നെല്ലിന് സ്പ്രിംഗ്ലർ: ജലപരിമിതിയിലും മികച്ച നേട്ടമെന്ന് പരീക്ഷണ ഫലം
Mail This Article
വേനൽക്കാലത്ത് പലപ്പോഴും മിക്ക കർഷകരുടെയും കൃഷിയിടം വരണ്ട അവസ്ഥയിലാണ്, പ്രത്യേകിച്ച് ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ. തുള്ളിനന സൗകര്യങ്ങൾ ഒരുക്കി പല കർഷകരും കൃഷി മുൻപോട്ടു കൊണ്ടുപോകുന്നുമുണ്ട്. എന്നാൽ, നെൽപ്പാടങ്ങളിൽ ജലദൗർലഭ്യം ചെലുത്തുന്ന വെല്ലുവിളി ചെറുതല്ല. മുൻകാലങ്ങളെ അപേക്ഷിച്ച് വേനലിന്റെ കാഠിന്യം ഏറുന്നതും ജലലഭ്യത കുറയുന്നതും കർഷകരെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. അതുകൊണ്ടുതന്നെ ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ കർഷകർ ശ്രമിക്കുന്നു. കാർഷിക വിളകളിൽ ഏറ്റവുമധികം ജലം ആവശ്യമുള്ള വിളകളിലൊന്നാണ് നെല്ല്. വിത്തിടുന്നതു മുതൽ വെള്ളം പലപ്പോഴായി കയറ്റിയിറക്കിയാണ് കൃഷി. എന്നാൽ, വെള്ളം കയറ്റിയിറക്കാതെ നെല്ലിന് സ്പ്രിംഗ്ലർ ഉപയോഗിച്ച് നന നൽകി പരീക്ഷിച്ചിരിക്കുകയാണ് കർഷകശ്രീ പി.ഭുവനേശ്വരി.
2022ലെ കർഷകശ്രീ പുരസ്കാര ജേതാവായ പി.ഭുവനേശ്വരിക്ക് പത്തേക്കറിലധികം സ്ഥലത്ത് നെൽക്കൃഷിയുണ്ട്. പാലക്കാട് എലപ്പുള്ളിയിലെ കൃഷിയിടത്തിന് പാലക്കാടൻ കാലാവസ്ഥയേക്കാൾ തമിഴ്നാട് കാലാവസ്ഥയോട് ചേർന്നുള്ള കാലാവസ്ഥയാണ്. അതുകൊണ്ടുതന്നെ വേനലിൽ ജലക്ഷാമമുണ്ട്. ഇത്തവണ കൃഷിയിറക്കിയപ്പോൾ 2–3 കണ്ടങ്ങളിൽ വെള്ളം കയറ്റിയിറക്കുന്നതിനു പകരം സ്പ്രിംഗ്ലർ ഉപയോഗിച്ചുള്ള ജലസേചനമാണ് ക്രമീകരിച്ചത്. ആവശ്യാനുസരണം വെള്ളം നൽകുന്നതിലൂടെ നെൽച്ചെടികൾക്ക് മികച്ച വളർച്ചയും വിളവുമാണെന്നാണ് തന്റെ അനുഭവമെന്ന് ഭുവനേശ്വരി. വെള്ളം കയറ്റിയിറക്കാത്തതിനാൽ ചെറിയ രീതിയിൽ കളശല്യം ഉണ്ടായി എന്നത് ന്യൂനതയാണെങ്കിലും കുറഞ്ഞ വെള്ളം മതി എന്നത് പ്രധാന നേട്ടമാണ്. ഇനി കൃഷിയിറക്കുമ്പോൾ കൂടുതൽ കണ്ടങ്ങളിലേക്ക് സ്പ്രിംഗ്ലർ നന ഒരുക്കാനാണ് ഭുവനേശ്വരിയുടെ തീരുമാനം.
English summary: Irrigation water management in paddy