ADVERTISEMENT

ഉടൻതന്നെ ശീതകാല പച്ചക്കറിത്തൈകളുടെ നഴ്സറി ആരംഭിക്കാം. ഇതിനായി പ്രോട്രേകളിൽ നിറയ്ക്കുന്ന മിശ്രിതത്തിൽ ബാസില്ലസ് സബ്ടിലിസ് ചേർത്ത് നന്നായി ഇളക്കുകയോ പ്രോട്രേകളിൽ പോട്ടിങ് മിശ്രിതം നിറച്ചതിനുശേഷം അതിനു മുകളിലേക്ക് ബാസിലസ് സബ്ടിലസ് സ്പ്രേ ചെയ്യുകയോ വേണം. ഇത് കടചീയൽ സാധ്യത കുറയ്ക്കും. മൂന്നാഴ്ചയിലേറെ പ്രായമായതും എന്നാൽ ഒരു മാസം പിന്നിടാത്തതുമായ തൈകൾ കൃഷിയിടത്തിൽ നടുന്നത് വേരുപിടിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ, സ്വയം തൈകൾ ഉൽപാദിപ്പിക്കുന്നവർ കൃഷിസ്ഥലം തയാറാകുന്നതനുസരിച്ചു വേണം വിത്തു പാകാൻ. തൈകൾ വാങ്ങുന്നവർ തീരെ പ്രായം കുറഞ്ഞവയും ഏറെ പ്രായം കൂടിയവയും ഒഴിവാക്കുക. ഏറ്റവും നന്നായി നിലം ഒരുക്കേണ്ടത് ക്യാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് പോലുള്ളവയ്ക്കാണ്. ഇവ കൃഷി ചെയ്യുന്നതിനുള്ള വാരങ്ങളിൽ കല്ലും കട്ടയും തീരെ പാടില്ല. മണ്ണ് നന്നായി പൊടിഞ്ഞതാവണം.

കാബേജ്, കോളിഫ്ലവർ ഇവയുടെ കൂമ്പിലയിൽ പർപ്പിൾ കളർ കാണുന്നുണ്ടെങ്കിൽ പ്രോട്രേയിൽനിന്ന് തൈകൾ മാറ്റുന്നതിനു മുൻപ് ബോറിക് ആസിഡ് ഒരു ഗ്രാം 2 ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും നട്ടു കഴിഞ്ഞാണ് ഇതു കാണുന്നതെങ്കിൽ ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും സ്പ്രേ ചെയ്യുക. ബോറോൺ കുറവ് പരിഹരിച്ചില്ലെങ്കിൽ കാബേജിലും കോളിഫ്ലവറിലും വിളവ് ഉണ്ടാവില്ല.

പുലാസാൻ, റംബുട്ടാൻ

വിളവെടുപ്പു കഴിഞ്ഞ ചെറു ചില്ലകൾ രണ്ട് ഇലകൾ സഹിതം മുറിച്ചു മാറ്റണം. തുടർന്ന് നാനോ DAP സ്പ്രേ ചെയ്യുന്നത് തൊട്ടുതാഴെ പുതിയ മുകുളങ്ങൾ വളരാൻ സഹായിക്കും. ഈ മുകുളങ്ങളിൽ അടുത്ത വർഷം കൂടുതൽ പൂക്കളുണ്ടാകും. ഇക്കൊല്ലം ഇനി വളർച്ച പൂർത്തിയാകാത്ത കായ്കളുണ്ടെങ്കിൽ അവ നന്നായി വളരുന്നതിന് കൂടുതൽ പോഷണം നൽകണം. മഴക്കാലത്ത് ചെറിയ തോതിൽ കാണുന്ന കുമിൾരോഗം ഈ വർഷം വ്യാപകമാണ്. ഇതിനെതിരെ സ്യൂഡോമോണാസ് സ്പ്രേ ചെയ്യുക. സിലിക്ക അധിഷ്ഠിത നോൺ അയോണിക് വെറ്റിങ് ഏജന്റ് (non ionic silica based wetting agent) ചേർത്തു സ്പ്രേ ചെയ്യുന്നത് കുമിളിന്റെ നിയന്ത്രണം ഫലപ്രദമാക്കും.

