ADVERTISEMENT

എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ തീരദേശ ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പാണ് പൊക്കാളി നെൽകൃഷി. കാലാവസ്ഥയെ അടിസ്ഥാനമാക്കി മാത്രം കൃഷി ചെയ്യാൻ കഴിയുന്ന കാർഷികവിളയാണിത്. ഒരു നാടിന്റെ, ഭക്ഷണത്തിന്റെ, ജീവതത്തിന്റെ, സംസ്ക്കാരത്തിന്റെ ഭാഗമായി നെഞ്ചിലേറ്റിയ കാർഷികവിളകൂടിയാണ് പൊക്കാളിനെല്ല്. ഇന്ന് ഭൂമിയിൽ കിട്ടുന്ന ഏറ്റവും ശുദ്ധമായ അരിയെന്ന് നിസംശയം പറയാം. പറഞ്ഞറിയിച്ചാൽ തീരില്ല പൊക്കാളിയുടെ വിശേഷങ്ങൾ.

pokkali-9
കതിരണിഞ്ഞ പൊക്കാളിപ്പാടം

കൃഷി ചെയ്യാനായി ജൈവ - രാസ വളപ്രയോഗമോ, ജൈവ- രാസ കീടനാശിനി പ്രയോഗമോ വേണ്ടാ എന്നതാണ് പൊക്കാളി കൃഷിയുടെ മറ്റൊരു സവിശേഷത. 6 മാസം നെൽകൃഷിയും 6 മാസം മത്സ്യക്കൃഷിയുമാണ് പൊക്കാളിപ്പാടങ്ങളിൽ നടക്കുന്നത്. നെൽകൃഷിയും മത്സ്യകൃഷിയും പരസ്പ്പരം സംയോജിക്കുമ്പോഴാണ് ജലകാർഷികത പൂർണ്ണതയിലെത്തുന്നത്. പൊക്കാളിയെന്നത് കേവലം ഉപ്പ് വെള്ളത്തിൽ വളരുന്ന ഒരു നെൽച്ചെടിയെന്നാണ് പൊതുവേ വിശേഷണം. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ല കഴിഞ്ഞാൽ മറ്റു ജില്ലകളിൽ ഏറെ പരിചിതമല്ല ഭൂമിയിലെ ഏറ്റവും ശുദ്ധമായ അരിയായ പൊക്കാളിയെ.  പൊക്കാളി കൃഷി എല്ലാവരും അറിയേണ്ട ഒന്നാണ്. ഇത്രയും സവിശേഷമായ ഒരു നെല്ല്  കേരളത്തിന്റെ തീരദേശ ഗ്രാമങ്ങളിലല്ലാതെ മറ്റൊരിടത്തുമില്ല. 

pokkali-6

തികച്ചും പ്രകൃതിദത്തമായ രീതിയിൽ 100% കാലാവസ്ഥയെ മാത്രം ആശ്രയിച്ചു വളരുന്ന കൃഷി സമ്പ്രദായമാണ് പൊക്കാളി. രാസവളങ്ങളൊ  ജൈവവളങ്ങളൊ ജൈവരാസകീടനാശിനികളൊ ഒന്നും തന്നെ വേണ്ടെന്നതാണ് പൊക്കാളി നെൽകൃഷിയെ മറ്റു കൃഷികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. 

