ADVERTISEMENT

പിരാനയോട് രൂപസാദൃശ്യമുള്ള വളർത്തുമത്സ്യമായ പാക്കുവിനെ വളർത്തുന്നതിന് അനുമതി നൽകി കേന്ദ്ര സർക്കാർ. 2024 ഏപ്രിൽ 29ന് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വിദേശ മത്സ്യങ്ങളെ ഇന്ത്യയിൽ വളർ‌ത്താൻ അംഗീകാരം നൽകുന്ന ദേശീയ കമ്മറ്റിയുടെ നിർദേശം കൂടി പരിഗണിച്ചാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഉത്തരവിറക്കിയത്. രാജ്യവ്യാപകമായി പാക്കു മത്സ്യത്തിന്റെ കൃഷി നിയതമാക്കാനാണ് തീരുമാനം. അതേസമയം, വിദേശ മത്സ്യങ്ങളെ കൃഷിയെന്ന രീതിയിൽ വളർത്തുമ്പോഴുള്ള സ്റ്റാൻഡാർഡ് ഓഫ് പ്രാക്ടീസ് രീതികൾ അവലംബിക്കേണ്ടതായി വരും. 

നേരത്തെ സൂചിപ്പിച്ചതുപോലെ രൂപസാദൃശ്യത്തിന്റെ പേരിൽ പിരാനയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട വളർത്തുമത്സ്യയിനമാണ് പാക്കു. ശാസ്ത്ര നാമം: പയാറാക്ടസ് ബ്രാക്കിപോമസ് (Piaractus brachypomus). തെക്കേ അമേരിക്കൻ സ്വദേശിയാണെങ്കിലും പാക്കു ലോകത്താകെ പ്രചാരമുള്ള ശുദ്ധജല ഭക്ഷ്യമത്സ്യ ഇനമാണ്. വായിൽ നിറയെ പല്ലുകളുണ്ടെങ്കിലും മാംസഭുക്കുകളല്ല പാക്കു മത്സ്യങ്ങൾ, മിശ്രഭുക്കുകളാണ്‌. അതുകൊണ്ടുതന്നെ സസ്യങ്ങളും മാംസാവശിഷ്ടങ്ങളും ഒരുപോലെ കഴിക്കും. ഉറപ്പേറിയ ആവരണമുള്ള വിത്തുകളൊക്കെ കടിച്ചുപൊട്ടിക്കാൻ പല്ലുകൾ പാക്കുവിനെ സഹായിക്കുന്നു. ‌

pacu-2

കൊളംബിയ, ബ്രസീൽ, പെറു, വെനസ്വേല, മധ്യ അമേരിക്ക, വിയറ്റ്നാം, തായ്‌ലൻഡ്, മലേഷ്യ, ബെംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ പാക്കു പ്രധാന വളർത്തുമത്സ്യ ഇനമാണ്. പെറുവിലെ സുസ്ഥിര മത്സ്യക്കൃഷിക്കും ഗ്രാമീണ മേഖലയിലെ കർഷകർക്കും ആവശ്യമായ മാംസ്യ(പ്രോട്ടീൻ)ത്തിന്റെ ആവശ്യകത നികത്തുന്നതിന് ഈ മത്സ്യത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. 1985 മുതൽ ചൈനയിലെ വിവിധ ഭാഗങ്ങളിൽ ഇവയുടെ കൃഷി പ്രചാരത്തിലായി. അതിവേഗ വളർച്ച, മികച്ച ഗുണനിലവാരമുള്ള മാംസം, മിശ്രഭുക്ക് എന്ന രീതിയിലുള്ള ഭക്ഷണക്രമം തുടങ്ങിയവയും ഇവയുടെ പ്രീതി ഉയരാൻ കാരണമായി. 

2005 മുതൽ ഇന്ത്യയിലും പാക്കു പ്രചാരത്തിലായി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നുമുണ്ട്. എന്നാൽ, കേരളത്തിൽ ഇവ നിരോധിത മത്സ്യമാണ്. പ്രകൃതിയിലെ മത്സ്യസമ്പത്ത് നശിപ്പിക്കും എന്ന പേരിലാണ് 2018ലെ പ്രളയത്തിനു ശേഷം കേരളത്തിൽ ഇവയെ നിരോധിച്ചത്. എങ്കിലും, ‘വിദേശത്തുനിന്ന് അനധികൃതമായി എത്തിയ പാക്കു ഇനത്തിന്റെ അപകടസാധ്യതകളും നേട്ടങ്ങളും’ എന്ന വിഷയത്തിൽ ദേശീയ മത്സ്യവികസന സമിതിയുടെ പിൻതുണയോടെ ഐസിഎആർ–എൻബിഎഫ്‌ജിആർ (National Bureau of Fish Genetic Resources) ലക്നോ മൂന്നു സംസ്ഥാനങ്ങളിൽ (ആന്ധ്ര പ്രദേശ്, കേരളം, പശ്ചിമ ബംഗാൾ) നടത്തിയ പഠനങ്ങളിൽനിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ തയാറാക്കിയത്. പ്രധാനമായും കുളമൊരുക്കൽ, കുഞ്ഞുങ്ങളുടെ ലഭ്യത, കുഞ്ഞുങ്ങളുടെ കൈമാറ്റം, തീറ്റക്രമം ഉൾപ്പെടെയുള്ള പരിപാലന രീതികൾ, വിളവെടുപ്പ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, ഇതൊരു വിദേശ മത്സ്യമായതുകൊണ്ടുതന്നെ വളർത്തുന്ന ജലാശയത്തിൽനിന്ന് പ്രകൃതിയിലെ ജലാശയങ്ങളിലേക്ക് രക്ഷപ്പെടാൻ ഇടയാകരുതെന്ന നിർദേശവുമുണ്ട്. 

