ADVERTISEMENT

തൃശൂർ കുട്ടനെല്ലൂരിലെ ഈ തെങ്ങിൻതോപ്പിൽ കൗതുകകരമായ ഒരു കാഴ്ച കാണാം. രണ്ടു തെങ്ങുകളിലെ കുലയിൽനിന്ന് ദിവസം മുഴുവൻ പ്ലാസ്റ്റിക് കുഴലിലൂടെ ശുദ്ധമായ നീര ഒഴുകിവരുന്നു. നിലത്തു സ്ഥാപിച്ചിരിക്കുന്ന ചതുരപ്പെട്ടിയിലേക്കാണ് ഓരോ തുള്ളിയായി നീര വീഴുന്നത്. അതേസമയം ഈ തെങ്ങുകളിൽ ആരെങ്കിലും ടാപ്പിങ്ങിനായി കയറുന്നത് കാണാനില്ല താനും. ദിവസം രണ്ടു നേരമെങ്കിലും ചെത്തുകാരൻ മുകളിലെത്താതെ നീര കിട്ടുന്നതെങ്ങനെ? ഈ തെങ്ങുകൾക്കും ഒരു ചെത്തുകാരനുണ്ട്. പക്ഷേ നിലത്തിറങ്ങില്ലെന്നു മാത്രം. ചെത്തു തീരുന്നതുവരെ തെങ്ങിനു മുകളിലിരിക്കുന്ന ഈ ടാപ്പറുടെ പേരാണ് സാപ്പർ–കേരളത്തിലെ ആദ്യത്തെ റോബട് നീര ടാപ്പർ. കഴിഞ്ഞ മാസം മുതൽ തൃശൂർ നീര കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ സാപ്പറെ ഈ തോട്ടത്തിൽ നിയോഗിച്ചിരിക്കുകയാണ്. 

തോട്ടത്തിലെ ബാക്കി തെങ്ങുകൾക്കായി നീര ടാപ്പര്‍ സുരേന്ദ്രനെ നിയോഗിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ മേൽനോട്ടത്തിലാണ് സാപ്പറിന്റെ പ്രവർത്തനം. നീരയായാലും കള്ളായാലും വിപുലമായ ഉൽപാദനത്തിനു വേണ്ടത്ര ടാപ്പർമാരെ കിട്ടാനില്ലാത്ത സ്ഥിതി പലയിടത്തുമുണ്ട്. തൊഴിലാളിക്ഷാമം മാത്രമല്ല, ഉയർന്ന കൂലിച്ചെലവും അപകടസാധ്യതയുമൊക്കെ നീര ടാപ്പിങ്ങിലെ തലവേദനകളാണെന്നു തൃശൂർ  നാളികേര ഉൽപാദന കമ്പനി ചെയർമാൻ ഇ.വി.വിനയൻ പറഞ്ഞു. പരിമിതമായ തോതിലാണ് ആരംഭിച്ചതെങ്കിലും 9 വർഷമായി നീര ഉൽപാദനവും വിപണനവും തങ്ങൾ മുടക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാപ്പറിനെ തെങ്ങിനു മുകളിൽ ഉറപ്പിച്ചിരിക്കുന്നു
സാപ്പറിനെ തെങ്ങിനു മുകളിൽ ഉറപ്പിച്ചിരിക്കുന്നു

മറ്റു കമ്പനികൾ കോടികൾ മുടക്കി നീര പ്ലാന്റ് സ്ഥാപിച്ചപ്പോൾ തൃശൂരുകാർ നീര ഫ്രിജിൽ സൂക്ഷിച്ച് ആവശ്യക്കാരിലെത്തിക്കുകയായിരുന്നു. ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 130 തെങ്ങുകളിൽനിന്ന് സംഘം ദിവസേന 150 ലീറ്റർ നീര ഉൽപാദിപ്പിച്ചുവിൽക്കുന്നു. ഇതിനായി 4 നീര ടെക്നീഷ്യന്മാരെ നിയോഗിച്ചിട്ടുണ്ട്. 200 മില്ലി വീതമുള്ള പ്ലാസ്റ്റിക് ബോട്ടിലുകളിലാണ് വിൽപന. പ്രധാനമായും തൃശൂരിലെയും എറണാകുളത്തെയും ഹോട്ടലുകളിലും സൂപ്പർ മാർക്കറ്റുകളിലും ബേക്കറികളിലുമായാണ്  വിപണനം. ഒരു ബോട്ടിലിന് 90 രൂപയാണ് വില. തമിഴ്നാട്ടിൽ നിന്നെത്തുന്ന മറ്റ് നീര ബോട്ടിലുകളെക്കാൾ ഉയർന്ന വിലയാണെങ്കിലും വേണ്ടത്ര ഉപഭോക്താക്കളെ കിട്ടുന്നുണ്ടെന്ന് വിനയൻ പറഞ്ഞു. മെച്ചപ്പെട്ട നിലവാരമുള്ളതുകൊണ്ടാണ് ആളുകൾ തങ്ങളുടെ നീരയ്ക്ക്  ഉയർന്ന വില നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

