പ്രവാസജീവിതംവിട്ട് പശു പരിപാലനം; തിരിച്ചടിയായി ഭക്ഷ്യവിഷബാധ; കാലിത്തീറ്റ കമ്പനിക്കെതിരേ ഒറ്റയ്ക്ക് പോരാടി കർഷകൻ
Mail This Article
പ്രവാസജീവിതം അവസാനിപ്പിച്ച് 2010ലാണ് കോട്ടയം കടുത്തുരുത്തി നിലപ്പന എൻ.എസ്.കുര്യൻ ഡെയറി ഫാമിങ്ങിലേക്കു തിരിഞ്ഞത്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയപ്പോൾ എന്തെങ്കിലും വരുമാനമാർഗം കണ്ടെത്തണമെന്നു ചിന്തിച്ചപ്പോഴാണ് ഡെയറി ഫാം എന്ന ആശയം മനസിലുദിച്ചത്. അക്കാലത്ത് വീട്ടിൽ വളർത്തിയിരുന്ന ഒരു കിടാവ് പ്രസവിച്ചത് ഡെയറി ഫാം എന്ന തീരുമാനത്തിന് അടിത്തറയാകുകയും ചെയ്തു. 2010 ജൂലൈ ഏഴിനായിരുന്നു ആദ്യമായി സൊസൈറ്റിയിൽ പാൽ അളന്നതെന്നു കുര്യൻ ഇപ്പോഴും ഓർക്കുന്നു. അന്നു മുതൽ ഇന്നുവരെ സൊസൈറ്റിൽ മുടക്കമില്ലാതെ പാൽ അളക്കുന്നു. അധ്വാനിക്കാനുള്ള മനസിനൊപ്പം പശുക്കളെ വളർത്തുന്നതിനായുള്ള സർക്കാർ സഹായങ്ങൾ ഏറെ ഗുണം ചെയ്തെന്നും കുര്യൻ പറയുന്നു. കന്നുകുട്ടി കാലിത്തീറ്റ, പശുക്കളെ വാങ്ങിക്കാനുള്ള സഹായം, റബർ മാറ്റ്, ബയോഗ്യാസ് പ്ലാന്റ്, ചാണക ഷെഡ് തുടങ്ങിയവയെല്ലാം ഏറെ ഗുണം ചെയ്തിട്ടുണ്ട്.
വിശ്രമജീവിതത്തിലും സ്വന്തമായി അധ്വാനിച്ചു വരുമാനം കണ്ടെത്തണം എന്നു വിചാരിച്ചു മുൻപോട്ടു പോകുന്ന കുര്യന് ഇന്നു കറവയിലുള്ള നാലും വറ്റുകറവയിലുള്ള ഒന്നും പ്രസവിക്കാറായ മൂന്നും ഉൾപ്പെടെ എട്ടു പശുക്കളുണ്ട്. ദിവസം ശരാശരി 50 ലീറ്റർ പാലാണ് ഉൽപാദനം. പാൽ വിൽക്കുന്നതു മാത്രമല്ല ചാണകം വിൽക്കുന്നതിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. തന്റെ ചെറിയ ഡെയറി ഫാം മുൻപോട്ടു കൊണ്ടുപോകുന്നതിനൊപ്പം ഒരു കാലിത്തീറ്റ കമ്പനിക്കെതിരേ ഒറ്റയ്ക്ക് കോടതിയിൽ പോരാടുന്ന കർഷകൻ എന്ന വിശേഷണവും കുര്യനുണ്ട്. ഏകദേശം ഒന്നര പതിറ്റാണ്ടത്തെ ഡെയറി ഫാമിങിൽ അത്രയും നാൾ വിശ്വസിച്ച് വാങ്ങി പശുക്കൾക്കു നൽകിയിരുന്ന കാലിത്തീറ്റയുടെ കമ്പനിക്കെതിരേയാണ് കുര്യന്റെ പോരാട്ടം. അതുകൊണ്ടുതന്നെ ചില കാര്യങ്ങൾ കുര്യന് കർഷകരുമായി പങ്കുവയ്ക്കാനുണ്ട്.