ഇന്നു കാണുന്ന പൊക്കാളിപ്പാടങ്ങൾ ഒരു കാലത്ത് കടലായിരുന്നു. കടൽ ഉൾവലിഞ്ഞ് കാലക്രമേണ ചെറിയ കായലുകളായും കായലുകൾ കാലാന്തരത്തിൽ ഇന്നു കാണുന്ന പൊക്കാളിപ്പാടങ്ങളായും മാറിയെന്നാണ് കണ്ടെത്തൽ. പൊക്കാളി നെല്ലിന്റഎ ഉദ്ഭവത്തെക്കുറിച്ചും ചില കണ്ടെത്തലുകളുണ്ട്. പണ്ടുകാലങ്ങളിൽ ദാരിദ്ര്യം നമ്മുടെ നാടിനെ അടക്കിവാണകാലം. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി, നെട്ടോട്ടമോടുന്ന ജനത. ഭക്ഷണത്തിനായി മൃഗങ്ങളെയും മറ്റു ജീവജാലങ്ങളെയും വേട്ടയാടി ഭക്ഷിക്കുന്ന കാലം. എലിയെയും ആ ജനത ഭക്ഷണത്തിന്റെ ഭാഗമാക്കിയിരുന്ന കാലം. എലിയെ വേട്ടയടാനായി കണ്ടൽകാടുകളിലൂടെ സഞ്ചരിച്ച് എലികൾ താമസിക്കുന്ന മാളങ്ങൾ കണ്ടെത്തി അവിടെ കെണികൾവച്ച് എലിയെ പിടിക്കുന്നതാണ് പതിവ്. ഒരു ദിവസം എലിയെ പിടിക്കാൻ പോയപ്പോൾ മാളങ്ങളിൽ സ്വർണനിറമുള്ള നെൽമണികൾ കാണ്ടു. എലികൾ ധാന്യങ്ങൾ മാളങ്ങളിൽ ശേഖരിച്ചുവയ്ക്കുന്ന പതിവുണ്ട്. ഓരോ മാളങ്ങളിലും വിവിധയിനം ധാന്യങ്ങൾ കാണാൻ തുടങ്ങി. എലി മാളങ്ങളിലെ നെല്ലിന്റെ ശേഖരം കണ്ടപ്പോൾ വേട്ടയ്ക്ക് പോയവർക്ക് സംശയം തോന്നി. എങ്ങനെയാണ് ഈ മാളങ്ങളിൽ നെന്മണികൾ വന്നത്. തൊട്ടടുത്ത പ്രദേശങ്ങളിലൊന്നും നെൽകൃഷിയുമില്ല. മാളത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ ഒന്ന് കണ്ണോടിച്ചപ്പോൾ കണ്ടൽക്കാടുകൾക്കിടയിൽ അവിടവിടായി പൊന്നിൻ കതിർക്കുലകൾ വിളഞ്ഞ് തുളുമ്പി നിൽക്കുന്നതായി കാണാൻ കഴിഞ്ഞു. ഈ മനോഹരമായ കാഴ്ച എലിവേട്ടയ്ക്കു പോയവരെ ആശ്ചര്യപ്പെടുത്തി. അതിനും ചില കാരണങ്ങളുണ്ട്. സാധാരണയായി നെൽച്ചെടികൾ വളരുന്നത് ശുദ്ധജലത്തിലാണ്. എന്നാൽ കായൽപ്പരപ്പുകളുടെ അരികിലായി കാണുന്ന കണ്ടൽക്കാടുകൾക്കിടയിലെ ഉപ്പുവെള്ളത്തിൽ എങ്ങനെ നെൽചെടികൾ സമൃദ്ധമായി വളരുന്നു. ഈ ചിന്തയിൽ നിന്നാണ് ഉപ്പുവെള്ളത്തിൽ നെൽകൃഷി ആരംഭിച്ചത്.

