ADVERTISEMENT

ചെലവു കുറഞ്ഞ കോഴിത്തീറ്റക്കൂട്ട് ഒരുക്കുന്നതു വിശദമാക്കുന്നു കേരള വെറ്ററിനറി സർവകലാശാലയുടെ പാലക്കാട് തിരുവിഴാംകുന്നിലുള്ള കോളജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിലെ സ്പെഷൽ ഓഫിസർ ഡോ. എസ്.ഹരികൃഷ്ണൻ.‌

അത്യുൽപാദനശേഷിയുള്ള മുട്ടക്കോഴികളുടെയും ഇറച്ചിക്കോഴികളുടെയുമെല്ലാം വളർച്ചനിരക്കിന്റെയും ഉൽപാദനക്ഷമതയുടെയും രഹസ്യം ഉയർന്ന ജനിതകമേന്മയും ശാസ്ത്രീയമായി നിർമിക്കുന്ന സാന്ദ്രിത തീറ്റയുമാണ്. കോഴിവളർത്തലിൽ ചെലവിന്റെ 70 ശതമാനവും തീറ്റയ്ക്കാണ്. അതിനാല്‍ കമ്പനികൾ നിർമിക്കുന്ന സാന്ദ്രിത തീറ്റയിലെ ചേരുവകൾ മനസ്സിലാക്കി അവ വാങ്ങി സ്വന്തം നിലയ്ക്കു കോഴിത്തീറ്റയുണ്ടാക്കാൻ താൽപര്യമുള്ള കോഴിക്കർഷകർ ഏറെയുണ്ട്. പലരും ‘രഹസ്യ ഫോർമുല’ ചോദിച്ച് എത്താറുമുണ്ട്.

അത്യുൽപാദനശേഷിയുള്ള മുട്ടക്കോഴിക്കും ഇറച്ചിക്കോഴിക്കുമുള്ള തീറ്റനിർമാണം പൂർണമായും കംപ്യൂട്ടർ സഹായത്തോടെയാണ്. പ്രധാന ചേരുവകളായ ചോളം, സോയ, അരിത്തവിട്, ഉപ്പില്ലാത്ത ഉണക്കമീൻ എന്നിവയും അമിനോ ആസിഡുകൾ, വൈറ്റമിനുകൾ, ധാതുലവണമിശ്രിതങ്ങൾ, മരുന്നുകൾ എന്നിവയെല്ലാം ഉൾപ്പെടെ ഇരുപത്തഞ്ചിൽ പരം ചേരുവകളുണ്ട് ഈ തീറ്റയിൽ. ശാസ്ത്രീയ മികവോടെയും സൂക്ഷ്മ നിരീക്ഷണത്തോടെയും നിർമിക്കുന്ന ഈ തീറ്റ നിശിചിത അളവിൽ മുടങ്ങാതെ കൊടുക്കുമ്പോഴാണ് ഓരോ ജനുസ്സും അതിന്റെ ശേഷിക്ക് അനുസരിച്ചുള്ള ഉൽപാദനം നൽകുന്നത്.  

മേൽപ്പറഞ്ഞ തീറ്റയനുപാതം കടലാസിൽ എഴുതിക്കൂട്ടി നൽകിയാൽ കൃത്യമാവില്ല. അതുകൊണ്ട് കർഷകർ ഒറ്റ വാക്കിലൊരു ഫോർമുല ചോദിച്ചു വന്നാൽ കൊടുക്കാനാവില്ലതാനും. അതല്ലാതെ അതിലൊരു ‘രഹസ്യ’വുമില്ല. ഇനി ഫോർമുല ഒപ്പിച്ചെടുത്തു എന്നു കരുതട്ടെ, ഈ ഇരുപത്തഞ്ചോളം ചേരുവകൾ ഓരോന്നും ചെറിയ അളവിൽ വാങ്ങി വീട്ടിൽ തീറ്റ നിർമിക്കുമ്പോൾ വരുന്ന ചെലവ് കടയിൽനിന്നു വാങ്ങുന്ന തീറ്റയെക്കാൾ വളരെക്കൂടുതൽ വന്നേക്കും.

ഇങ്ങനെയാണെങ്കിലും ‘കമ്പനിത്തീറ്റ’യ്ക്കു ബദൽ തയാറാക്കാൻ കർഷകർ അറിഞ്ഞിരിക്കണം. പ്രളയവും കോവിഡുമൊക്കെപ്പോലെയുള്ള പ്രതിസന്ധികളില്‍ കമ്പനിത്തീറ്റയുടെ വരവു നിലച്ചാൽ വീണ്ടും അവ ലഭിക്കുംവരെ ഇതു വീട്ടിൽ തയാറാക്കി നൽകാം. എന്നാല്‍ ഉൽപാദനക്ഷമത കൂടിയ മുട്ടക്കോഴികൾക്കും ഇറച്ചിക്കോഴികൾക്കും നമ്മൾ വാങ്ങി നൽകുന്ന സാന്ദ്രിതതീറ്റയ്ക്കു പകരമാവില്ല ഇതെന്നു മറക്കരുത്. ബദൽ തീറ്റ നൽകുമ്പോഴുള്ള ഉൽപാദനം / വളർച്ചനിരക്ക് സാന്ദ്രിത തീറ്റ നൽകുമ്പോഴുള്ളത്ര വരില്ല.   

അതേസമയം  വീട്ടാവശ്യത്തിനോ ചെറിയ വരുമാനത്തിനായോ മുട്ടക്കോഴികളെ അടുക്കളമുറ്റത്ത് അഴിച്ചുവിട്ടു വളർത്തുമ്പോള്‍ സാന്ദ്രിത തീറ്റയുടെ അളവു കുറച്ച് പകരം ബദൽതീറ്റ നൽകാം. മുട്ടക്കോഴി ഒന്നിന് ദിവസം 110ഗ്രാം സാന്ദ്രിത തീറ്റ നൽകുന്ന സ്ഥാനത്ത് 30–40 ഗ്രാം ആയി കുറയ്ക്കാം. പകരം അളവിൽ ബദൽത്തീറ്റ നൽകാം. ഈ പരീക്ഷണം ഫലപ്രദമെന്നു പല കർഷകരും സാക്ഷ്യപ്പെടുത്തുന്നു. 

മുട്ടക്കോഴിത്തീറ്റ

  • അരി / ഗോതമ്പ്, ചോറ്: 20%
  • കടലപ്പിണ്ണാക്ക് / തേങ്ങാപ്പിണ്ണാക്ക് / എള്ളിൻപിണ്ണാക്ക്: 25%
  • തവിട്: 30%
  • ഉണക്കക്കപ്പ: 10%
  • മീൻ വേസ്റ്റ്: 10%
  • നീറ്റാത്ത കക്ക പൊടിച്ചത്: 5%

ഇറച്ചിക്കോഴിത്തീറ്റ

  • അരി / ഗോതമ്പ്, ചോറ്: 25%
  • കടലപ്പിണ്ണാക്ക് / തേങ്ങാപ്പിണ്ണാക്ക് / എള്ളിൻപിണ്ണാക്ക്: 30%
  • തവിട്: 20%
  • ഉണക്കക്കപ്പ: 15%
  • മീൻ വേസ്റ്റ്: 10%

email: harikrishnan@kvasu.ac.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com