ADVERTISEMENT

ഈ ദിവസങ്ങളിൽ അതിശക്തമായ മഴയാണു നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ബാക്ടീരിയ, വൈറസ്, പൂപ്പലുകൾ, മറ്റു പരാദങ്ങൾ എന്നീ അണുക്കളും കൊതുക്, പ്രാണികൾ എന്നിവയും മഴക്കാലത്ത് പെരുകാനും അതുമൂലം ഉണ്ടാകുന്ന അസുഖബാധയ്ക്കും സാധ്യതകളേറെയാണ്. പ്രതികൂല കാലാവസ്ഥയിൽനിന്നു അരുമ–വളർത്തുപക്ഷികളെ രക്ഷിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് അടച്ചുറപ്പുള്ള കൂടാണ്. മഴക്കാലത്തിനു മുന്നേ തന്നെ ചോർച്ചകൾ പരിഹരിക്കുകയും, കൂടിന് പരിസരത്തു വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. വലിയ കാറ്റും, മഴച്ചാറ്റലും ഒഴിവാക്കാൻ സൈഡ് കർട്ടനുകൾ ഉപകരിക്കും. മഴ മാറുന്ന മുറയ്ക്ക് കർട്ടനുകൾ പൊക്കിവയ്ക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കൂടുകളിൽ അമോണിയ വാതകം നിറഞ്ഞ് പക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മേൽക്കൂരയുടെ ഭാഗം ഒരു മീറ്ററിൽ കുറയാതെ പുറത്തേക്കു തള്ളി വയ്ക്കുന്നത് മഴ കൂട്ടിലേക്ക് അടിച്ചു കയറാതിരിക്കാൻ സഹായിക്കും. കൂടിന്റെ ചുറ്റുമുള്ള പുല്ലും ചെടികളും കൃത്യമായി വെട്ടി വൃത്തിയാക്കിയിരിക്കണം. കൂടിന്റെ പരിസരത്ത് വെള്ളക്കെട്ടോ വെള്ളം നിറയാനുള്ള സാഹചര്യമോ ഒഴിവാക്കുന്നത് കൊതുക്, പ്രാണികൾ എന്നിവയുടെ ശല്യം ദൂരീകരിക്കും. കൂടിന്റെ പരിസരം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച്‌ അടിച്ചു വൃത്തിയാക്കി വയ്ക്കുകയും, കൂടിന്റെ അകവും പുറവും അണുനാശിനികൾ ഉപയോഗിച്ച് സ്പ്രേ ചെയ്യുന്നതും അണു നശീകരണത്തിന് സഹായകമാണ്. 

അടച്ചു പെയ്യുന്ന മഴയും, പകൽ വെളിച്ചത്തന്റെ കുറവും മൂലം  മുട്ടക്കോഴികളിലും താറാവുകളിലും മുട്ട ഉൽപാദനം ക്രമാതീതമായി കുറയാൻ സാധ്യതയുണ്ട്. കൃത്യമായ അളവിൽ തീറ്റ കഴിക്കാനും, മുട്ട ഉൽപാദനം കൂടാനും വെളിച്ചം 16 മണിക്കൂറിൽ കുറയാത്ത രീതിയിൽ സജ്ജീകരിക്കേണ്ടതുണ്ട്. മഴക്കാലത്ത് കോഴികളെ ഇട്ടിട്ടുള്ള വിരിപ്പ് കട്ടപിടിക്കാതിരിക്കാൻ ദിവസേന രണ്ടു തവണയായി ഇളക്കി കൊടുക്കേണ്ടതുണ്ട്. കേക്ക് പോലെ രൂപപ്പെട്ടിട്ടുള്ള വിരിപ്പിൽ പൂപ്പൽ ബാധയ്ക്ക് സാധ്യതയുള്ളതിനാൽ അത് പുനരുപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 100 ചതുര അടി സ്ഥലത്തേക്ക് ഒരു കിലോ ചുണ്ണാമ്പ്, 150 ഗ്രാം ബ്ലീച്ചിങ് പൗഡർ എന്നിവ നന്നായി ഇളക്കി ചേർത്ത് പുതുതായി വിരിപ്പ് വിരിക്കുന്നത് ആരോഗ്യകരമാണ്.

വിലാസം

ഡോ. എസ്.ഹരികൃഷ്ണൻ
അസിസ്റ്റന്റ് പ്രഫസർ & ഹെഡ്, യൂണിവേഴ്സിറ്റി പൗൾട്രി ആൻഡ് ഡക്ക് ഫാം,  വെറ്ററിനറി സർവകലാശാല, മണ്ണുത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com