73–ാം വയസ്സിൽ ബഹുവിളക്കൃഷിക്കായി പുരയിടത്തിനു കോട്ട കെട്ടി ഇട്ടി, അതും ഹോളണ്ട് മോഡൽ കോട്ട
Mail This Article
എഴുപതുകളിലെത്തിയ നെൽകർഷകനു പഴയകാലത്തെ കൃഷിയെക്കുറിച്ച് എന്തെല്ലാം ഓർമകൾ പങ്കുവയ്ക്കാനുണ്ടാകും? ചക്രം ചവിട്ടിയുള്ള ജലം കയറ്റിയിറക്കം മുതൽ എന്തെല്ലാം! എന്നാൽ, അരനൂറ്റാണ്ടോളമായി നെൽകൃഷി ചെയ്യുന്ന കോട്ടയം പുലിക്കുട്ടിശേരി പതിനെട്ടിൽ പുത്തൻപുരയിൽ ഇട്ടിക്കു പഴംപുരാണങ്ങളെക്കാൾ പഥ്യം പുതിയ കാര്യങ്ങള്‍. പുതിയ കാലത്തിന്റെ ആശയങ്ങൾക്കനുസരിച്ചു കൃഷി ചെയ്യാൻ അദ്ദേഹത്തിനുള്ള ഉത്സാഹം ഒന്നു വേറെ തന്നെ. പുതിയ കാര്യങ്ങൾ പഠിക്കാനായി യാത്ര ചെയ്യാനും സെമിനാറുകൾ കൂടാനും അദ്ദേഹം സദാ ഉത്സുകന്‍.
ഒന്നര നൂറ്റാണ്ടു മുൻപു കട്ട കുത്തി ഉയർത്തിയ പുരയിടത്തിലാണ് പതിനെട്ടിൽ തറവാട്. അപ്പർ കുട്ടനാടൻ പാടങ്ങളോടു ചേർന്നുള്ള ഈ പറമ്പിൽ നെല്ലും തെങ്ങും പിന്നെ ചെറിയ തോതിൽ വാഴയും പശുവളർത്തലും– നികത്തിയെടുത്ത ഈ പുരയിടത്തിൽ അതിനപ്പുറമുള്ള കൃഷികളൊന്നും പ്രയോഗികമല്ലായിരുന്നു. ജൂൺ മുതൽ ഒക്ടോബർവരെ പ്രളയഭീഷണി രൂക്ഷം. ഇക്കാലയളവിൽ പല തവണ പ്രളയജലം കൃഷിയിടത്തെ മൂടും. 5 വർഷം മുന്‍പുവരെ കാര്യങ്ങൾ ഇങ്ങനെയായിരുന്നു. ഈ പുരയിടത്തെ മികച്ച വരുമാനമുള്ള ബഹുവിളത്തോട്ടമാക്കണമെന്ന് ആഗ്രഹം തോന്നിയത് 73–ാം വയസ്സിലാണ്. 5 വർഷമായി ഈ ചുവടുമാറ്റത്തിലാണ് അദ്ദേഹം.
ഇരുവശവും തോടുകളാൽ ചുറ്റപ്പെട്ട പറമ്പിൽ അത് അത്ര എളുപ്പമായിരുന്നില്ല. മഴക്കാലത്തെ വെള്ളക്കെട്ടിൽ നടുന്നതൊക്കെ ചീഞ്ഞുനശിക്കുന്ന അവസ്ഥ. സ്വന്തം ആശയത്തിനു മുൻതൂക്കം നൽകിയ അദ്ദേഹം കൃഷിടത്തിനു ചുറ്റും മണ്ണു കോരി ബണ്ട് ഉയർത്തി. കുട്ടനാട്ടിലെ ആർ ബ്ലോക്കിലും മറ്റും നടപ്പാക്കിയ ഹോളണ്ട് മോഡൽ കൃഷിയായിരുന്നു മനസ്സിൽ. പുരയിടം പുറംബണ്ട് കെട്ടി സംരക്ഷിക്കാനും മഴക്കാലത്ത് വെള്ളക്കെട്ടിനു കാരണമാകുന്ന ജലം പമ്പ് ചെയ്തു പുറത്തേക്കു കളയാനുമാണ് ഇട്ടി ആഗ്രഹിച്ചത്. കേട്ടവരൊക്കെ പരിഹസിക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഇട്ടിക്കു വ്യക്തമായ ഗെയിംപ്ലാന്‍ ഉണ്ടായിരുന്നു.
