ADVERTISEMENT

‘ഒരു കൊച്ചു ജെസിബി വേണം’- അഞ്ചു വയസ്സുകാരന്റെ ആഗ്രഹമാണത്. ഹിറ്റാച്ചിയെന്നും ജെസിബിയെന്നും ഓമനപ്പേരുള്ള എസ്കവേറ്റര്‍ കുട്ടികളെ മാത്രമല്ല മോഹിപ്പിക്കുന്നത്. മണ്ണിളക്കിയും ചാലു കീറിയും കുഴികളെടുത്തും വിളകൾ പിഴുതുമാറ്റിയും പറമ്പ് കൃഷിയോഗ്യമാക്കുന്ന എസ്കവേറ്റർ കൃഷിക്കാരന്റെയും മോഹമായി മാറുന്നതിൽ അതിശയമില്ല. എന്നാൽ വില 25 ലക്ഷം രൂപ മുതല്‍ മേലോട്ടാണെന്നു കേൾക്കുന്നതോടെ അതു നിരാശയായി  മാറുന്നു.

സ്വന്തമായി എസ്കവേറ്റർ എന്ന മോഹം ഉള്ളിൽ സൂക്ഷിക്കുന്നവർക്ക് തമിഴ്നാട്ടിലെ ദിണ്ടിക്കലിലേക്ക് പോകാം. അവിടെ തോമസിന്റെ ടോംഗോ അഗ്രി മെഷീൻസ് എന്ന സ്ഥാപനത്തിൽ നിങ്ങളെ കാത്ത് ഒരു മിനി എസ്കവേറ്ററുണ്ടാവും. ഞെട്ടിക്കാത്ത വിലയാണ് മുഖ്യ ആകർഷണം - 2.8 ലക്ഷം രൂപ മാത്രം. വില കുറവാണെന്നു കരുതി കളിപ്പാട്ടമാണെന്നു കരുതേണ്ടതില്ല. കേരളത്തിലെ കൃഷിയിടങ്ങൾക്ക് തികച്ചും യോജ്യമാണിത് - കുഴിയെടുക്കാനും ചാണകം വാരാനും പറമ്പ് വൃത്തിയാക്കാനുമൊക്കെ ഇവനൊരുത്തനുണ്ടെങ്കിൽ പിന്നെ മറ്റൊരു തുണ വേണ്ട. 5–7 എച്ച്പി ഇലക്ട്രിക് മോട്ടറിൽ പ്രവർത്തിക്കുന്ന ഈ യന്ത്രത്തിന്  3 ഫേസ് കണക്‌ഷൻ ആവശ്യമാണ്. 300 കിലോ വരെ ഭാരമുയർത്താനും അഞ്ചടി ആഴത്തിൽ മണ്ണ് മാന്താനും ഇവൻ മതി.  പോരാത്തവർക്കായി വലിയ മോഡലുകളും തോമസ് നിർമിച്ചുനൽകുന്നുണ്ട്. അവയ്ക്കും താരതമ്യേന കുറഞ്ഞ വിലയേയുള്ളൂ.

escavator-thomas-2
കൃഷിയിടത്തിൽനിന്ന് മണ്ണ് നീക്കംചെയ്യുന്ന മിനി എസ്കവേറ്റർ

എസ്കവേറ്ററുകളുടെ അറ്റകുറ്റപ്പണികൾ 19 വർഷമായി നടത്തുന്ന തോമസ്, ലോക് ഡൗൺ കാലത്താണ് കുഞ്ഞൻ ഹിറ്റാച്ചി നിർമിച്ചു തുടങ്ങിയത്. വൈകാതെ അത് ഹിറ്റായി. ഇതിനകം നൂറിലേറെ എസ്കവേറ്ററുകൾ നിർമിച്ചു നൽകിയ തോമസിന് കേരളത്തിലും ഏറെ കസ്റ്റമേഴ്സുണ്ട്. കേവലം 600 കിലോ മാത്രമുള്ള ഈ എസ്കവേറ്റർ കാറിൽ കെട്ടിവലിച്ചും കൊണ്ടുപോകാം.  ഇത് പ്രവർത്തിപ്പിക്കാൻ പ്രത്യേക ലൈസൻസ് വേണ്ടെന്ന മെച്ചവുമുണ്ട്. പ്രവർത്തനരീതികളൊക്കെ തോമസ് തന്നെ പഠിപ്പിച്ചുതരും.

ഫോൺ:  9842106636

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com