ഏപ്രിൽ 14നു ശേഷം പൊക്കാളിപ്പാടങ്ങളിൽ ചെമ്മീൻ കെട്ടുകളുടെ കാലാവധി അവസാനിക്കുകയാണ്. അതോടെ മത്സ്യക്കൃഷി അവസാനിക്കും. അതിനു ശേഷം പൊക്കാളി നെൽകൃഷിയാരംഭിക്കാനുള്ള ഒരുക്കങ്ങളാണ്. കെട്ടുകളിലെ വെള്ളം പൂർണമായി വറ്റിക്കും. ഇങ്ങനെ വെള്ളം നീക്കി നിലം നന്നായി ഉണക്കണം. ജലത്തിൽ വളരുന ജലസസ്യങ്ങൾ, ചെറുജീവികൾ, മണ്ണിലെ സൂക്ഷ്മജീവികൾ എല്ലാം മണ്ണുമായി ചേർന്ന് പോഷക സമ്പന്നമാകും. അതോടൊപ്പം മണ്ണിലുള്ള കുമിളുകൾ ചെറുകീടങ്ങൾ എന്നിവ പൂർണമായി നശിക്കുകയും ചെയ്യും.

pokkali-3
കിളച്ചൊരുക്കുന്നു

വളപ്രയോഗമില്ലാത്ത നെൽകൃഷിയോ?

അതെ, പൊക്കാളി നെൽകൃഷിക്കു മാത്രമുള്ള സവിശേഷതയാണ് ജൈവ–രാസവളങ്ങളോ ജൈവ–രാസ കീടനാശിനികളോ ഒന്നും തന്നെ വേണ്ട എന്നത്.

പൊക്കാളിപ്പാടങ്ങൾ എങ്ങനെ ജൈവസമ്പന്നമാകുന്നു?

മഴക്കാലത്ത് കിഴക്കൻ മലവെള്ളം മലയോര മേഖലയിലെ ജൈവസമ്പത്തുകളുമായി തീരദേശ ഗ്രാമങ്ങളിലേക്ക് ഒഴുകിയെത്തുന്നു. വനമേഖലയിലെ ജൈവസമ്പത്തും വളക്കൂറുള്ള മണ്ണും ജീവജാലങ്ങളുടെ അവശിഷ്ടങ്ങളും ഒഴുകി സമുദ്രനിരപ്പിനോട് ചേർന്നു കിടക്കുന്ന ചതുപ്പുകളിലും കെട്ടുകളിലുമൊക്കെ അടിഞ്ഞുകൂടുന്നു.

വേലിയേറ്റത്തിന്റെ ഭാഗമായി സമുദ്രത്തിൽ(കടൽ)നിന്നും പുഴയിലൂടെ വെള്ളം പൊക്കാളിപ്പാടങ്ങളിലേക്ക് കയറുമ്പോൾ പോഷക സമ്പത്തും ലവണങ്ങളുമൊക്കെ നിക്ഷേപിക്കപ്പെടുന്നു. ഇത് പൊക്കാളി നെൽകൃഷിക്ക് ഗുണകരമാകുന്നു.

പൊക്കാളിപ്പാടങ്ങളിൽ 6 മാസം നെൽകൃഷിയും 6 മാസം മത്സ്യകൃഷിയുമാണ് നടക്കുന്നത്. നെൽകൃഷി ചെയ്യുന്ന പാടങ്ങളിൽ നെല്ല് കൊയ്യുന്ന സമയത്ത് നെൽ കതിരുകൾ മാത്രം കൊയ്തെടുക്കുന്നു. വയ്ക്കോലും കച്ചിലുമൊക്കെ പാടങ്ങളിൽ ഉപേക്ഷിക്കുന്നു. ഇത് പാടത്തു കിടന്ന് അഴുകി മത്സ്യങ്ങൾക്ക് വളരുന്നതിനും പ്രജനനം നടത്തുന്നതിനും ശത്രു ജീവികളിൽ നിന്നും സംരക്ഷണം കിട്ടുന്നതിനുമുള്ള ആവാസവ്യവസ്ഥ രൂപം കൊള്ളുന്നു. ഈ പാടങ്ങളിൽ മത്സ്യകൃഷി ചെയ്യുമ്പോൾ വിളവും കൂടുതൽ കിട്ടും. മത്സ്യങ്ങളുടെ വിസർജ്യം പാടങ്ങളിലെ അടുത്ത നെൽകൃഷിക്ക് ഗുണകരമാകുന്നു.