എന്തുകൊണ്ട് കാലിത്തീറ്റ കമ്പനിക്കെതിരേ കേസ് നൽകി?
കോട്ടയം ജില്ലയിൽ കാലിത്തീറ്റ വിഷബാധയെത്തുടർന്ന് പശുക്കൾക്ക് വയറിളക്കമുണ്ടായ വാർത്ത ആരും മറന്നിട്ടുണ്ടാവില്ലെന്നു കരുതുന്നു. എന്റെ പശുക്കളും ആ വിഷബാധയ്ക്ക് ഇരകളാണ്. എങ്കിലും വയറിളക്കത്തേക്കാൾ ഗുരുതരമായത് അതിനു മുൻപുണ്ടായ വയർ സ്തംഭനം ആയിരുന്നു.
വയർ സ്തംഭനം?
ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതിന് മൂന്നാഴ്ച മുൻപേ അതേ കമ്പനിയുടെ മറ്റൊരു കാലിത്തീറ്റ ഉപയോഗിച്ചതിൽനിന്ന് എന്റെ പശുക്കളിൽ ചിലതിന് ബ്ലോട്ട് (വയറ്റിൽനിന്നു ചാണകം പോകാത്ത അവസ്ഥ) ഉണ്ടായി. അതായത് 2023 ജനുവരി ആറാം തീയതി മുതൽ പുതിയ ചാക്ക് കാലിത്തീറ്റ കൊടുത്തു. എട്ടാം തീയതി ആയപ്പോഴേക്ക് കാലിത്തീറ്റ കഴിച്ച പശുക്കൾക്ക് ബുദ്ധിമുട്ട് ഏറെയായി. അന്ന് തൊഴുത്തിൽ 5 കറവപ്പശുക്കളും ഒരു വറ്റുകറവപ്പശുവും 3 കിടാരികളുമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ പശുക്കൾക്കു മാത്രമായിരുന്നു ബുദ്ധിമുട്ട് വന്നത്. അങ്ങനെയാണ് കാലിത്തീറ്റയിൽനിന്നാണ് പ്രശ്നമുണ്ടായതെന്ന് ഉറപ്പിച്ചത്. കാരണം, കിടാരികൾക്ക് കന്നുകുട്ടി പരിപാലന പദ്ധതിയിലുള്ള തീറ്റയായിരുന്നു നൽകിയത്. കൂടാതെ പരുഷാഹാരമായ കൈതപ്പോള എല്ലാവർക്കും ഒരുപോലെ നൽകിയിരുന്നു. വറ്റുകറവയിലുള്ള പശുവിനും പേരിന് മാത്രമേ പെല്ലെറ്റ് നൽകിയുള്ളൂ. അതിനും ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും കറവയുള്ള പശുക്കൾക്കായിരുന്നു ഗുരുതര പ്രശ്നം ഉണ്ടായത്. ഇക്കാര്യം തീറ്റക്കമ്പനിയെ വിളിച്ചറിയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല.
ചികിത്സിച്ചില്ലേ?
വയർ കമ്പിച്ച പശുക്കളെ ജനുവരി എട്ടു മുതൽ പത്തു വരെ ദിവസങ്ങളിൽ വെറ്ററിനറി ഡോക്ടറെത്തി ചികിത്സിച്ചിരുന്നു. തൊഴുത്തിലെ ഏറ്റവും പാലുൽപാദനമുണ്ടായിരുന്ന ഒരു പശു അവശതയിലായി വീണുപോയി. തീരെ അവശതയിലായ ആ പശുവിനെ വെറ്ററിനറി ഡോക്ടറുടെ നിർദേശത്തെത്തുടർന്ന് ഒഴിവാക്കി. ഇൻഷുർ ചെയ്തിരുന്ന പശുവായതിനാൽ ഡോക്ടർ ആവശ്യമായ പേപ്പറുകൾ തയാറാക്കി നൽകിയതു വഴി ഇൻഷുറൻസ് ഇനത്തിൽ 33,500 രൂപ ലഭിക്കുകയും ചെയ്തു. പശുവിനെ തടിവിലയ്ക്കു കൊടുത്തതു വഴി 5000 രൂപയും ലഭിച്ചു.
