ADVERTISEMENT

പശു പ്രസവിച്ചുകഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടതെന്ത്, എന്തെല്ലാം അത്യാവശ്യമായി ചെയ്തിരിക്കണം എന്നീ കാര്യങ്ങളിൽ ധാരണ കർഷകർക്കുണ്ടായിരിക്കണം. പ്രസവമടുത്ത പശുവിനെ അതിന് അധികം ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിൽ സ്വതന്ത്രമായി വിട്ടിരിക്കണം. കാലുകൾ തെന്നാത്തെ, ഉണങ്ങിയ മണ്ണുള്ള സ്ഥലമാണ് ഇതിനു യോജ്യം. അതിനു സാഹചര്യമില്ലെങ്കിൽ തൊഴുത്തിൽത്തന്നെ നിർത്താം. എന്നാൽ ഇരുവശത്തെയും പശുക്കളെ മാറ്റിക്കെട്ടുന്നതാണ് ഉചിതം. അകിടിനും മുലക്കാമ്പുകൾക്കും പരിക്കേൽക്കാതിരിക്കാനാണ് ഈ മുൻകരുതൽ.

അതുപോലെ പ്രസവമടുത്ത പശുവിനെ തെന്നുന്ന സ്ഥലത്തായിരിക്കരുത് കെട്ടുന്നത്. തെന്നുന്ന സ്ഥലത്ത് പശുവിനെ പ്രസവിക്കാനായി കെട്ടുമ്പോൾ കാലുകൾ രണ്ടു വശത്തേക്കും വഴുതിപ്പോകാനിടയുണ്ട്. രണ്ടു കാലുകളും രണ്ടു വശത്തേക്കു തെന്നി ശരീരം നിലത്തു മുട്ടുന്ന അവസ്ഥ വന്ന പശുക്കളെ പിന്നീട് രക്ഷപ്പെടുത്തിയെടുക്കാൻ സാധിക്കില്ല. കർഷകനു വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന പ്രശ്നമാണിത്. ചികിത്സിച്ചാലും രക്ഷപ്പെടാൻ സാധ്യത വളരെ കുറവ്.  ഇത്തരം സാഹചര്യം ഉണ്ടാവാതെ നോക്കേണ്ടത് ഒരു കർഷകന്റെ ഉത്തരവാദിത്തമാണ്. ഒരു കാരണവശാലം പശു തെന്നാൻ അവസരം കൊടുക്കരുതെന്ന് പ്രമുഖ ഫാം കൺസൽട്ടന്റായ ഡോ. ഏബ്രഹാം മാത്യു പറയുന്നു.

കാലുകൾ ഇരുവശത്തേക്കും തെന്നി വീണുപോയ പശു
കാലുകൾ ഇരുവശത്തേക്കും തെന്നി വീണുപോയ പശു

തെന്നുന്ന സ്ഥലത്ത് ചരൽ വിരിച്ച് പശുക്കൾക്ക് കാലുറപ്പോടെ നിൽക്കാനുള്ള സാഹചര്യമൊരുക്കാം. ചരൽ വിരിച്ച ശേഷം മുകളിൽ കച്ചി (വൈക്കോൽ) വിരിക്കണം. വൈക്കോൽ മാത്രമാണെങ്കിൽ തെന്നാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, പശുക്കളുടെ രണ്ടു കാലുകളും രണ്ടു വശത്തേക്ക് പോയി പശു വീണുപോകാതിരിക്കാൻ കാലുകൾ തമ്മിൽ കൂട്ടിക്കെട്ടുന്ന രീതിയും സ്വീകരിക്കാം. ഇരു കാലുകളിലെയും രക്തചംക്രമണത്തിന് തടസമുണ്ടാകാത്ത വിധത്തിൽ 45 സെ.മീ. നീളമുള്ള കയറാണ് കെട്ടേണ്ടത്. ഇത് കാലുകൾ അകന്നുപോകാതിരിക്കാൻ പശുവിനെ സഹായിക്കും. അതേസമയം, പശുവിന് കിടക്കാനോ നിൽക്കാനോ ബുദ്ധിമുട്ടും ഉണ്ടാവില്ല. 

പശുക്കൾ കിടന്നുപോകാനുള്ള കാരണങ്ങൾ

പ്രസവശേഷം പശുക്കൾ കിടന്നുപോകുന്ന അവസ്ഥയുണ്ടാകുന്നതിന് ചില കാരണങ്ങളുണ്ട്. അതിലൊന്നാണ് കാത്സ്യക്കുറവ്. പ്രസവ സമയത്ത് പശുവിന് കാത്സ്യം കൂടുതൽ ആവശ്യമായി വരും. എന്നാൽ അത് ശരീരത്തിൽ ഇല്ലാതെ വരുന്നതാണ് ഈ വീഴ്ചയ്ക്കു കാരണം. പാൽപ്പനി എന്നു പറയുന്ന അവസ്ഥയും ഇതുതന്നെ. 

