വിണ്ടുകീറി പൊഴിയുന്ന മാങ്ങ, തെങ്ങിനെ വിട്ട് കമുകിനെ ലക്ഷ്യംവച്ച് ചെമ്പൻചെല്ലി: ഏപ്രിലിലെ കൃഷിപ്പണികൾ
Mail This Article
വിഷു കഴിഞ്ഞാലുടൻ പൊടിവിത നടത്തുന്ന പാടങ്ങളിൽ ആദ്യ ചാൽ ഉഴവ് നടത്താം. ഹെക്ടറിന് 300 കിലോ കുമ്മായവും 5 ടൺ ജൈവവളവും ഉപയോഗിക്കണമെന്നാണ് പൊതു ശുപാർശ. വിഷു കഴിഞ്ഞാലുടൻ അവസാന ചാൽ പൊടിയുഴവ് നടത്തി വിതയ്ക്കാം. കൈകൊണ്ടു വിതയ്ക്കുന്നതിനു പകരം സീഡ് ഡ്രിൽ ഉപയോഗിച്ചു വിത്തിട്ടാലും മതി. സീഡ് ഡ്രിൽ ഉപയോഗിക്കുന്നപക്ഷം, ആവശ്യമായി വരുന്ന വിത്തിന്റെ അളവും പറിച്ചു നിരത്തി നെൽചെടികളുടെ എണ്ണം ക്രമീകരിക്കാനുള്ള ചെലവും കുറയ്ക്കാം. അകലമേറുന്നതിനാൽ കീട, രോഗബാധയും കുറയും.
ജലദൗർലഭ്യത്തിനു സാധ്യതയുള്ള പ്രദേശങ്ങളിൽ മൂപ്പു കുറഞ്ഞ വിത്തുകൾ ഉപയോഗിക്കുന്നതാണു നല്ലത്. കരി–കായൽ നിലങ്ങളിൽ നിലം വിണ്ടുകീറാതെ ചെറിയ അളവിൽ വെള്ളം കെട്ടിനിർത്തുന്നത് അമ്ലത കുറയ്ക്കും. പൊടിവിതയ്ക്ക് എല്ലാ നെല്ലിനങ്ങളും യോജ്യമല്ല. യോജിച്ച ഇനങ്ങൾ മാത്രം ഉപയോഗിക്കുക. പൊടിവിത നടത്തി 4 ആഴ്ച മണ്ണിൽ കിടന്ന് നീറിയാൽ (കൃഷിയിടത്തിലെ ഭാഷ) കരുത്തുള്ള ഞാറ് ലഭിക്കും. കളശല്യം കുറവുമായിരിക്കും. 4 ആഴ്ചയ്ക്കു മുൻപു മഴ പെയ്താൽ കരുത്തു കുറവും കള കൂടുതലുമായിരിക്കും എന്ന് കർഷകരുടെ അനുഭവം.
മാവ്
കണ്ണിമാങ്ങാപ്പരുവത്തിൽ മാങ്ങ വിണ്ടുകീറി പൊഴിയുന്നതും ചെറിയ മാങ്ങയുടെ ചുണ്ടുഭാഗത്ത് മഞ്ഞ നിറം വന്നശേഷം അവിടെ ചെറിയ പൊട്ടലുണ്ടായി പൊഴിയുന്നതും ബോറോണിന്റെ കുറവുകൊണ്ടാണ്. ഇതു പരിഹരിക്കുന്നതിന് ബോറിക് ആസിഡ് ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്യുക (ബോറിക് ആസിഡ് 20 ഗ്രാം പായ്ക്കറ്റായി മെഡിക്കൽ ഷോപ്പിൽ ലഭിക്കും). ഈ വർഷത്തെ കാലാവസ്ഥ അനുസരിച്ച് ദിവസേന 3 തവണ നനയ്ക്കുന്നത് മാങ്ങാപൊഴിച്ചിൽ കുറയാൻ സഹായകരമാണ്. കായീച്ചനിയന്ത്രണത്തിനുള്ള ഫിറമോൺകെണികൾ മാവിൽനിന്നു തെല്ലകലെയായി ഇരു വശങ്ങളിലും ഓരോന്നു വീതമെങ്കിലും സ്ഥാപിക്കുക. ഉയർന്ന താപനിലയുള്ളതിനാൽ തുള്ളൻ ഇനം പ്രാണികൾ പെരുകുന്നതിനുള്ള സാധ്യത കാണുന്നു. വിളക്കുകെണികൾ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കുക.
