ADVERTISEMENT

കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് അടിക്കടിയുള്ള കാലിത്തീറ്റ വിലവർധന. ഫാക്ടറിത്തീറ്റയ്ക്കു പകരം ബിയർ വെയ്സ്റ്റ്പോലുള്ള ചെലവു കുറഞ്ഞ തീറ്റകളിലേക്ക് അവർ തിരിഞ്ഞതും അങ്ങനെ. കേരളം, തമിഴ്നാട്, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെല്ലാം കിട്ടുന്ന ബിയർ വെയ്സ്റ്റ് അഥവാ ബ്രൂവറി വെയ്സ്റ്റ് വ്യാപകമായി ഇന്നു കാലികള്‍ക്കു തീറ്റയാണ്. പശുക്കൾക്കു മാത്രമല്ല, പന്നി, ആട്, പോത്ത്, കോഴി എന്നിവയ്ക്കൊക്കെ ബിയർ വെയ്സ്റ്റ് നൽകുന്നു.

നേട്ടങ്ങൾ

ബാർലി (72 ഡിഗ്രി സെൽഷ്യസിൽ വേവിച്ചത്),  നുറുക്കു പച്ചരി (92 ഡിഗ്രി സെൽഷ്യസിൽ വേവിച്ചത്) എന്നിവയാണ് ബ്രൂവറി അവശിഷ്ടത്തിലെ പ്രധാന ഘടകങ്ങൾ. ഈ ബിയ‌ർ വെയ്സ്റ്റിൽ ആൽക്കഹോളിന്റെ സാന്നിധ്യമില്ലെന്നു മാത്രമല്ല,  പോഷകസമൃദ്ധവുമാണ്. ഒട്ടിപ്പിടിക്കാത്ത വെന്ത ധാന്യങ്ങളും നാരുകളും സമൃദ്ധം. ജലാംശവും ഏറെ. പശുവിന്റെ ആമാശയത്തിലെ നല്ലയിനം സൂക്ഷ്മാണുക്കളുടെ എണ്ണം വർധിക്കാനും പാലിന്റെ കൊഴുപ്പു കൂടാനും ബീയർ വെയ്സ്റ്റിലെ ദഹ്യനാരുകൾ ഉപകരിക്കും. കൊഴുപ്പു കൂടുന്നതു വഴി പാലിന് ഉയർന്ന വില ലഭിക്കുമല്ലോ. ബിയർ വെയ്സ്റ്റ് നൽകുന്നതിലൂടെ പാലിന് രുചിയും സുഗന്ധവും വർധിക്കുന്നതായും കാണുന്നു. ബിയർ വെയ്സ്റ്റിലെ വർധിച്ച അളവിലുള്ള മാംസ്യം പശുവിന്റെ ശരീരപുഷ്ടിക്ക് ഉതകും. ചെനയുള്ള പശുവിന് കറവയിലൂടെ ക്ഷീണം തട്ടാതിരിക്കാനും ഗർഭസ്ഥശിശുവിന് ശരീരഭാരം വർധിക്കാനും ഗുണകരം. ചുരുക്കത്തിൽ, ഒട്ടേറെ പോഷക മേന്മകളുണ്ടെന്നു മാത്രമല്ല പാലുൽപാദനവും അതിലൂടെ വരുമാനവും വർധിക്കാൻ സഹായകമാണ് ബിയർ വെയ്സ്റ്റ്.

തെറ്റിദ്ധാരണകൾ

ബിയർ വെയ്സ്റ്റിൽ മദ്യം കലർന്നിട്ടുള്ളതിനാൽ പശുക്കൾ മദ്യപാനികളെപ്പോലെ പെരുമാറും, ബിയർ വെയ്സ്റ്റ് പൊടുന്നനെ നിർത്തി മറ്റു തീറ്റകളിലേക്കു മാറുന്നത് പശുവിന് പ്രശ്നങ്ങളുണ്ടാക്കും, രാസവസ്തുക്കൾ കലർന്നതിനാൽ ആരോഗ്യത്തിന് ഹാനികരം, പാലിന് ബിയറിന്റെ മണമുണ്ടാകും, പാൽ കൂടുതൽ ലഭിക്കുമെങ്കിലും പശുക്കൾ മെലിയും, ചെനപിടിക്കൽ ബുദ്ധിമുട്ടാവും തുടങ്ങി ബിയർ വെയിസ്റ്റിനെക്കുറിച്ചുള്ള  തെറ്റിദ്ധാരണകൾ ഒട്ടേറെയുണ്ട്. വാസ്തവത്തിൽ, പ്രതിദിന റേഷൻ‌ ശരിയായ രീതിയിൽ കംപ്യൂട്ട് ചെയ്തു നൽകിയാൽ ബിയർവെയ്സ്റ്റ് മികച്ച തീറ്റയാണ്. തീറ്റച്ചെലവ് മൂന്നിലൊന്നായി കുറയുകയും ചെയ്യും.

