ADVERTISEMENT

മനുഷ്യരുടെ നഖങ്ങളെന്നപോലെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ് പശുക്കളുടെ കുളമ്പുകള്‍. കൃഷിയിടത്തിലും മറ്റും മേഞ്ഞുനടക്കുന്ന പശുക്കളുടെ കുളമ്പുകള്‍ വളരുന്ന മുറയ്ക്കുതന്നെ സ്വാഭാവികമായി തേഞ്ഞുപോകുന്നതിനാല്‍ വളര്‍ച്ച പ്രകടമാകില്ല. എന്നാല്‍, കൂട്ടില്‍നിന്ന് പുറത്തേക്കിറക്കാതെ വളര്‍ത്തുന്ന പശുക്കളുടെ കുളമ്പുകള്‍ക്ക് അസ്വാഭാവിക വളര്‍ച്ചയുണ്ടാകാറുണ്ട്. പലപ്പോഴും കര്‍ഷകര്‍ ഈ വളര്‍ച്ചയെ കാര്യമായിട്ടെടുക്കാറില്ല. അതുകൊണ്ടുതന്നെ അനിയന്ത്രിത കുളമ്പുവളര്‍ച്ച പശുക്കളുടെ ആരോഗ്യം നശിപ്പിക്കുമെന്നു മാത്രമല്ല പാലുല്‍പാദനത്തില്‍ കുറവു വരുത്തുകയും ഉല്‍പാദനക്ഷമതയും ഉല്‍പാദനകാലവും കുറയ്ക്കുകയും ചെയ്യും. ആയുസും കുറയ്ക്കുമെന്നത് വസ്തുതയാണെന്ന് ഇടുക്കി വാത്തിക്കുടി വെറ്ററിനറി ഡിസ്‌പെന്‍സറിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. റോമിയോ സണ്ണി പറയുന്നു. കുളമ്പു പരിചരണത്തില്‍ ശ്രദ്ധിക്കുന്ന ഡോ. റോമിയോ കര്‍ഷകരുടെ പശുക്കളുടെ കുളമ്പുകള്‍ ചെത്തിയൊരുക്കി നല്‍കുന്നുമുണ്ട്. 

ഹൂഫ് ട്രിമ്മിങ് എന്തിന്?

ശരാശരി 300 കിലോഗ്രാമിന് മുകളില്‍ ശരീരഭാരമുള്ള പശുക്കളുടെ ഭാരം പൂര്‍ണമായും താങ്ങുന്നത് നാലു കാലുകളിലെയും കുളമ്പുകളാണ്. അതുകൊണ്ടുതന്നെ കുളമ്പു പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. മുന്‍പൊക്കെ പശുക്കള്‍ മേഞ്ഞുനടന്നിരുന്നെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. പശുക്കള്‍ കൂട്ടില്‍ത്തന്നെ നില്‍ക്കുന്നു. സ്വാഭാവിക തേയ്മാനം ഇല്ലാതാകുന്ന സാഹചര്യത്തില്‍ കുളമ്പുകള്‍ ക്രമരഹിതമായി വളരുന്നു. അതോടെ അവയുടെ ആകൃതിയും ഭാരം താങ്ങാനുള്ള കഴിവും വ്യത്യാസപ്പെടും. ഒപ്പം ഈര്‍പ്പം കൂടിയ സാഹചര്യം, വെള്ളം കെട്ടിക്കിടക്കുന്ന തറ, വൃത്തിയില്ലായ്മ പോലുള്ള സാഹചര്യങ്ങളും കുളമ്പുകളുടെ ആരോഗ്യത്തെ ബാധിക്കും. 

അധികവളര്‍ച്ചയുള്ള കുളമ്പുകള്‍ വെട്ടിയൊതുക്കാത്ത പക്ഷം കുളമ്പുകള്‍ക്ക് അണുബാധയുണ്ടായി അള്‍സര്‍, കുളമ്പുവീക്കം തുടങ്ങിയ വേദനാവസ്ഥയിലേക്ക് പശുക്കള്‍ നീങ്ങും. കുളമ്പിനുള്ളിലും അടിവശത്തുമായി രൂപപ്പെടുന്ന പൊട്ടലുകള്‍, വിള്ളലുകള്‍, കുളമ്പുകള്‍ക്കിടയിലുള്ള മാംസവളര്‍ച്ച, കുളമ്പ് വീക്കം, കുളമ്പിനകത്തെ പേശികളുടെ പഴുപ്പ്, കുളമ്പിനെ ആവരണം ചെയ്യുന്ന ചര്‍മ്മത്തിലുണ്ടാകുന്ന പലതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവയാണ് പശുക്കളില്‍ സാധാരണയായി കണ്ടുവരുന്നത്.