pacu-1

മത്സ്യങ്ങൾ പൊതു ജലയാശയങ്ങളിലേക്ക് രക്ഷപ്പെടാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

1. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ പാക്കു മത്സ്യത്തെ വളർത്താൻ പാടില്ല (50 വർഷത്തെ കണക്ക് അനുസരിച്ച്). പൊതു ജലാശയത്തിലെ പരമാവധി ജലനിരപ്പിലും ഉയരത്തിലായിരിക്കണം മത്സ്യത്തെ വളർത്തുന്ന കുളത്തിന്റെ ഭിത്തി.

2. മത്സ്യങ്ങളെ വളർത്തുന്ന ജലാശയത്തിന്റെ ഭിത്തിക്ക് ഒരിക്കലും ഇടിഞ്ഞുവീഴാത്തത്ര ഉറപ്പുണ്ടാവണം.

3. ഓവു ചാൽ, വെള്ളം പുറത്തേക്ക് ഒഴുക്കുന്ന ഭാഗം എന്നിവിടങ്ങളിൽ മത്സ്യങ്ങൾ പുറത്തേക്ക് പോകാത്തവിധം കെണി സംവിധാനങ്ങൾ ഒരുക്കണം. മാത്രമല്ല കൃത്യമായി നിരീക്ഷിക്കുകയും വേണം. 

4. ഹോബിയിസ്റ്റുകൾക്കും അലങ്കാരമത്സ്യങ്ങളെ വളർത്തുന്നവർക്കും പാക്കുമത്സ്യക്കുഞ്ഞുങ്ങളെ വിൽക്കാൻ പാടില്ല. ടാങ്കിൽ കൊള്ളാത്ത വിധം മത്സ്യം വളർന്നാൽ ഇത്തരത്തിലുള്ളവർ പൊതു ജലാശയങ്ങളിലേക്ക് മത്സ്യത്തെ തുറന്നുവിടാൻ സാധ്യതയുണ്ട്. 

5. സ്റ്റോക്ക് മോശമായാലും അല്ലെങ്കിൽ മരണനിരക്ക് കാരണം കുറച്ച് മത്സ്യങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെങ്കിൽ പോലും കൃഷി ചെയ്ത മത്സ്യങ്ങളെ ഒരിക്കലും പൊതു ജലാശയങ്ങളിലേക്കു വിടാതിരിക്കാൻ കർഷകരെ ബോധവൽകരിക്കണം. കൂടാതെ, വിളവെടുപ്പിനു ശേഷം, പ്രകൃതിദത്ത ജലാശയങ്ങളിലേക്ക് വെള്ളം തുറന്നുവിടുന്നതിന് മുമ്പ് അണുനശീകരണം നടത്തി ഒരു മത്സ്യങ്ങളും ഇല്ല എന്ന് ഉറപ്പാക്കിയിരിക്കണം.

പാക്കു

വായിൽ മനുഷ്യരേപ്പോലെ നിറയെ പല്ലുകളുള്ള പാക്കു മത്സ്യത്തിന് എങ്ങനെ ആ പേര് ലഭിച്ചു? പാക്കു എന്നാൽ എന്താണ്?

തെക്കേ അമേരിക്കയിലെ ടുപി–ഗൊരാനി ഭാഷകളിലെ വളരെ പഴക്കമുള്ള വാക്കാണ് പാക്കു (pacu). അതിവേഗം കഴിക്കുന്നവർ എന്നാണ് ഈ വാക്കിന്റെ അർഥം. അതായത് ജലോപരിതലത്തിൽ ഭക്ഷണം കണ്ടാൽ അതിവേഗം വന്ന് വായിലാക്കി അതുപോലെതന്നെ അടിത്തട്ടിലേക്ക് പായുന്ന മത്സ്യങ്ങളാണ് ഇക്കൂട്ടർ. കേരളത്തിൽ സാധാരണ വളർത്തിവരുന്നത് റെഡ് ബെല്ലീഡ് പാക്കു എന്ന ഇനമാണ്. നട്ടർ, റെഡ് ബെല്ലി എന്നിങ്ങനെയാണ് ഇവിടുത്തെ പേരുകൾ. എന്നാൽ, ഹിന്ദിക്കാർക്ക് ഇവർ രൂപ്‌ചന്ദ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com