പ്ലാവ്
വാണിജ്യാടിസ്ഥാനത്തിൽ പ്ലാവ് കൃഷി ചെയ്യുന്നവർ ആഴ്ചയിൽ 3 തവണ നനയ്ക്കണം. സാധാരണ രീതിയിൽ ദിവസേന 30 ലീറ്റർ വെള്ളം നൽകിയാൽ ബാഷ്പീകരണത്തിനു ശേഷം പ്ലാവിന് 15–18 ലീറ്റർ ലഭിക്കുമെന്നാണ് കണക്ക്. പ്ലാവിന്റെ ചെറിയ കമ്പുകളിൽ വെള്ള നിറത്തിലുള്ള, നടക്കാത്ത പ്രാണികളും ഉറുമ്പുകളും ഉണ്ടോയെന്നു നോക്കുക. സ്നോ സ്കെയിൽ എന്ന ഈ കീടങ്ങളുടെ സാന്നിധ്യം കണ്ടാലുടൻ ഏതെങ്കിലും വേപ്പധിഷ്ഠിത സസ്യസംരക്ഷണമരുന്ന് സ്പ്രേ ചെയ്യുക. പിറ്റേന്നു വൈകുന്നേരം വെയിൽ ആറിയതിനുശേഷം വെർട്ടിസീലിയം 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയതിന്റെ തെളി എടുത്ത് പുതു തലമുറ വെറ്റിങ് ഏജന്റ് ചേർത്ത് സ്പ്രേ ചെയ്യുക. ചക്കയിൽ പുഴുവിന്റെ ആക്രമണം നേരത്തേ കണ്ടിട്ടുള്ള സ്ഥലങ്ങളിൽ ട്രൈക്കോഡെർമയുടെ കാർഡ് വയ്ക്കുന്നത് അവയെ ഇല്ലാതാക്കാന്‍ സഹായിക്കും.
മാങ്കോസ്റ്റിൻ
സിലിക്ക, പൊട്ടാഷ്, കാത്സ്യം എന്നിവയുടെ സ്പ്രേ ഒരാഴ്ച ഇടവേളയിൽ ഓരോന്നു വീതം നൽകുക. വൃക്ഷത്തലപ്പിന്റെ നേരെ ചുവട്ടിൽ ഏകദേശം മധ്യഭാഗം മുതൽ അതിരുവരെയുള്ള ഭാഗത്ത് പുതയിടുകയും നനയ്ക്കുകയും ചെയ്യുക.
തെങ്ങ്
ചെമ്പൻചെല്ലിയുടെ ആക്രമണം കാണുന്നുണ്ട്. തെങ്ങിന്റെ കവിളുകളിൽ ഉടക്കുവല മടക്കിവച്ച് പിടികൂടാം. തെങ്ങിന്റെ തടത്തിൽ പുതയുടെ കനം കൂട്ടുക. നന തുടങ്ങിയാൽ മഴക്കാലം ആരംഭിക്കുന്നതുവരെ മുടങ്ങാതെ നടത്തണം. വെള്ളീച്ച ആക്രമണം പലയിടത്തും തീവ്രമാണ്. മഞ്ഞക്കെണി വച്ച് നിയന്ത്രിച്ചാൽ ഇവയുടെ എതിർപ്രാണികൾ പെരുകി ജൈവനിയന്ത്രണം സാധ്യമാകും. ഓലക്കാലുകളുടെ അടിയിൽ വീഴത്തക്കവിധത്തിൽ വേപ്പധിഷ്ഠിത കീടനാശിനി പ്രയോഗിച്ചും വെള്ളീച്ചകളെ നിയന്ത്രിക്കാം. .
