്ച് എടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

kuriyotumala-farm-tourism-4
സവാരിക്ക് കുതിരകൾ

കുതിരകൾ

5 കുതിരകളാണ് ഫാമിലുള്ളത്. സ്പൈസി, ഗ്രാൻ‍ഡ് മാസ്റ്റർ, എൻടി, മായ, സീക്രട് ഐ‍‍ഡി എന്നിങ്ങനെയുള്ള പേരുചൊല്ലിയാണ് വിദേശ ബ്രീഡുകളായ ഈ കുതിരകളെ വിളിക്കുന്നത്. കാഴ്ചക്കാർക്ക് കുതിരസവാരിയൊരുക്കാനാണ് ഇവയെ  ഇവിടെ എത്തിച്ചിരിക്കുന്നത്. ആറ് മാസം മുൻപ് ജയ്പൂരിൽ നിന്നു വാങ്ങിയ പന്തയക്കുതിരകളാണ് ഇവ. ഭാവിയിൽ റൈഡിങ് ക്ലബ്ബുകൾ ആരംഭിക്കാനും പരിശീലനം നൽകാനുമുള്ള പദ്ധതിയുണ്ട്.

kuriyotumala-farm-tourism-3
ആധുനിക സജ്ജീകരണങ്ങളോടെ താമസസൗകര്യം

താമസസൗകര്യങ്ങൾ

ഫാമിലെ കാഴ്ച കണ്ടു  മടങ്ങാൻ മാത്രമല്ല, രാത്രിയിൽ ഇവിടെ തങ്ങാനും സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞു. 12 പേർക്ക് 3000 രൂപ നിരക്കിൽ ഇവിടെ ആധുനിക സജ്ജീകരണങ്ങളോടെ താമസസൗകര്യമുണ്ട്. ദൂരക്കാഴ്ചകൾ ആസ്വദിക്കാനാകും വിധമുള്ള ഉയർന്ന കോട്ടേജുകൾ അവസാന ഘട്ടനിർമാണത്തിലാണ്. ജനലുകൾ തുറന്നിട്ടാൽ തണുത്ത കാറ്റും നിറയെ പച്ചപ്പുമാണിവിടെ. ഹണിമൂൺ കോട്ടേജുകളും ഒരുക്കാൻ പദ്ധതിയുണ്ട്

kuriyotumala-farm-tourism-6

കുരിയോട്ടുമലയിലെത്താം

കൊല്ലത്തുനിന്ന് 46 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ കുരിയോട്ടുമലയിലെത്തി കാഴ്ചകൾ ആസ്വദിക്കാം. കൊട്ടാരക്കര വഴി പുനലൂരിലെത്തിയാണു കുരിയോട്ടുമലയിലേക്കു പ്രവേശിക്കുക. കുരിയോട്ടുമലയുടെ സമീപപ്രദേശത്ത് ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഉള്ളത്.

  • പത്തനംതിട്ടയിൽനിന്നു പത്തനാപുരം വഴി കുരിയോട്ടുമലയിലെത്താം– 39 കി.മീ 
  • തിരുവനന്തപുരത്തുനിന്നു പുനലൂർ വഴി 75 കി.മീ 
  • ആലപ്പുഴയിൽനിന്നു കായംകുളം-പത്തനാപുരം വഴി 104 കി.മീ. 
  • കോട്ടയത്തുനിന്നു തിരുവല്ല-അടൂർ-പത്തനാപുരം വഴി 93 കി.മീ 
  • തമിഴ്നാട് തെങ്കാശി വഴി ആര്യങ്കാവ് അതിർത്തിയിലൂടെ എത്തുന്നവർക്ക് പുനലൂർ വഴി കുരിയോട്ടുമലയിൽ എത്താം– 62 കി.മീ 

സമീപത്തെ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളും അവിടേക്കുള്ള ദൂരവും 

  • പുനലൂർ തൂക്കുപാലം- 4.5 കി.മീ 
  • തെന്മല ഇക്കോ ടൂറിസം- 25 കി.മീ 
  • തെന്മല പരപ്പാർ അണക്കെട്ട്- 25 കി.മീ .
  • പാലരുവി വെള്ളച്ചാട്ടം- 40 കി.മീ .
  • കുംഭാവുരുട്ടി വെള്ളച്ചാട്ടം- 46 കി.മീ 
  • കുറ്റാലം വെള്ളച്ചാട്ടം - 62 കി.മീ 
  • ഗവിയിലേക്കുള്ള പ്രവേശന കവാടമായ ആങ്ങംമൂഴി- 63 കി.മീ 

English summary: Kuriyottumala is now a farm tourism spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com