സാപ്പർ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ട് ടാപ്പർമാരുടെ ആവശ്യം ഇല്ലാതാകില്ലെന്ന് വിനയൻ.  അതേസമയം അവരുടെ അധ്വാനഭാരവും അപകടസാധ്യതയും കുറയും. ഉൽപാദനക്ഷമത വർധിക്കും. ശരാശരി 7–10 തെങ്ങാണ് ഇപ്പോൾ ഒരു മലയാളി ടാപ്പർ ചെത്തുന്നത്. എന്നാൽ സാപ്പറുണ്ടെങ്കിൽ ഒരു ടാപ്പർക്ക് 100 തെങ്ങിൽ നിന്നു പോലും നീരയെടുക്കാൻ പ്രയാസമുണ്ടാവില്ല. കൂടുതൽ തെങ്ങിൻതോപ്പുകൾ നീര ഉൽപാദനത്തിലേക്കു വരാനും ടാപ്പർമാരുടെ വരുമാനം വർധിക്കാനും ഇതു വഴിയൊരുക്കും. ലീറ്ററിന് 60 രൂപ എന്ന നിരക്കിലാണ്  തൃശൂർ കമ്പനി ഇപ്പോൾ ടാപ്പർമാർക്കു പ്രതിഫലം നൽകുന്നത്. 10 തെങ്ങ് ചെത്തുമ്പോൾ 1,800 രൂപയാണ് പ്രതിദിനം കിട്ടുക. എന്നാൽ സാപ്പർ ഉപയോഗപ്പെടുത്തുന്ന ടാപ്പർക്ക് തെങ്ങിന്റെ എണ്ണം വർധിപ്പിക്കുന്നതനുസരിച്ച് വരുമാനവും വർധിപ്പാക്കാമെന്നമെച്ചമുണ്ട്, അതും എന്നും തെങ്ങിൽ കയറാതെ. സാപ്പർക്കു പുറമേ, ഒരു യന്ത്രവത്കൃത കത്തിയും ഇവിടെ ഉപയോഗിക്കുന്നുണ്ട്. അതും ചാൾസിന്റെ നവ കമ്പനി തന്നെ വികസിപ്പിച്ചതാണ്. ഫ്ലവർ സ്ലൈസർ എന്നു പേരിട്ടിരിക്കുന്ന ഈ കത്തിയുണ്ടെങ്കിൽ ബലം പ്രയോഗിക്കാതെ തന്നെ ടാപ്പർമാർക്കു കുല ചെത്താനാകും.

sappar-2
നീര ശേഖരിക്കപ്പെടുന്ന പെട്ടി

രോഗബാധമൂലമോ മറ്റു കാരണങ്ങളാലോ ടാപ്പിങ് മുടങ്ങുന്നത് പരമ്പരാഗത തെങ്ങുചെത്തിലെ തലവേദനയാണ്. എന്നാൽ, സാപ്പറുണ്ടെങ്കിൽ ഈ ഭീതി ഒഴിവാകും. നീര ടാപ്പർമാരുടെ സുരക്ഷ, ഇൻഷുറൻസ് എന്നിവയെക്കുറിച്ചുള്ള ഉത്കണ്ഠ കമ്പനികൾക്കും മാറിക്കിട്ടും. ഒരു തെങ്ങിനു പ്രതിമാസം 1000 രൂപയാണ് കുട്ടനെല്ലൂരിലെ ഫാമിൽ കർഷകനു പ്രതിഫലമായി നൽകുക. ഉൽപാദനം കൂടിയാലും കുറഞ്ഞാലും തുക ഇതുതന്നെ. എന്നാൽ, നീരയുടെ അളവനുസരിച്ച് പ്രതിഫലം നൽകുന്ന മറ്റു ചില തോട്ടങ്ങളിൽ തെങ്ങൊന്നിനു പ്രതിമാസം 2000–3000 രൂപവരെ നൽകുന്നുണ്ടെന്നു വിനയൻ പറഞ്ഞു. 

നീര പ്രസ്ഥാനം കേരളത്തിൽ തളരാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് ടാപ്പർമാരുടെ അഭാവമാണ്. അപകടസാധ്യതയും സാമൂഹിക ഒറ്റപ്പെടലും മൂലം യുവതലമുറ ഈ തൊഴിലിനെ പൂർണമായി അവഗണിച്ചു. 

തൃശൂരിലെ നാളികേര ഉൽപാദക സംഘം മിതമായ തോതിൽ നീര ഉൽപാദിപ്പിച്ച് പ്രാദേശികമായി ആവശ്യക്കാർക്കു നല്‍കുകയാണ്. ചെത്തിയെടുത്ത നീര ഫ്രീസറിൽ സൂക്ഷിച്ചായിരുന്നു തുടക്കത്തിൽ വിപണനം. 3 മാസം മുൻപ് സ്കോപ് ഫുൾ ബയോ എന്ന കമ്പനിയിൽ നിന്നു നീര പാസ്ചുറൈസ് ചെയ്തു സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ ഇവർ സ്വന്തമാക്കി. ഫ്രീസറില്ലാതെ അന്തരീക്ഷ ഊഷ്മാവിൽ നീര ബോട്ടിലുകൾ വിപണിയിലെത്തിക്കാൻ ഇതുവഴി സാധിക്കുന്നു. 

