കണ്ടാൽ പറയില്ല ഇത് നാച്ചുറൽ കുളമല്ലെന്ന്; പടുതക്കുളത്തിലും പുൽത്തകിടി, ആയുസും കൂടും
Mail This Article
വീട്ടാവശ്യത്തിനു മാത്രമോ ചില്ലറ വരുമാനം ലക്ഷ്യമിട്ടോ പുരയിടത്തിൽ ചെറിയ പടുതക്കുളം നിർമിച്ച് മത്സ്യക്കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. ചെറുതും വലുതുമായ പടുതക്കുളങ്ങളും ജലസേചനസൗകര്യങ്ങളും നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ള, കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര കുന്നോന്നി സ്വദേശി അരുൺ കെ. ജാൻസിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ഇക്കാര്യത്തിൽ കർഷകർക്കു തുണയാകും.
അര സെന്റ് വിസ്തീർണമുള്ള പടുതക്കുളം മാതൃകയായെടുക്കാം. സ്ഥലത്തിന്റെ കിടപ്പ് അനുസരിച്ച് ചതുരമോ ദീർഘചതുരമോ ആയി കുളം നിർമിക്കാം. മത്സ്യവളർച്ചയ്ക്ക് കൂടുതൽ അനുകൂലം ദീർഘചതുരക്കുളങ്ങളാണ്.
അളവുകൾ: നീളം 17 അടി, വീതി 12 അടി, ആഴം 5 അടി (5 അടി ആഴമാണ് മത്സ്യവളർച്ചക്കു ന ന്ന്). വിസ്തീർണം 17X12 = 204 ചതുരശ്രയടി, വ്യാസം 204X5 = 1020 ഘനയടി. ഏകദേശം 28,000 ലീറ്റർ വെള്ളം കൊള്ളും. എയർ ഫിൽറ്ററുകളുടെ സഹായമില്ലാതെതന്നെ ഏതാണ്ട് 100 കിലോ മത്സ്യം ഉൽപാദിപ്പിക്കാം.
ആദ്യഘട്ടം
സ്ഥലം നിശ്ചയിച്ചു കഴിഞ്ഞാൽ നീളവും വീതിയും തിട്ടപ്പെടുത്തി കുമ്മായം ഉപയോഗിച്ച് അളവുകൾ അടയാളപ്പെടുത്തുക. 4 കോണുകളുടെയും കണപ്പ് (right angle 90 ഡിഗ്രി) പരിശോധിക്കണം. കണപ്പ് ശരിയല്ലെങ്കിൽ പടുതയുടെ വിസ്തീർണം കൂട്ടേണ്ടിവന്ന് പാഴ്ച്ചെലവുണ്ടാകും. നിരപ്പായ സ്ഥലമെങ്കിൽ രണ്ടരയടി താഴ്ത്തി ആ മണ്ണുതന്നെ ഉപയോഗിച്ച് രണ്ടരയടി ബണ്ട് ഉയർത്തി 5 അടി ആഴം ക്രമീകരിച്ചാൽ മതി. ഇങ്ങനെയാകുമ്പോൾ കുളത്തിന്റെ ജലനിരപ്പ് തറനിരപ്പിൽനിന്ന് ഉയർന്നു നിൽക്കും. ബണ്ടുയർത്തി ചെയ്യുന്നതുവഴി വർഷകാലത്ത് ഉറവ വന്ന് പടുത ഇളകാതിരിക്കും. കുളത്തിലെ മലിനജലം മോട്ടോർ സഹായമില്ലാതെ സൈഫൻ പമ്പ് ഉപയോഗിച്ച് ഒഴുക്കിക്കളയാനും ഈ രീതി സഹായമാകും.
