500 രൂപയുടെ സൈലേജ് 60 രൂപയ്ക്ക്: ക്ഷീരകർഷകർക്കു മികച്ച നേട്ടം
Mail This Article
മാങ്ങയും നാരങ്ങയുമൊക്കെ അച്ചാറിട്ടു സൂക്ഷിക്കുംപോലെ ക്ഷാമകാലത്ത് ഉപയോഗിക്കാൻ പച്ചപ്പുല്ലും പൈനാപ്പിൾ ഇലയുമൊക്കെ സൈലേജ് ആക്കാം. സൈലേജ് നിർമാണരീതിയും നേട്ടങ്ങളും വിശദമാക്കുന്നത് കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനടുത്ത് തോട്ടുവയിലെ ക്ഷീരകർഷകനും കാലിത്തീറ്റ നിർമാണ സംരംഭകനുമായ റെയ്നോ ജോസ് കണ്ണന്തറ. സ്വന്തം ഫാമിലെ പശുക്കൾക്ക് പച്ചപ്പുല്ലു നൽകുന്നതു പൂർണമായും നിര്‍ത്തി പകരം സ്വയം നിർമിച്ച സൈലേജ് നൽകി വിജയം കണ്ടെന്നു റെയ്നോ. ഇനി റെയ്നോ പറയട്ടെ.
പച്ചപ്പുല്ലോ പൈനാപ്പിൾ ഇലയോ സുലഭമായ കാലങ്ങളിൽ അവ പരമാവധി സംഭരിച്ച് പിൽക്കാലത്തു പ്രയോജനപ്പെടുത്താമെന്നതു പ്രഥമ നേട്ടം. എന്തെങ്കിലും കാരണത്താല്‍ രണ്ടോ മൂന്നോ ദിവസം പുല്ല് അരിയാൻ പറ്റാതെ വന്നാല്‍ സൈലേജുണ്ടെങ്കിൽ സമാധാനമായിരിക്കാം. പച്ചപ്പുല്ലിനെക്കാൾ പോഷകപ്രദമായ സൈലേജ് നല്ല രുചിയും മണവുമുള്ളതിനാൽ പശുക്കൾ ആവേശത്തോടെ കഴിക്കും.
പച്ചപ്പുല്ല് പൂർണമായും ഒഴിവാക്കി സൈലേജ് നൽകിയ പശുക്കളുടെ പാലുൽപാദനത്തിൽ ഒട്ടും കുറവുണ്ടായിട്ടില്ല. സൈലേജ് നൽകുമ്പോൾ സാന്ദ്രിത തീറ്റയുടെ അളവ് 50 ശതമാനം കുറയ്ക്കാനുമാകും. 10 ലീറ്റർ കറവയുള്ള പശുവിനു നൽകിയിരുന്നത് ശരാശരി 6 കിലോ സാന്ദ്രിത തീറ്റയാണ്. അതിപ്പോള്‍ പകുതിയാക്കി. ഏകദേശം 90 രൂപ ലാഭം. വിപണിയിൽനിന്നു വാങ്ങുന്ന സൈലേജിന് കിലോയ്ക്ക് ശരാശരി 10 രൂപ വിലയുമുണ്ട്. 50 കിലോയ്ക്ക് 500 രൂപ. അതേസമയം സ്വന്തം പറമ്പിലെ പുല്ലും സ്വന്തം അധ്വാനവുമാണ് വിനിയോഗിക്കുന്നതെങ്കിൽ ഒരു ഡ്രം (50 കിലോ) സൈലേജ് നിർമിക്കാൻ ഏകദേശം 60 രൂപയേ മുടക്കുള്ളൂ. പുല്ലിനൊപ്പം ചേർക്കുന്ന രണ്ടര കിലോ ചോളമാവ്, ഒരുണ്ടയുടെ മൂന്നിലൊന്നു ശർക്കര, അര കിലോ കല്ലുപ്പ് എന്നിവയ്ക്കെല്ലാം കൂടിയുള്ള ചെലവാണിത്.
ഡ്രമ്മിലാക്കാം
100 ലീറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് ഡ്രം ആണ് സൈലേജ് നിറയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഏടുത്തു മാറ്റാനും കയ്യിട്ട് സൈലേജ് എടുക്കാനുമൊക്കെ സൗകര്യപ്രദമായ വലുപ്പത്തിലുള്ളത് തിരഞ്ഞെടുക്കാം. സൈലേജ് പ്ലാസ്റ്റിക് ബാഗിലാക്കുമ്പോൾ എലി കരളാതെ നോക്കണം. ഡ്രം ആണെങ്കില്‍ സൈലേജ് നിറച്ച് അടച്ച് ലോക്ക് ചെയ്ത് പറമ്പിന്റെ ഏതെങ്കിലും ഒഴിഞ്ഞ മൂലയിൽ കൂട്ടിയിടാം. മഴയോ വെയിലോ പ്രശ്നമല്ല. ഇതേ ഡ്രം തന്നെ വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.