അതാണോ കേസ് കൊടുക്കാൻ കാരണം?
കേസ് കൊടുത്തത് അതുകൊണ്ടല്ല. ആദ്യത്തെ തീറ്റ പ്രശ്നമാണെന്ന് കണ്ടതോടെ അതേ കമ്പനിയുടെ തന്നെ മറ്റൊരു തീറ്റ പശുക്കൾക്ക് വാങ്ങി നൽകി. എന്നാൽ, ആദ്യത്തേതിനേക്കാൾ വലിയ പ്രശ്നമായിരുന്നു രണ്ടാമത് ഉണ്ടായത്. അതായത് 2023 ജനുവരി അവസാനം പശുക്കൾക്ക് വയറിളക്കമുണ്ടായി. അന്ന് വൈകുന്നേരംതന്നെ തീറ്റക്കമ്പനിയുടെ ആൾ വിളിച്ച് കാലിത്തീറ്റ ആ ഇനി കൊടുക്കേണ്ടെന്നും രാവിലെ വാഹനം വരും തിരികെ കൊടുത്തുവിടണമെന്ന് അറിയിക്കുകയും ചെയ്തു. ജനുവരി 30ന് അതിരാവിലെ തന്നെ കമ്പനി വാഹനമെത്തി പുതുതായി വാങ്ങിയ 5 ചാക്ക് കാലിത്തീറ്റയിൽ 4 എണ്ണവും പഴയ ഒന്നരച്ചാക്ക് കാലിത്തീറ്റയും തിരികെ എടുത്തുകൊണ്ടുപോയി.
പ്രശ്നം ഗുരുതരമായതോടെ മന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകി. മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ് അധികൃതർ വീട്ടിലെത്തി നടപടികൾ എടുക്കാമെന്ന് ഉറപ്പുനൽകി കാലിത്തീറ്റ സംപിളുകൾ ശേഖരിച്ചു. കടുത്തുരുത്തി ക്ഷീരവികസന ഓഫീസിൽ കാലിത്തീറ്റ കമ്പനി അധികൃതരും കർഷകരുമായി നടത്തിയ ചർച്ചയിൽ നഷ്ടം കണക്കാക്കി അറിയിക്കാൻ നിർദേശം വന്നു. ഇതനുസരിച്ച് 1.39 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. ഇതിൽ പശുവിനെ വിറ്റ വകയിൽ ലഭിച്ച തുകയും ഇൻഷുറൻസ് തുകയും കുറച്ചിട്ട് 1.05 ലക്ഷം രൂപയ്ക്കായിരുന്നു അപേക്ഷ സമർപ്പിച്ചത്. ഒടുവിൽ പാലുൽപാദന നഷ്ടവും ചികിത്സച്ചെലവുമെല്ലാം കണക്കുകൂട്ടി വകുപ്പ് നിശ്ചയിച്ചത് 40,306 രൂപ!