കെട്ടുകളിൽ വളരുന്ന ചെമ്മീൻ, ഞണ്ട് മുതലായ ജീവികൾ നിശ്ചിത കാലയളവുകൾക്കുള്ളിൽ അതിന്റെ പുറംതോട് (ശൽക്കങ്ങൾ, പുറംചട്ട ) പൊഴിക്കാറുണ്ട്. ഇത് പാടങ്ങളിലെ ചെളിയിൽ അഴുകിച്ചേർന്ന് നല്ല ജൈവവളമായി മാറുന്നു. പാടങ്ങളിൽ വളരുന്ന കക്ക, ചിപ്പി എന്നിവയുടെ അവശിഷ്ടങ്ങളും പുറംതോടുമൊക്കെ കാത്സ്യത്തിന്റെ സ്രോതസാണ്. ഇതുവഴി പൊക്കാളിപ്പാടങ്ങളിലെ ചേറിലെ pH ക്രമീകരിക്കപ്പെടും. അതുകൊണ്ടാണ് പൊക്കാഴിപ്പാടങ്ങളിൽ യാതൊരു വളപ്രയോഗവുമില്ലാതെ പൊക്കാളി നെല്ല് തഴച്ചുവളരുന്നത്.

pokkali-7
വെള്ളം വറ്റിച്ച് ചേറ് കിളച്ച് വിത്തു വിതയ്ക്കാൻ തയാറാക്കുന്നു

പൊക്കാളി വിത്തുകെട്ടും വിതയും 

പൊക്കാളി നെൽകൃഷിയുടെ പ്രാരംഭ ഘട്ടത്തിൽ പാടങ്ങളിലെ വെള്ളം പിടിച്ച് നിലമുണക്കും. വേനൽമഴ പെയ്ത് ചേറിലെ ഉപ്പ് മാറിയാലുടൻ പാടത്തിന് ചുറ്റും തോട് വെട്ടും. തോടുവെട്ടുന്ന ചേറുപയോഗിച്ച് പാടത്തിനു ചുറ്റുമുള്ള ചിറകൾ ബലപ്പെടുത്തും. ശേഷം പാടങ്ങൾ കൊത്തിക്കിളയ്ക്കും. വിത്ത് വിതയ്ക്കുന്നതിനു മുന്നോടിയായാണ് കൊത്തിക്കിളയ്ക്കുന്നത്. പൊക്കാളിപ്പാടങ്ങളിൽ യന്ത്രവൽകരണം സാധ്യമല്ലാത്തതിനാൽ പരമ്പരാഗതമായി കർഷകത്തൊഴിലാളികൾ മൺവെട്ടി ഉപയോഗിച്ചാണ് (തൂമ്പ) കിളയ്ക്കുന്നത്. കിളകഴിഞ്ഞ പാടങ്ങളിൽ മഴ പെയ്ത് ഉപ്പുമാറിയാൽ വിത്ത് വിതയ്ക്കാം. പൊക്കാളി ഉപ്പുവെള്ളത്തിൽ വളരുന്ന നെല്ലായാണ് പൊതുവേ പറയുന്നതെങ്കിലും അത് പൂർണമായി ശരിയല്ല. പൊക്കാളിപ്പാടങ്ങളിൽ വിത്തു വിതയ്ക്കുന്നത് ശുദ്ധജലത്തിലാണ്. ചേറിലെ ഉപ്പ് പൂർണമായി മാറിയാലെ വിത്ത് മുളച്ചു കിട്ടുകയുള്ളു. ശുദ്ധജലത്തിൽ ജനിച്ച്, ബാലായ്മയിൽ ശുദ്ധജലത്തിൽ വളർന്ന്, ഉപ്പുവെള്ളത്തെ അതിജീവിച്ച് വളരുന്ന നെല്ലാണ് പൊക്കാളി എന്നു പറയുന്നതാണ് ശരി. പൊക്കാളി നെൽകൃഷി വിജയിക്കണമെങ്കിൽ കാലാവസ്ഥ കനിയണം. തനത് പൊക്കാളി നെല്ല് ഞാറു നിരത്തിയാൽ 128-ാം ദിവസം കൊയ്യാം. 