റംബുട്ടാന്‍, പുലോസാൻ
നന തുടരുക, കായ പിടിച്ചു കഴിഞ്ഞ മരങ്ങളിൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് 5 ഗ്രാം ഒരു ലീറ്റർ വെള്ള ത്തിൽ കലക്കി സ്പ്രേ ചെയ്യുക. രണ്ടാഴ്ചയ്ക്കുശേഷം 18–18–18 നാലു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്യുക. റംബൂട്ടാനും പുലോസാനും പൂവിടാനാവശ്യമായ സമ്മര്‍ദം ( സ്ട്രെസ്) കൊടുക്കുന്നതിനെന്ന പേരിൽ നനയ്ക്കാതിരുന്നതുമൂലം മരം ഏതാണ്ടു നശിച്ചു പോയ അനുഭവങ്ങൾ ഈ വർഷം ധാരാളം. മരങ്ങളുടെ ഇലകൾക്ക് മഞ്ഞനിറം വരാതെ നനയുടെ എണ്ണം ക്രമീകരിക്കുക. മണൽ മണ്ണിൽ രാവിലെയും വൈകുന്നേരവും നനയ്ക്കുന്നത് മരങ്ങൾക്കു സമ്മര്‍ദം ഉണ്ടാക്കാതെ തന്നെ പൂ പൊഴിച്ചിലും കായ പൊഴിച്ചിലും തടയും. കാത്സ്യത്തിന്റെ സ്പ്രേ ആവർത്തിച്ചു നൽകുന്ന പ്രവണത പലയിടങ്ങളിലും കണ്ടുവരുന്നു. കാത്സ്യം അധികമായാൽ പൊട്ടാഷ്, മഗ്നീഷ്യം എന്നിവയുടെ കുറവ് ചെടിയിൽ ഉണ്ടാകും. സൂക്ഷിക്കുക.
വാഴ
മണ്ഡരിയാക്രമണം കൂടുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ചുവടുഭാഗത്തുള്ള മണ്ണിൽനിന്നു മുകളിലേക്കു മരുന്ന് സ്പ്രേ ചെയ്യണം. താഴേക്കു വീണ മണ്ഡരി ഒളിവിൽപോയി രക്ഷപ്പെടുന്നതു തടയാനും ഇതുപകരിക്കും. ഇലയുടെ അടിവശത്തും കൂമ്പിലും കവിളുകളിലും സ്പ്രേ വീഴുന്നുണ്ടെന്ന് ഉറപ്പാക്കുക.
ജൈവനിയന്ത്രണത്തിന് വൈകുന്നേരം വെയിൽ ആറിയതിനുശേഷം വെറ്റിങ് ഏജന്റ് ചേർത്ത വെർട്ടിസീലിയം സ്പ്രേ ചെയ്യുക. രാസനിയന്ത്രണത്തിന് വിപണിയില്‍ ലഭ്യമായ Accarcideകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ മതി. എല്ലാ കീടനാശിനികൾക്കും മണ്ഡരിനിയന്ത്രണശേഷിയില്ലെന്ന് പ്രത്യേകം ഓർമിക്കുക. നനയ്ക്കുന്ന വാഴകളിലാണ് മണ്ഡരിയുടെ ആക്രമണം ഏറ്റവും വ്യാപകം. സാധാരണ ഗതിയിൽ രാവിലെ 8 മണിക്കു മുൻപ് വാഴയിലയുടെ അടിയിൽ ഇവയെ കാണാം. ആക്രമണം രൂക്ഷമെങ്കിൽ ഇലയുടെ അടിഭാഗം ചെമ്പു നിറത്തിലാകും. പൊടിവാഴയ്ക്കു പുതയുടെ കനം കൂട്ടുക. കിളിർത്തതിനു ശേഷം നനയ്ക്കുന്നില്ലെങ്കിൽ പൊട്ടാസ്യം സിലിക്കേറ്റ് സ്പ്രേ ചെയ്യുക.
ഇഞ്ചി, മഞ്ഞൾ
ഭൂമി തണുക്കുന്ന വിധത്തിൽ മഴ ലഭിച്ചാൽ ഇഞ്ചിക്കൃഷിക്ക് തയാറെടുക്കാം. ഒരു മീറ്റർ വീതിയും 25 സെ. മീ. ഉയരവും ഉള്ള വാരങ്ങളാണ് ഒരുക്കേണ്ടത്. നീളം ഭൂമിയുടെ കിടപ്പ് അനുസരിച്ചു ക്രമീകരിക്കാം. വാര ങ്ങൾ തമ്മിൽ 35–40 സെ. മീ. അകലം വേണം. വാരത്തിൽ ചതുരശ്ര മീറ്ററിന് 500 ഗ്രാം മുതൽ 600 ഗ്രാം വ രെ ട്രൈക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ച ജൈവവളം നന്നായി ഇളക്കിച്ചേർക്കുക.
കാച്ചിൽ, അടതാപ്പ്
നടുന്നതിന് എടുക്കുന്ന കുഴിയിൽ 1.5 കിലോ ജൈവവളമിട്ട്, 45 സെ.മീ. ആഴത്തിൽ ഇളക്കിച്ചേർത്ത് 250 ഗ്രാം തൂക്കമുള്ള കഷണങ്ങൾ നടുക. നട്ടതിനുശേഷം മുകളിലേക്ക് മൺകൂന (ഉടൽ) എടുത്തുവയ്ക്കുക. കുഴികൾ തമ്മില്‍ 45 സെ.മീ. അകലം വേണം.