ഇത് ക്ഷീരവികസന ഓഫീസർ തീറ്റക്കമ്പനിക്ക് അയച്ചു കൊടുത്തപ്പോൾ 20,000 രൂപ തരാമെന്ന മറുപടി എത്തി, അല്ലെങ്കിൽ കേസ് കൊടുത്തോളൂ എന്നും പറഞ്ഞു. പിന്നീട് ഒരു വെറ്ററിനറി ഡോക്ടർ കമ്പനിയുമായി സംസാരിച്ചതു വഴി 30,000 രൂപ തരാമെന്ന് അറിയിച്ചു. എന്നാൽ, ക്ഷീരവികസന വകുപ്പ് ‘കണ്ടെത്തിയ’ 40,306 രൂപ വേണമെന്ന് താൻ പറഞ്ഞപ്പോൾ വേണമെങ്കിൽ ഇതു വാങ്ങിച്ചോ അല്ലെങ്കിൽ പോയി കേസ് കൊടുക്ക് എന്നായിരുന്നു അവരുടെ മറുപടി. അവർ ഇത്രയും പറഞ്ഞ സ്ഥിതിക്ക് കേസ് കൊടുത്തില്ലെങ്കിൽ എങ്ങനാ എന്നു കരുതി താൻ കോട്ടയം ഉപഭോക്തൃ കോടതിൽ പരാതി നൽകി.
സാംപിൾ ശേഖരിച്ചതിന്റെ ഫലം ലഭിച്ചോ?
കാലിത്തീറ്റ സാംപിളുകൾ ശേഖരിച്ചെങ്കിലും അതിന്റെ പരിശോധനാ ഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ റിസൽട്ട് പുറത്തുവരാത്തതിനാൽ വിവരാവകാശം വച്ചു. അന്ന് സാംപിളുകൾ ശേഖരിച്ച് എവിടെയൊക്കെ പരിശോധനയ്ക്ക് അയച്ചുവെന്ന് മൃഗസംരക്ഷണ വകുപ്പ് ഓഫിസ് പത്രപ്രസ്താവനകളിലൂടെ അറിയിച്ചിരുന്നു. ആ വാർത്തകൾ വച്ച് റിസൽട്ട് ആവശ്യപ്പെട്ടായിരുന്നു വിവരാവകാശം വച്ചത്. എന്നാൽ ‘ലഭ്യമായ’ രേഖകൾ മാത്രമായിരുന്നു ലഭിച്ചത്. അത്തരം റിസൽട്ടിലെ ഫലം ‘മികച്ച’ കാലിത്തീറ്റ എന്നതായിരുന്നു. അതായത്, പരിശോധനാഫലത്തിൽ കുറ്റമൊന്നുമില്ല. എന്നാൽ, ഈ നല്ല കാലിത്തീറ്റ കഴിച്ചിട്ടാണോ കോട്ടയം ജില്ലയിലെ പശുക്കളെല്ലാം വയറിളക്കം വന്ന് ബുദ്ധിമുട്ടിലായത്? പരിശോധനയ്ക്ക് അയച്ച സാംപിളുകളിലെ വിവരങ്ങളിൽ പോലും വ്യക്തതയില്ല. കാരണം, കാലിത്തീറ്റ കമ്പനിയുടെ പേരോ സാംപിൾ ശേഖരിച്ച ദിവസമോ കാലിത്തീറ്റ നിർമിച്ച തീയതിയോ കാലാവധിയോ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇത്തരത്തിൽ സാംപിൾ ശേഖരിച്ച് പ്രഹസനം നടത്തിയത്? സർക്കാർ വകുപ്പുകൾ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്? ഒപി ടിക്കറ്റിൽ വരെ കൃത്രിമം നടന്നിട്ടുണ്ട്. അതൊക്കെ കോടതിയെ കൃത്യമായി അറിയിച്ചിട്ടുണ്ട്.
ജയിക്കുമോ തോൽക്കുമോ?
