ADVERTISEMENT

വെള്ളീച്ച, മണ്ഡരി ആക്രമണം ഈ വർഷം തീവ്രമാണ്. കൃഷിയിടത്തിനു ചുറ്റും മഞ്ഞക്കെണി വച്ചും ത്രിസന്ധ്യ മുതൽ കടും മഞ്ഞ നിറമുള്ള വൈറ്റ് ഗ്രീസ് പുരട്ടിയ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു പൊതിഞ്ഞ എൽഇഡി ബൾബ് പ്രകാശിപ്പിച്ചും ഇവയെ ആകർഷിച്ചു നശിപ്പിക്കാം. ഇലകളുടെ അടിഭാഗത്തും കൂമ്പിലും വേപ്പധിഷ്ഠിത സംയുക്തങ്ങൾ രണ്ടാഴ്ച ഇടവേളയിൽ സ്പ്രേ ചെയ്യുക. അനാവശ്യമായ കീടനാശിനിപ്രയോഗം ഒഴിവാക്കുക. ഇപ്രകാരം ശാസ്ത്രീയമായ കീടനിയന്ത്രണം സാധ്യമാക്കാം. മണ്ഡരികള്‍, വിശേഷിച്ച് ചുവന്ന മണ്ഡരി (Red spider mite) പല കൃഷിയിടങ്ങളിലും കാണുന്നുണ്ട്. രാസകീടനാശിനിപ്രയോഗമില്ലാതെതന്നെ ഇവയെ നിയന്ത്രിക്കാം. അതിനായി ആദ്യ ദിവസം വേപ്പധിഷ്ഠിത സംയുക്തം ചെടിയുടെ ചുവടുഭാഗത്ത് മണ്ണിലും തുടർന്ന് ഇലയുടെ അടിവശത്തും കൂമ്പിലും സ്പ്രേ ചെയ്യുക. 24 മണിക്കൂറിനു ശേഷം വൈകുന്നേരം വെർട്ടിസീലിയം 40 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കിയതിന്റെ തെളി എടുത്ത് പുതുതലമുറ wetting agent ആയ non ionic wetting agent കൂടി ചേർത്ത് ചെടിയുടെ ഇലപ്പടർപ്പിന് താഴെ മണ്ണിലും തുടർന്ന് ഇലകളുടെ അടിവശത്തും കൂമ്പിലും വീഴത്തക്കവിധം സ്പ്രേ ചെയ്യുക. മുളകുവർഗത്തിൽ കാന്താരിക്ക് മണ്ഡരിബാധയെ ചെറുക്കാന്‍ കഴിവുണ്ട്. മറ്റു പച്ചക്കറികളിൽ ഈ കഴിവ് പ്രകടമല്ല. കരിവള്ളി എന്നും കരിമ്പൻകേട് എന്നും കർഷകര്‍ വിളിക്കുന്ന കുമിൾരോഗം പയർകൃഷിയിൽ പടരാന്‍ സാധ്യത കൂടും.  മുൻകരുതലായി സിലിക്ക സ്പ്രേയിങ്ങും ബാസില്ലസ് സബ്ടിലിസ് പ്രയോഗവുമാകാം.  കായീച്ചശല്യം മൂലം വെള്ളരി വർഗവിളകളുടെ വിളവ് നഷ്ടമാകാതിരിക്കാൻ പുഷ്പിക്കുന്നതിന് 10 ദിവസം മുൻപ് ഫിറമോൺ കെണികൾ വയ്ക്കുക. മാസാവസാനത്തോടെ വെള്ളരിച്ചെടികളുടെ ചുവട്ടിൽ EPN (Entomopathogenic nematode) ലായനി പ്രയോഗിക്കുന്നത് മത്തൻവണ്ട് പുഴുക്കളുടെ ആക്രമണം തടയും. ഈ പുഴുക്കൾ  വേര് തിന്നുന്നതുമൂലം ഏകദേശം 50 ദിവസം പ്രായമെത്തിയ വെള്ളരിച്ചെടികളുടെ  വളർച്ച മുരടിക്കുകയും വിളവ് കുറയുകയും ചെയ്യാറുണ്ട്. ടൈക്കോഗ്രാമ കാർഡുകൾ വച്ച് പയറിലെ കായതുരപ്പൻ, ഇല തിന്നുന്ന രോമപ്പുഴുക്കൾ എന്നിവയുടെ മുട്ടകളെ നശിപ്പിക്കാം. 