ചെറുകിഴങ്ങുകൾ
നടുന്നതിന് എടുത്ത കുഴികളിൽ ഒരു കിലോ വീതം ജൈവവളമിട്ടശേഷം 25 സെ. മീ. എങ്കിലും ആഴത്തിൽ കിളച്ചു ചേർത്ത് അതിൽ 100–150 ഗ്രാം തൂക്കമുള്ള കിഴങ്ങുകൾ നട്ട് കൂനകൾ എടുത്ത് മൂടുക. കൂനകൾ തമ്മിൽ 75 സെ.മീ. അകലം ഉണ്ടായിരിക്കണം.
വേനൽക്കാല പച്ചക്കറി
ഉയർന്ന താപനില വെള്ളീച്ചകളുടെ ആക്രമണതീവ്രത കൂട്ടുന്നതായി കാണുന്നു. വെള്ളീച്ചകളെ ആകർഷിച്ച് കെണിയിൽപെടുത്തുന്നതിന് ഏറ്റവും ഫലപ്രദമായ നിയന്ത്രണമാർഗം മഞ്ഞക്കെണികളാണ്. ഇവ കൃഷിയിടത്തിന്റെ അതിരുകളിൽ എല്ലാ വശത്തും സ്ഥാപിക്കണം. പുറത്തുനിന്നുള്ള പ്രാണികളുടെ വരവു നിയന്ത്രിക്കാനും അകത്തുള്ളവയെ കെണിയിൽപെടുത്താനും ഇതു സഹായകരമാണ്.
പച്ചക്കറിയുടെ തടങ്ങളിൽ തണ്ടിൽനിന്ന് 5 സെ. മീ. എങ്കിലും അകറ്റി പുതയിടുക. നനയ്ക്കുന്ന വെള്ളം മേൽമണ്ണിനടിയിൽ വേരുപടലത്തിനടുത്തെത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. വിഷുവിനു വിളവെടുത്തതിനു ശേഷവും പച്ചക്കറികൾക്കു നനയ്ക്കൊപ്പം 18–18–18, sop എന്നിവ 3 ഗ്രാം വീതം 15 ദിവസത്തെ ഇടവേളയിൽ സ്പ്രേ ചെയ്യുന്നത് തുടർന്നും വിളവെടുപ്പിനു സഹായകരമാകും.
മഴക്കാല പച്ചക്കറി
മഴക്കാല പച്ചക്കറികൾക്കുള്ള തൈകൾ മേയ് മാസം ആദ്യം തന്നെ തയാറാക്കുന്നതിനുള്ള പ്രവൃത്തി ആരംഭിക്കാം. ഇതിനായി വിത്ത്, ജൈവവളം, സ്യൂഡോമോണാസ്, പ്രോട്രേകൾ എന്നിവ ഈ മാസം തന്നെ ശേഖരിക്കുക. ഏപ്രിൽ മാസം അവസാനത്തോടുകൂടി തന്നെ പച്ചക്കറി കൃഷി ചെയ്യുവാനുദ്ദേശിക്കുന്ന സ്ഥലത്തെ കളകൾ നീക്കണം.
ജാതി
ഈ വർഷത്തെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടായിരിക്കാം ജാതിയിൽ തലമുടി രോഗം (thread blight) വ്യാപകമായി കണ്ടുവരുന്നു. ആഞ്ഞിലി മരങ്ങളിലാണ് ഈ രോഗബാധ കൂടുതല്‍. നിയന്ത്രിച്ചില്ലെ ങ്കിൽ 3–4 വർഷം കൊണ്ടുതന്നെ വലിയ ഒരു ജാതിമരത്തെ പൂർണമായി നശിപ്പിക്കാൻ ഈ രോഗത്തിനു സാധിക്കും. നിയന്ത്രണത്തിന് ജാതിമരത്തിലുള്ള തലമുടിപോലുള്ള വളർച്ചയും അതിൽ തൂങ്ങിക്കിടക്കുന്ന ഇലകളും പരമാവധി പറിച്ചെടുക്കുക. രോഗബാധയുള്ള മരത്തിൽനിന്നു പൊഴിഞ്ഞു കിടക്കുന്ന ഇലകളും അടിച്ചുകൂട്ടി തീയിട്ടു നശിപ്പിക്കുക. ഇത് പുതിയതായി രോഗം വരാതിരിക്കുന്നതിനു സഹായിക്കും. ചെമ്പ് അധിഷ്ഠിത കുമിൾനാശിനികൾ ശുപാർശ ചെയ്യുന്നുണ്ടെങ്കിലും നെല്ലിൽ ഉപയോഗിക്കുന്ന നേറ്റിവേ, വെൻഡിക്യൂറോൺ എന്നിവ പുതുതലമുറ wetting agent ചേർത്ത് പ്രയോഗിക്കുന്നതുവഴി നിയന്ത്രണം സാധ്യമാക്കാമെന്നാണ് കര്‍ഷകരുടെ അനുഭവം.
