ADVERTISEMENT

പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹം ചെയ്തുപോന്നിരുന്ന കൃഷി ആരും ശ്രദ്ധിക്കാതെ നശിച്ചുപോകരുതെന്ന ഉറച്ച തീരുമാനം മൂലം കൃഷിയിലേക്കിറങ്ങി. ആ ഉറച്ച തീരുമാനത്തിന് പി.ചിന്മയി എന്ന ഒൻപതാം ക്ലാസുകാരിയെ തേടിവന്നതാവട്ടെ സംസ്ഥാന സർക്കാരിന്റെ മികച്ച വിദ്യാർഥിനി കർഷകയെന്ന പുരസ്കാരവും. അച്ഛൻ പ്രദീപിന് ഹൃദ്രോഗവും കാഴ്ചക്കുറവുമായപ്പോൾ അനിയത്തി വരദയ്ക്കൊപ്പം മണ്ണിലിറങ്ങിയതാണ് ചിന്മയി. അങ്ങനെയാണ് കൊല്ലം കുണ്ടറ കാഞ്ഞിരകോട് ശങ്കരമംഗലത്ത് വീട്ടിൽ ചിന്മയിയുടെയും അനിയത്തി വരദയുടെയും കാർഷിക ജീവിതം തുടങ്ങുന്നത്. 

chinmayi-5
പിതാവ് പ്രദീപിനൊപ്പം ചിന്മയി

ചെറുപ്പം മുതലേ അച്ഛനൊപ്പം കൃഷിയിടത്തിലിറങ്ങി പരിചയമുള്ള ചിന്മയി 2018 മുതൽ പച്ചക്കറിക്കൃഷിയിൽ സജീവമാണ്. ഒപ്പം അച്ഛനും കൂടിയതോടെ കൃഷി മികച്ചരീതിയിലായി. എംജിഡി ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനിയാണ് ചിന്മയി. സഹോദരി ഇതേ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് അമ്മ പ്രിയ. വീട്ടിലെ മുഖ്യവരുമാനം കൃഷിയിൽനിന്നുതന്നെ. സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് പഠിക്കാൻ സാധിക്കുന്നതിന്റെ സംതൃപ്തിയും ഈ കുട്ടിക്കർഷകർക്കുണ്ട്.

പുസ്തകസഞ്ചിക്കൊപ്പം പച്ചക്കറിയുമായി സ്‌കൂളില്‍ പോയിരുന്ന സഹോദരിമാര്‍; ഈ കുട്ടിക്കര്‍ഷകര്‍ സൂപ്പറാണ്

ഗൾഫിലായിരുന്ന പ്രദീപ് 2011 മുതൽ കൃഷിയിൽ സജീവമായിരുന്നു. 2018 വരെ നെൽകൃഷിയുണ്ടായിരുന്നു. എന്നാൽ അസുഖബാധിതനായശേഷം നെൽകൃഷി നോക്കി നടത്താൻ പ്രയാസമായതിനാൽ തൽക്കാലം അതുപേക്ഷിച്ചു. എന്നാൽ, നെൽകൃഷി വീണ്ടും സജീവമാക്കാനാണ് ചിന്മയിയുടെയും കുടുംബത്തിന്റെയും തീരുമാനം. 2021ൽ കൊല്ലം ജില്ലയിലെ മികച്ച പച്ചക്കറി കർഷകനായി പ്രദീപിനെ തിരഞ്ഞെടുത്തിരുന്നു.

chinmayi-2

പച്ചക്കറികളുടെ വൈവിധ്യം 

വീടുൾപ്പെടുന്ന ഒന്നര ഏക്കർ സ്ഥലത്താണ് സഹോദരിമാരുടെ കൃഷി. ഇപ്പോൾ പ്രധാനമായും പച്ചക്കറിയാണുള്ളത്. 23 ഇനം പച്ചക്കറികൾ ഇവിടെ കൃഷി ചെയ്യാറുണ്ടെന്ന് ചിന്മയി. വെണ്ട, പാവൽ, പയർ, ചീര, കോവൽ, കുമ്പളം എന്നിങ്ങനെ പച്ചക്കറികളുടെ നിര നീളും. 25 സെന്റിൽ ചീര, 35 സെന്റിൽ പയർ, 20 സെന്റിൽ പാവൽ, 10 സെന്റിൽ പടവലം, 8 സെന്റിൽ കോവൽ, 8 സെന്റിൽ കുക്കുംബർ, 4 സെന്റിൽ വഴുതന എന്നിങ്ങനെയാണ് കൃഷി. 20 സെന്റിൽ  ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ എന്നിവയുടെ തൈകൾ നട്ടുവരുന്നു.  വെണ്ടക്കൃഷിയോടാണ് ചിന്മയിക്കു കൂടുതൽ താൽപര്യം. പുരസ്കാരം ലഭിച്ച സമയത്ത് 2000 മൂട് വെണ്ടയിട്ടിരുന്നു. 