മഞ്ഞൾ

കളനിയന്ത്രിക്കുക. യൂറിയ 3 ഗ്രാം, സൾഫേറ്റ് ഓഫ് പൊട്ടാഷ് 4 ഗ്രാം  എന്നിവ ഒരു ലീറ്റർ വെള്ള ‌ത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യുക. വാരത്തിന്റെ കേട് പരിഹരിക്കുക. ബയോഗ്യാസ് സ്ലറിയോ ചാണകലായനിയോ ഇലകളിൽ വീഴാതെ ഒഴിച്ചു കൊടുക്കുക.

black-pepper-peter-4

കുരുമുളക്

ദ്രുതവാട്ടം  പ്രതിരോധിക്കാൻ ബാസിലസ് സബ്ടിലിസ് അല്ലെങ്കിൽ സ്യൂഡോമോണാസ് ലായനി കുരുമുളകിന്റെ തണ്ടിനോടു ചേർത്ത് മണ്ണിൽ ഒഴിച്ചുകൊടുക്കുക. തണ്ടിലും ഇലകളിലും ഇതു സ്പ്രേ ചെയ്യുക. സാവധാനവാട്ടം ബാധിച്ച കുരുമുളകുചെടികളുടെ ചുവട്ടിൽ പിജിപിആര്‍ 2 (PGPR II) അസോസ്പെറില്ലം, ഇപിഎന്‍ (EPN) എന്നിവ തണ്ടിനോടു ചേർത്ത് മണ്ണിലൊഴിച്ചു കൊടുക്കുക. പിജിപിആര്‍– രണ്ടും അസോസ്പെറില്ലവും 40 ഗ്രാം വീതവും ഇപിഎന്‍ 2 ഗ്രാമുമാണ് വെള്ളത്തിൽ ചേർക്കേണ്ടത്. ഒരു മാസം കഴിഞ്ഞ് ഒരിക്കൽക്കൂടി പ്രയോഗിക്കുക.

banana-1

വാഴ

ഓണനേന്ത്രന്റെ വിളവെടുപ്പിനുശേഷം തലക്കന്നു മാത്രം നിർത്തി മറ്റു കന്നുകള്‍ നീക്കിയാൽ 6 മാസം കഴിയുമ്പോൾ കുറ്റിവിള(റട്ടൂൺ)യിൽനിന്ന് ഒരു വിളവെടുപ്പ് കൂടിയാകാം. അടുത്ത വർഷത്തെ ഓണത്തിനുവേണ്ടി നേന്ത്രന്‍വാഴക്കന്നുകൾ തയാറാക്കി സെപ്റ്റംബർ അവസാനത്തോടെ നടാം. മാണത്തിൽ സ്യൂഡോമോണാസ്/ബാസിലസ് സബ്ടിലിസ് /മെറ്റാറൈസിയം ലായനി പുരട്ടി 2–3 ദിവസം തണലത്തുണങ്ങിയാണ് നടേണ്ടത്.

മൂന്നു മാസത്തിലേറെ പ്രായമുള്ള തൈകളിൽ കൂമ്പ് വെള്ളനിറത്തിലാകുക, ഒരു ഇല വിരിഞ്ഞ് തീരുന്നതിനു മുൻപ് അടുത്ത കൂമ്പ് വരുക, കൂമ്പ് വിരിയുന്നതിനു മുൻപ് വളഞ്ഞു നിൽക്കുക, കുല വിരിഞ്ഞുകഴിഞ്ഞാലും ഇലയുടെ അഗ്രഭാഗം വിരിയാതിരിക്കുക എന്നീ ലക്ഷണങ്ങളുള്ളവയ്ക്ക് കാത്സ്യം നൈട്രേറ്റ് സ്പ്രേ നൽകണം. ലക്ഷണതീവ്രത അനുസരിച്ച് 3 ഗ്രാം മുതൽ 5 ഗ്രാം വരെ ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കാം.

ഇഞ്ചി

കളനിയന്ത്രണം നടത്തുക. തണ്ടുതുരപ്പൻപുഴുശല്യത്തിനു സാധ്യതയുണ്ട്. ഇവയുടെ മുട്ടകളെ നശിപ്പിക്കാൻ ട്രൈക്കോകാർഡുകളും പുഴുക്കളെ നിയന്ത്രിക്കാൻ ഇപിഎന്നും (EPN) ഫലപ്രദമാണ്. തടചീയൽ നിയന്ത്രിക്കുന്നതിന് ബാസിലസ് സബ്ടിലിസ്/ സ്യൂഡോമോണാസ് ഇവയിൽ ഒന്ന് ചെടിയുടെ കടയ്ക്കൽ വീഴത്തക്ക വിധത്തിൽ സ്പ്രേയർ ഉപയോഗിച്ച് പ്രയോഗിക്കുക.