കോട്ടങ്ങൾ

ധാതുലവണാംശം, വിശേഷിച്ച് കാത്സ്യത്തിന്റെ അളവ് ബിയർ വെയ്സ്റ്റിൽ കുറവാണ്. ഊർജവും കുറവ്. വേഗം പുളിച്ചു പോകുന്നതിനാൽ അധികനാൾ സൂക്ഷിച്ചുവയ്ക്കാനാവില്ല. തുറന്നുവച്ചാൽ പൂപ്പൽ വിഷബാധയ്ക്കും നിറംമാറ്റത്തിനും ദുർഗന്ധത്തിനും സാധ്യത. സൂക്ഷിച്ചില്ലെങ്കിൽ പ്രാണി ശല്യം മൂലം പുഴുക്കളുണ്ടാവാം. 

Read also: ആഡംബര കപ്പലില്‍നിന്ന് തൊഴുത്തിലേക്കിറങ്ങി യുവാവ്: മികച്ച നേട്ടം, സഹായിച്ചത് തീറ്റക്രമം 

ശ്രദ്ധിക്കുക

  • ബിയർ വെയ്സ്റ്റിനൊപ്പം സ്റ്റാർച്ച് വെയ്സ്റ്റ് (മരച്ചീനി വെയ്സ്റ്റ്), കോൺ വെയ്സ്റ്റ് (ചോള വെയ്സ്റ്റ്) എന്നിവ കൂടി നൽകിയാൽ സമീകൃതാഹാരമാകും. 
  • കേടുവരാതിരിക്കാൻ കറിയുപ്പ്, കുർക്കുമിൻ നീക്കിയ മഞ്ഞൾ എന്നിവ 5 ശതമാനം ചേർത്തു സൂക്ഷിക്കുക. മഞ്ഞൾപ്പൊടി കാലിത്തീറ്റയിൽ ഉൾപ്പെടുത്തുന്നത് അകിടുരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. 
  • പോളിത്തീൻ ചാക്കുകളിലോ സിമന്റ്ചാക്കിലോ വായുസമ്പർക്കമില്ലാതെ 20–30 ദിവസം വരെ സൂക്ഷിക്കാം.
  • ആദ്യമായി കൊടുക്കുമ്പോൾ കുറഞ്ഞ അളവിൽ തീറ്റയിൽ ചേർത്തു നൽകി ശീലിപ്പിക്കുക. ക്രമേണ അളവു കൂട്ടുക.
  • പശുക്കുട്ടികൾക്ക് 6 മാസം പ്രായമാകുമ്പോൾ പരമാവധി 500 ഗ്രാം വീതം കൊടുത്തു തുടങ്ങാം. വളർ‌ച്ചയ്ക്കനുസരിച്ച് അളവു കൂട്ടാം.
  • കറവമാടുകൾക്ക് ഒരു ലീറ്റർ പാലിന് 1.5 കിലോ (750 ഗ്രാം വീതം 2 നേരം) തോതിൽ ഉൽപാദനത്തിന് അനുസൃതമായി നൽകാം. പച്ചപ്പുല്ല്, വൈക്കോൽ എന്നിവ പരുഷാഹാരമായി നൽകണം. 
  • ബിയർ വെയ്സ്റ്റ് ദാഹം വർധിപ്പിക്കുന്നതായി കാണുന്നതിനാൽ ആവശ്യത്തിനു വെള്ളം കുടിക്കാൻ നൽകണം. നേരിയ തോതിൽ വയറിളക്കം കണ്ടാൽ അപ്പക്കാരം (50 ഗ്രാം) കുടിവെള്ളത്തിലോ തീറ്റയിലോ കലർത്തി നൽകുക.
  • എല്ലാ ദിവസവും തീറ്റ തമ്മിലുള്ള ഇടവേള ഒരേപോലെ ക്രമീകരിക്കുക. തീറ്റപ്പാത്രം ദിവസവും കഴുകി തീറ്റയവശിഷ്ടങ്ങൾ നീക്കുന്നത് പൂപ്പൽ വിഷബാധ സാധ്യത ഒഴിവാക്കും.

വിലാസം: ഡപ്യൂട്ടി ഡയറക്ടർ (Rtd.), മൃഗസംരക്ഷണ വകുപ്പ്, ഡെയറി ഫാം കൺസൽറ്റന്റ്. ഫോൺ: 9447442486

English summary: Beer Waste Feeding to Dairy Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com