ADVERTISEMENT

പന്നികളിലെ മാരക പകർച്ചവ്യാധിയായ ആഫ്രിക്കൻ പന്നിപ്പനി കേരളത്തിൽ ആദ്യമായി സ്ഥിരീകരിച്ചത് ജൂലൈയിൽ വയനാട്ടിലായിരുന്നു. തുടർന്ന് ജില്ലയിലെ തന്നെ മറ്റു ചില പന്നിഫാമുകളിലും കണ്ണൂരിലും രോഗബാധ കണ്ടെത്തുകയുണ്ടായി. രോഗപ്രതിരോധത്തിന്റെ ഭാഗമായി 950ൽപ്പരം പന്നികളെയാണ് രണ്ടു ജില്ലകളിലുമായി അന്നു കൊന്നൊടുക്കിയത്. ഒന്നരമാസത്തിനു ശേഷം സെപ്റ്റംബറിൽ വയനാട്ടിൽ വീണ്ടും രോഗം പൊട്ടിപ്പുറപ്പെട്ടു. അടിയന്തര രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫാമിലെയും അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലേയും അറുപതോളം പന്നികളെ മൃഗസംരക്ഷണ വകുപ്പ് അധികൃതർ കൊന്നൊടുക്കി. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വേഗത്തിലുള്ളതും ചിട്ടയായതുമായ പ്രതിരോധപ്രവർത്തനങ്ങളാണ് രോഗത്തെ നിയന്ത്രിച്ച് നിർത്താൻ സഹായകരമായത്.  തൃശൂർ ജില്ലയിലെ ചേർപ്പ് എട്ടുമനയിലെ ഫാമിലാണ് ഇപ്പോൾ രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. മൂന്ന് ആഴ്ചയ്ക്കിടെ നൂറിലധികം പന്നികളാണ് ഇവിടെ ചത്തൊടുങ്ങിയത്. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ വേഗത്തിലുള്ള രോഗപ്രതിരോധ നടപടികൾ ഇവിടെ പുരോഗമിക്കുകയാണ്.

പന്നികളിലെ എബോള

പന്നിക്കർഷകരുടെ തലയ്ക്ക് മീതെ ഡെമോക്ലീസിന്റെ വാൾ പോലെ തൂങ്ങികിടന്ന് പന്നികളിൽ മരണമണി മുഴക്കി പടരുന്ന ആഫ്രിക്കൻ സ്വൈൻ ഫീവറിനെ പന്നികളിലെ എബോള എന്നാണ് ശാസ്ത്രലോകം ഇന്ന് വിശേഷിപ്പിക്കുന്നത്. പടർന്നുപിടിച്ചാൽ കേരളത്തിലെ പന്നിവളർത്തൽ മേഖലയെ തന്നെ തുടച്ചുനീക്കാൻ തക്ക പ്രഹരശേഷി ആഫ്രിക്കൻ സ്വൈൻ ഫീവറിനുണ്ട്. കാരണം ഒരു നൂറ്റാണ്ടിൽ അധികമായി ലോകമെമ്പാടും പന്നിവളർത്തൽ മേഖലയിൽ വലിയ സാമ്പത്തികനഷ്ടം വിതയ്ക്കുന്ന രോഗമാണെങ്കിലും ഈ പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ ഫലപ്രദമായ മരുന്നുകളോ വാക്സീനുകളോ ഇതുവരെ പ്രചാരത്തിലില്ല. രോഗം ബാധിച്ചാൽ പന്നികൾ ലക്ഷണങ്ങൾ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണപ്പെടാനുള്ള സാധ്യത നൂറു ശതമാനമാണ്. ആഫ്രിക്കൻ സ്വൈൻ ഫീവർ സ്ഥിരീകരിച്ചാൽ രോഗം കണ്ടെത്തിയ ഫാമിലെയും ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന മറ്റ് പന്നിഫാമുകളിലെയും പന്നികളെയെല്ലാം ശാസ്ത്രീയരീതിയിൽ കൊന്ന് ജഡങ്ങൾ സുരക്ഷിതമായി മറവുചെയ്യുകയാണ് രോഗനിയന്ത്രണത്തിനുള്ള ഏകവഴി. 