പ്ലാവ്

വാണിജ്യക്കൃഷിയിനങ്ങളിൽ കായതുരപ്പന്റെ ആക്രമണം വ്യാപകം. ട്രൈക്കോഗ്രാമ ചീലോനിസിന്റെ മുട്ടക്കാർഡുകൾ സ്ഥാപിച്ച് നിയന്ത്രിക്കാം. കഴിഞ്ഞ വർഷം ചകിണിയിലും കൂഞ്ഞിലിലും തവിട്ടു നിറമുള്ള ചെറിയ പുള്ളിക്കുത്തുകൾ വന്നിരുന്നുവെങ്കിൽ ഈ മാസം ബോറോണിന്റെ സ്പ്രേ 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) നൽകുന്നത് ഇതിനെ നിയന്ത്രിക്കുന്നതിന് ഉപകരിക്കും. ചെറിയ പ്ലാവുകളിൽ ഉണ്ടാകുന്ന ചക്ക മണ്ണിൽ മുട്ടുന്ന ഭാഗത്ത് കുമിൾരോഗബാധ ഉണ്ടാകുന്നതായി കാണാം. തടിയോടുചേർന്ന ഭാഗത്ത് പുതയിട്ടാല്‍ ഇതൊഴിവാക്കാം. 

നെല്ല്

ഞാറ്റടിക്ക് നിലം ഒരുക്കുമ്പോൾത്തന്നെ അമ്ലത ക്രമീകരിക്കാന്‍ വേണ്ടതു ചെയ്യാം. ഞാറ്റടിയിൽ 2 ദിവസം വെള്ളം കയറ്റിയിറക്കുക. പിന്നീട് ച.മീറ്ററിന് ഒരു കിലോ എന്ന ക്രമത്തിൽ ജൈവവളം ചേർത്ത് ഞാറ്റടി തയാറാക്കിയതിലേക്ക് സ്യൂഡോമോണാസിനൊപ്പം അസോസ്പെറില്ലം / പിജിപിആർ–2 ചേർത്ത വിത്ത് വിതയ്ക്കുക. വിത്ത് കുതിർക്കുന്ന വെള്ളത്തിൽ ലീറ്ററിന് 20 ഗ്രാം എന്ന ക്രമത്തിലാണ് സ്യൂഡോമാണാസ് ചേർക്കേണ്ടത്. ഞാറ്റടിയിൽ വിതയ്ക്കുന്നതിനു മുൻപ് ഒരു കിലോ വിത്തിൽ 10 ഗ്രാം വീതം സ്യൂഡോമോണാസും അസോസ്പെറില്ലവും കൂട്ടിക്കലർത്താം. ആകെ കൃഷിടയിത്തിന്റെ പത്തിൽ ഒന്ന് വിസ്തൃതിയുള്ള ഞാറ്റടിയിൽനിന്നു മാത്രമേ വേണ്ടത്ര ഞാറ് ലഭിക്കുകയുള്ളൂ. നടുന്നതിന് നിലം ഒരുക്കുന്നതിനനുസരിച്ച് വേണം ഞാറ്റടി തയാറാക്കാൻ. പായ ഞാറ്റടിയിൽനിന്നാണെങ്കിൽ 8–12 ദിവസം മൂപ്പുള്ള ഞാറും സാധാരണ ഞാറ്റടിയിൽനിന്നാണെങ്കിൽ 15 ദിവസം മൂപ്പുള്ള ‌ഞ‍ാറും ഇതിനുപയോഗിക്കാം. ഒരു ഹെക്ടർ നടുന്നതിനുള്ള ഞാറ് പായ ഞാറ്റടിയിൽ തയാറാക്കുന്നതിന് 24–34 കിലോ വിത്ത് മതി.

വിരിപ്പുകൃഷി കഴിഞ്ഞ പാടങ്ങളിൽ ഉഴവ് ആരംഭിക്കാം. അവസാന ചാൽ ഉഴുന്നതിന് ഒരാഴ്ച മുന്‍പ് 0.2 ഹെക്ടർ വിസ്തൃതിക്ക് ഒരു പിടി നെൽവിത്ത് എന്ന ക്രമത്തിൽ എല്ലായിടത്തും എത്തത്തക്കവിധം വിതറിയാൽ മണ്ണിൽ കിടക്കുന്ന വരിനെല്ല് കിളിർക്കുകയും അവസാനചാൽ ഉഴുമ്പോൾ ഇവ നശിപ്പിക്കുകയും ചെയ്യും.

