ADVERTISEMENT

കേരളത്തിനാവശ്യമായ പാൽ കേരളത്തിൽ തന്നെ ഉൽപാദിപ്പിക്കുമ്പോഴാണ് സ്വയം പര്യാപ്തമായി എന്ന് നമുക്ക് പറയാൻ കഴിയൂ. ഈ ലക്ഷ്യത്തിനായി ധാരാളം പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ട്. വർഷങ്ങളായി ഈ ലക്ഷ്യം പ്രസംഗങ്ങളിൽ ഉൾപ്പെടുത്തുന്നുമുണ്ട്. പക്ഷേ ഫലം കാണുന്നില്ലെന്നു മാത്രം. നിലവിലെ കർഷകർ ഈ മേഖല ഉപേക്ഷിക്കുന്നതായാണ‌ു കാണുന്നത്. 

തിരഞ്ഞെടുത്ത ചില പഞ്ചായത്തുകളിൽ അയൽ സംസ്ഥാനങ്ങളിൽനിന്നും നാമമാത്രമായ പശുക്കളെ സബ്സിഡിയോടുകൂടി കൊണ്ടുവന്നാൽ ഇവിടെ പാൽ സ്വയംപര്യാപ്തമാകുമെന്ന് കരുതുന്ന സംവധാനമാണിവിടെയുള്ളത്. ഇതിന്റെ ആനുകൂല്യം ചുരുക്കം ചില പഞ്ചായത്തിലെ ചിലർക്കായി ചുരുങ്ങുമ്പോൾ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത മഹാഭൂരിപക്ഷം ക്ഷീരകർഷകരും നിരാശയിലാണ്. തീറ്റപ്പുൽ കൃഷിയുടെ കണക്കുകൾ പത്രത്തിൽ വരുന്നുണ്ട്. അത് എത്രത്തോളം ഈ മേഖലയിലുള്ളവർക്ക് കിട്ടി എന്നു കൂടി പരിശോധിക്കണം. തന്മൂലം എത്രത്തോളം ഉൽപാദനച്ചെലവ് കുറഞ്ഞു? ഇത്തരം അടിസ്ഥാന കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ക്ഷീരകർഷകർ എന്ന് നാം പറയുമ്പോഴും ഈ മേഖലയെ ശരിക്കും കാർഷികവൃത്തിയായി സർക്കാർ കണക്കാക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കന്നുകാലി ഷെഡിന് ഇപ്പോഴും ചതുരശ്ര അടി കണക്കിൽ പഞ്ചായത്തിൽ കെട്ടിട നികുതി നൽകണമെന്നാണ് നിയമം. വീടുകൾക്കുള്ളതിനേക്കാള്‍ കൂടിയ നിരക്കിലാണ് നൽകേണ്ടത്. അഞ്ച് പശുവിൽ കൂടുതലുണ്ടെങ്കിൽ ലൈസൻസ് വേണം. 

ബാങ്കിൽ നിന്നും ലോൺ എടുക്കണമെങ്കിൽ 11 ശതമാനത്തിന് മുകളില്‍ പലിശ നൽകണം. ഉയർന്ന പലിശ നൽകി ലോണെടുത്ത് പശുവിനെ വാങ്ങാൻ പുതു തലമുറ തയാറാകുന്നില്ല. കിസ്സാൻ ക്രെഡിറ്റ് കാർഡ് 1,60,000 രൂപ ചെറിയ പലിശയ്ക്ക് ലോൺ ലഭിക്കും. എന്നാൽ പശു വാങ്ങുന്നതിന് കിട്ടില്ല. നിലവിലെ ഫാം നവീകരണത്തിനായി മാത്രമേ ലഭിക്കൂ. 

ചെറിയ മേമ്പൊടി പ്രസ്താവനകൾ കൊണ്ടും, പ്രവൃത്തികൾ കൊണ്ടും ഈ മേഖല പുരോഗമിക്കില്ല. കാര്യകാരണ സഹിതം ഈ മേഖലയെ വിലയിരുത്തി അത്തരം പദ്ധതികളാണ് ആവശ്യം. നിലവിലെ പദ്ധതികൾ ഇതിന‌ു പര്യാപ്തമല്ല. 

പുതുതായി ഈ മേഖലയിലേക്ക് കടന്നു വരാൻ ധാരാളം പേർ തയാറാണ്. മുടക്കുമുതലില്ലാത്തതാണ് അവരുടെ പ്രശ്നം. അതിനാൽ ആവശ്യപ്പെടുന്നവർക്കെല്ലാം പലിശ രഹിത വായ്പ തരപ്പെടുത്തണം. രണ്ടാമത്തെ പ്രശ്നം നിലവിലെ ഉൽപാദനച്ചെലവ് വർധനയാണ്. ഉൽപാദിപ്പിക്കുന്ന പാലിനനുസരിച്ച് സബ്സിഡി നിരക്കിൽ എല്ലാ കന്നുകാലികൾക്കും തീറ്റ നൽകണം. 

ഈ രണ്ടു പദ്ധതികൾക്കുമായി സർക്കാർ ധനസഹായം പരിമിതപ്പെടുത്തണം. നിലവിലെ പദ്ധതികൾ ഗുണകരമാണോയെന്ന് ക്ഷീരകർഷകരോടു തന്നെ ഉന്നത അധികാരികൾക്ക് ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. സ്വയം പര്യാപ്തത തൽക്കാലം മാറ്റിവച്ച്, യാഥാർഥ്യത്തോടെ ക്ഷീരമേഖലയുടെ നിലനിൽപിനായി ചിന്തിക്കാം. കർഷകരുടെ പുരോഗതിക്ക് വിലങ്ങുതടിയായി നിൽക്കുന്ന നിയമങ്ങളും ഇതോടൊപ്പം പരിഷ്കരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com