ADVERTISEMENT

പ്രപഞ്ചത്തിലെ ഏതൊരു ജീവിയും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് ഏറെ സങ്കീർണമായ പ്രസവപ്രക്രിയയിലൂടെയാണ്. പ്രസവ വേദന ആരംഭിച്ച് വേദനയുടെ പല ഘട്ടങ്ങൾ കഴിഞ്ഞതിനുശേഷമാണ് ഒരു കുട്ടി ഭൂമിയിലേക്കു പിറന്നുവീഴുന്നത്. അതുകൊണ്ടുതന്നെ പ്രസവത്തിനും പ്രസവ ശുശ്രൂഷയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ഒരു തൊഴുത്തിൽ പുതിയ കിടാവ് പിറക്കുന്നത് ഓരോ കർഷകന്റെയും പ്രതീക്ഷയുടെ പൂർത്തീകരണമായിട്ടാണ്. ഇന്നു ജനിക്കുന്ന മികച്ച കിടാക്കളാണ് നാളെ ഫാമിന്റെ അടിത്തറയായി മാറുന്നത്. എന്നാൽ പ്രസവ സമയത്ത് അകാരണമായി ഇടപെടുന്നത് അമ്മയ്ക്കും കുട്ടിക്കും ഒരുപോലെ ബുദ്ധിമുട്ട് വരുത്തിവയ്ക്കാം. അതുകൊണ്ടുതന്നെ പശുവിന്റെ പ്രസവപ്രക്രിയ എന്താണെന്ന് ഓരോ കർഷകനും മനസിലാക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നു ഡെയറി ഫാമിങ് മേഖലയിലെ വിദഗ്ധനായ ഡോ. ഏബ്രഹാം മാത്യു.

പശുവിന്റെ പ്രസവ സമയത്ത് പശുവിനെ സഹായിക്കാനായി നാം ചെയ്യുന്ന പ്രവൃത്തികൾ അവയ്ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ പശുവിന്റെ പ്രസവ സമയത്ത് നടക്കുന്ന പ്രക്രിയ എന്താണെന്ന് ഓരോ കർഷകനും അറിഞ്ഞിരിക്കണം. മാത്രമല്ല എപ്പോഴൊക്കെയാണ് ഒരു വിദഗ്ധന്റെ (വെറ്ററിനറി ഡോക്ടർ) സേവനം തേടേണ്ടതെന്നും കർഷകൻ മനസിലാക്കിയിരിക്കണം.

ഒരു പശുവിന്റെ ശരാശരി ഗർഭകാലം 280 ദിവസമാണ്. പ്രസവത്തിന് 21 ദിവസം മുൻപ് പുതിയ തീറ്റയിലേക്ക് കടക്കാം (പശുക്കളുടെ തീറ്റക്രമം ക്ലാസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക). പശുവിന്റെ സ്വാഭാവിക പ്രസവത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. ആദ്യ ഘട്ടമെന്നത് പ്രസവത്തിന്റെ ആദ്യ ലക്ഷണങ്ങൾ പശു പ്രകടിപ്പിക്കുന്ന സമയമാണ്. രണ്ടാം ഘട്ടത്തിൽ പ്രസവം നടക്കുകയും മൂന്നാം ഘട്ടത്തിൽ പ്ലാസന്റ പുറത്തുവരികയും ചെയ്യുന്നു.  

ഒന്നാം ഘട്ടം

പശു അസ്വസ്ഥത കാണിക്കും. വാൽ ഉയർത്തിപ്പിടിച്ച് ശക്തമായി ആട്ടും. പുറത്തു കെട്ടിയ പശുവാണങ്കിൽ അർധവൃത്താകൃതിയിൽ നടക്കുന്നത് കാണാം. ഗർഭപാത്രത്തിലെ മസിലുകൾ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുമ്പോൾ കുട്ടി ആയിരിക്കുന്ന വാട്ടർബാഗ് അഥവാ തണ്ണിക്കുടം ഗർഭാശയമുഖത്തേക്കു വരും. കുട്ടിയുടെ കൈകളും മുഖവുമാണ് ആദ്യം പുറത്തേക്കുവരിക. ഓരോ തവണ പശു മുക്കുന്തോറും കുട്ടി പുറത്തേക്കു വരികയും അതനുസരിച്ച് ഗർഭാശയമുഖം കൂടുതൽ തുറക്കുകയും ചെയ്യും. കുട്ടിയെ വലിച്ചെടുക്കാൻ ശ്രമിച്ചാൽ പശുവിന്റെ അടുത്ത പ്രത്യുൽപാദനത്തെ ബാധിക്കാം. ഒന്നാം ഘട്ടം അവസാനിക്കുമ്പോൾ പശു ചാണകമിട്ട് മൂത്രമൊഴിച്ചു കിടക്കും.

രണ്ടാം ഘട്ടം

പശുക്കളാണെങ്കിൽ 2-4 മണിക്കൂറും കിടാരികളാണെങ്കിൽ 3-6 മണിക്കൂറും വേണ്ടി വരും ഗർഭാശയ മുഖം തുറന്ന് രണ്ടാം ഘട്ടത്തിലേക്കു കടക്കാൻ. ഗർഭാശയമുഖം തുറന്നാൽ കുട്ടിയുടെ മുൻകാലുകൾ ഈറ്റത്തിലേക്കു വരും. കൈകൾ പുറത്തുവന്നാൽ കുട്ടിയുടെ മുഖം ഗർഭാശയമുഖത്തുനിന്ന് വെളിയിൽ വന്നുതുടങ്ങിക്കഴിഞ്ഞുവെന്ന് മനസിലാക്കാം.  ഈ സമയത്ത് ഗർഭാശയ മസിലുകൾക്കൊപ്പം ആമാശയ മസിലുംകൂടി കുട്ടിയെ പുറത്തേക്ക് തള്ളുന്നതിനായി ശ്രമിക്കും. 

പശുവിന്റെ പ്രസവപ്രക്രിയയെക്കുറിച്ച് വിശദമായി അറിയാൻ വിഡിയോ ക്ലാസ് കാണുക.

അടുത്ത ക്ലാസ്: പശുവിന്റെ പ്രസവത്തിൽ ഇടപെടേണ്ടത് എപ്പോൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com