hoof-trimming-1
അനിയന്ത്രിത വളർച്ച

വേദനയുള്ള പശുക്കളെ എങ്ങനെ തിരിച്ചറിയാം

കുളമ്പുകളുടെ അസാധാരണ വളര്‍ച്ച പശുക്കള്‍ക്കുണ്ടാക്കുന്ന വേദനയെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള അക്കങ്ങളില്‍ തരംതിരിക്കാമെന്ന് ഡോ. റോമിയോ. ഒന്ന് എന്നാല്‍ ഏറ്റവും വേദന കുറവുള്ള സാഹചര്യമാണ്. അതുപോലെ അഞ്ച് ഏറ്റവും മോശം അവസ്ഥയും. ഒന്നു മുതല്‍ മൂന്നു വരെയുള്ള സ്റ്റേജില്‍ തിരിച്ചറിഞ്ഞ് കൃത്യമായ നടപടികള്‍ സ്വീകരിച്ചാല്‍ പശുക്കളുടെ ആരോഗ്യം നഷ്ടപ്പെടില്ല. 4,5 സ്റ്റേജുകളില്‍ പശുക്കളെ പൂര്‍വാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരികയെന്ന് പ്രായോഗികമല്ലെന്നും ഡോ. റോമിയോ. പലപ്പോഴും കര്‍ഷകര്‍ ശ്രദ്ധിക്കുന്നത് അവസ്ഥ ഘട്ടങ്ങളില്‍ എത്തുമ്പോഴാണെന്നും ഡോ. റോമിയോ പറയുന്നു. പാലുല്‍പാദനത്തിനൊപ്പം കുളമ്പുരക്ഷയുടെ കാര്യംകൂടി ശ്രദ്ധിക്കണമെന്ന് കര്‍ഷകരില്‍ അവബോധം സൃഷിക്കാന്‍ ഡോ. റോമിയോ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളില്‍ കുളമ്പുകള്‍ ചെത്തിയൊരുക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഡോ. റോമിയോ കര്‍ഷകശ്രീയോടു പറഞ്ഞു.

hoof-trimming-3

കുളമ്പുകള്‍ക്ക് വളര്‍ച്ച കൂടിയ പശുക്കള്‍ ക്രമേണ വേദനയിലേക്കെത്തും. കാല്‍ നിലത്തുറപ്പിക്കാതെ ഇടവിട്ടിടവിട്ട് പറിച്ചുകുത്തുക, കുടഞ്ഞെറിയുക, കാലുകളുടെ സന്ധികള്‍ക്ക് നീര്, കാലുകള്‍ക്ക് ബലം കൊടുക്കാതെ നില്‍ക്കുക, കാലുകള്‍ പിണച്ചുനില്‍ക്കുക, പിന്‍കാലുകളുടെ മുട്ടുകള്‍ അകത്തേക്ക് ചെരിഞ്ഞിരിക്കുക, വളഞ്ഞ മുതുക് തുടങ്ങിയവയെല്ലാം വേദനയുടെ ലക്ഷണങ്ങളാണ്. 

hoof-trimming-5
കോർക്ക് സ്ക്രൂ ഹൂഫ്

കോര്‍ക്ക് സ്‌ക്രൂ ഹൂഫ്

സാധാരണ അനിയന്ത്രിത വളര്‍ച്ചയാണ് കാണാറുള്ളതെങ്കില്‍ കുളമ്പുകള്‍ സ്‌ക്രൂ പോലെ പിരിഞ്ഞു വളരുന്ന അവസ്ഥയും പശുക്കളില്‍ കാണാറുണ്ട്. ഇത്തരത്തില്‍ പിരിഞ്ഞു വളരുന്ന കുളമ്പുകള്‍ ജനിതക പ്രശ്‌നമായതിനാല്‍ അടുത്ത തലമുറയിലേക്കും കൈമാറ്റം ചെയ്യപ്പെടും. സാധാരണ കുളമ്പുവളർച്ചയെ അപേക്ഷിച്ച് ഈ അവസ്ഥയിലുള്ള കുളമ്പുകൾക്ക് വളർച്ച കൂടുതലായിക്കും. അതുകൊണ്ടുതന്നെ കുറഞ്ഞത് നാലു മാസത്തെ ഇടവേളകളിലെങ്കിലും ചെത്തിയൊരുക്കിയില്ലെങ്കില്‍ നില്‍ക്കാനും നടക്കാനും ബുദ്ധിമുട്ടുവരികയും വേദന മൂലമുള്ള മറ്റവസ്ഥകളിലേക്ക് എത്തുകയും ചെയ്യും. വളര്‍ത്താനായി കന്നുകുട്ടികളെയും കിടാരികളെ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം. അമ്മയ്ക്ക് കോര്‍ക്ക് സ്‌ക്രൂ ഹൂഫ് ഉണ്ടെങ്കിൽ ഇത് കിടാങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അതുകൊണ്ടുതന്നെ അത്തരം കിടാങ്ങളെ ഒഴിവാക്കുകയാണ് നല്ലത്.

