ADVERTISEMENT

കാലാവസ്ഥമാറ്റത്തിനു കാരണമാകുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുന്ന ഹരിതഗൃഹവാതകങ്ങളില്‍ പ്രധാനമാണ് മീഥെയ്ന്‍. മൃഗങ്ങളുടെ ദഹനപ്രക്രിയയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മീഥെയ്ന്‍ അന്തരീക്ഷത്തിലേക്ക് എത്തിപ്പെടുന്നു. ആഗോള തലത്തിൽ മൃഗങ്ങളിൽനിന്നു നിര്‍ഗമിക്കുന്ന മീഥെയ്ന്റെ 95 ശതമാനവും ക്ഷീരമേഖലയില്‍നിന്നാണ്. മൃഗങ്ങളുടെ എണ്ണക്കൂടുതല്‍, ശരീരവലുപ്പം,  തീറ്റയുടെ വര്‍ധിച്ച അളവ് എന്നീ കാരണങ്ങളാല്‍ ഇവയുടെ മീഥെയ്ന്‍ ഉല്‍പാദനവും കൂടുന്നു. 

ഒരു പശു പ്രതിവർഷം 154–264 പൗണ്ട് മീഥെയ്ന്‍ വാതകം ഉല്‍പാദിപ്പിക്കുന്നതായാണ് 2022ൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ കന്നുകാലികൾ, എരുമകൾ, ചെമ്മരിയാടുകൾ, ആടുകൾ എന്നിവ പ്രതിവർഷം 92.5  ലക്ഷം ടൺ മുതൽ 1. 42 കോടി ടൺ വരെ മീഥെയ്ന്‍ പുറന്തള്ളുന്നു. ആഗോള തലത്തിൽ ഇത് 9 കോടി ടണ്ണില്‍  കൂടുതലാണ്. തീറ്റയായി കൂടുതലും കാർഷികാവശിഷ്ടങ്ങൾ നൽകുന്നതിനാല്‍  ഇന്ത്യയിലെ കന്നുകാലികൾ മറ്റു വ്യവസായിക രാജ്യങ്ങളെ അപേക്ഷിച്ച് 50-100 ശതമാനം കൂടുതൽ മീഥെയ്ന്‍ ഉല്‍പാദിപ്പിക്കുന്നുണ്ടത്രെ.  ഇത്തരം മീഥെയ്ന്‍ ഉല്‍പാദനം കുറയ്ക്കുന്നതിനു മികച്ച തീറ്റക്രമം, തൊഴുത്തില്‍ മാലിന്യ സംസ്കരണസംവിധാനം, സുസ്ഥിര കാർഷിക രീതികൾ എന്നിങ്ങനെ  ചില മാര്‍ഗങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്കു സ്വീകരിക്കാനാവും. 

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) 2021ൽ ‘ഹരിത് ധാര’ എന്ന പേരില്‍ ഒരു ആന്റി-മെത്തനോജനിക് തീറ്റ സപ്ലിമെന്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് കന്നുകാലികളുടെ മീഥെയ്ന്‍ പുറന്തള്ളൽ 17-20 ശതമാനം കണ്ടു കുറയ്ക്കുകയും പാൽ ഉല്‍പാദനം വർധിപ്പിക്കുകയും ചെയ്യുന്നു. പശുക്കളുടെ ദഹനവ്യവസ്ഥയില്‍  പ്രോട്ടോസോവ സൂക്ഷ്മാണുക്കളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നുണ്ട് ഹരിത് ധാര. ടാന്നിൻ സമ്പുഷ്ട സസ്യാധിഷ്ഠിത ഉറവിടങ്ങളിൽ നിന്നുണ്ടാക്കുന്ന ഹരിത് ധാര, പശുക്കളുടെ ദഹനവ്യവസ്ഥയിലെ റുമെന്‍ എന്ന അറയിലെ പ്രോട്ടോസോവയുടെ പെരുപ്പം കുറയ്ക്കാനോ, നീക്കം ചെയ്യാനോ സഹായിക്കുന്നു. കന്നുകാലിവളർത്തലിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ കുറയ്ക്കാനും ഇന്ത്യയിലെ സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ഐസിഎആറി ( ICAR) ന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ന്യൂട്രിഷൻ ആൻഡ് ഫിസിയോളജി (ICAR-NIANP,Banglore)ആണ് ഹരിത് ധാര വികസിപ്പിച്ചെടുത്തത്.  വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തിനായി 2022ൽ Core CarbonX solutions Pvt Ltd Hyderabad, Saideep Exports Pvt Ltd Banglore, BAIF Development Research Foundation Pune എന്നീ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇതിന്റെ സാങ്കേതികവിദ്യ കൈമാറ്റം ചെയ്തിട്ടുണ്ട്. 3  സ്ഥാപനങ്ങളും ഇതുവരെ ഹരിത് ധാര വിപണിയിൽ എത്തിച്ചിട്ടില്ല. ഉല്‍പന്നത്തിന്റെ സാങ്കേതികവിദ്യയ്ക്ക് ഇതുവരെ പേറ്റന്റ് ലഭിച്ചിട്ടില്ലാത്തതിനാൽ ഇതിന്റെ രാസഘടനയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കേരളത്തിൽ ഈ ഉല്‍പന്നം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍  താല്‍പര്യമുള്ളവർക്ക് NIANPയെ നേരിട്ട് സമീപിക്കാം. വിശദവിവ രങ്ങൾ ICAR വെബ്സൈറ്റിൽ ലഭ്യമാണ്.

വിലാസം: കോളജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്നോളജി, കോലാഹലമേട്, ഇടുക്കി, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സര്‍വകലാശാല. 

English summary: Feed supplements to reduce methane emissions

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com