മനുഷ്യരിലേക്ക് പകരില്ല; പന്നിമാംസം കഴിക്കുന്നതിലും പേടിവേണ്ട

പന്നികളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്ത്യജന്യ രോഗങ്ങളിൽ ഒന്നല്ല ആഫ്രിക്കൻ സ്വൈൻ ഫീവർ. പന്നികളിൽ മാത്രമായി ഒതുങ്ങി രോഗമുണ്ടാക്കുന്ന വൈറസാണിത്.  അതിനാൽ പന്നിമാംസം കൈകാര്യം ചെയ്യുന്നതിലോ കഴിക്കുന്നതിലോ ആശങ്ക വേണ്ട. മറിച്ചുള്ള വാർത്തകളെല്ലാം പൂർണമായും വസ്തുതാവിരുദ്ധമാണ്.

മനുഷ്യരിൽ രോഗമുണ്ടാക്കുന്നിലെങ്കിലും രോഗബാധയേറ്റ പന്നികളുമായി ഇടപഴകുന്നവർ വഴി അവരുടെ വസ്ത്രങ്ങളിലൂടെയും പാദരക്ഷകളിലൂടെയും വാഹനങ്ങളിലൂടെയുമെല്ലാം പരോക്ഷമായി വൈറസ്  മറ്റു പന്നിഫാമുകളിലേക്ക് വ്യാപിക്കാം. പന്നികളെ മാത്രം ബാധിക്കുന്ന ഈ വൈറസ് മറ്റ് വളർത്തുമൃഗങ്ങളിലും പക്ഷികളിലും രോഗമുണ്ടാക്കുന്നില്ല.

രോഗം പകരുന്ന വഴി

അസ്ഫാർവൈറിഡെ എന്ന ഡിഎൻഎ വൈറസ് കുടുംബത്തിലെ ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസുകളാണ് രോഗത്തിന് കാരണം. വളർത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും രോഗം ബാധിക്കും. കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനത്തിൽപ്പെട്ട പന്നികളിലും രോഗസാധ്യത ഉയർന്നതാണ്.  രോഗവാഹകരും രോഗബാധിതവുമായ പന്നികൾ  ഉമിനീർ, മൂത്രം തുടങ്ങി ശരീരസ്രവങ്ങളിലൂടെയും വിസർജ്യത്തിലൂടെയും വൈറസുകളെ പുറന്തള്ളും. ഈ വൈറസുകൾക്ക് പ്രതികൂലസാഹചര്യങ്ങൾ അതിജീവിച്ച് ദീർഘകാലം പരിസരങ്ങളിൽ നിലനിൽക്കാനുള്ള കഴിവുമുണ്ട്. രോഗം ബാധിച്ച പന്നികളുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പ്രധാനമായും പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗം ബാധിച്ചവയുടെ ശരീരസ്രവങ്ങളും വിസർജ്യവും കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം  വഴി പരോക്ഷമായും ആഫ്രിക്കൻ  സ്വൈൻ ഫീവർ അതിവേഗം പടര്‍ന്നുപിടിക്കും. പന്നികളിലെ ബാഹ്യപരാദങ്ങളായ ഓർണിത്തോഡോറസ് വിഭാഗത്തിൽ പെട്ട ഒരിനം പട്ടുണ്ണികൾക്കും രോഗം പടർത്താൻ ശേഷിയുണ്ട്. എന്നാൽ ഈ ഇനത്തിൽപ്പെട്ട പട്ടുണ്ണികൾ കേരളത്തിൽ ഇല്ല എന്നത് ആശ്വാസകരമാണ്. 