രണ്ടാം ഘട്ടം
കാലവർഷത്തിനു മുൻപ് മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്ത ശേഷം മഴക്കാലം കഴിഞ്ഞ് മണ്ണുറച്ച ശേഷം തുലാവർഷം എത്തും മുൻപ് ബാക്കി ജോലികൾ ചെയ്യുന്നതാണ് ഉചിതം. മണ്ണുമാന്തികൊണ്ടുതന്നെ കുളത്തിന്റെ അടിഭാഗവും വശങ്ങളും നിരപ്പാക്കി മനുഷ്യാധ്വാനം കുറയ്ക്കുക. തുടർന്ന് കുളത്തിലെ വേര്, കല്ല് എന്നിവ പെറുക്കി മാറ്റുക. കുളത്തിന്റെ അടിത്തട്ട് ഒരേ ലെവലിൽ നിർമിക്കുന്നതിനു പകരം ഒരു വശത്തേക്ക് ആഴം കൂട്ടി നിർമിക്കാൻ ശ്രദ്ധിക്കണം. അതായത്, ഒരു വശത്ത് 5 അടി അഴമെങ്കിൽ മറുവശത്ത് മൂന്നര അടി മതിയാകും. മൂന്നരയടിയിൽനിന്നു ക്രമമായി ചരിച്ച് 5 അടിയിലേക്ക് എത്തുന്ന രീതിയിൽ മണ്ണു നീക്കുക. കുളം വറ്റിക്കുന്ന സമയത്ത് ഒരു ഭാഗത്തേക്കു വെള്ളം ശേഖരിക്കാനും വറ്റിക്കൽ എളുപ്പമാക്കാനും ഇതു സഹായിക്കും. കുളത്തിലെ വെള്ളത്തിന് നേരിയ ചലനവും ലഭിക്കും. ചെളിതേച്ച് പ്രതലം ബലപ്പെടുത്തുന്നത് കളത്തിന് കൂടുതൽ ആയുസ്സു നൽകും. അതിനു ശേഷം ടേപ്പോ ചരടോ ഉപയോഗിച്ച് അളവുകളെടുത്ത് അതിന് അനുസൃതമായി പടുത വാങ്ങാം.
മൂന്നാം ഘട്ടം
മുഖ്യ പടുത വിരിക്കും മുൻപ് അടിയിൽ പഴയ ചാക്ക്, ഫ്ലക്സ് എന്നിവ വിരിക്കുക. അതുവഴി മുഖ്യ പടുതയുടെ ആയുസ്സു കൂട്ടാം. തുടർന്ന് വെള്ളം നിറയ്ക്കാം. വശങ്ങൾ ലോക്ക് ചെയ്യുന്നതാണ് അടുത്ത ജോലി. വെള്ളം കുളത്തിന്റെ പരമാവധി ഉയരം വരെ എത്തിച്ച ശേഷം ജലനിരപ്പിൽ നിന്ന് അരയടി ഉയരത്തിൽ ബാക്കി പടുത മുറിച്ചു മാറ്റുക. അതിനുശേഷം കുളത്തിന്റെ വരമ്പിൽ നിന്നു 2 ഇഞ്ച് മാറി 4 ഇഞ്ച് ആഴത്തിൽ ചാലുകീറി അതിലേക്ക് പടുതയുടെ അറ്റം വലിച്ചുവച്ചു മണ്ണിട്ടു മൂടുക.
ഇങ്ങനെ അരികുകൾ ലോക്ക് ചെയ്യുന്നത് എലി, മറ്റു കീടങ്ങൾ എന്നിവയിൽനിന്നു പടുതയെ സുരക്ഷിതമാക്കും. മാത്രമല്ല അവിടെ പുല്ലു പടർന്ന് ഏതു കൊടിയ വേനലിലും കുളത്തിനരികിൽ പച്ചപ്പും സ്വാഭാവിക പ്രകൃതിയും നിലനിൽക്കും.
ആകെ ചെലവ്
മണ്ണുമാന്തി – 7000 രൂപ, മനുഷ്യാധ്വാനം – 7000 രൂപ
നൈലോൺ ഷീറ്റ് (550 gsm) ഏകദേശം 513 ചതുരശ്രയടി 20 രൂപ നിരക്കിൽ – 10,773 രൂപ
ലൈനിങ് ഷീറ്റ് 3 രൂപ നിരക്കിൽ – 1539 രൂപ
ആകെ– 26312 രൂപ
നൈലോൺ ഷീറ്റിനു പകരം സാധാരണ പടുതയെങ്കിൽ (150 gsm) ചതുരശ്രയടി 5 രൂപ നിരക്കിൽ ഷീറ്റിന്റെ വില നാലിലൊന്നായി കുറയും. ലൈനിങ് ഷീറ്റിനു പകരം പഴയ ചാക്ക്, ഫ്ലക്സ് എന്നിവ ഉപയോഗിച്ചാൽ അതിനുള്ള ചെലവും ലാഭിക്കാം. അങ്ങനെ വരുമ്പോൾ ആകെ ചെലവ് ഏകദേശം 17,000 രൂപയിലൊതുങ്ങും
ഫോൺ: 9447850299
English summary: How to make Budget Friendly Fish Ponds