സ്വന്തം തെങ്ങിൽ നിന്നുള്ള നീര ഇഷ്ടാനുസരണം ഉൽപാദിപ്പിച്ച് സംഘത്തിൽ വിൽക്കാൻ കർഷകന് അവകാശം കിട്ടുന്ന കാലമാണ് വിനയൻ മാസ്റ്ററുടെ സ്വപനം. അന്ന് അവരുടെ വലംകയ്യായി മാറാൻ സാപ്പർ റെഡി.

ഫോൺ: 9539164715

sappar-3
ചാൾസും സഹപ്രവർത്തകരും തൃശൂർ നാളികേരോൽപാദക കമ്പനി ചെയർമാൻ വിനയനൊപ്പം

ചാൾസിന്റെ സാപ്പർ, തെങ്ങുള്ളവരുടെ സ്വപ്നം

നട്ടു വളർത്തിയ തെങ്ങിന്റെ ചുവട്ടിലെ നീരപ്പെട്ടിയിൽനിന്ന് ഒന്നാംതരം നീരയെടുത്ത് വീട്ടിലെല്ലാവർക്കും കൂടി ആസ്വദിക്കാനാവുമോ? കൂടുതൽ തെങ്ങുള്ളവർക്ക് തെങ്ങിൽ കയറാതെ നീര ഉൽപാദിപ്പിച്ചു സംഘത്തിൽ വിൽക്കാനാകുമോ–രണ്ടും സാധ്യമാണെന്നു  തെളിയിക്കുകയാണ് ആലുവയിലെ ചാൾസ് വിജയ് വർഗീസ്. ചാൾസിന്റെ ‘നവ’ ഡിസൈൻ ആൻഡ് ഇന്നവേഷൻസ് ഇതിനായി സാപ്പർ റോബട്ടിനു രൂപംകൊടുത്തു.

നീരയെക്കുറിച്ച് കേരളം വലിയ സ്വപ്നങ്ങൾ നെയ്ത കാലത്ത്, 2016ൽ ആണ് എന്നും തെങ്ങിൽ കയറാതെ നീര ചെത്തുന്ന റോബട്ടിനെ ചാൾസ് സ്വപ്നം കണ്ടുതുടങ്ങിയത്. കേരളത്തിന്റെ നീര സ്വപ്നമായി തുടരുമ്പോൾ ചാൾസിന്റെ റോബട് കൃഷിക്കാരുടെ കമ്പനിയിൽ നിയമനം നേടിക്കഴിഞ്ഞു. 

പ്രത്യേക വൈദഗ്ധ്യവും വിവേചനബുദ്ധിയും വേണ്ട നീര ടാപ്പിങ്ങിനു റോബട് പ്രായോഗികമല്ലെന്നു ചിന്തയാണ് ഇതുവഴി ചാൾസ് ചെത്തിവിട്ടത്. കൊതുമ്പു നീക്കിയ തെങ്ങിൻപൂക്കില ഒരു ബോക്സിൽ കടത്തിവച്ചാണ് ടാപ്പിങ്ങിനു തയാറാക്കുന്നത്. പൂങ്കുലയുടെ അഗ്രഭാഗം കണ്ടെത്തി ചെത്തിക്കളയാവുന്ന വിധത്തിൽ ബോക്സിൽ ബ്ലേഡ് ക്രമീകരിച്ചിരിക്കുന്നു. ടാപ്പർമാരെക്കാൾ സൂക്ഷ്മതയോടെ കനം കുറഞ്ഞ് അരിയാൻ സാപ്പറിന്റെ ബ്ലേഡിനു സാധിക്കുമെന്നു ചാള്‍സ്. തുടർന്ന് കുലയിൽ ഉടനീളം തല്ലി പരുവപ്പെടുത്തും. 

കുലയുടെ അറ്റത്തുനിന്നു തുള്ളി തുള്ളിയായി പതിക്കുന്ന നീര കൃത്യമായി വീഴത്തക്കവിധത്തിൽ പാത്രം ക്രമീകരിക്കാനും പാത്രത്തിൽനിന്നു പ്ലാസ്റ്റിക് കുഴലിലൂടെ തെങ്ങിൻചുവട്ടിലെ ബോക്സിലെത്തിക്കാനും ഇതിൽ സംവിധാനമുണ്ട്. കൃഷിയിട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ സാപ്പറിനു ചില പരിഷ്കാരങ്ങൾ കൂടി വരുത്തി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണു ‘നവ’ പ്രവർത്തകർ. 

ഫോൺ: 8848506173

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com