മൂടിയോടുകൂടിയ ഡ്രമ്മിന് 500 രൂപയാണ് വില. മൂടിക്കൊപ്പം വായുകടക്കാത്ത രീതിയിൽ മൂടിയെ ച്ചുറ്റി ബന്ധിക്കുന്ന ലോക്ക് കൂടി വാങ്ങുന്നതാണ് ഗുണകരം. അല്ലെങ്കിൽ വായു കടക്കാതിരിക്കാൻ ടേപ്പ് ഒട്ടിക്കേണ്ടി വരും. ലോക്കിന് 50 രൂപ. ഡ്രമ്മിനു മുടക്കുന്ന 550 രൂപ ഒറ്റത്തവണ മാത്രമുള്ള മുതൽമുടക്കാണ്.
തീറ്റപ്പുല്ലും പൈനാപ്പിൾ ഇലയുമാണ് ഞാൻ സൈലേജിനായി മുഖ്യമായി ഉപയോഗിക്കുന്നത്. അവ നന്നായി നുറുക്കിയെടുക്കണം. ചാഫ് കട്ടർ ഉണ്ടെങ്കിൽ അധ്വാനം നന്നായി കുറയ്ക്കാം. അല്ലെ ങ്കിൽ കൈകൊണ്ട് അരിയേണ്ടി വരും. അവയ്ക്കൊപ്പം പറമ്പിലെ സാധാരണ പുല്ലും വാഴയിലയുമെല്ലാം നുറുക്കിച്ചേർക്കാം. ഇങ്ങനെ അരിഞ്ഞെടുത്തത് ഒരു കുട്ട ആദ്യ പാളിയായി ഡ്രമ്മിലിടുക. മുകളിൽ ഒരു പിടി ചോളമാവ് എല്ലായിടത്തുമായി വിതറുക. പിന്നാലെ എല്ലായിടത്തുമായി ശർക്കര കലക്കിയ വെള്ളവും തളിച്ച് ഒഴിക്കുക (സ്പ്രേ ചെയ്യാം), തുടർന്ന് കല്ലുപ്പു വിതറുക. എന്നിട്ട് മിശ്രിതം ഇടിമുട്ടി കൊണ്ടോ കാലുകൊണ്ടോ നന്നായി ചവിട്ടി ഒതുക്കുക. വീണ്ടും ഒരു കുട്ട പുല്ലിട്ട് മേൽപറഞ്ഞ രീതിയിൽ മറ്റിനങ്ങളുമിട്ട് ഇടിച്ചൊതുക്കി, ഓരോ പാളികളിലും ഇത് ആവർത്തിച്ച് ഡ്രം നിറയ്ക്കു ക. (ചോളത്തിനൊപ്പം മൊളാസസും ചേർക്കാം. അങ്ങനെയെങ്കിൽ രണ്ടും കൂടി രണ്ടര കിലോ മതി).
നിറഞ്ഞ ഡ്രം വീണ്ടും നന്നായി ഇടിച്ചൊതുക്കിയ ശേഷം അടച്ച് ലോക്ക് ചെയ്യുക. 30 ദിവസം കഴിഞ്ഞു തുറന്നാൽ സൈലേജ് തയാർ. ഒരിക്കൽ തുറന്നാൽ പരമാവധി 2 ദിവസത്തിനുള്ളിൽ പശുവി നു കൊടുത്തു തീർക്കുക. തുറക്കാതെയെങ്കിൽ മാസങ്ങളോളം സൂക്ഷിച്ചുവയ്ക്കാം. കറവയുള്ള 2 പശുക്കൾക്ക് ഒരു ഡ്രമ്മിലെ 50 കിലോ സൈലേജ് ഒരു ദിവസത്തേക്കു തികയും. ഒന്നിന് 25 കിലോ 2 നേരമായി നൽകാം.
പരീക്ഷിക്കാം
രണ്ടു പശുക്കളുള്ള ഒരാൾക്ക് ദിവസം ഒരു ഡ്രം സൈലേജ് ഉണ്ടെങ്കിൽ പുല്ല് ഒഴിവാക്കാം. 30 ഡ്രം ഉണ്ടെങ്കിൽ ഒരു മാസത്തേക്ക് തികയും. ഒഴിയുന്നവ നിറച്ചുകൊണ്ടിരിക്കാം. കിടാവുകളുൾപ്പെടെ 30 പശുക്കളുള്ള എന്റെ ഫാമിൽ ഘട്ടംഘട്ടമായി സൈലേജ് ഡ്രമ്മുകളുടെ എണ്ണം കൂട്ടുകയാണ്. നിലവിൽ എണ്ണം 150.
ഫോൺ: 9447308329
English summary: Rs 500 worth of silage at Rs 60: benefits for dairy farmers