വൈറസ് ബാധയേറ്റ് മൂന്ന് ദിവസം മുതൽ മൂന്നാഴ്ചക്കകം പന്നികൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനി, തീറ്റമടുപ്പ്, ശരീരതളർച്ച, രക്തസ്രാവം മൂലം ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചർമ്മത്തിന് ചുവന്നനിറവ്യത്യാസം, വായിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം, രക്തം കലർന്ന വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപ് തന്നെ പന്നികൾ വൈറസുകളെ പുറന്തള്ളും. തീവ്രരോഗബാധയേറ്റ പന്നികളിൽ മരണനിരക്ക് നൂറു ശതമാനമാണ്.

ജാഗ്രതയാണ് പ്രതിരോധം    

  • കേരളത്തിൽ വീണ്ടും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമുകളിലേക്ക് പുതിയ പന്നികളെയും പന്നിക്കുഞ്ഞുങ്ങളെയും വാങ്ങുന്നത് താൽകാലികമായി ഒഴിവാക്കണം. ബ്രീഡിങ്ങിന് വേണ്ടി ഫാമിലേയ്ക് പുതിയ ആൺപന്നികളെ കൊണ്ടുവരുന്നതും ഫാമിലെ പന്നികളെ പുറത്തുകൊണ്ടുപോവുന്നതും തൽകാലത്തേക്ക് നിർത്തിവയ്ക്കണം.  വിപണത്തിനായി ഫാമിൽ നിന്നും പുറത്തുകൊണ്ടുപോകുന്ന പന്നികളെ തിരിച്ചുകൊണ്ടുവരുന്ന സാഹചര്യത്തിൽ മൂന്നാഴ്ച പ്രത്യേകം മാറ്റിപാർപ്പിച്ച് ക്വാറന്റൈൻ നൽകുന്നത് രോഗപകർച്ച തടയും. പന്നിയിറച്ചിയും പന്നിയുൽപന്നങ്ങളും ഫാമിനുള്ളിലേക്കു കൊണ്ടുവരുന്നത് ഒഴിവാക്കണം.
  • പന്നിഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനും ജൈവസുരക്ഷാമാർഗ്ഗങ്ങൾ പൂർണമായും പാലിക്കുന്നതിനും മുഖ്യപരിഗണന നൽകണം. ഫാമിനകത്ത്  ഉപയോഗിക്കാൻ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും ഉറപ്പുവരുത്തണം. ഫാമിൽ അനാവശ്യസന്ദർശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് കർശനമായി നിയന്ത്രിക്കണം. മറ്റു പന്നിഫാമുകൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. പുറത്തുനിന്ന് വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത്  ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അവരുടെ വാഹനങ്ങളും പാദരക്ഷകളും അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്ക്  ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. ബ്ലീച്ചിങ് പൗഡർ മൂന്ന്  ശതമാനം ലായനി ഫാമുകളിൽ ഉപയോഗിക്കാവുന്ന  എളുപ്പത്തിൽ ലഭ്യമായ അണുനാശിനിയാണ്. ഒരുലിറ്റർ വെള്ളത്തിൽ മുപ്പത് ഗ്രാം ബ്ലീച്ചിങ് പൗഡർ എന്ന അനുപാതത്തിൽ ചേർത്തിളക്കി ഇരുപത് മിനിട്ടിന് ശേഷം തെളിവെള്ളം അണുനാശിനി ആയി ഉപയോഗിക്കാം. മൂന്ന് ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, നാല് ശതമാനം അലക്കുകാരലായനി (സോഡിയം കാർബണേറ്റ് ), കുമ്മായം എന്നിവയും അണുനാശിനികൾ ആയി ഉപയോഗിക്കാം. ഫാമിന്റെ ഗേറ്റിൽ അണുനാശിനി നിറച്ച് ഫൂട് ബാത്ത് ക്രമീകരിക്കണം.
