മണ്ണിരകളെ കൈകൊണ്ടു തൊടാതെ ഉണ്ടാക്കാം മണ്ണിരക്കംപോസ്റ്റ്: മാലിന്യസംസ്കരണത്തിനൊപ്പം കൃഷിക്കു വളം
Mail This Article
നമ്മുടെ നാട്ടില്‍ നല്ല പങ്കും പശുവും പഴം–പച്ചക്കറികളും വളര്‍ത്തുന്ന ചെറുകിട പുരയിടക്കൃഷിക്കാരാണ്. എന്നാൽ അവരിലേറെയും ചെറിയൊരു മണ്ണിരക്കംപോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചാലുള്ള മെച്ചത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നു കോട്ടയം മരങ്ങാട്ടുപിള്ളിക്കടുത്ത് ആണ്ടൂരിലെ സമ്മിശ്ര കർഷകനായ ഇളമ്പക്കോടത്ത് ജോയി സിറിയക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കാം.
നേട്ടങ്ങൾ എന്തൊക്കെ
മണ്ണിരക്കംപോസ്റ്റിന്റെ മെച്ചങ്ങൾ പലതാണ്. അടുക്കളയിലെ പഴം–പച്ചക്കറി അവശിഷ്ടങ്ങളും തൊഴുത്തിലെ തീറ്റയവശിഷ്ടങ്ങളുമൊക്കെ പരിസരമലിനീകരണമില്ലാതെ സൗകര്യപ്രദമായി സംസ്കരിക്കാമെന്നത് പ്രധാന മെച്ചം. അങ്ങനെ പണച്ചെലവില്ലാതെ ഒന്നാന്തരം ജൈവവളം തയാര്‍. ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്യുമ്പോൾ നടീൽമിശ്രിതത്തിൽ ഈ മണ്ണിരക്കംപോസ്റ്റ് ചേർത്താല്‍ ചെടിവളർച്ച വേഗത്തിലാകും, വിളവു വർധിക്കും. മണ്ണിരക്കംപോസ്റ്റ് യൂണിറ്റിൽനിന്നു ലഭിക്കുന്ന വെർമിവാഷും മികച്ച ജൈവപോഷകം തന്നെ. തുല്യ അളവു വെള്ളത്തിൽ നേർപ്പിച്ചു വിളകൾക്കു നൽകാം.
ടാങ്ക് നിർമിക്കാം
തൊഴുത്തിൽനിന്ന് അധികം ദൂരെയല്ലാതെ പരിമിതമായ സ്ഥലത്താണ് എന്റെ മണ്ണിരക്കംപോസ്റ്റ് യൂണിറ്റ്. ആറടി നീളത്തിലും നാലരയടി വീതിയിലുമായി ഒന്നേമുക്കാൽ അടി വീതം ഉള്ളളവു വരുന്ന 2 അറകളായാണ് നിര്‍മാണം (വിഡിയോ കാണുക). തറപ്പൊക്കം ഒരടി. തറയിൽനിന്നുള്ള ഉയരം 2 അടി. കംപോസ്റ്റ് കയ്യിട്ടു വാരിയെടുക്കാനുള്ള സൗകര്യം നോക്കിയാണ് ആകെ ഉയരം 3 അടിയിൽ ഒതുക്കിയത്. 2 അറകളാക്കിയതിനും ഉദ്ദേശ്യമുണ്ട്. ഒരറ മാത്രമെങ്കിൽ അതിലെ കംപോസ്റ്റ് വാരിത്തീർന്ന് വീണ്ടും തുടങ്ങുന്ന ഇടവേളയിൽ മണ്ണിരയെ സുരക്ഷിതമായി മറ്റെവിടേക്കെങ്കിലും മാറ്റേണ്ടി വരും. 2 അറയുണ്ടെങ്കിൽ ഒന്നിലെ കംപോസ്റ്റ് വാരുന്ന മുറയ്ക്കു രണ്ടാമത്തേത് ഉപയോഗിച്ചു തുടങ്ങാം. അതോടെ മണ്ണിര തനിയെ ആദ്യ അറയിൽനിന്നു രണ്ടാമത്തേതിലേക്കു നീങ്ങിക്കൊള്ളും.