ഒരു വലിയ കമ്പനിക്കെതിരേയാണ് എന്റെ ഈ ഒറ്റയാൾ പോരാട്ടം. കേസിന്റെ വാദം പൂർത്തിയായി. ഉപഭോക്തൃ കോടതിയിൽ ഒരു വക്കീലിനെ പോലും വയ്ക്കാതെ ഒറ്റയ്ക്കാണ് വാദിച്ചത്. വൈകാതെ വിധി വന്നേക്കും. എങ്കിലും ജയമോ തോൽവിയോ എന്നതിക്കുറിച്ച് ചിന്തിക്കുന്നില്ല. ചുറ്റും എന്തൊക്കെ സംഭവിച്ചാലും പൊതുവെ ക്ഷീരകർകർ ഒന്നിനും മുന്നിട്ട് ഇറങ്ങാറില്ല. മടി, പേടി, സാമ്പത്തിക ബുദ്ധിമുട്ട്, ശാരീരിക പ്രയാസങ്ങൾ എന്നിവയെല്ലാം ഇതിനു കാരണമാണ്. ഇത് പല കമ്പനികളും മുതലെടുക്കുകയാണ്. ഇത് ജനങ്ങളിൽ എത്തിക്കാനായിരുന്നു കേസ് കൊടുത്തത്. ചോദ്യം ചെയ്യാൻ കെൽപുള്ള ഒരു ക്ഷീരകർഷകനെങ്കിലും ഉണ്ടെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം.
കർഷകരോട് എന്താണ് പറയാനുള്ളത്?
സർക്കാർ വകുപ്പിൽനിന്നുള്ള അധികൃതർ കാലിത്തീറ്റയുടെ സാംപിൾ ശേഖരിച്ചുകൊണ്ടു പോയപ്പോൾ എനിക്ക് അവർ സഹായിക്കുമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഈ ഒരു വർഷം കേസുമായി മുൻപോട്ടു പോയപ്പോൾ ചില കാര്യങ്ങൾ പഠിച്ചു. കാലിത്തീറ്റ സാംപിൾ പൊട്ടിക്കാത്ത ചാക്കിൽനിന്നാവണം ശേഖരിക്കാൻ അനുവദിക്കേണ്ടത്. അല്ലെങ്കിൽ പൊട്ടിച്ചുവച്ചിരുന്നതിനാൽ കേടായതാണെന്നു പറഞ്ഞേക്കാം. ചാക്ക് എടുക്കുന്നതു മുതലുള്ള കാര്യങ്ങൾ വിഡിയോയായി ചിത്രീകരിക്കണം. ശേഖരിക്കുന്ന ഓഫീസർമാരുടെ പേരും വിവരങ്ങളും ചോദിക്കണം. ചാക്കിന്റെ പായ്ക്കിങ് വിവരങ്ങൾ, ഏതു കമ്പനിയുടെ കാലിത്തീറ്റയാണെന്നു തിരിച്ചറിയുന്നതിനായി ചാക്കിന്റെ രണ്ടു വശങ്ങളിലെയും പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങൾ, സാംപിൾ ശേഖരിക്കുന്ന രീതി, എത്ര തൂക്കത്തിൽ എടുക്കുന്നു, പായ്ക്ക് ചെയ്യുന്ന രീതി എന്നിവയെല്ലാം വിഡിയോയിൽ ഉൾപ്പെടുത്താം.
ഒപ്പം ഏതു കമ്പനിയുടെ കാലിത്തീറ്റ എത്ര അളവിൽ ഏതു ദിവസം ശേഖരിച്ചുവെന്നുതുടങ്ങിയുള്ള വിശദമായ വിവരങ്ങൾ രേഖാമൂലം വാങ്ങിയിരിക്കണം. അതേപോലൊരു സാംപിൾ പാക്കറ്റ് സീൽ ചെയ്ത് നമുക്കും തരണമെന്നു പറയണം. എന്റെ അനുഭവം അതാണ്. അവർ കൊണ്ടുപോകുന്നതിനെ മാത്രം ആശ്രയിച്ച് നമ്മൾ നിൽക്കരുത്.
ഇങ്ങനെ ശേഖരിച്ചാൽ എന്താണ് നേട്ടം?