  • പന്നിഫാമുകളിൽ രോഗബാധകൾ പൊട്ടിപ്പുറപ്പെടുന്നതിന്റെ പ്രധാന വഴികളിലൊന്ന് പന്നികൾക്ക് ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള അവശിഷ്ടങ്ങളും മിച്ചാഹാരവും  തീറ്റയായി നൽകുന്ന സ്വിൽ ഫീഡിങ് രീതിയാണ്. സ്വിൽ ഫീഡിങ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഹോട്ടൽ -മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള  അവശിഷ്ടങ്ങൾ ഇരുപത് മിനിറ്റെങ്കിലും വേവിച്ചുമാത്രം പന്നികൾക്ക് നൽകാൻ ശ്രദ്ധിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ മാംസം അടങ്ങിയ അറവുശാല അവശിഷ്ടങ്ങൾ പന്നികൾക്ക് തീറ്റയായി നൽകുന്ന പരിമിതപ്പെടുത്തുന്നതാണ് ഉചിതം. പന്നികളെയും കോഴികളെയും ഒരുമിച്ച്  കശാപ്പ് ചെയ്യുന്ന കേന്ദ്രങ്ങളിൽ നിന്നും പന്നിക്കശാപ്പ് ശാലകളുടെ സമീപങ്ങളിൽ നിന്നുമുള്ള കോഴിവേസ്റ്റ് പന്നികൾക്ക് ഒരു കാരണവശാലും തീറ്റയായി നൽകാതിരിക്കാൻ ശ്രദ്ധിക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും പന്നി മാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിന് ശേഷം വസ്ത്രവും പാദരക്ഷകളും മാറാതെയും ശുചിയാക്കാതെയും ഫാമിനുള്ളിൽ കയറി പന്നികളുമായി ഇടപഴകരുത്.
  • കാട്ടുപ്പന്നികൾ ധാരാളമായി കാണപ്പെടുന്ന മേഖലകൾ കേരളത്തിൽ ധാരാളമുണ്ട് കാട്ടുപ്പന്നികൾ കാണപ്പെടുന്ന പ്രദേശങ്ങളോടെ ചേർന്ന് പന്നിഫാമുകളും നിരവധി പ്രവർത്തിക്കുന്നുണ്ട് . ആഫ്രിക്കൻ പന്നിപ്പനി വ്യാപിപ്പിക്കുന്നതിൽ കാട്ടുപന്നികൾക്ക് വലിയ പങ്കുണ്ട് . ഈ സാഹചര്യത്തിൽ പന്നിഫാമുകളിലും പരിസരങ്ങളിലും കാട്ടുപ്പന്നികളെ നിയന്ത്രിക്കാനുള്ള നടപടികൾ വേണ്ടതുണ്ട് . കാട്ടുപന്നികളെ ആകർഷിക്കുന്ന രീതിയിൽ തീറ്റ അവശിഷ്ടങ്ങൾ ഫാമിലും പരിസരത്തും നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പന്നികൾ കഴിച്ചതിന് ശേഷം ബാക്കിവരുന്ന തീറ്റ അലക്ഷ്യമായി കൂട്ടിയിടാതെ സംസ്കരിക്കണം. കാട്ടുപന്നികളുടെ സാന്നിധ്യം കൂടിയ പ്രദേശത്താണ് ഫാം എങ്കിൽ ഫാമിന് ചുറ്റും  ഗാൽവനൈസ്‌ഡ്‌ അയേൺ മെഷ് ഉപയോഗിച്ച് ഫെൻസിങ് നടത്തുന്നത് ഫലപ്രദമാണ്. ഫെൻസിങ് നടത്തുമ്പോൾ ഫാമിനും ഫെൻസിങിനും ഇടയിൽ ചുരുങ്ങിയത് അഞ്ചുമീറ്റർ അകലം നൽകണം.  കാട്ടുപന്നികളിൽ ഉയർന്നനിരക്കിൽ അസ്വാഭാവിക മരണം ശ്രദ്ധയിൽ പെട്ടാൽ മൃഗസംരക്ഷണവകുപ്പിൽ വിവരം അറിയിക്കണം. പന്നികളുടെ രക്തം ആഹാരമാകുന്ന ബാഹ്യപരാദങ്ങളായ ഓർണിത്തോഡോറസ് ഇനത്തിൽപ്പെട്ട പട്ടുണ്ണികൾക്കും രോഗം പടർത്താൻ ശേഷിയുണ്ട് എന്ന് മുൻപ് സൂചിപ്പിച്ചുവല്ലോ. ഈ ഇനത്തിൽപ്പെട്ട പട്ടുണ്ണികൾ കേരളത്തിൽ കാണപ്പെടുന്നില്ലെങ്കിലും  പന്നിഫാമുകളിൽ പട്ടുണ്ണികൾ അടക്കമുള്ള ബാഹ്യപരാദങ്ങളുടെ സാനിധ്യം ഉണ്ടെങ്കിൽ ഇവയെ തടയാനുള്ള കീടനാശിനികൾ ഡോക്ടറുടെ നിർദേശപ്രകാരം പ്രയോഗിക്കേണ്ടതാണ്.