വിളക്കുകെണികൾ വച്ച് ചാഴികളെ നശിപ്പിക്കാം. ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യുന്നത് ചാഴിയെ അകറ്റും. പച്ചക്കറികളിൽ ഉറുമ്പു കയറി നടക്കുന്നത് ചെറിയ കീടങ്ങളായ മണ്ഡരി, ഇലപ്പേൻ, ത്രിപ്സ് എ ന്നിവയുടെ ആക്രമണത്തിന്റെ സൂചനയാണ്. അതിരാവിലെ തളിരിലകളുടെ അടിയിലും കൂമ്പിലും  പരിശോധന നടത്തി അവയെ കണ്ടെത്തുകയും വെർട്ടിസീലിയം /നന്മ/ ശക്തി എന്നിവയിലൊന്നു പ്രയോഗിച്ച് നിയന്ത്രിക്കുകയും വേണം.

banana-1

വാഴ

സിഗാടോക്ക രോഗം വ്യാപകമായി കാണുന്നു. ആരംഭത്തിൽത്തന്നെ അടിയന്തരമായി രോഗനിയന്ത്രണം നടത്തണം. അല്ലാത്തപക്ഷം രോഗബാധ തീവ്രമായി വിളവിനെ ബാധിക്കും. ഇലകളെ ബാധിക്കുന്ന deightoniella leaf spot ചിലയിടങ്ങളിൽ കണ്ടുവരുന്നു. രോഗം ബാധിച്ച ഇലകൾ മുറിച്ചു മാറ്റി കത്തിച്ചു കളയുന്നത് ആദ്യഘട്ടത്തില്‍ ഏറ്റവും പ്രധാനമായ നിയന്ത്രണമാണ്. രണ്ടാംഘട്ട ജൈവനിയന്ത്രണത്തിൽ ബാസില്ലസ് സബ്ടിലിസ് ലായനി Non ionic wetting agent ചേർത്ത് പ്രയോഗിക്കുക. രോഗം കൃത്യമായി  തിരിച്ചറിഞ്ഞാൽ മാത്രമേ ഇതിന്റെ രാസനിയന്ത്രണം ഫലപ്രദമാവുകയുള്ളൂ. രണ്ടു രോഗങ്ങൾക്കും വ്യത്യസ്ത രാസഘടനയുള്ള കുമിൾനാശിനികളാണ് പ്രയോഗിക്കണ്ടത്. രോഗം തിരിച്ചറിയുന്നതിനു കൃഷി ഭവന്‍സേവനം തേടുന്നതാണ് ഏറ്റവും ഉചിതം. 

വാഴയിൽ മണ്ഡരിബാധ കാണുന്നു. ചെറിയ തോതിൽ തണലുള്ളിടത്ത് രോഗം രൂക്ഷമാണ്. ഇലകൾ ചൂടുവെള്ളം വീണ് പൊള്ളിയതുപോലെയാകുന്നുണ്ടെങ്കിൽ സംഗതി രൂക്ഷമാണെന്നു സാരം. രാവിലെ വെയിൽ ഉറയ്ക്കുന്നതിനു മുൻപു നോക്കിയാൽ തളിരിലകളുടെ അടിഭാഗത്ത് മണ്ഡരിയെ കാണാം. 8 കാലുകളോടു കൂടിയ ഇവയെ ലെൻസിൽകൂടി നോക്കിയാൽ വ്യക്തമായി തിരിച്ചറിയാം. നിയന്ത്രണത്തിന് വെർട്ടിസീലിയം ലെക്കാനി 40 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി അതിന്റെ തെളിയിൽ 4 ലീറ്ററിനു  ഒരു മില്ലി വെറ്റിങ് ഏജന്റ് വീതം ചേർത്ത് വാഴയുടെ താഴെയുള്ള മണ്ണിലും പുല്ലിലും സ്പ്രേ ചെയ്യുക. ഇലകളുടെ അടിയിലും കൂമ്പിലും നന്നായി വീഴത്തക്കവിധമാവണം ഇത്.