chinmayi-4

ഒന്നിടവിട്ട ദിവസങ്ങളിൽ വിവിധ ഇനങ്ങളിലായി ആകെ 70 കിലോയോളം പച്ചക്കറി വിളവെടുക്കുന്നുണ്ട്. കൊല്ലം മുതൽ കൊട്ടാരക്കര വരെയുള്ള സൂപ്പർമാർക്കറ്റുകളിലും ചെറുകളകളിലുമായിട്ടാണ് വിൽപന. കൂടാതെ അവധിദിവസങ്ങളിൽ പച്ചക്കറികൾ ആവശ്യക്കാർക്ക് അച്ഛനും മക്കളും ചേർന്ന് ജീപ്പിൽ എത്തിച്ചുകൊടുക്കാറുമുണ്ട്. വീട്ടിൽ വന്ന് പച്ചക്കറികൾ വാങ്ങുന്നവരുമുണ്ട്. വിളകളുടെ കാര്യങ്ങളും സംശയങ്ങളുമൊക്കെ അച്ഛനുമായി സംസാരിച്ചാണ് ചെയ്യുന്നതെന്ന് വരദ. കൃഷിയിലും കൃഷിയിലെ സംശയനിവാരണത്തിനും പിതാവാണ് വഴികാട്ടിയെന്ന് ഇരുവരും പറയുന്നു. 

chinmayi-3
വരദ

‘ജൈവകീടനാശിനികൾ ഫലപ്രദമോ?’

പച്ചക്കറിക്കൃഷിയിലെ കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നത് ജൈവകീടനാശിനികളാണ്. ഉപജില്ലാ ശാസ്ത്രമേളയിൽ ‘ജൈവകീടനാശിനികൾ ഫലപ്രദമോ’ എന്ന പ്രോജക്ടിൽ ചിന്മയിക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. പുകയിലക്കഷായം, വെളുത്തുള്ളി മിശ്രിതം എന്നിവ കീടനാശിനിയായി ഉപയോഗിക്കുന്നു. കൂടുതൽ കൃഷി ചെയ്യുന്നവർ മിതമായ അളവിൽ രാസവളങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല എന്ന് തന്റെ നീരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ചിന്മയി പറയുന്നു. 

പഠിക്കാനുണ്ട് ടൈം ടേബിൾ, കൃഷിക്കും 

രാവിലെ 5ന് എഴുന്നേൽക്കുമെന്ന് ചിന്മയി. തുടർന്ന് 6.30 വരെ പഠനസമയമാണ്. അതിനുശേഷമാണ് കൃഷിയിടത്തിലേക്കിറങ്ങുന്നത്. ഒരു മണിക്കൂറോളം അവിടുത്തെ കാര്യങ്ങൾ നോക്കിയതിനുശേഷം സ്കൂളിലേക്ക്. സ്കൂൾ വിട്ടു വന്നതിനുശേഷം പിന്നീട് വൈകുന്നേരം 6 വരെ കൃഷിയിടത്തിലായിരിക്കും. കൃഷിയെക്കുറിച്ച് പഠിക്കാനും പുതിയ കാര്യങ്ങൾ മനസിലാക്കുനുമുള്ള താൽപര്യമുള്ളതിനാൽ ‘കർഷകശ്രീ’യുൾപ്പെടയുള്ള കാർഷിക പ്രസീദ്ധീകരണങ്ങൾ സ്ഥിരമായി വായിക്കാറുണ്ട്. ഭാവിയിൽ കൃഷി ഓഫീസറാകണമെന്നാണ് ഈ കുട്ടിക്കർഷകയുടെ ആഗ്രഹം.

chinmayi-sq

ഭാവി പദ്ധതികൾ 

പുതിയ കാര്യങ്ങൾ മനസിലാക്കാനും ഇതുവരെ ചെയ്യാത്ത കൃഷികൾ പരീക്ഷിക്കാനും താൽപര്യമുണ്ടെന്ന് ചിന്മയി. അതിന്റെ ഭാഗമായി ചില പഴവർഗ്ഗങ്ങളും കൃഷി ചെയ്തിരുന്നു. മാതളം, ചാമ്പ, ലവ് ലോലിക്ക തുടങ്ങിയവയൊക്കെ കൃഷിയിടത്തിൽ വളരുന്നു. ഇനി പച്ചക്കറി കൃഷിക്കു പുറമെ ഫലവർഗ കൃഷിയിലും കാര്യമായി ശ്രദ്ധച്ചെലുത്താനാണ് തീരുമാനം. കൂടാതെ വാഴ, തെങ്ങ്, കുരുമുളക്, പൈനാപ്പിൾ എന്നിവയുമുണ്ട്. ഇവയുടെ കൃഷിയും കൂടുതലായി വ്യാപിപ്പിക്കണം. ഇടക്കാലത്തു മുടങ്ങിപ്പോയ മീൻ വളർത്തൽ പുനരാരംഭിക്കണം. തേനീച്ചക്കൃഷി ആരംഭിക്കണം.

ഫോൺ: 94953 50946

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com