പശുക്കളുടെ പ്രസവത്തിൽ മനുഷ്യ ഇടപെടൽ എപ്പോൾ വേണം? ഡോക്ടറെ വിളിക്കേണ്ടത് എപ്പോൾ? - വിഡിയോ ക്ലാസ് ഭാഗം 7
Mail This Article
പശുക്കളുടെ പ്രസവപ്രക്രിയയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ വിഡിയോയിൽ ഡോ. ഏബ്രഹാം മാത്യു പങ്കുവച്ചു. സ്വാഭാവിക പ്രസവത്തിന് പശുക്കളെ അനുവദിക്കുകയാണ് ഓരോ കർഷകനും ചെയ്യേണ്ടത്. എന്നാൽ സ്വാഭാവിക പ്രസവം നടക്കാതെ വരികയോ എന്തെങ്കിലും സാഹചര്യത്തിൽ ഇടപെടൽ നടത്തേണ്ടി വരികയോ വെറ്ററിനറി ഡോക്ടറെ വിളിക്കേണ്ടിവരികയോ ചെയ്യേണ്ടിവന്നാൽ ആ സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കാൻ ഓരോ കർഷകനും സാധിക്കണം.
പശുവിന്റെ പ്രസവത്തിന്റെ ഒന്നാം ഘട്ടത്തിൽ, അതായത് പശു മൂത്രമൊഴിച്ച് ചാണകമിട്ടശേഷം കിടക്കുന്ന സമയം നീണ്ടുപോയാൽ ഇടപെടേണ്ടി വരും. ഈ സമയത്ത് ഡോക്ടറുടെ സേവനം തേടാം. മാത്രമല്ല ശരീരത്തിൽ കാത്സ്യത്തിന്റെ അപര്യാപ്തതയുണ്ടെങ്കിലും പശുക്കൾ മുക്കാതിരിക്കാം. കുട്ടിയെ പുറത്തേക്കു തള്ളാനുള്ള ശേഷി പശുക്കൾക്കുണ്ടാകണമെങ്കിൽ ശരീരത്തിൽ ആവശ്യത്തിന് കാത്സ്യം ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യമുണ്ടായാലും വിദഗ്ധന്റെ സേവനം തേടണം. അതുപോലെ രക്തം വരികയാണെങ്കിൽ കുട്ടിക്ക് അപകടമാണെന്നു മനസിലാക്കാം. ഈ സാഹചര്യത്തിലും വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം.
പശു കിടന്നശേഷം ശക്തമായി മുക്കുമ്പോൾ പശു കഷ്ടപ്പെടുകയാണെന്നു കരുത്തി ഈറ്റത്തിൽ കൈയിട്ട് കുട്ടിയ പുറത്തെടുക്കാൻ ശ്രമിക്കുന്നവരുണ്ട്. ഇങ്ങനെ കുട്ടിയ പുറത്തെടുക്കാൻ ശ്രമിച്ചാൽ തണ്ണിക്കുടം പൊട്ടി കുട്ടിക്ക് അപകടമുണ്ടാകാനുള്ള സാധ്യതയേറെ. അതുപോലെതന്നെ കുട്ടിയുടെ കൈകൾ പുറത്തേക്കു വന്നാൽ പശുവിനെ സഹായിക്കുന്നതിനായി കൈകളിൽ പിടിച്ച് പുറത്തേക്ക് വലിക്കാൻ ശ്രമിച്ചാലും അപകടം ഉണ്ടാകും. കുട്ടിയുടെ കഴുത്ത് വളഞ്ഞ് പ്രസവം കൂടുതൽ സങ്കീർണമാകും.
കുട്ടിയുടെ കൈകളും തലയും പുറത്തുവന്ന സാഹചര്യത്തിലും കുട്ടിയെ പുറത്തേക്കു വലിച്ചെടുക്കരുത്. കാരണം പശു കുട്ടിയെ പുറത്തേക്കു തള്ളാൻ ശ്രമിക്കുന്ന ഓരോ അവസരത്തിലും കുട്ടിയുടെ മൂക്കിലും വായിലും ഉള്ള സ്രവം പുറത്തേക്കു പോകുന്നുണ്ട്.
പശുവിന്റെ പ്രസവത്തിന്റെ മൂന്നാം ഘട്ടമെന്നു പറയുന്നത് മറുപിള്ള പുറത്തുവരുന്നതാണ്. സാധാരണഗതിയിൽ പ്രസവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ മറുപിള്ള പുറത്തുപോകേണ്ടതാണ്. എന്നാൽ 12 മണിക്കൂർ കഴിഞ്ഞും പുറത്തു പോയില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടാം. പുതിയ ചികിത്സാ രീതി അനുസരിച്ച് മറുപിള്ള എടുത്തു കളയാറില്ല, പകരം ഉള്ളിൽ മരുന്നു നിക്ഷേപിക്കുകയാണ് ചെയ്യുക. മറുപിള്ള നീക്കം ചെയ്താൽ ഗർഭപാത്രത്തിൽ മുറിവുണ്ടാകാനും പിന്നീട് ഗർഭംധരിക്കൽ വൈകാനും സാധ്യതയേറെ.
വിശദമായി അറിയാൻ വിഡിയോ ക്ലാസ് കാണുക.