കാത്സ്യത്തിന്റെ കുറവ് വ്യാപകമായി കണ്ടുവരുന്നു. ഇല വിരിയാതിരിക്കുക, പുതിയ കൂമ്പ് വെള്ളനിറത്തിലിരിക്കുക, കൂമ്പ് ബലമില്ലാതെ വളഞ്ഞിരിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പരിഹാരമായി 4 ഗ്രാം കാത്സ്യം നൈട്രേറ്റ് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുക.

Representational image
Representational image

തെങ്ങ്

തടം തുറന്നതിനുശേഷം പച്ചിലവളവും ജൈവവളവും ഇടുന്നത് ഈ മാസം പൂർത്തിയാക്കണം. ഇവ വേഗത്തിൽ അഴുകുന്നതിനു കുറഞ്ഞത് 2 തീപ്പെട്ടിക്കൂട് അളവിൽ യൂറിയ ഓരോ തടത്തിലും വിതറിക്കൊടുക്കുക. പൊതുശുപാർശ പ്രകാരമുള്ള 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് ഈ മാസം നൽകാം. വെള്ളയ്ക്ക പൊഴിച്ചിലുള്ള തെങ്ങുകളിൽ ഈ മാസം ബോറോൺ സ്പ്രേ ചെയ്യണം. വെള്ളയ്ക്കയിൽ കറുപ്പുനിറം വരികയും പിന്നീട് പൊഴിഞ്ഞു പോവുകയും ചെയ്യാറുണ്ട്. ഈ കുമിൾരോഗം നിയന്ത്രിക്കുന്നതിന് ചൊട്ട വിരിയുന്നതിനു മുൻപ് സ്യൂഡോമോണാസ് സ്പ്രേയും ചൊട്ടവിരിഞ്ഞ് ആൺപൂക്കൾ പൊഴിഞ്ഞാലുടൻ ബാസില്ലസ് സബ്ടിലിസ് സ്പ്രേയും നൽകുന്നത് വിളനാശം ഗണ്യമായി കുറയ്ക്കും. ഈ രണ്ട് സ്പ്രേ നൽകുമ്പോഴും തെങ്ങിന്റെ മണ്ട പരമാവധി ലായനിയിൽ കുളിർപ്പിക്കണം.

കിഴങ്ങുവർഗങ്ങൾ

ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, ചേന ഇവയുടെ ഉടലിൽനിന്നു (കൂനയിൽനിന്ന്) മഴയത്ത് മണ്ണ് ഒലിച്ചുപോയിട്ടുണ്ടെങ്കിൽ കേട് പോക്കുക. ഒരു തീപ്പെട്ടിക്കൂട് അളവിൽ യൂറിയയും പൊട്ടാഷും തുല്യമായി ചേർത്ത് 15 ദിവസത്തെ ഇടവേളകളിൽ ഉടലിനു (കൂന) പുറത്തു വിതറിക്കൊടുക്കുക.

tapioca-1

മരച്ചീനി

കള നീക്കുക, കൂന (ഉടൽ) കേടുപോക്കുക. 2 മാസം പ്രായമായ മരച്ചീനിക്ക് ഒരു തീപ്പെട്ടിക്കൂട് അളവിൽ ഉടലിനു പുറത്ത് യൂറിയ ഇട്ടുകൊടുത്ത് കപ്പയ്ക്ക് കട്ട് കൂട്ടുന്നതുവഴി എലിയുടെ ആക്രമണം കുറയ്ക്കാൻ കഴിയും. വിളവെടുക്കുന്നതിന് ഒരു മാസം മുൻപ് ഇതേ അളവിൽ പൊട്ടാഷ് നൽകിയാൽ കട്ട് മാറുകയും കിഴങ്ങിനു വലുപ്പം കൂടുകയും ചെയ്യും. കൃഷിയിടത്തിന്റെ 4 അതിരുകളിലും മഞ്ഞക്കെണി വച്ച് വെള്ളീച്ചകളെ പിടിക്കുക. 