നേരത്തെ പറഞ്ഞതുപോലെ സർക്കാർ സംവിധാനത്തിൽനിന്ന് പരിശോധനയ്ക്ക് അയയ്ക്കുന്നതിൽ കാര്യമായ വിവരങ്ങൾ ഉണ്ടാവില്ല. ഒന്നുകിൽ കാലിത്തീറ്റ കമ്പനിയുടെ പേര് കാണില്ല, അതല്ലെങ്കിൽ കർഷകന്റെ പേര് കാണില്ല. ഇതെല്ലാം ഉണ്ടെങ്കിൽ കാലിത്തീറ്റ നൂറു ശതമാനം മികച്ചത് ആയിരിക്കും. അതുകൊണ്ടുതന്നെ നമുക്ക് നേരിട്ട് പരിശോധനയ്ക്ക് അയച്ച് കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ കഴിയും. ഞാൻ കാലിത്തീറ്റയുടെ രാസപരിശോധനയ്ക്ക് അയച്ചതിന്റെ ഫലം വന്നതിൽ ഒരു ന്യൂനതയും ഉണ്ടായിരുന്നില്ല. പക്ഷേ, ഈ നല്ല കാലിത്തീറ്റ കൊടുത്തിട്ടാണ് ഇവിടെ നൂറുകണക്കിന് പശുക്കൾക്ക് വയറിളക്കം വന്നതെന്ന് ഓർക്കണം. പിന്നെ, എല്ലാത്തിനും ഒരു സമയമുണ്ട്... ഒരു മാറ്റത്തിന് ഇത്തരം തിരിച്ചടികൾ നല്ലതാണ്.
എന്നുവച്ചാൽ?
പശുവളർത്തൽ നിർത്താൻ വരെ ആലോചിച്ച പ്രതിസന്ധി ഘട്ടത്തിലൂടെയായിരുന്നു 2023 ജനുവരി–ഫെബ്രുവരി മാസത്തിൽ കടന്നുപോയത്. എങ്കിലും ഉപേക്ഷിക്കാൻ മനസു വന്നില്ല. അത് തോറ്റോടുന്നതിനു തുല്യമാണ്. ജനുവരി 30നു മോശമായ കാലിത്തീറ്റ തിരികെ എടുത്തശേഷം കമ്പനി പകരം 5 ചാക്ക് കാലിത്തീറ്റ നൽകിയത് അൽപാൽപം കൊടുത്തുതീർത്തു. അതിനുശേഷം ആ കാലിത്തീറ്റ കമ്പനിയുടെ ഒരു ഓർമയും ഇവിടെ പാടില്ല എന്നു കരുതി ചാക്കുകൾ എല്ലാം നീക്കി. മാത്രമല്ല കാലിത്തീറ്റയെ ആശ്രയിച്ചുള്ള പശുവളർത്തൽ നിർത്തി. പകരം, സ്വന്തമായി ഇപ്പോൾ സാന്ദ്രിത തീറ്റ തയാറാക്കി നൽകുകയാണ് ചെയ്യുന്നത്. ചോളപ്പൊടി, ചോളത്തൊണ്ട്, അരിത്തവിട്, ഗോതമ്പു തവിട്, സോയാ തൊണ്ട്, തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ധാതുലവണ മിശ്രിതം എന്നിവയെല്ലാം ചേർത്താണ് തീറ്റ തയാറാക്കുക. ഇത്തരത്തിൽ തീറ്റ നൽകാൻ തുടങ്ങിയതോടെ പശുക്കളുടെ ആരോഗ്യം മെച്ചപ്പെട്ടു, ചാണകം മുറുകി, വേഗത്തിൽ ചെന പിടിക്കുന്നു, പാലിന്റെ ഗുണനിലവാരം ഉയർന്നു, അതിനൊപ്പം വരുമാനവും കൂടി.
ഫോൺ: 96052 81386