കൃഷി ചെയ്ത് നല്ല ലാഭം കൊയ്യുന്നവർ പോലും അതുറക്കെ പറയാൻ മടിക്കുന്നതിന് പല കാരണങ്ങളുണ്ട്: കലക്ടർ ബ്രോ പറയുന്നു
Mail This Article
കേരളത്തിൽ ഭൂമി പാട്ടത്തിനെടുത്ത് വിപുലമായി കൃഷി നടത്തുന്നവർ നേരിടുന്ന പ്രശ്നങ്ങൾ കർഷകശ്രീ മാസിക ചൂണ്ടിക്കാട്ടിയിരുന്നല്ലോ. കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കാഴ്ചപ്പാടുകളുമെല്ലാം കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് പങ്കുവയ്ക്കുന്നു.
ചോദ്യം
കേരളത്തിൽ കൃഷി ഒരു നിക്ഷേപ സാധ്യതയായി ആരും കാണുന്നില്ല. തെറ്റായ പ്രചരണമാണോ യഥാർഥ കാരണം? നെഗറ്റീവ് വാർത്തകൾക്കിടയിലും കേരളത്തിൽ വ്യവസായ വളർച്ച കാണാമല്ലോ: വളരാനും സ്വത്ത് ആർജിക്കാനും അവസരം നൽകിയാൽ ചെറുപ്പക്കാർ കൃഷിയിൽ മുതൽമുടക്കുമെന്നു തോന്നുന്നുണ്ടോ?
സോഫ്റ്റ്‌വേർ ബിസിനസ് ലാഭമാണോ? രത്നവ്യാപാരം ലാഭമാണോ? കാർ നിർമാണം ലാഭമാണോ? കെട്ടിട നിർമാണം ലാഭമാണോ? ആശുപത്രികൾ ലാഭത്തിലാണോ? വിവരമുള്ള ആരും ഈ ചോദ്യങ്ങൾക്ക് കാടടച്ച് ഒരഭിപ്രായം പറയില്ല. അതാത് മേഖലയിൽ ഒരോ ബിസിനസ് സ്ഥാപനവും നടത്തുന്ന പോലിരിക്കും എന്നല്ലേ പറയൂ. എന്നാൽ ലോക വിവരവും വിദ്യാഭ്യാസവുമുള്ളവർ പോലും കൃഷി ചെയ്താൽ രക്ഷപ്പെട്ടില്ലെന്നു വെച്ചുകാച്ചുന്നത് കാണാം. ഒരു സെക്ടർ മുഴുവനും നഷ്ടമാണത്രെ - അതും ഭക്ഷണം പോലെ അവശ്യവസ്തു ഉൽപാദിപ്പിക്കുന്നത്! കൃഷി ചെയ്ത് നല്ല ലാഭം കൊയ്യുന്നവർ പോലും അതുറക്കെ പറയാൻ മടിക്കുന്നതിന് പല കാരണങ്ങളുണ്ട്. കൃഷി നഷ്ടമാണെന്ന ധാരണ ബോധപൂർവം പരത്തിയിട്ട് നിക്ഷേപം ഇല്ലെന്ന് വിലപിക്കുന്നതിൽ അർഥമില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് പഴവും പച്ചക്കറിയും കേരളത്തിൽ കൊണ്ടുവന്ന് വമ്പിച്ച മാർജിനിൽ കച്ചവടം ചെയ്യുന്ന ലോബികൾക്കല്ലാതെ ഇത്തരം പ്രചരണങ്ങൾ കൊണ്ട് മറ്റാർക്കും ഗുണമില്ല.
വിപണിക്കാവശ്യമുള്ള വിളകൾ ശാസ്ത്രീയമായി കൃഷി ചെയ്താൽ പണവും ലാഭവുമുണ്ടെന്നത് സത്യമാണ്. കൃഷിയിലേക്കിറങ്ങുമ്പോൾ സർക്കാർ ചെലവിൽ കൃഷി ഉദ്യോഗസ്ഥരുടെയും മറ്റു വിദഗ്‌ധരുടെയും സേവനവും സബ്‌സിഡിയും ലഭിക്കും. മറ്റേതു ബിസിനസും പൊളിഞ്ഞാൽ നഷ്ടം സഹിക്കാനേ നിർവാഹമുള്ളൂ. കൃഷിയാണെങ്കിൽ സർക്കാർ ചെലവിൽ ഇൻഷുറൻസും നഷ്ടപരിഹാരവും ഉറപ്പല്ലേ? വേറെ ഏത് ബിസിനസിലാണ് ഇങ്ങനെയൊരു കൈത്താങ്ങ്? മറ്റു പല മേഖലകളെ അപേക്ഷിച്ച് റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ് (ആർ. ഒ. ഐ) കൃഷിയിൽ അധികമാണ്. ചില വിളകൾക്ക് 400% ശതമാനമാണ് ആർഒഐ എന്നു പറഞ്ഞാൽ പൊതുജനം വിശ്വസിക്കുമോ? മറ്റേത് ബിസിനസ് ചെയ്താലും കിട്ടുന്ന ലാഭത്തിന്റെ 30% നികുതിയായി അടയ്ക്കണം. ഇവിടെ അതുമില്ല. ഇതൊക്കെ ശ്രദ്ധിച്ച് ഇനിയെങ്കിലും കൃഷിയിൽ നിക്ഷേപം നടത്തണ്ടേ അംബാനേ?