hoof-trimming-2
ഡോ. റോമിയോയുടെ ഹൂഫ് ട്രിമ്മിങ് ച്യൂട്ട്

ടില്‍റ്റബിള്‍ ഹൂഫ് ട്രിമ്മിങ് ച്യൂട്ട്

പശുക്കളുടെ കുളമ്പുകളുകള്‍ വെട്ടിയൊരുക്കേണ്ടത് അത്യാവശ്യമാണെങ്കിലും അതു സാധ്യമാക്കാനുള്ള പ്രായോഗികതയാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും കര്‍ഷകര്‍ക്കും വെല്ലുവിളി. വലിയ പശുക്കളെ നിയന്ത്രിച്ചുനിര്‍ത്തി ഓരോ കാലും ഉയര്‍ത്തി കട്ടര്‍ ഉപയോഗിച്ച് ചെത്തിയൊരുക്കുക അത്ര എളപ്പമല്ല. അതുകൊണ്ടുതന്നെയാണ് പലരും ഈ രീതിയോടു മുഖംതിരിക്കുന്നത്. എന്നാല്‍, സ്വന്തമായി ഡിസൈന്‍ ചെയ്ത ഹൂഫ് ട്രിമ്മിങ് ച്യൂട്ട് ആണ് ഡോ. റോമിയോ ഉപയോഗിക്കുന്നത്. ഇരുമ്പു പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ച്യൂട്ടിന്റെ പ്രത്യേകത പശുക്കളെ ചെരിച്ചു കിടത്താന്‍ കഴിയുമെന്നതാണ്. കിടത്താന്‍ കഴിയുന്നതുകൊണ്ടുതന്നെ നാലു കാലുകളും ഒരേസമയം ഉയര്‍ന്നുകിട്ടുമെന്നു മാത്രമല്ല കട്ടര്‍ ഉപയോഗിച്ച് അനായാസം ചെത്തിയൊരുക്കാനും കഴിയും. 

സാധാരണ രണ്ടു തരം ഹൂഫ് ട്രിമ്മിങ് ച്യൂട്ടുകളാണ് വ്യാപകമായി ഉപയോഗിക്കാറുള്ളതെന്ന് ഡോ. റോമിയോ. ഹൈഡ്രോളിക് സംവിധാനത്തിലുള്ള ച്യൂട്ടാണ് ഒരു രീതി. അതിന് പരിപാലനച്ചെലവ് കൂടും. താന്‍ ഉപയോഗിക്കുന്നത് വിഞ്ച് സിസ്റ്റമുള്ള ടില്‍റ്റബിള്‍ ച്യൂട്ട് ആണ്. അനായാസം കൈകാര്യം ടെയ്യാമെന്നു മാത്രമല്ല ആവര്‍ത്തനച്ചെലവും വരുന്നില്ല. ഊരിമാറ്റാവുന്ന ചക്രങ്ങളുള്ളതിനാല്‍ ആവശ്യാനുസരണം മാറ്റിസ്ഥാപിക്കാനും കൊണ്ടുനടക്കാനും കഴിയുമെന്നും ഡോ. റോമിയോ.

hoof-trimming-4

കുളമ്പു നന്നല്ലെങ്കില്‍ പശുക്കളും നന്നല്ല

കുളമ്പു പരിപാലനം നന്നല്ലാത്ത പശുക്കള്‍ക്ക് ആരോഗ്യവും ആയുസും കുറയുമെന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നു. അതുപോലെതന്നെ മികച്ച പാലുല്‍പാദനമുള്ള പശുക്കളുടെ പാലിന്റെ അളവ് കുറയുന്നത് പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. പാലുല്‍പാദനത്തില്‍ 20 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കുകള്‍. അതുപോലെ കാലിനു വേദനയുള്ള പശുക്കള്‍ക്ക് എത്ര ഭക്ഷണം നല്‍കിയാലും ശരീരതൂക്കം കുറഞ്ഞുവരികയും മെലിയുകയും ചെയ്യുന്നതായും കാണാം. നാളുകളായി വേദനയുള്ള പശുക്കളുടെ കാലുകളിലെ സന്ധികള്‍ക്ക് തേയ്മാനം (Osteoarthritis) കൂടി നടക്കാനും കിടക്കാനുമെല്ലാം ബുദ്ധിമുട്ട് വരുന്നതായി കാണാം. ഈ അവസ്ഥയിലെത്തിയ പശുക്കളെ രക്ഷപ്പെടുത്തുക പ്രയാസമായിരിക്കും.

ഫോൺ: 9446084360

English summary: The Importance Of Hoof Trimming For Cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com