ADVERTISEMENT

ഇരുപതിനായിരം രൂപയുടെ പന്തൽ, സ്വന്തം അധ്വാനം, 11 കെവി വൈദ്യുതിലൈനിനു കീഴിൽ തരിശുകിടന്ന പറമ്പിൽനിന്ന് ആഴ്ച തോറും 18,000–20,000 രൂപയുടെ വരുമാനം കണ്ടെത്താൻ ജിന്റോയ്ക്ക് ഇത്രയേ വേണ്ടിവന്നുള്ളൂ. കുറഞ്ഞ ചെലവിൽ അതിവേഗം വരുമാനം കണ്ടെത്താൻ പാഷൻഫ്രൂട്ടിനുള്ള സാധ്യത ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് എഴുകുംവയൽ തയ്യിൽ ജിന്റോയുടെ അനുഭവം. 3 സീസണുകളിലായി  6–7 മാസത്തോളം ഉൽപാദനം കിട്ടുമെന്നതും ഈ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. 

ഏതൊരു പഴവർഗത്തെക്കാളും കുറഞ്ഞ മുതൽമുടക്കിൽ കൃഷി ചെയ്യാമെന്നതാണ് പാഷൻഫ്രൂട്ടിന്റെ മെച്ചമെന്ന് ജിന്റോ ചൂണ്ടിക്കാട്ടി. സ്വന്തം അധ്വാനത്തില്‍ പന്തലിട്ടതിനാൽ കമ്പി വാങ്ങാനും മറ്റും മാത്രമേ പണം മുടക്കേണ്ടിവന്നുള്ളൂ. ഒന്നരയേക്കറോളം സ്ഥലത്ത് പന്തലിടാൻ 150 കിലോ കമ്പി വാങ്ങേണ്ടിവന്നു. കിലോയ്ക്ക് 110 രൂപ നിരക്കിൽ 16, 500 രൂപ ചെലവായി. പന്തലിനു കാല് നാട്ടാൻ സ്വന്തം പറമ്പിലെ മുള ഉപയോഗിച്ചതിനാൽ പണച്ചെലവുണ്ടായില്ല. 

jinto-passion-fruit-2

ഒന്നരയേക്കറിൽ കൃഷി ആരംഭിച്ചെങ്കിലും ഒരു ഭാഗം നന്നായി വളർന്നുകയറിയില്ല. ബാക്കി ഒരേക്കറിലേറെ വരുന്ന പറമ്പിലെ 350–360 ചെടികളിൽനിന്നാണ്  സ്ഥിരമായി വിളവെടുക്കുന്നത്. 2 വർഷം മുൻപ് 2022 ഒക്ടോബറിലാണ് തൈകൾ നട്ടത്. തൈകൾ തമ്മിൽ 12 അടി ഇടയകലം നൽകിയപ്പോൾ 350 ചുവട് നടാനായി. മഞ്ഞ, വയലറ്റ് നിറങ്ങളിലുള്ള 2 ഇനങ്ങളാണ് കൃഷി. കടയിൽനിന്നു വാങ്ങിയ പാഷൻഫ്രൂട്ടിന്റെ വിത്ത് പാകി തൈകൾ കിളിർപ്പിക്കുകയായിരുന്നു. മണ്ണിളക്കി 12 അകലത്തിൽ നട്ട തൈകൾ അതിവേഗം വളർന്നു പന്തലിൽ കയറി. എട്ടാം മാസം വിള വെടുത്തു തുടങ്ങി. ആദ്യവര്‍ഷം കാര്യമായ ലാഭം കിട്ടിയില്ല. എങ്കിലും കൃഷിച്ചെലവ് തിരിച്ചുകിട്ടി. എന്നാൽ, രണ്ടാം വർഷം കാര്യങ്ങൾ മാറി. നവംബര്‍–ഡിസംബർ, മാർച്ച്–ജൂൺ, ഓഗസ്റ്റ് മാസങ്ങളിലായി ഇതുവരെ 3 ലക്ഷം രൂപ യെങ്കിലും അറ്റാദായം കിട്ടിയിട്ടുണ്ടെന്നാണ് ജിന്റോയുടെ കണക്ക്.

ആദ്യവർഷം പന്തലിടുന്ന ചെലവ് അധികമായി വരുമെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ വളപ്രയോഗത്തിനു മാത്രമേ പണം മുടക്കേണ്ടതുള്ളൂ. ചാണകംപോലുള്ള ജൈവവളങ്ങളാണു നൽകുക. നേരിയ തോതിൽ ഒരു തവണ രാസവളവും നൽകി. സൂക്ഷ്മമൂലകമിശ്രിതം തളിച്ചുനൽകുകയും ചെയ്തു. 

jinto-passion-fruit-3

പാഷൻഫ്രൂട്ട് വിപണനം താരതമ്യേന വളരെ എളുപ്പം എന്നാണ് ജിന്റോയുടെ അഭിപ്രായം. വിളവെടുക്കാറായപ്പോൾ എറണാകുളത്തെ മുൻപരിചയമുള്ള കച്ചവടക്കാരെ അറിയിച്ചു. അവർ ഫാമിലെത്തി വിളവെടുത്ത പഴങ്ങൾ വാങ്ങുന്നു. ഇപ്പോൾ വയലറ്റ് പാഷൻഫ്രൂട്ടിന് 70 രൂപ ഫാം ഗേറ്റ് വിലയുണ്ട്. എന്നാൽ, മഞ്ഞ ഇനത്തിനു വില താഴ്ന്നു, 45 രൂപ മാത്രം. എങ്കിൽ പോലും നഷ്ടമില്ലെന്നാണ് ജിന്റോയുടെ നിലപാട്. വേനൽ സീസണിലാണ് കൂടുതൽ ഉൽപാദനം. ശരാശരി ഒരാഴ്ചയിൽ 250 കിലോ പഴം പ്രതീക്ഷിക്കാം. ഒടുവിൽ നടന്ന വിളവെടുപ്പിൽ 390 കിലോയാണ് വിളവെടുത്തതെന്നു ജിന്റോ ചൂണ്ടിക്കാട്ടി.

ഫോൺ: 9207020304

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com