ഉറപ്പുള്ള മണ്ണെങ്കിൽ വാനമെടുക്കാതെ തറ നിർമിക്കാം. അല്ലെങ്കിൽ ഉറപ്പു നോക്കി മണ്ണിനു മുകളിൽ ഒരടി ഉയരം ലഭിക്കുംവിധം കരിങ്കല്ലോ സിമന്റിഷ്ടികയോ ഉപയോഗിച്ച് തറ കെട്ടി പ്രതലം നന്നായി കോൺക്രീറ്റ് ചെയ്യുക. തുടർന്നു ചുടുകട്ടകൊണ്ടു ടാങ്ക് കെട്ടാം (ചുടുകട്ടയ്ക്കു വലുപ്പം കുറവായതിനാൽ ടാങ്കിന് കൂടുതൽ ഉള്ളളവ് ലഭിക്കും). നീളത്തിൽ ഇടഭിത്തി കെട്ടി ടാങ്ക് 2 അറകളായി തിരിക്കണം. ഇടഭിത്തി നിർമിക്കുമ്പോൾ അടിയിൽ രണ്ടറ്റം വരെയും ഒരു ഇഷ്ടിക ഉയരത്തിൽ തറയിൽനിന്ന് വിടവ് ഇട്ടു വേണം നിർമിക്കാൻ. മണ്ണിരകൾക്ക് ഒരു ടാങ്കിൽനിന്നു മറ്റൊന്നിലേക്ക് പോകാനാണിത്. വെർമിവാഷ് ശേഖരിക്കുന്നതിനായി രണ്ടറകളിൽനിന്നും തറനിരപ്പിൽ പുറത്തേക്ക് 2 പിവിസി പൈപ്പും വയ്ക്കുക (വിഡിയോ കാണുക). തറയും ഉൾഭിത്തികളും പരുക്കൻകൊണ്ടു തേച്ച് ചാന്തിട്ടു മിനുക്കണം. പുറംഭിത്തി തേച്ചാൽ മതി.
ഏകദേശം 100 ചുടുകട്ട, 5ചാക്ക് സിമന്റ്, മുക്കാൽ ഇഞ്ചിന്റെ മെറ്റൽ 15 അടി, 45 അടി എം സാൻ ഡ് എന്നിങ്ങനെയാണ് ടാങ്ക് നിർമാണത്തിനായി എനിക്കു വേണ്ടിവന്നത്. മഴയും വെയിലും കൊള്ളാതിരിക്കാൻ ടാങ്ക് പടുതയിട്ടു മൂടാം. അല്ലെങ്കിൽ ലളിതമായ മേൽക്കൂരയാകാം.
മണ്ണിരകൾ പണിയെടുക്കട്ടെ
ടാങ്ക് തയാറാവുന്നതോടെ കംപോസ്റ്റ് നിർമാണത്തിന്റെ ആദ്യഘട്ടത്തിലേക്കു കടക്കാം. പുല്ലോ, തൊഴുത്തിലെ തീറ്റയവശിഷ്ടങ്ങളോ ഒരറയുടെ അടിയിൽ ആദ്യപാളിയായി നിരത്തുക. അതിനു മുകളിൽ ചാണകവെള്ളം കലക്കി ഒഴിക്കുക. ഒരാഴ്ച കിടന്ന് അഴുകിയ ഈ മാധ്യമത്തിലേക്ക് മണ്ണിരയെ(യൂഡ്രില്ലസ് യുജിനിയോ) വിടാം. (ഏതെങ്കിലും യൂണിറ്റിൽനിന്നു മണ്ണിരയെ വാങ്ങാം. ആകെ 10 മണ്ണിരയെയാണ് ഞാൻ തുടക്കത്തിലിട്ടത്. കടലപ്പിണ്ണാക്ക് കലക്കിയൊഴിച്ചാൽ മണ്ണിര വേഗം പെരുകും) മുകളിൽ വീണ്ടും അവശിഷ്ടങ്ങൾ നിറച്ച് ചാണകവെള്ളം കലക്കി ഒഴിക്കുക. തുടർന്നങ്ങോട്ട് ഓരോ ദിവസവും, ഇതു തന്നെ തുടരാം, ടാങ്ക് നിറയും വരെ. പുളിയുള്ള വസ്തുക്കളൊന്നും ടാങ്കിൽ ഇടരുത്. പുളിചേർത്ത കറിയുടെ അവശിഷ്ടമൊന്നും പ്രശ്നമാകില്ലെങ്കിലും അഴുകിയ മാമ്പഴവും മറ്റും ഒഴിവാക്കുക. കംപോസ്റ്റ് ടാങ്കിൽനിന്ന് ഊറിവരുന്ന വെർമിവാഷ് ഇരട്ടിയായി നേർപ്പിച്ച് ചെടികൾക്കു നൽകാം. ആദ്യത്തെ അറ നിറഞ്ഞു കഴിഞ്ഞാൽ നന നിര്‍ത്താം. അടുത്ത അറ ആദ്യത്തേതുപോലെതന്നെ മണ്ണിരയ്ക്കായി ഒരുക്കുക. നിറഞ്ഞ അറയിൽ ഈർപ്പം കുറയുന്നതോടെ മണ്ണിരകൾ അടിയിലെ വിടവിലൂടെ അടുത്ത അറയിലേക്കു മാറിക്കൊള്ളും. മണ്ണിര കംപോസ്റ്റിലേക്ക് ഉറുമ്പുശല്യമുണ്ടാകാതിരിക്കാൻ തറയുടെ അരികുവഴി ഉപ്പും മഞ്ഞളും ചേർത്തു തിരുമ്മിയതു വിതറിയാൽ മതി.
ഫോൺ: 9744701292
English summary: How to make Vermicompost at Home