ആദ്യപടിയായി ഒരു മീറ്റർ ഉയരത്തിലുള്ള പുറംബണ്ടിന്റെ നിർമാണം ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ആറിൽനിന്നുള്ള കട്ട കുത്തി രണ്ടു വശങ്ങൾ ഉയർത്തി. സ്വന്തം പറമ്പിൽ ചാലു കീറി ലഭിച്ച മണ്ണിട്ടാണ് മറ്റു രണ്ടു വശങ്ങളും ഉയർത്തിയത്. പുരയിടത്തിലുടനീളം തെങ്ങിൻതൈകൾ നട്ടു. തൊട്ടു പിന്നാലെ കൊക്കോ, വാഴ എന്നിവയും. പുരയിടത്തിലെ ചാലുകളിൽ താറാവ്, മത്സ്യം എന്നിവയെയും വളർത്തുന്നു. വർഷകാലത്ത് മഴവെള്ളം ബണ്ടിനു പുറത്തേക്കു പമ്പ്ചെയ്തു കളയാൻ ഇവിടെ സംവിധാനമുണ്ട്. കാർഷികവൈദ്യുതി കണക്‌ഷനെടുത്തതിനാൽ പമ്പിങ്ങിനു കാര്യമായ പണച്ചെലവില്ല.
കൃഷിയിടത്തിലെ പരമാവധി ജോലികൾ സ്വയം ചെയ്യുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റേത്. ജോലിക്കാരോടൊപ്പം കൃഷിപ്പണികളിൽ പങ്കാളിയാകാറുമുണ്ട്. വേനൽക്കാലത്ത് ജാതിയും കൊക്കോയുമൊക്കെ ഹോസ് ഉപയോഗിച്ചു നനയ്ക്കാൻ ഭാര്യ ലീലാമ്മയും കൂടും. കൃഷിയെന്നാൽ നെൽകൃഷിയെന്നു മാത്രം ചിന്തിച്ചിരുന്ന ഇട്ടിച്ചേട്ടന് ഇപ്പോൾ കൃഷിയെന്നാൽ ബഹുവിളക്കൃഷിയാണ്. തെങ്ങും വാഴയും ജാതിയും കൊക്കോയും കോഴിയും താറാവും മത്സ്യവുമൊക്കെയുണ്ടെങ്കിലേ കൃഷി പൂർണതയിലെത്തൂ എന്ന് അദ്ദേഹം തിരിച്ചറിയുന്നു.
ജീവിതാവസാനം വരെ കൃഷി ചെയ്യണമെന്നാണ് ആഗ്രഹം. കർഷകകുടുംബത്തിൽ ജനിച്ചുവളർന്ന തനിക്ക് കൃഷി അവസാനിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനാവില്ലെന്ന് ഇട്ടി പറയുന്നു. അത്രയ്ക്കു സന്തോഷവും സംതൃപ്തിയും കൃഷിയിലൂടെ ലഭിക്കുന്നുണ്ട്. ലാഭവും നഷ്ടവുമൊക്കെ കൃഷിയിൽ മാറിമാറിവരും. എന്നാൽ, നഷ്ടത്തിന്റെ പേരിൽ കൃഷി വേണ്ടെന്നു വയ്ക്കാൻ വയ്യ. കൃഷിത്തിരക്കുകൾക്കിടയിൽ മകന്റെ ബിസിനസിനു പിന്തുണ നൽകാനും ശ്രമിക്കാറുണ്ട്.
കുട്ടനാട്ടിലും കൊക്കോ
പുതിയ ശൈലിയിൽ ഏതെങ്കിലും ഒരു വിളയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നില്ല. വാഴയാണ് വരു മാനം നൽകിത്തുടങ്ങിയത്. കൊക്കോ ഉൽപാദനത്തിലെത്തിയപ്പോഴേക്കും വില കുതിച്ചുയര്‍ന്നത് ഇട്ടിച്ചേട്ടനെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ആകെ 400 കോക്കോയാണു നട്ടത്. 2 വർഷം പിന്നിട്ടപ്പോൾ അവയിൽ നൂറോളം മരങ്ങൾ പൂവിട്ടു. അവയിപ്പോൾ ഫലം നൽകുന്നുണ്ട്. 100 മരങ്ങളിൽനിന്ന് ആഴ്ച തോറും 20 കിലോ കായ് ലഭിക്കും. ഇത് ഉണക്കിയാൽ 8–9 കിലോ കുരു (ഉണങ്ങിയത്) കിട്ടും. ഒരു കിലോ സംസ്കരിച്ച കൊക്കോക്കുരുവിന് 1000 രൂപ വിലയുണ്ട്. ആഴ്ച തോറും കുറഞ്ഞത് 8000 രൂപ വരുമാനം പ്രതീക്ഷിക്കാം.
ഫോൺ: 9495063124