Representational image
Representational image

തെങ്ങ്

ഇടവിളകൾ ഇല്ലാത്ത തെങ്ങിൻതോപ്പുകളിൽ തടത്തിനു പുറത്തു കിളയ്ക്കാം. ഇതുവഴി തുലാവർഷക്കാലത്തെ മഴവെള്ളം മുഴുവനും മണ്ണിലേക്കിറക്കാം ഇടവിളയുണ്ടെങ്കിൽ അവയുടെ ഇലച്ചാർത്തിനു പുറത്തു മാത്രമേ കിളയ്ക്കാവൂ. തടങ്ങളുടെ പുറത്ത് മഴക്കുഴികൾ എടുത്ത് അതിനുള്ളിൽ ഉണങ്ങിയ ചകിരി അടുക്കി മൂടുന്നത് ജലലഭ്യത കൂടുതലാക്കും. മണൽപ്രദേശങ്ങളിൽ ഇത് ഏറെ പ്രയോജനം ചെയ്യുന്നു. ചെമ്പൻ ചെല്ലിക്കെതിരായ പ്രതിരോധ നടപടികൾ തുടരുക. ഈ മാസം പൊതുശുപാർശ പ്രകാരം തെങ്ങ് ഒന്നിന് 500 ഗ്രാം വീതം മഗ്നീഷ്യം സൾഫേറ്റ്  നൽകാം.

രണ്ടാം ഗഡുവായി ശുപാർശ ചെയ്തിട്ടുള്ള രാസവളം 2–3 തവണകളായി തടത്തിന്റെ അതിരിൽ വിതറുന്നത് നന്ന്. മഗ്നീഷ്യം സൾഫേറ്റ് പ്രയോഗിച്ച് ഒരാഴ്ചയ്ക്കുശേഷമേ പൊട്ടാഷ് അടങ്ങിയ വളത്തിന്റെ പ്രയോഗം നടത്താവൂ.

മുൻവർഷങ്ങളിൽ നട്ട തെങ്ങിൻതൈകളുടെ ഏറ്റവും ചുവട്ടിലുള്ള ഓലയ്ക്ക് താഴെവരെ കുഴിയുടെ വശങ്ങളിൽനിന്നു മണ്ണ് ഇടിച്ചിടണം.

മാവ്

മാവു പൂക്കുന്നതിന് കൾടാർ പ്രയോഗം സെപ്റ്റംബർ പകുതിയോടെ ആരംഭിക്കാം. അതിന് ഒരാഴ്ച മുൻപു സൾഫേറ്റ് ഓഫ് പൊട്ടാഷിന്റെ സ്പ്രേ (5 ഗ്രാം/ലീറ്റർ വെള്ളത്തിൽ) നൽകുന്നത് പൂവിടലിനു സഹായകരമായി കണ്ടിട്ടുണ്ട്.

നാടൻ പച്ചക്കറികൾ

മഴ നിന്നെങ്കിൽ നന തുടങ്ങുക. ചുവട്ടിൽനിന്ന് 2 സെ.മീ. എങ്കിലും അകലെ പച്ചിലവളമിടുക. വെള്ളരി വർഗവിളകൾ, പയർ, മുളക്, വെണ്ട തുടങ്ങിയവയ്ക്ക് പൊട്ടാസ്യം സിലിക്കേറ്റ് 2 മില്ലി അല്ലെങ്കിൽ2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് സ്പ്രേ ചെയ്യുക. തുടർന്ന് 5 ദിവസത്തിനു ശേഷം നാനോ DAP 5മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലക്കിത്തളിക്കുക. മഴയും വെയിലും ഇടകല ർന്നു വരികയാണെങ്കിൽ ഇലകളിൽ ഉണ്ടാകാനിടയുള്ള ചവർണ; മൃദുരോമ പൂപ്പലുകളിൽനിന്നു സംരക്ഷണത്തിന് ബാസിലസ് സബ്ടിലിസ് 20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക. കാത്സ്യം സ്പ്രേ നൽകിയിട്ടില്ലെങ്കിൽ ബാസിലസ് സ്പ്രേയ്ക്കുശേഷം 4–5 ദിവസം കഴിഞ്ഞ് കാത്സ്യം നൈട്രേറ്റ് 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി തളിക്കണം. വെള്ളരിവർഗവിളകളുടെ ചുവട്ടിൽ നനവുള്ള മണ്ണിലേക്ക് ഇപിഎൻ ലായനി 100 മിലി എങ്കിലും ഒഴിച്ചുകൊടുക്കുക (2 ഗ്രാം/ ലീറ്റർ വെള്ളത്തിൽ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com