  • കേരളത്തിലെ പന്നിഫാമുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളിൽ വലിയൊരുപങ്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് . ഇവർക്ക് ആഫ്രിക്കൻ പന്നിപ്പനിയെ പറ്റിയും പ്രതിരോധമാർഗങ്ങളെ പറ്റിയും ബോധവൽക്കരണം നടത്താൻ ഫാം ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. ഫാമിന് അകത്തും പുറത്തും ഉപയോഗിക്കാൻ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും തൊഴിലാളികൾക്ക് ഉറപ്പാക്കണം രോഗബാധിതമോ  മരണപ്പെട്ടതോ ആയ പന്നികളെ കൈകാര്യം ചെയ്യുമ്പോൾ ഏപ്രണുകൾ, കയ്യുറകൾ, ഗംബൂട്ടുകൾ തുടങ്ങിയവ ഉപയോഗിക്കാൻ അവരെ ചട്ടം കെട്ടണം. ജൈവസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തൊഴിലാളികൾ ഫാമിൽ പാലിക്കുന്നുണ്ടെന്നത് ഉടമകൾ ഉറപ്പാക്കണം. തൊഴിലാളികളുടെ മറ്റു ഫാമുകളിലേക്കുള്ള സന്ദർശനങ്ങൾ തത്കാലത്തേക്ക് വിലക്കുക. സ്വദേശങ്ങളിൽ പോയി മടങ്ങിവരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക്  ഒരാഴ്ച വ്യക്തിഗത ക്വാറന്റൈൻ നൽകാതെ അവരെ പന്നിഫാമിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കരുത്.
  • ഫാമിലെ പന്നികളിൽ അസ്വാഭാവികരോഗലക്ഷണങ്ങളോ പന്നികൾക്കിടയിൽ പെട്ടന്നുള്ള മരണമോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്തുള്ള സർക്കാർ മൃഗാശുപത്രിയിലെ  ഡോക്ടറെ വിവരം അറിയിക്കണം. സംസ്ഥാനത്ത് ഏതെങ്കിലും പ്രദേശത്ത്സംസ്ഥാനത്ത് ഏതെങ്കിലും പ്രദേശത്ത് പന്നികളിൽ സംശയാസ്പതമായ രോഗബാധയുണ്ടായാൽ വിവരങ്ങൾ അറിയിക്കുന്നതിന് സംസ്ഥാന തലത്തിൽ കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട് (ബന്ധപ്പെടാനുള്ള നമ്പർ; 0471 27 32151 ). ഇതും കർഷകർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. രോഗം മറച്ചുവയ്ക്കുന്നതും രോഗം സംശയിക്കുന്ന പന്നികളെ വിറ്റൊഴിവാക്കുന്നതും കശാപ്പ് നടത്തുന്നതും പതിനായിരങ്ങളുടെ ഉപജീവനോപാധിയായ കേരളത്തിലെ പന്നിവളർത്തൽ മേഖല  സർവവും നശിക്കുന്നതിന് വഴിയൊരുക്കും എന്ന വസ്തുത മറക്കാതിരിക്കുക.

English summary: New African swine fever cases confirmed in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com