പ്രസവത്തോടനുബന്ധിച്ചു അകിടുവീക്കവും വരാം. കാത്സ്യക്കുറവുതന്നെയാണ് പ്രസവത്തോടനുബന്ധിച്ചുള്ള അകിടുവീക്കത്തിന്റെ ഒരു കാരണം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പേശികൾ ദുർബലമാകും. ഇത് നാലു മുലക്കാമ്പുകളെയും അടഞ്ഞിരിക്കാൻ സഹായിക്കുന്ന സ്വാഭാവികാവസ്ഥയെ ഇല്ലാതാക്കും. അതുമൂലം രോഗാണുക്കൾ ഉള്ളിൽ പ്രവേശിച്ച് അകിടുവീക്കം ഉണ്ടാക്കും. 

പശുക്കൾ പ്രസവിക്കുന്നതിനു മുൻപ് അമിതമായി തടിച്ചുകൊഴുത്തിരുന്നാൽ വരുന്ന ഒരു രോഗമാണ് അസെറ്റൊനീമിയ. അമിത വണ്ണമുള്ള പശുക്കളുടെ കരൾ കൃത്യമായി പ്രവർത്തിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത് (വിശദമായി അറിയാൻ വിഡിയോ കാണുക). ഈ അവസ്ഥയിലുള്ള പശുവിന്റെ ഉച്ഛ്വാസവായുവിന് മധുരമുള്ള മണം അനുഭവപ്പെടും. ഇത് കാത്സ്യത്തിന്റെ കുറവല്ല, ഗ്ലൂക്കോസിന്റെ കുറവാണ്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഇത് പൂർണമായും മാറില്ല.

പാൽപ്പനിയും അസെറ്റൊനീമിയ(​​​​​Acetonaemia)യും ഒരുമിച്ചു വരാനും സാധ്യതയുണ്ട്. ഇങ്ങനെ വന്നാലും പശുക്കൾ വീണുപോകും. അതുകൊണ്ടുതന്നെ രോഗമെന്താണെന്ന് കൃത്യമായി തിരിച്ചറിഞ്ഞശേഷം മാത്രമായിരിക്കണം വിദഗ്ധനായ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ചികിത്സ നൽകേണ്ടത്. 

ഫീഡിങ് ബോട്ടിൽ ഉപയോഗിച്ച് പാൽ നൽകുന്നു. ഫോട്ടോ∙ കർഷകശ്രീ
ഫീഡിങ് ബോട്ടിൽ ഉപയോഗിച്ച് പാൽ നൽകുന്നു. ഫോട്ടോ∙ കർഷകശ്രീ

കുട്ടിയുടെ പരിചരണം

കുട്ടി പുറത്തെത്തിയാൽ ആദ്യംതന്നെ മൂക്കു പിഴിയണം. കുട്ടി ശ്വസിക്കുമ്പോൾ മൂക്കിലുള്ള ദ്രാവകം ഉള്ളിലേക്ക് പോകുന്നത് തടയാൻ ഇത് സഹായിക്കും.

ജനിച്ചുവീണ പശുക്കുട്ടികൾ ഒരുപക്ഷേ ശ്വസിക്കാൻ വൈകാം. ശ്വാസമെടുക്കാതിരിക്കുകയും ഹൃദയം മിടിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ചില ലളിത മാർഗങ്ങളിലൂടെ അവയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാം. ചെറിയൊരു വൈക്കോൽ കഷണം മൂക്കിൽ കടത്തി ചെറുതായി അനക്കുന്നതാണ് ആദ്യ രീതി. ഇതു പരാജയപ്പെട്ടാൽ കുട്ടിയുടെ വായ തുറന്ന് നാവ് തേഴേക്കു പിടിച്ച് അതിന്റെ വായിലേക്ക് ശക്തിയായി ഊതൂക. ലൈഫ് കിസ്സ് എന്നാണ് ഈ രീതിയെ വിശേഷിപ്പിക്കുന്നത്. ഇതുമല്ലെങ്കിൽ കുട്ടിയെ മലർത്തിക്കിടത്തി നെഞ്ചിൽ ശക്തിയായി തിരുമ്മണം. തല കീഴായി തൂക്കിയിട്ട് നെഞ്ചിലേക്ക് ശക്തിയായി വെള്ളമൊഴിക്കുന്നതാണ് മറ്റൊരു രീതി (വിശദമായി അറിയാൻ വിഡിയോ ക്ലാസ് കാണുക).

ഇളംപാൽ അഥവാ കന്നിപ്പാൽ എത്രയും നേരത്തെതന്നെ കറന്ന് കുട്ടിക്കു നൽകുന്നുവോ അത്രയും നന്ന്. കുട്ടിക്ക് രോഗപ്രതിരോധശേഷി നൽകുന്ന ഇമ്യൂണോഗ്ലോബുലിന്റെ അളവ് സമയം വൈകുന്തോറും കന്നിപ്പാലിൽ കുറഞ്ഞുവരും. ചുരുക്കത്തിൽ ആദ്യ കറവ ഒട്ടുംതന്നെ വൈകരുത്.

കുട്ടിയുടെ പൊക്കിൾക്കൊടി കെട്ടിയശേഷം ടിഞ്ചർ അയഡിൻ ദിവസത്തിൽ മൂന്നോ നാലോ തവണ പുരട്ടുന്നത് അതിവേഗം ഉണങ്ങാൻ സഹായിക്കും. 

മുൻ വിഡിയോക്ലാസുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com