ചെമ്പൻചെല്ലി കമുകിലും
സമീപകാലത്തായി കർഷകർ ഏറെ താൽപര്യം കാണിക്കുന്ന വിളയാണു കമുക്. വിലക്കൂടുതലിനൊപ്പം കർഷകരുടെ ശ്രദ്ധ തിരിയുന്നതിനുള്ള മറ്റൊരു കാരണം ആക്രമണോത്സുക (invasive) കീടങ്ങൾ വ്യാപകമല്ലെന്നതാണ്. അതുകൊണ്ടുതന്നെ വിളനാശം കുറവാണ്. പല രോഗങ്ങളും പൂങ്കുലച്ചാഴിശല്യം പോലെ ചില പ്രശ്നങ്ങളും ചില പ്രദേശങ്ങളിൽ ഉണ്ടെങ്കിലും അത്ര രൂക്ഷമല്ല. എന്നാല്‍ കഴിഞ്ഞ മാസം കോട്ടയം പാലായിൽ 200 കമുകുള്ള തോട്ടത്തിലെ എണ്‍പതിലേറെ കമുകുകളിൽ (3 മീറ്ററിൽ താഴെ ഉയരമുള്ളവ ) ചെന്നീരൊലിപ്പുപോലെ കാണാനിടയായി. വേനൽക്കാല സംരക്ഷണത്തിനായി വെള്ളനിറം തേച്ച ഇവയിലെ ചെറിയ ദ്വാരങ്ങളിൽനിന്ന് ചെന്നീര് പുറത്തേക്കു വരുന്നുണ്ടായിരുന്നു. നിലവിൽ ഈ പ്രദേശത്തെ കമുകിൽ കീടശല്യം ഒന്നുമില്ലതാനും. കമുക് നിൽക്കുന്നതിനു തൊട്ടടുത്തായി തെങ്ങുകൃഷിയുണ്ട്. ഒരു കമുകിന്റെ മുകൾഭാഗം മുറിച്ചെടുത്തു പിളർന്നു നോക്കിയപ്പോൾ കണ്ടത് തെങ്ങിനെ ആക്രമിക്കുന്ന ചെമ്പൻചെല്ലിയെയും പുഴുക്കളെയുമാണ്.
തെങ്ങില്‍ ചെമ്പൻചെല്ലിയാക്രമണം രൂക്ഷമായ പ്രദേശമായതിനാൽ കർഷകര്‍ രണ്ടു മാസം കൂടുമ്പോഴെങ്കിലും അതിനെതിരെ നടപടി സ്വീകരിക്കുന്ന പ്രദേശമാണിത്. അതിനാല്‍ തെങ്ങിനെ വിട്ട് തൊട്ടടുത്തുള്ള കമുകിനെ ലക്ഷ്യം വച്ചതാവണം ചെമ്പൻചെല്ലി. തെങ്ങ് കിട്ടിയില്ലെങ്കിൽ കമുക് ആയാലും മതി എന്ന രീ തിയിലേക്കുള്ള ചെമ്പൻചെല്ലിയുടെ ചുവടുമാറ്റം ഗുരുതരമായ കീടബാധയുടെ തുടക്കമായി കാണേണ്ടി വരുന്നു. 8 വർഷം പഴക്കമുള്ള ഫോക്സ് ടെയിൽ പാം ചെമ്പൻചെല്ലി ആക്രമിച്ച് നശിപ്പിച്ചതായി മറ്റൊരു കർഷകന്റെ അനുഭവവും കേൾക്കാനിടയായി. കീടനിയന്ത്രണമാർഗം സ്വീകരിച്ചപ്പോൾ ചെന്നീരൊലിപ്പ് പൂർണമായും നിന്നു. ദ്രാവകം കട്ടിയായി കമുകിന്റെ തടിയിൽ ഉറയ്ക്കുകയും ചെയ്തു.