pokkali-4

പണ്ടുകാലങ്ങളിൽ പൊക്കാളി കൊയ്ത്ത് ഒരു നാടിന്റെ ഉത്സവമായിരുന്നു. ദാരിദ്ര്യം കുടികുത്തി വാണിരുന്ന കാലത്ത് പൊക്കാളിപ്പാടങ്ങളിൽ കൊയ്ത്തിനിറങ്ങാൻ ധാരാളം കർഷകത്തൊഴിലാളികൾ ഉണ്ടായിരുന്നു. അന്ന് പൊക്കാളിപ്പാടങ്ങളിൽ കൊയ്ത്തിനിറങ്ങാൻ മത്സരമായിരുന്നു. കൂലിയായി നെല്ലാണ് നൽകിയിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. കാലംമാറി, കൂലിയായി നെല്ല് വേണ്ടാതായി. കാശ് കൊടുത്താൽപ്പോലും കൊയ്യാൻ ആളെക്കിട്ടാതായി. ഇതാണ് ഇന്നത്തെ അവസ്ഥ. പണ്ടുകാലങ്ങളിൽ കൊയ്ത്തു തുടങ്ങിയാൽ ഒരു നാടുണർന്നു എന്നാണ്. കൊയ്ത്തിനു മുന്നോടിയായി കളം ഒരുക്കലും, കളം പൂജയും ഒക്കെയായി തീരദേശ ജനതയുടെ വിശ്വാസത്തിന്റെ,ജീവിതത്തിന്റെ ഭാഗമായിരുന്നു.

pokkali-8
കൊയ്ത്തിനുശേഷം കളംപൂജ

പൊക്കാളിപ്പാടങ്ങളിലെ കൊയ്ത്തു കഴിഞ്ഞാൽ ,കൊയ്ത്തിനു പിറ്റേന്നാൾ വേലിയേറ്റ സമയത്ത് നടത്തുന്ന കാർഷികാചാരമാണ് കളംപൂജ. കളംപൂജ കഴിഞ്ഞ് കർഷകർ മെതിയിലേക്ക് കടക്കും. മെതി കഴിഞ്ഞാൽ കളങ്ങളിൽ നെല്ലുണക്കി, പതിരുകളഞ്ഞ് നെല്ലുപുരകളിൽ സൂക്ഷിക്കും. നെല്ലു പുരകൾ ഇന്ന് ഓർമകളാണ്. ചുരുക്കം ചിലയിടങ്ങളിൽ നെല്ലുപുരകൾ ഇന്നും അവശേഷിക്കുന്നു. പഴയ നെല്ലുപുരകളുടെ അവശേഷിപ്പുകൾ തുറന്ന് പരിശോധിച്ചപ്പോൾ പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കാർഷികോപകരണങ്ങൾ, പൊക്കാളി നെല്ല് പുഴുങ്ങാനായി ഉപയോഗിച്ച ചെമ്പുകൾ, മൺകലങ്ങൾ അങ്ങനെ പൊക്കാളിനെല്ലിന്റെ ചരിത്രം നെല്ലുപുരകളിൽ ഇന്നും കാണാം. ഭൗമ സൂചികാ പദവിലഭിച്ച കാർഷിക വിളയായ പൊക്കാളിയെ, ഇന്ന് ഭൂമിയിൽ കിട്ടുന്ന ഏറ്റവും ശുദ്ധമായ അരിയായ പൊക്കാളിയെ കേരളം രണ്ടുകയ്യും നീട്ടി സ്വീകരിക്കേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com