രണ്ടാം വളപ്രയോഗമായി ഒരു ഭാഗം യൂറിയയും അര ഭാഗം പൊട്ടാഷും എന്ന ക്രമത്തിൽ ചേർത്ത മിശ്രിതം 15 ദിവസത്തെ ഇടവേളയിൽ ഒരു ചുവടിന് ഒരു തീപ്പെട്ടിക്കൂട് എന്ന തോതിൽ ഇട്ടുകൊടുക്കുക. മൊസേക്ക് രോഗലക്ഷണം കാണിക്കുന്ന ചെടികളിൽനിന്ന് രോഗവ്യാപനം നടത്തുന്ന കീടങ്ങളെ അകറ്റുന്നതിന് ഇലയുടെ അടിയിലും കൂമ്പിലും വീഴത്തക്കവിധം  വേപ്പധിഷ്ഠിത സംയുക്തങ്ങൾ സ്പ്രേ ചെയ്യുക.

sunil-2

കമുക്

അമ്ലതക്രമീകരണത്തിനു  പൊതുശുപാർശയായി മരമൊന്നിന് 500 ഗ്രാം കുമ്മായമോ 650 ഗ്രാം ഡോളമൈറ്റോ ചേർത്ത് മണ്ണിൽ ഇളക്കിക്കൊടുക്കുക. മരത്തിന്റെ ചുവട്ടിൽനിന്ന് 15 സെ.മീ. മുതൽ 50 സെ.മീ. വരെ  അകലത്തില്‍ അമ്ലതക്രമീകരണം നടത്തണം.

കുമിൾരോഗബാധ കുറയ്ക്കുന്നതിന് സ്യൂഡോമോണാസ് / ബാസില്ലസ് സബ്ടിലിസ് സ്പ്രേ നൽകുക. കൃഷിയിടത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. പല കൃഷിയിടങ്ങളിലും കാത്സ്യം, മഗ്നീഷ്യം ബോറോൺ ഇവയുടെ കുറവു കാണുന്നുണ്ട്. മണ്ണുപരിശോധനയിലൂടെ ഇത്തരം അപര്യാപ്തതകൾ കണ്ടെത്തി പരിഹരിക്കണം. ഇവയുടെ അനാവശ്യ പ്രയോഗം ദുഷ്യഫലങ്ങൾ ഉണ്ടാക്കുമെന്നു വിസ്മരി ക്കരുത്.

krishippani-kamuk

കഴിഞ്ഞ മാസം ഒട്ടേറെ കൃഷിയിടങ്ങളിൽ കമുകിന്റെ ഇല കരിഞ്ഞ് ഉണങ്ങുന്നതായി കണ്ടു. (ചിത്രം നോക്കുക). രാവിലെ നടത്തിയ സൂക്ഷ്മപരിശോധനയിൽ ഈ ചെടികളിൽ എല്ലാം മണ്ഡരിയുടെ തീവ്ര ആക്രമണം വ്യക്തമായി. ഓരോ മരത്തിനു ചുറ്റും നിലത്ത് സ്പ്രേ ചെയ്തിനുശേഷം മാത്രം മരത്തിൽ സ്പ്രേ ചെയ്താൽ മണ്ഡരിനിയന്ത്രണം കൂടുതൽ സാധ്യമാകും. കാലാവസ്ഥയുടെ പ്രത്യേകതമൂലം വെർട്ടിസീലിയം 40 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയതിന്റെ തെളി  4 ലീറ്ററിന് ഒരു മില്ലി എന്ന ക്രമത്തിൽ  നോൺ അയോണിക് വെറ്റിങ് ഏജന്റ് കൂടി ചേർത്ത് വൈകുന്നേരം വെയിൽ ആറിയതിനു ശേഷം സ്പ്രേ ചെയ്യുക. ഒരാഴ്ചയ്ക്കുശേഷം ഇതേ രീതിയിൽ വീണ്ടും തളിക്കുക. മരച്ചീനിയിൽനിന്നു ള്ള സിടിസിആർഐ ഉൽപന്നമായ ശക്തിയും മണ്ഡരി നിയന്ത്രണത്തിന് ഫലപ്രദമാണ്. പക്ഷേ, ലഭ്യത ഒരു പ്രശ്നമാണ്. രോഗത്തിന്റെ ആരംഭം ഇലയിൽ കാണുന്നതിന്റെ ചിത്രം ചേർക്കുന്നു.

