ഒരു ചുവട്ടിൽ രണ്ടു വാഴ: നേട്ടമോ നഷ്ടമോ? കർഷകന് പറയാനുള്ളത്
Mail This Article
ഒരു കുഴിയിൽ രണ്ടു വാഴ നട്ടാൽ എന്താണ് നേട്ടം? നേട്ടങ്ങൾ ഏറെയുണ്ടെന്ന് എറണാകുളം ഇലഞ്ഞി സ്വദേശിയായ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ പറയും. വക്കച്ചൻ 11 മാസം മുൻപ് നട്ടു നനച്ചു വളർത്തിയ വാഴകളിൽനിന്ന് കുലകൾ വെട്ടിത്തുടങ്ങി. ഒരേക്കറിൽ 1200ൽപ്പരം വാഴകൾ വരുന്ന രീതിയിലാണ് വക്കച്ചൻ കൃഷി ചെയ്തത്. ശരാശരി 14 കിലോയുള്ള കുലകൾ പ്രതീക്ഷിച്ച താൻ ഞെട്ടിയെന്നും വച്ചക്കൻ. കാരണം, ഇതുവരെ വെട്ടിവിറ്റ 300 കുലകൾക്ക് ശരാശരി തൂക്കം 20–25 കിലോ!
സാധാരണ നേന്ത്രൻ ഇനം ഉദ്ദേശിച്ചാണ് കന്നുകൾ വാങ്ങിയതെങ്കിലും കുലച്ചുകഴിഞ്ഞപ്പോഴാണ് അത് ആറ്റുനേന്ത്രനാണെന്ന് തിരിച്ചറിഞ്ഞതെന്ന് വക്കച്ചൻ. ആറ്റുനേന്ത്രന് ശരാശരി 27 കിലോയോളം തൂക്കം വരും. ഒരു കുഴിയിൽ രണ്ടു വാഴ നട്ടതിനാൽ തൂക്കം അൽപം കുറഞ്ഞെങ്കിലും രണ്ടു കുലയ്ക്കുംകൂടി ശരാശരി 45 കിലോയുണ്ട്. ഒരേക്കറിൽ 800 വാഴ നടുമ്പോഴും 1100–1200 വാഴകൾ നടുമ്പോഴുമുള്ള വ്യത്യാസം കണക്കുകൂട്ടിയാൽ നേട്ടം ഹൈ ഡെൻസിറ്റി വാഴക്കൃഷിക്കുതന്നെ. ഇപ്പോൾ 32–33 രൂപ വില ലഭിക്കുന്നുണ്ട്. തൂക്കം കൂടുതലുള്ള കുലകളായതുകൊണ്ട് വിൽപനയ്ക്ക് അൽപം ബുദ്ധിമുട്ട് നേരിട്ടെങ്കിലും ഇപ്പോൾ സ്ഥിരമായി കുലകൾ എടുക്കാൻ ആളുണ്ടെന്നും വക്കച്ചൻ.
പ്രധാന വളം തൊഴുത്തിൽനിന്ന്
തൊഴുത്ത് വൃത്തിയാക്കുന്ന വെള്ളം തോട്ടത്തിൽ എത്തിച്ച് സ്പ്രിംഗ്ലർ ഉപയോഗിച്ചായിരുന്നു നന. വേനൽക്കാലത്തും കൃത്യമായി നന നൽകിയത് വാഴത്തൈകളുടെ വളർച്ചയെ സഹായിച്ചു. ഒപ്പം പൊട്ടാഷ് വളങ്ങളും നൽകിയിരുന്നു. ഇലകരിച്ചിലിനെതിരേ മരുന്നു പ്രയോഗവും നടത്തി. മുട്ടടക്കം 250 രൂപയോളം ഒരു വാഴയ്ക്ക് ഉൽപാദനച്ചെലവ് വന്നിട്ടുണ്ട്. ഒരു കുഴിയിലെങ്കിലും രണ്ടു കന്നുകൾ തമ്മിൽ രണ്ടടിയോളം അകലമുണ്ട്. രണ്ടും എതിർവശത്തേയ്ക്കു ചരിച്ചാണ് നട്ടത്. രണ്ടു തടങ്ങൾ തമ്മിൽ 11 അടിയും അകലമുണ്ട്. വാഴകൾ തമ്മിൽ അകലക്കുറവുള്ളതുകൊണ്ടുതന്നെ ഉയരം അൽപം കൂടിയെങ്കിലും ഉള്ളിലേക്ക് സൂര്യപ്രകാശം കടക്കാതെ വന്നതിനാൽ കളവളർച്ച തടയാൻ കഴിഞ്ഞു. കാറ്റുപിടിത്തവും ഒഴിവായി.
നടുമ്പോൾ ശ്രദ്ധിക്കേണ്ടത്
വാഴക്കന്നുകൾ വാങ്ങുമ്പോൾ വലുപ്പം അനുസരിച്ച് നടണമെന്ന് വക്കച്ചൻ. വലുപ്പം കുറഞ്ഞതും കൂടിയതും ഇടകലർത്തി നട്ടാൽ വലുപ്പം കൂടിയ കന്നിന് വളർച്ച കൂടി കുറഞ്ഞവയെ തളർത്തിക്കളയും. അത്തരം സാഹചര്യമുണ്ടാവാതിരിക്കാൻ ഒരേ വലുപ്പമുള്ള കന്നുകളായിരിക്കണം അടുത്തടുത്തു വരേണ്ടതെന്നും വക്കച്ചൻ.
ഫോൺ: 95629 83198