paddy-land

നെല്ല്

നെല്ലിന് രണ്ടാംവളം നൽകിത്തുടങ്ങാം. വളപ്രയോഗത്തിന്റെ കാര്യക്ഷമത കൂട്ടുന്നതിന് രാവിലെ യൂറിയയും പൊട്ടാഷും കൂട്ടി ചേർത്തശേഷം വിതറുക. വളപ്രയോഗം കഴിഞ്ഞ് 24 മണിക്കൂറിനുശേഷം വെള്ളം കയറ്റുക. രണ്ടു ദിവസം കഴിഞ്ഞ് (48 മണിക്കൂർ) മാത്രം വെള്ളം തുറന്നുവിടുക. പൊതുശുപാർശയിൽ റോക്ക് ഫോസ്ഫേറ്റ് ഇല്ലെങ്കിലും ഒരു കിലോ യൂറിയയിൽ 200 ഗ്രാം റോക് ഫോസ്ഫേറ്റ് 12 മണിക്കൂർ മുൻപ് ചേർത്ത് ഇളക്കി കെട്ടിവച്ചതിനുശേഷം രാവിലെ പൊട്ടാഷ് കൂടി ചേർത്തു പ്രയോഗിക്കുക.

യൂറിയയും റോക്ക് ഫോസ്ഫേറ്റ് (രാജ്ഫോസ്) കൂട്ടിച്ചേർത്ത്  പ്രയോഗിക്കുന്നതുവഴി അമ്ലതയുള്ള മണ്ണിൽ യൂറിയ മൂലമുള്ള അമ്ലതവർധന കാര്യമായി കുറയ്ക്കുന്നു. റോക്ക് ഫോസ്ഫേറ്റിൽ യൂറിയയുടെ അമ്ലത പ്രവർത്തനം മൂലം ചെറിയ തോതിലുള്ള ദ്വിതീയ സൂക്ഷ്മമൂലകങ്ങളുടെ കുറവ് പരിഹരിക്കപ്പെടുന്നു. ഈ വർഷം  പല സ്ഥലങ്ങളിലും പതിവിലും നേരത്തേ, വിശേഷിച്ച് അമ്ലത്വസ്വഭാവമുള്ള മണ്ണിൽ സിങ്കിന്റെ കുറവു കാണാം. ചെറിയ കാറ്റ് അടിക്കുമ്പോൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒഴുകിനീങ്ങുന്നതുപോലുള്ള മഞ്ഞനിറം കാണാനാവും. ഇതു പരിഹരിക്കുന്നതിന് ഇരുമ്പിന്റെ അംശം ഒട്ടും ഇല്ലാത്തതും സിങ്ക്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതുമായ സൂക്ഷ്മമൂലക മിശ്രിതം പ്രയോഗിക്കുന്നതു സഹായിക്കും.

പൊക്കാളി നിലങ്ങളിൽ ഈ മാസം 10–ാം തീയതിയോടെ ഹെക്ടറിന് 500 കിലോ എന്ന കണക്കിൽ കുമ്മാ യം വിതറുക. തുടർന്ന് പരമാവധി രണ്ടു ദിവസം കഴിയുമ്പോൾ 42 കിലോ യൂറിയയും 180 കിലോ റോക്ക് ഫോസ്ഫേറ്റും ചേർത്തു വെട്ടിതീർപ്പ് നടത്തുക. തണ്ടുതുരപ്പനും ഓലചുരുട്ടിക്കും എതിരെ ട്രൈക്കോ കാർഡുകളുടെ ഉപയോഗം തുടരുക.

ginger

ഇഞ്ചി

മൃദുചീയൽ ( soft rot) ഈ മാസത്തിൽ വ്യാപകമാകാം. രോഗസാധ്യത ഗണ്യമായി കുറയ്ക്കുന്നതിന് സ്യൂ ഡോമോണാസ് / ബാസില്ലസ് സബ്ടിലിസ് ലായനി തണ്ടിനോടു ചേർത്ത് മണ്ണിലേക്ക് ഒഴിക്കുക. ഇതിനായി ബാക്ക് പാക്ക് സ്പ്രെയറിന്റെ നോസിലിലെ 2 ദ്വാരമുള്ള ചെറിയ തകിട് (25 പൈസ വലുപ്പം) നീക്കിയതിനുശേഷം നോസിൽ തിരികെ ഉറപ്പിച്ച് ചെടിയുടെ ചുവട്ടിലേക്കു തണ്ടിനോടു ചേർത്തു സ്പ്രേ ചെയ്യുക. തണ്ടുതുരപ്പൻ പുഴുവിനെ നിയന്ത്രിക്കുന്നതിന് ഇപിഎൻ (Entomopathogenic nematode) ഏറെ ഫല പ്രദം. 

ഓർക്കിഡ്

ഓർക്കിഡുകൾക്ക് ഒച്ചിന്റെ ഉപദ്രവം ഉണ്ടാകാം. അവയെ നിയന്ത്രിക്കണം. കാത്സ്യം നൈട്രേറ്റ് തളിച്ച് 2 ആഴ്ചയാകുമ്പോൾ ഓർക്കിഡിനു പുതിയ ധാരാളം വേരുകൾ വരുന്നതായി കാണാം. അതുകൊണ്ടുതന്നെ ഓർക്കിഡ് ചെടിയിൽനിന്നു തൈകൾ പിരിച്ചു മാറ്റുന്നതിനു രണ്ടാഴ്ച മുൻപ് കാത്സ്യം നൈട്രേറ്റ് 3–4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി സ്പ്രേ ചെയ്യണം. പിന്നീട് പിരിച്ചുവയ്ക്കുന്ന  തൈകളിൽ ധാരാളം വേരുണ്ടാകും.

കൂർക്ക

കൂർക്കയുടെ കിളിർത്ത തലപ്പുകൾ വാരത്തിൽ നട്ട് കൃഷി ആരംഭിക്കാം. വാരത്തിന്റെ നടുവിൽ ജൈവവളം ഇട്ടതിനുശേഷം വശങ്ങളിൽനിന്ന് മണ്ണു വെട്ടി ഇട്ട് ജൈവവളവുമായി നന്നായി ചേർത്ത് വാരം ഉണ്ടാക്കുക. വാരത്തിനുള്ളിൽ ജൈവവളത്തിന്റെ അടിഭാഗത്തുള്ള മണ്ണു കിളച്ച് ഇളക്കാന്‍ പാടില്ല. മണ്ണ് ഇളകിയാൽ കിഴങ്ങ് മണ്ണിനടിയിലാകുന്നതുവഴി വിളവിൽ നല്ല ശതമാനം നഷ്ടമാകും. വാരത്തിനുള്ളിൽ കിളയ്ക്കാതിരുന്നാൽ വിളവെടുപ്പ് ഒട്ടും നഷ്ടമാകാതെ പൂർണമായി വിളവെടുക്കാം. 

ഇപ്പോഴത്തെ പ്രവചനാതീതമായ കാലാവസ്ഥ കൃഷിയിടങ്ങളിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മഴക്കാലത്തുണ്ടാകുന്ന ഇടയുണക്ക് ഇത്തരത്തിലൊന്നാണ്. വിളകളുടെ ഇലച്ചാർത്തിനു പുറത്ത് കുഴിയെടു ത്ത് അതിൽ  ഉണങ്ങിയ ചകിരി അടുക്കിവച്ച് മണ്ണിട്ടു മൂടുന്നത് അവിടെ വെള്ളം സംഭരിച്ചു വയ്ക്കുന്നതിന് സഹായകമാണ്. ഇങ്ങനെ ചകിരി അടുക്കിവയ്ക്കുന്നതിൽ ചിതൽ വളരുന്നത് ഒഴിവാക്കാൻ മെറ്റാറൈസിയം അല്ലെങ്കില്‍ ഇപിഎന്‍ പ്രയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com